ഥ പറയാനുള്ള കൗതുകം കൊണ്ട് തിരക്കഥാ രചനയിലേക്ക് എത്തി. ഇയാള്‍ക്ക് മുന്നില്‍ സംവിധായകന്‍ ലാല്‍ ജോസ് വന്നുപ്പെട്ടതോടെ ഒരു സിനിമ പിറന്നു. കമ്മ്യൂണിസവും നിരീശ്വരവാദവും ഭക്തിയും വിഷയങ്ങളാക്കി പ്രേക്ഷകന് മുന്നിലെത്തിയ നാല്‍പത്തിയൊന്നിന്റെ തിരക്കഥാകൃത്ത് പി.ജി പ്രഗീഷിന് പറയാനുള്ളത് വൈരുധ്യത്തില്‍ പിറന്ന കഥയെക്കുറിച്ചാണ്.  

കഥ പറയാനുള്ള കൗതുകം തിരക്കഥാകൃത്താക്കി

കഥ പറയുന്ന കൗതുകം എല്ലാവര്‍ക്കുമുണ്ട്. എനിക്ക് അതൊരൽപം കൂടുതലുണ്ടെന്ന് കൂട്ടിക്കോളൂ. നമുക്ക് പറയാന്‍ പറ്റുന്ന കഥകള്‍ ദൃശ്യ ഭാഷയില്‍ അവതരിപ്പിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് തോന്നിയപ്പോഴാണ് തിരക്കഥാരചനയിലേക്ക് തിരിഞ്ഞത്. ആ വഴിയില്‍ ലാലു ചേട്ടനെ കിട്ടിയതുകൊണ്ട് തിരക്കഥാകൃത്തുമായി. ഞങ്ങള്‍ പല സിനിമകള്‍ ആലോചിച്ചിരുന്നു. പല നടന്മാരെ കണ്ട് കഥകളും പറഞ്ഞിരുന്നു. ആ കഥകള്‍ സംഭവിക്കാന്‍ സമയമെടുക്കുമെന്ന സാഹചര്യത്തിലാണ് ഒരു നാലഞ്ച് വര്‍ഷം മുന്‍പ് ഗോവ ചലച്ചിത്രോത്സവം നടക്കുമ്പോള്‍ അവിടെ വച്ച് അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു നിര്‍മാതാവിനെ കാണുന്നത്. അദ്ദേഹം പറഞ്ഞ ത്രെഡില്‍ നിന്ന് പിന്നോട്ട്
സഞ്ചരിച്ചാണ് ഞങ്ങള്‍ നാല്‍പത്തിയൊന്നിലേക്കെത്തിയത്.

നാല്‍പത്തിയൊന്ന് ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം കൂടിയാണ്

നാല്‍പത്തിയൊന്ന് ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്റെ സ്വഭാവമുള്ള സിനിമയാണ്. ഒരു ശരാശരി മലയാളിയുടെ ജീവിതത്തില്‍ അയാള്‍ അഭിമുഖീകരിക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍, അതായത് പ്രണയം, പ്രണയ നഷ്ടവും, രാഷ്ട്രീയം, വിശ്വാസം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇതെല്ലം നാല്‍പത്തിയൊന്നിന്റെ പ്രമേയത്തില്‍ വരുന്ന കാര്യങ്ങളാണ്. അതോടൊപ്പം നമ്മുടെ സാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയത്തിനുള്ള പങ്ക് ഈ സിനിമയില്‍ സ്പര്‍ശിച്ച് പോകുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇതിലൊരു ആക്ഷേപഹാസ്യ ഛായയും ഉണ്ട്.

ഇടതുപക്ഷ രാഷ്ട്രീയവും ശബരിമലയും

ലോകത്താദ്യമായി തിരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സ്ഥലമാണ് കേരളം. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ തീര്‍ത്ഥാടനത്തിന് വരുന്ന സ്ഥലമാണ് ശബരിമല. ഒരേ പോലെ മലയാളിയുടെ രക്തത്തിലുള്ള രണ്ടു കാര്യങ്ങളാണ് ഈ കമ്മ്യൂണിസവും ഭക്തിയും. ആ ഒരു വൈരുധ്യം പറയുന്നതിന് വേണ്ടിയാണ് നാല്‍പത്തിയൊന്നിലെ ഉല്ലാസ് എന്ന നായക കഥാപാത്രത്തെ അത്തരമൊരു പശ്ചാത്തലത്തില്‍ കൊണ്ട് വന്നത്. കൂടാതെ ഇദ്ദേഹം ഒരു നിരീശ്വരവാദി കൂടിയാണ്. അത്തരമൊരു ആള്‍ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് ആശയങ്ങളെ സ്വീകരിക്കുന്നയാളാകാനാണ് സാധ്യത. അങ്ങനെയാണ് ഇദ്ദേഹത്തിന്റെ രാഷട്രീയപശ്ചാത്തലം ഒരുങ്ങുന്നത്.

അടിസ്ഥാനപരമായി മനുഷ്യന്റെ നിലനില്‍പ്പിന്റെ ഭാഗമാണല്ലോ ഈ ഭക്തിയും കമ്മ്യൂണിസവുമെല്ലാം. ചില വിശ്വാസങ്ങള്‍ക്കും ചില വിശ്വാസമില്ലായ്മയ്ക്കും നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുണ്ട്. ചില വിശ്വാസങ്ങളുടെ പേരില്‍ നമുക്ക് ചില നഷ്ടങ്ങള്‍ ഉണ്ടാകാം ചില നിലപാടുകളെ മുറുകെപ്പിടിക്കുമ്പോള്‍ ജീവിതത്തില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ സഹിക്കേണ്ടതായും വരും. അങ്ങനെ ഒക്കെ നില്‍ക്കേണ്ടി വന്ന ഒരു നായകനാണ് ഉല്ലാസ്

ശബരിമല വിവാദത്തിനും മഹാപ്രളയത്തിനും മുന്‍പേ

സത്യത്തില്‍ ഈ സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് ഒരു മണ്ഡലകാലത്താണ്. ഇക്കഴിഞ്ഞതല്ല അതിനും മുന്‍പത്തെ മണ്ഡലകാലത്ത്. അതായത് ശബരിമല ഒരു വിവാദവിഷയം ആവുന്നതിന് മുന്‍പ്. മഹാപ്രളയം വരുന്നതിന് മുന്‍പ്. അതുകൊണ്ടു തന്നെ ശബരിമല വിവാദങ്ങള്‍ നേരിട്ട് നമ്മളെയും സിനിമയേയും ബാധിച്ചിട്ടില്ല. പക്ഷേ സിനിമ പ്രഖ്യാപിച്ചത് ശബരിമലവിഷയം കത്തിനില്‍ക്കുന്ന സമയത്താണെന്ന് മാത്രം. മഹാപ്രളയം വരുന്നതിന് മുന്‍പ് ചിത്രീകരിച്ചതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാല്‍ ആളുകള്‍ക്ക് ഇനി ആ പഴയ നടപ്പന്തലും പമ്പയും കാണാനുള്ള ഉപാധിയായി ഈ സിനിമ മാറും എന്നതാണ്.

ഒരു കഥയ്ക്ക് അതിന്റേതായ കഥാഗതിയുണ്ട്. അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ സാധ്യമല്ല. ഒരു പൂര്‍ണമായ കഥാഗതി ആയതിന് ശേഷമാണ് ഞങ്ങള്‍ നാല്‍പത്തിയൊന്നിന്റെ ചിത്രീകരണം ആരംഭിച്ചത്. അതിനാല്‍ തന്നെ പിന്നീടുണ്ടായ ഈ വിവാദങ്ങളൊന്നും ഞങ്ങളുടെ സിനിമയെ ബാധിച്ചിട്ടില്ല

ലാല്‍ ജോസ് എന്ന മാര്‍ഗദര്‍ശി

നിങ്ങളുടെ അച്ഛനെ കുറിച്ചോ അമ്മയെ കുറിച്ചോ എന്താണ് അഭിപ്രായം എന്ന് ചോദിക്കുന്നത് പോലെയാണ് ലാലുച്ചേട്ടനെ കുറിച്ച് പറയാന്‍ പറയുന്നത്. സിനിമയില്‍ എനിക്ക് അങ്ങനെ ഒരാളാണ് അദ്ദഹം. ഒരു സിനിമയുടെ ചിത്രീകരണം പോലും കണ്ടിട്ടില്ലാത്ത ആളാണ് ഞാന്‍. അതിന്റെ കൗതുകത്തോടും നിഷ്‌കളങ്കതയോടും കൂടി പോയിട്ട് നമ്മള്‍ ഒരു വലിയ സംവിധായകനോട് കഥ പറയുമ്പോള്‍ ശരിക്കും പറഞ്ഞു ഫലിപ്പിക്കാന്‍ നമുക്ക് പറ്റിയെന്ന് വരില്ല. പക്ഷേ, നമ്മുടെ ഉള്ളിലുള്ള ഒരു കനല്‍ എന്താണെന്നു കണ്ടെത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അത് കണ്ടെത്തി നമ്മളോടൊപ്പം നില്‍ക്കാനും ആ കനലിനെ ഒരു തീയാക്കി മാറ്റാനുമുള്ള ക്ഷമയും ഭയങ്കരമായ ഗുരുത്വവുമുള്ള മനുഷ്യനാണ്. നമ്മളെ ഇങ്ങനെ കൈപിടിച്ച് കൊണ്ടുവരിക എന്നൊക്കെ പറയില്ലേ.. എന്റെ മാര്‍ഗദര്‍ശി, സംരക്ഷകന്‍, തത്ത്വജ്ഞാനി എന്നിങ്ങനെയല്ലാം ലാലു ചേട്ടനെ വിശേഷിപ്പിക്കാം

ഉല്ലാസായി ബിജു മേനോന്‍ മാത്രം

ഈ കഥ പൂര്‍ണരൂപത്തിലേക്ക് വന്നുകഴിഞ്ഞപ്പോള്‍ ബിജു മേനോന്‍ അല്ലാതെ മറ്റൊരാള്‍ പോലും മനസിലേക്ക് വന്നില്ല. ഒരു പകുതിയില്‍ ഭയങ്കര ഗൗരവവും മറുപകുതിയില്‍ ചില ചമ്മലുകളും കൊണ്ടുവരാന്‍ പറ്റുന്ന നടനാണ്. ഒരേസമയം ഗൗരവക്കാരനായ മാഷായിരിക്കാനും മറുവശത്ത് കാമുകനാകാനും സാധിക്കുന്ന ആള്‍ ബിജു മേനോന്‍ തന്നെ ആണ്

Content Highlights : Nalpathiyonnu Movie Scriptwriter PG Prageesh Interview 41 LalJose Biju Menon Nimisha Sajayan