Sindhuraj
ഫോട്ടോ: സിന്ധുരാജ്

സൗഹൃദം സിന്ധുരാജിന് എന്നും കരുത്തായിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠിക്കുന്ന കാലത്ത് അതിനരികിലെടുത്ത ചന്ദ്രബാബു ലോഡ്ജിലെ വാടകമുറി, അതുകൊണ്ടുതന്നെയാണ് പഠനവും പാരലല്‍ കോളേജും കഴിഞ്ഞ് സിനിമയിലെത്തി നാലാളറിയാന്‍ തുടങ്ങിയിട്ടും സിന്ധു ഒഴിവാക്കാത്തത്. തന്റെ എട്ടംഗ സൗഹൃദസംഘത്തോടൊപ്പം കൂടാനും കഥകള്‍ ആലോചിക്കാനുമെല്ലാം ഈ കൊച്ചുമുറി മതി. അവിടെ സൗഹൃദം തളിര്‍ക്കുന്നു; കഥകളും. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ സൗഹൃദാന്തരീക്ഷം ആ തൂലികയ്ക്ക് എളുപ്പം വഴങ്ങുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിക്കാണുമല്ലോ. എന്നാല്‍ വി.ജെ. ജെയിംസിന്റെ പ്രണയോപനിഷത്ത് പോലൊരു കഥയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തിരക്കഥ രചിക്കുമ്പോള്‍ എന്തെങ്കിലും വെല്ലുവിളികള്‍ ഉണ്ടായിരുന്നോ. സിന്ധുരാജിനോട് തന്നെ ചോദിക്കാം. കഥയും സിനിമയും വന്ന വഴികളിലേക്ക് സിന്ധു സഞ്ചരിക്കട്ടെ. എല്ലാവര്‍ഷവും സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ യാത്രചെയ്യുന്ന ഈ കഥാകാരന്‍ ഒരു യാത്രാപ്രേമി കൂടിയാണ്.   ''പ്രണയോപനിഷത്ത് വായിച്ചപ്പോ തന്നെ അതിലൊരു സിനിമാസാധ്യത തോന്നിയിരുന്നു. ജെയിംസേട്ടനെ വിളിച്ചു പറയുകയും ചെയ്തു. പിന്നീട് വനിതയില്‍ വന്ന എന്റെ നോവലെറ്റ് 'സ്‌കൂളിലേക്കു പോയ പെണ്‍കുട്ടിയും' ചേര്‍ത്ത് ഞാന്‍ ഈ കഥയുണ്ടാക്കി. പക്ഷേ, മറ്റാരോ ഈ കഥയുടെ അവകാശം വാങ്ങി, തിരക്കഥയും തയ്യാറാക്കി, സിനിമയാക്കാന്‍ പ്രയത്‌നിക്കുന്നുണ്ടായിരുന്നു. കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞ് ഞാന്‍ വിളിച്ചപ്പോള്‍ ജെയിംസേട്ടന്‍ ഈ വിവരം പറഞ്ഞു. എങ്കില്‍ ഞാന്‍ മാറി നില്‍ക്കാം. കുറച്ചുകാലം കഴിഞ്ഞും പ്രോജക്ട് നടന്നില്ലെങ്കില്‍ കഥ സിനിമയാക്കാനുള്ള അവകാശം എനിക്ക് തരണമെന്ന് പറഞ്ഞു. ആദ്യം തിരക്കഥ എഴുതിയയാള്‍ അതുമായി മലയാളത്തിലെ സൂപ്പര്‍താരത്തോട് പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഇഷ്ടമാവാത്തതുകാരണം നടന്നില്ല. പിന്നെയും കുറച്ച് കാത്തിരുന്നശേഷമാണ് സിനിമയാക്കാനുള്ള അവകാശം എനിക്ക് തരുന്നത്.   നിര്‍മാതാവ് സോഫിയാ പോളിന് മോഹന്‍ലാലിന്റെ ഡേറ്റ് ഉണ്ടായിരുന്നു. പല കഥ കേട്ടിട്ടും അവരും ഇഷ്ടപ്പെടാതിരിക്കുകയായിരുന്നു. അപ്പോഴാണ് ഞാനീ കഥ പറയുന്നത്. അവര്‍ക്കിഷ്ടമായി; പിന്നെ ലാലേട്ടനും. ആര് സംവിധാനം ചെയ്യുമെന്ന ചിന്ത വന്നപ്പോ വെള്ളിമൂങ്ങയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന ജിബുവും ഈ പ്രോജക്ടിലേക്ക് വന്നു. കഥകേട്ട് പ്രണയോപനിഷത്തും വായിക്കാന്‍ കൊടുത്തപ്പോ ഈ ചെറുകഥയില്‍നിന്ന് ഇങ്ങനെയൊരു തിരക്കഥ രചിച്ചതിന്റെ അദ്ഭുതമായിരുന്നു ജിബുവിനും. 

തിരക്കഥ പൂര്‍ത്തിയാക്കിയശേഷം  ജെയിംസിനെ കേള്‍പ്പിച്ചിരുന്നോ? അദ്ദേഹം വായിച്ചിരുന്നു. ഉലഹന്നാന്റെയും ആനിയമ്മയുടെയും ആത്മാവ് തിരക്കഥയിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അത്രയേ വേണ്ടൂ. മലയാളത്തിലിറങ്ങിയ മനോഹരമായൊരു കഥയാണത്. അത് അതേപടി സിനിമയാക്കിയാല്‍ അത് മറ്റൊരു ചിത്രമാവും, മുന്തിരിവള്ളികള്‍ പോലാവില്ല. 

Read More: ബിസിനസ്സ് തകര്‍ന്നപ്പോള്‍ വീടു വിറ്റു, പിന്നീട് അതേ വീട് വിലകൊടുത്തു വാങ്ങി: സോഫിയ പോള്‍
എഴുത്തിനിടയില്‍ എന്തെങ്കിലും വെല്ലുവിളികള്‍ തോന്നിയിരുന്നോ? മകളുടെ പ്രണയസീനുകള്‍ അധികം കാണിക്കാതെ ആ ഫീല്‍ കൊണ്ടുവരുക എന്നതൊരു വെല്ലുവിളി തന്നെയായിരുന്നു. ഒരു പഞ്ചായത്ത് ഓഫീസും കോളനിയും വീടും മാത്രമായ സിനിമയില്‍ പുറംവാതില്‍ ദൃശ്യങ്ങള്‍ കുറവായതിനാല്‍ സീരിയലുപോലെയാവാതെ നോക്കുക എന്നതും മുന്നിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഇതുവരെ വന്നതില്‍ നിന്റെ ഏറ്റവും നല്ല തിരക്കഥയാണിതെന്ന് പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ മനസ്സ് നിറയുന്നത്.

സാഹിത്യകൃതികളില്‍ നിന്നാണോ പല കഥകളുടെയും പ്രചോദനം? പല കഥകളുടെയും ആദ്യചിന്ത വായിച്ച പുസ്തകങ്ങളില്‍ നിന്നാണെങ്കില്‍ അത് ഞാന്‍ പറയാറുണ്ട്, ചിത്രത്തില്‍ കാണിക്കാറുമുണ്ട്. അവര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാനും ശ്രദ്ധിക്കാറുണ്ട്. താപ്പാനയുടെ കഥ മഹാശ്വേതാദേവിയുടെ ഒരു നോവലില്‍ നിന്നാണ്. ഒരേസമയം ജയിലില്‍നിന്ന് പുറത്തിറങ്ങുന്ന രണ്ടുപേര്‍ എന്നതു മാത്രമായിരുന്നു ആ എലമെന്റ്. 

Read Review: പൂത്തുതളിര്‍ക്കുന്ന പ്രണയത്തിന്റെ മുന്തിരിവള്ളികള്‍

ചിത്രത്തിന്റെ ടാഗ് ലൈൻ 'മൈ ലൈഫ് ഈസ് മൈ വൈഫ്' ഹിറ്റായല്ലോ ഇതെവിടുന്ന് കിട്ടി? ഞാനും ആലപ്പുഴയിലെ സുഹൃത്തുക്കളും ചേര്‍ന്ന് ശ്രീലങ്കന്‍ യാത്ര നടത്തിയിരുന്നു. അവിടെ ഒരു ഓട്ടോറിക്ഷയില്‍ വലുതായി എഴുതിവെച്ച വാചകമാണത്. അന്ന് ഞാനീ കഥ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ഇത് കണ്ടപ്പോ ചിത്രത്തിന്റെ ടാഗ് ലൈന്‍ മനസ്സിലുറപ്പിച്ചു.

ഭര്‍ത്താവിന്റെ സ്‌നേഹമാണ് ഭാര്യയുടെ സൗന്ദര്യം എന്നതോ? അത് എഴുത്തിനിടയില്‍ സ്വാഭാവികമായി വന്നുചേര്‍ന്നൊരു പ്രയോഗമാണ്.

ലാലേട്ടനോടൊപ്പം ഈ ചിത്രം കണ്ടോ? റിലീസാവുന്നതിനുമുന്‍പ് അദ്ദേഹം ചെന്നൈയില്‍ കുടുംബത്തോടൊപ്പമാണ് ചിത്രം കണ്ടത്. പ്രിയന്‍ചേട്ടനും ഉണ്ടായിരുന്നു. അദ്ദേഹത്തിന് അന്നേ കോണ്‍ഫിഡന്‍സുണ്ടായിരുന്നു.

പുതിയ സിനിമകള്‍ ഏതൊക്കെയാണ്? കമ്മട്ടിപ്പാടം നിര്‍മിച്ച ഗ്‌ളോബല്‍ സിനിമയ്ക്കുവേണ്ടി ഒരു ചിത്രം; അതു കഴിഞ്ഞാല്‍ ലാല്‍ജോസിനു വേണ്ടി. രണ്ടിന്റെയും കഥ കള്‍ എഴുതിക്കഴിഞ്ഞു. 

ചിത്രം കണ്ടപ്പോള്‍ നിങ്ങളുടെ ഭാര്യയായിരിക്കും ഏറ്റവും സന്തോഷിച്ചത് അല്ലേ? അതേ. മൈ ലൈഫ് ഈസ് മൈ വൈഫ്.