കാമുകിയോട് മണ്ണെണ്ണ കടം ചോദിക്കുന്ന നായകന്‍. വിശപ്പ് സഹിക്കവയ്യാതെ പശുവിന്റെ പിണ്ണാക്ക് എടുത്തു തിന്നുന്ന മറ്റൊരു നായകന്‍. നായകനോട് നിങ്ങള്‍ ശരിക്കും ഡിഗ്രി പാസായിട്ടുണ്ടോ എന്നു ചോദിക്കുന്ന നായിക. വാതില്‍ തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞെട്ടുന്ന വില്ലന്‍. ഞാന്‍ അലവലാതിയല്ലെന്ന് പറയുന്ന പ്രൊഫഷണല്‍ കില്ലര്‍.

മലയാളം അന്നുവരെ കാണാത്ത കാഴ്ചകളായിരുന്നു ഇതൊക്കെ. ദാരിദ്ര്യവും തൊഴിലില്ലായ്മയും പോലുള്ള വര്‍ത്തമാനകാലത്തിന്റെ അവസ്ഥകള്‍ മുന്‍പൊന്നുമില്ലാത്ത മട്ടില്‍ ചിരിയില്‍ പൊതിഞ്ഞ് പറഞ്ഞപ്പോള്‍ നമ്മള്‍ തലതല്ലി ചിരിച്ചു. പിന്നെയും പിന്നെയും കണ്ടു. ഡയലോഗുകളും സീനുകളും പറഞ്ഞുകൊണ്ടേയിരുന്നു.

മുപ്പത് കൊല്ലത്തിനുശേഷവും അതിലെ ഡയലോഗുകളും സീനുകളും പറയാത്ത, ഓര്‍ക്കാത്ത ഒരു ദിവസം പോലുമുണ്ടാവില്ല ശരാശരി മലയാളിയുടെ നിത്യജീവിതത്തില്‍. ഇതൊക്കെ തന്നെയാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ നാടോടിക്കാറ്റിന്റെ ലക്ഷണമൊത്ത ഒരു ക്ലാസിക്കാക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഐ.വി.ശശിയും സീമയുമെല്ലാം ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം പോലൊന്ന് ഇനി മലയാളത്തില്‍ സംഭവിക്കാന്‍ ഇടയില്ല. കഴിഞ്ഞ മുപ്പത് വര്‍ഷത്തെപ്പോലെ ഇനിയും ഒരുപാട് കാലം പറഞ്ഞ് ചിരിക്കാനും കണ്ട് ചിന്തിക്കാനും അതിലെ തമാശകളും ദൃശ്യങ്ങളുമുണ്ട്.

Nadodikattu

മുപ്പത് വര്‍ഷത്തിനുശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരിക്കല്‍ക്കൂടി ഒന്നിച്ച് ഇരിക്കുകയാണ്. ഒന്നിച്ചിരുന്ന് ഒരു കഥ മെനയുമ്പോള്‍ സംവിധായകന്റെ മനസ്സ് മുപ്പത് വര്‍ഷം പിറകിലേയ്ക്ക്, ദാസന്റെയും വിജയന്റെയും ഇല്ലായ്മയുടെ കാലത്തേയ്ക്ക് പായുകയാണ്. തിരശ്ശീലയില്‍ നമ്മള്‍ കണ്ടു ചിരിച്ച കാഴ്ചകള്‍ക്ക് പിറകിലെ കാണാക്കഥകളിലേയ്ക്ക് ഓടിച്ചെല്ലുകയാണ്. ശ്രീനിവാസനൊപ്പം തൃശൂരിലെ ഫല്‍റ്റിലിരുന്ന് പുതിയ കഥ മെനയുന്ന തിരക്കിനിടെ ഈ പഴയ കഥകളാണ് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനാട് പങ്കുവയ്ക്കുന്നത്.

വെറും ചിരിയായിരുന്നില്ല നാടോടിക്കാറ്റ്

sathyan anthikkad
സത്യന്‍ അന്തിക്കാട് 

ഷൂട്ട് ചെയ്യുമ്പോള്‍ ഹിറ്റാകും എന്ന പ്രതീക്ഷയോടു കൂടിയാണ് എല്ലാവരും സിനിമ എടുക്കുന്നത്. അത് കാലങ്ങള്‍ക്കപ്പുറം നിലനില്‍ക്കുന്നത് വലിയ അദ്ഭുതമാണ്. ദാസനും വിജയനും ഞങ്ങളുടെ കയ്യില്‍ നിന്ന് വിട്ടുപോയി. പറത്തിവിട്ടപോലെ. മലയാളികളില്‍ അവര്‍ ചെലുത്തിയ സ്വാധീനം എന്ന് പറഞ്ഞാല്‍ അത് ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പത്തിരട്ടിയായിരുന്നു. ദാസനും വിജയനും പറയുന്ന പല സംഭാഷണങ്ങളും ഇന്നും പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ്. പുതിയ തലമുറയുടെ ട്രോള്‍ പേജുകളിലെല്ലാം ദാസനെയും വിജയനെയും മാത്രമല്ല ആ ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും കാണാം. 

എന്താ ഈ ബുദ്ധി നമുക്ക് നേരത്തേ തോന്നാഞ്ഞത്, ദാസാ? എടാ ദാസാ ഏതാ ഈ അലവലാതി? തുടങ്ങിയവ. കോമഡിയാണെങ്കില്‍പ്പോലും നാടോടിക്കാറ്റ് കാലത്തെ അതിജീവിക്കാന്‍ വളരെ ശക്തമായ ഒരു കാരണമുണ്ട്. തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ദാരുണമായ ഒരു വശം ആ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊഴിലില്ലാതെ അലഞ്ഞ യുവാക്കളുടെ കഥയാണത്. അവര്‍ നേരിടുന്ന പ്രതിസന്ധികള്‍ തമാശ കലര്‍ത്തി അവതരിപ്പിച്ചപ്പോള്‍ നാടോടിക്കാറ്റ് സ്വീകരിക്കപ്പെട്ടു. അതുകൊണ്ടാണ് ഇത്രയും കാലം പ്രേക്ഷകര്‍ ഓര്‍മിക്കുന്നത്. ചിരിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ള സിനിമകള്‍ക്ക് പൊതുവെ ആയുസ്സു കുറവാണെന്ന് പറയാറുണ്ട്. തമാശക്കുള്ളില്‍ പച്ചയായ ഒരു ജീവിതം ഉണ്ടാകുമ്പോള്‍ മാത്രമേ അത് കാലത്തെ അതിജീവിക്കൂ. നാടോടിക്കാറ്റിലെ ദാസന്റെ അമ്മയെ ഒരു തവണ മാത്രമേ കാണിക്കുന്നുള്ളൂ. പക്ഷേ സിനിമയില്‍ പലയിടത്തും വച്ച് ദാസന്‍ അമ്മയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അമ്മയുടെ മരണം വരെ കാണിക്കുമ്പോള്‍ പ്രേക്ഷകരിലും നൊമ്പരമുണ്ടാകുന്നുണ്ട്.

കാമുകിയോട് മണ്ണെണ്ണ കടം ചോദിക്കുന്ന കാമുകന്‍

ദാസനും രാധയും തമ്മിലുള്ള പ്രണയം പ്രാക്ടിക്കലാണ്. ഒരിക്കല്‍ പോലും അയാളോ അവളോ പ്രണയം വാക്കുകള്‍ കൊണ്ട് പ്രകടമാക്കുന്നില്ല. കാരണം അയാളുടെ ദാരിദ്ര്യത്തില്‍ അവളോട് മണ്ണെണ്ണയും അരിയുമൊക്കെ കടം വാങ്ങുന്നുണ്ട്. കാപട്യങ്ങളില്ലാത്ത അടുപ്പം. അവിടെ ഒരു 'ഐ വല് യൂ'വിന്റെ ആവശ്യമില്ല. 

ശ്രീനിവാസന്‍ കൂടെ ഇല്ലായിരുന്നെങ്കില്‍....    ദാരിദ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു സീനുണ്ട്. ഒരുപാട് പ്രതീക്ഷകളോടെയാണ് ദാസനും വിജയനും ലോണെടുത്ത് പശുവിനെ വാങ്ങുന്നത്. പക്ഷേ എല്ലാം പാളിപ്പോകുന്നു. ആദ്യം ഐശ്വര്യത്തിന്റെ സയറണ്‍ എന്ന് വിശേഷിപ്പിച്ച പശുവിന്റെ കരച്ചില്‍ പിന്നീട് വിശപ്പിന്റേതാകുന്നു. പശുവിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ വിജയന്‍ പറയുന്നുണ്ട് അത് കരയുന്നത് വിശന്നിട്ടാണ് അതിന്റെ തേങ്ങാപ്പിണ്ണാക്ക് ഞാന്‍ എടുത്തു തിന്നെന്ന്. ദാസന്റെ മറുപടിയുണ്ട്, അതാണ് ഞാന്‍ തിന്നാന്‍ നോക്കിയപ്പോള്‍ തേങ്ങാപ്പിണ്ണാക്ക് കാണാതെ ആയതെന്ന്. സിനിമയിലാണെങ്കിലും സാഹിത്യത്തിലാണെങ്കിലും അതെ പ്രമേയത്തിന് വലിയ പ്രധാന്യമുണ്ട്. അന്ന് ജനിക്കാത്തവരെപ്പോലും അത് സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അതാണ് കാരണം. എന്റെ തന്നെ വരവേല്‍പ്പ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്നീ ചിത്രങ്ങളിലെല്ലാം ജീവിക്കാനുള്ള ഈ പോരാട്ടം കാണാം. ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്‍ എന്റെ കൂടെ ഇല്ലായിരുന്നെങ്കില്‍ അത് സാധ്യമല്ല. മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ സാന്നിധ്യവും സിനിമയെ കരുത്തുറ്റതാക്കി. 

ശോഭനയുടെ രാധ എവിടെ പോയി?

nadodikattu

പട്ടണപ്രവേശത്തിന്റെ പശ്ചാത്തലം മദ്രാസ് അല്ല. കൊച്ചിയാണ്. ശോഭനയെ വിവാഹം കഴിക്കുന്നതായി നാടോടിക്കാറ്റില്‍ കാണിക്കുന്നില്ല. അത് പ്രണയമായി തന്നെ നില്‍ക്കുന്നുണ്ടാകാം. അംബികയുടെ കഥാപാത്രത്തോട് ദാസന് ഒരു സഹതാപവും സ്നേഹവുമുണ്ട്. പക്ഷേ പ്രണയം എന്ന് പറയാന്‍ പറ്റില്ല. വിജയന്‍ ദാസനോട് പറയുന്നുണ്ട് പെണ്‍കുട്ടികളുടെ പിറകെയുള്ള നിന്റെ ചാട്ടം അവസാനിപ്പിക്കണമെന്ന്. ദാസന്റെ കാമുകിയോ ഭാര്യയോ ആയി രാധ മദ്രാസില്‍ ജോലി ചെയ്യുന്നുണ്ടാകാം.

ശശിയേട്ടന്‍ ഭരണിയിലാണ്

sasiyettan bharaniyil anu

എന്റെ നിര്‍ബന്ധപ്രകാരമാണ് ഐ.വി. ശശിയും സീമയും നാടോടിക്കാറ്റില്‍ അഭിനയിക്കുന്നത്. വിജയന്‍ സിനിമയില്‍ ചാന്‍സ് തേടി സംവിധായകന്റെ വീട്ടില്‍ പോകുന്ന സീനാണല്ലോ അത്. നിര്‍മാതാക്കളിലൊരാളായ ഐ.വി ശശി തന്നെ സംവിധായകനായാല്‍ മതി എന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ അഭിനയിച്ചത്.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍മിച്ച പടം

നാടോടിക്കാറ്റ് നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടിയും ഐ.വി ശശിയും സീമയും മോഹന്‍ലാലും സെഞ്ചറി കൊച്ചുമോനും ചേര്‍ന്നാണ്. കാസിനോ പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആ കമ്പനി ആദ്യം നിര്‍മിച്ച ചിത്രം അടിയൊഴുക്കുകളാണ്. കരിമ്പിന്‍പൂവിനക്കരെയാണ് അടുത്ത ചിത്രം. അത് ഐ.വി ശശി തന്നെയാണ് സംവിധാനം ചെയ്തത്. അവര്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഞാന്‍ സംവിധാനം ചെയ്ത ഗാന്ധിനഗര്‍ സെക്കന്‍ഡ്  സ്ട്രീറ്റ്. പിന്നീട് ചെയ്തതായിരുന്നു നാടോടിക്കാറ്റ്. നാല് സിനിമകളെ കാസിനോ നിര്‍മിച്ചൂള്ളൂ. നാലും വിജയമായിരുന്നു.

വീപ്പയ്ക്കകത്തായ തിലകന്റെ വില്ലന്‍

ക്ലൈമാക്സ് ചിത്രീകരിക്കേണ്ട സമയത്ത് തിലകന്‍ ഒരു കാറപകടത്തില്‍പ്പെട്ട് സുഖമില്ലാതായി. തിലകനാണല്ലോ മെയ്ന്‍ വില്ലന്‍ അനന്തന്‍ നമ്പ്യാര്‍. ഞാനും ശ്രീനിവാസനും ഒരുപാട് ആലോചിച്ചിട്ടാണ് ഇപ്പോള്‍ കാണുന്ന ക്ലൈമാക്സ് ഉണ്ടാക്കിയത്. ക്ലൈമാക്സ് സീക്വന്‍സില്‍ തിലകന്റെ ഡ്യൂപ്പാണ് അഭിനയിച്ചത്. അദ്ദേഹത്തെ ഒരു വീപ്പയില്‍ കയറ്റി ഇരുത്തി. അതില്‍ അനന്തന്‍ നമ്പ്യാര്‍ പുറത്ത് വരുന്നേയില്ല. എല്ലാവരെയും പിടിച്ചു കൊണ്ടുപോകുന്ന സമയത്താണ് അനന്തന്‍ നമ്പ്യാരെയും കാണിക്കുന്നത്. കോസ്റ്റ്യൂമറായിരുന്ന കുമാറാണ് തിലകന്റെ ഡ്യൂപ്പ്. തിലകന്റെ പരിക്ക് മാറാന്‍ മൂന്ന് മാസത്തോളം വേണമായിരുന്നു. പക്ഷേ നവംബര്‍ ആറിന് ചിത്രം ഇറക്കേണ്ടതിനാല്‍ നിവൃത്തി ഇല്ലായിരുന്നു.