sophia paulമുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ നായകനായി എത്തുന്ന ജിബു ജേക്കബ് ചിത്രം വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തുമ്പോള്‍ താന്‍ കണ്ട വലിയ സ്വപ്‌നങ്ങളിലൊന്ന് കൂടി പൂവണിയുന്നതിന്റെ നിര്‍വൃതിയിലായിരിക്കും സോഫിയാ പോള്‍ എന്ന നിര്‍മാതാവ്. മലയാള സിനിമാ കരിയറിലെ മൂന്നാമത്തെ ചിത്രമാണെങ്കിലും മുന്‍ സിനിമകളേക്കാള്‍ ഒരല്‍പ്പം ഇഷ്ടക്കൂടുതല്‍ സോഫിയ്ക്ക് ഈ ചിത്രത്തിനോടുണ്ട്. അതിന് കാരണം, ലാലേട്ടന്‍ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന മോഹന്‍ലാലിന്റെ സാന്നിദ്ധ്യമാണ്. മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ സിനിമകളെയും ഏറെ ഇഷ്ടപ്പെടുന്ന സോഫിയയുടെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിനെ വെച്ചൊരു സിനിമ. സോഫിയ മാത്രമല്ല, ഭര്‍ത്താവും മക്കളുമൊക്കെ, നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ കട്ട ലാലേട്ടന്‍ ഫാന്‍സാണ്. 

മോഹന്‍ലാല്‍ സിനിമ എന്ന സ്വപ്‌നം

മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് ആലോചിച്ചത്. ബാംഗ്ലൂര്‍ ഡെയ്‌സ് ട്രെന്‍ഡ് സെറ്ററായതോടെയാണ് ആ ആഗ്രഹം സഫലമാകുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ചെയ്തു വരികയായിരുന്നു. സിനിമയിലെ ഒരു സുഹൃത്ത് വഴി സിന്ധുരാജ് കഥ പറയാന്‍ എത്തിയപ്പോള്‍ മുതല്‍ ഉലഹന്നാനായി സങ്കല്‍പിച്ചത് മോഹന്‍ലാലിനെയാണ്. പിന്നീട് ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കഥ നന്നായി ഇഷ്ടപ്പെട്ടു. 

Read More: ലാലേട്ടന് മാത്രമേ ഉലഹന്നാനാവാൻ പറ്റൂ: ജിബു ജേക്കബ്

സിനിമയുമായി അടുപ്പമുള്ള വ്യവസായ കുടുംബം

ഞങ്ങള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ സിനിമാ വ്യവസായത്തിലേക്ക് കടന്നതല്ല. ഭര്‍ത്താവിന്റെ പിതാവിന് രണ്ട് തിയേറ്ററുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് പ്രൊഡക്ഷന്‍ കമ്പനിയും ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമുണ്ടായിരുന്നു. തമിഴിലെയും മലയാളത്തിലെയും ഹിറ്റ് സിനിമകള്‍ ഉള്‍പ്പെടെ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. അങ്ങനെ സിനിമയുമായും ഈ വ്യവസായവുമായും ഞങ്ങള്‍ക്ക് ബന്ധങ്ങളുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ 10-20 വര്‍ഷങ്ങളായി ബിസിനസ് ചെയ്യുന്ന കുടുംബമാണ് ഞങ്ങളുടേത്. ദുബായിയില്‍ പല ബിസിനസുകളിലായി ആയിരത്തിലേറെ സ്റ്റാഫുണ്ട് ഞങ്ങള്‍ക്ക്. കേരളത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയതും അതിന് പിന്നാലെ സാനിറ്ററിവെയറുകളുടെ ഹോള്‍സെയില്‍ ബിസിനസും ഷോറൂമുമൊക്കെ ആരംഭിച്ചത്. 

Sophia Paul

ബാംഗ്ലൂര്‍ ഡെയ്‌സ് ഐഡന്റിറ്റി തന്ന ചിത്രം

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ പ്രൊഡ്യൂസര്‍ സോഫിയാ പോള്‍ എന്നത് ഒരു ഐഡന്റിറ്റിയായിരുന്നു. പിന്നീട് ലാലേട്ടനുമായിട്ടുള്ള ചര്‍ച്ചകളില്‍ പോലും സഹായമായത് ഈ ഐഡന്റിറ്റിയാണ്. സിനിമ വലിയ ഹിറ്റായതോടെയാണ് ഇന്‍ഡസ്ട്രിയിലേക്കുള്ള ഞങ്ങളുടെ എന്‍ട്രി സ്മൂത്താക്കിയത്. ഇതിനിടയില്‍ പല പ്രോജക്ടുകളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നിവെങ്കിലും വര്‍ക്കൗട്ടായത് മുന്തിരിവള്ളികളാണ്. ഇനി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ ഐഡന്റിറ്റി കൂടി ലഭിക്കും. പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമല്ല സിനിമാ നിര്‍മാണത്തിന് പിന്നില്‍. മലയാളത്തിലെയാണെങ്കിലും മറ്റ് ഭാഷകളിലെയാണെങ്കിലും നല്ല സിനിമകളുടെ ഭാഗമാകുക അതുവഴി കലയ്ക്ക് തങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് രണ്ടാമത്തെ ചിത്രമായി കാട് പൂക്കുന്ന നേരം തിയേറ്ററുകളിലെത്തിയത്. ഈ സിനിമയ്ക്കായി പണം മുടക്കുമ്പോള്‍ റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് വേഗത്തിലാകില്ലെന്ന നല്ല ധാരണയുണ്ടായിരുന്നു. പക്ഷെ, ആ സിനിമയുടെ കാര്യത്തില്‍ പൂര്‍ണ തൃപ്തിയാണ്. നല്ല സിനിമയാണ്. ഐഎഫ്എഫ്‌കെ, ഗോവയിലെ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച പ്രതികരണം നേടിയെടുക്കുകയും ചെയ്തു. ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ച സമയത്ത് ഇന്‍ഡസ്ട്രിയിലുള്ള ചില അടുത്ത സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു 'എന്തിനാണ് ഇത്' എന്ന്. അവരോട് പറഞ്ഞ മറുപടി, 'എനിക്ക് ഇഷ്ടമായത് കൊണ്ടാണെന്നാണ്. ആര്‍ട്ട് സിനിമകളോട് എനിക്ക് എന്നും ഒരടുപ്പമുണ്ടായിരുന്നു, പക്ഷെ ഇത്ര വേഗത്തില്‍ അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് മാത്രം.

ആനിയമ്മയും ഉലഹന്നാനും

സിന്ധുരാജ് കഥ പറഞ്ഞത് മുതല്‍ ഉലഹന്നാനായി മനസ്സിലുണ്ടായിരുന്നത് മോഹന്‍ലാലാണ്. മറ്റൊരാള്‍ക്കും ഉലഹന്നാനെ ഭംഗിയാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മോഹന്‍ലാലിന്റെ കഥാപാത്രത്തിനും അപ്പിയറന്‍സിനും പറ്റിയ നായിക വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷെ, അത് മലയാളികള്‍ക്ക് സുപരിചിതമായ മുഖവുമായിരിക്കണം. മീന ആദ്യം മുതലേ ഞങ്ങളുടെ പരിഗണനയിലുണ്ടായിരുന്നു. പക്ഷെ, ആ റോളിലേക്ക് വിദ്യാ ബാലനെ കാസ്റ്റ് ചെയ്യാനായി ഞങ്ങള്‍ ചെറിയൊരു ശ്രമം നടത്തിയിരുന്നു. അവരുടെ ഡേറ്റ് പ്രശ്‌നം കൊണ്ട് അത് നടന്നില്ല. വിദ്യാ ബാലന്‍ നടക്കാതെ വന്നപ്പോള്‍ പിന്നെ മറ്റാരെയും അന്വേഷിച്ച് ഞങ്ങള്‍ പോയില്ല. മീന തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഭയങ്കര സുന്ദരിയായ, റൊമാന്റിക്കായ ഒരു വീട്ടമ്മയാണ് ആനിയമ്മ. ഇതിന് പറ്റിയ ആള്‍ മീന തന്നെയാണ്. 

റിലീസ് നീണ്ടത് മനസ്സ് നീറ്റിച്ചു

ക്രിസ്മസ് റിലീസായി പ്ലാന്‍ ചെയ്ത സിനിമയ്ക്ക് അപ്രതീക്ഷിതമായി സമരം തിരിച്ചടിയായപ്പോള്‍ നല്ല വിഷമം തോന്നി. രണ്ടു വര്‍ഷത്തെ അധ്വാനം, ഡ്രീം പ്രോജക്ട് അങ്ങനെ മനസ്സ് കൊണ്ടു കര്‍മം കൊണ്ടും വളരെ ഇന്‍വോള്‍വ്ഡായ ഒരു ചിത്രമാണിത്. സമരം തീരുമെന്ന് ആദ്യം കരുതി. പക്ഷെ, പലവിധ കാരണങ്ങള്‍ കൊണ്ട് നീണ്ടു പോയി. സമരം അവസാനിപ്പിച്ച സമയത്തും റിലീസ് സംബന്ധിച്ച് സംഘടനകളുമായി ചെറിയ ആശയകുഴപ്പമുണ്ടായെങ്കിലും എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. സിനിമയുടെ റിലീസ് വൈകിയപ്പോള്‍ ദുബായ്ക്ക് മടങ്ങിപ്പോയി. അതുകൊണ്ട് ഇവിടുത്തെ ചര്‍ച്ചകളിലൊന്നും ഞങ്ങള്‍ ഭാഗമായിരുന്നില്ല. സംവിധായകന്‍ ജിബു ജേക്കബും മറ്റൊരു സ്റ്റാഫുമായിരുന്നു ചര്‍ച്ചകള്‍ക്ക് പോയത്. 

മുന്തിരിവള്ളിയില്‍ പ്രതീക്ഷ, ഇനിയും വരാനുണ്ട് പ്രോജക്ടുകള്‍

ഈ സിനിമയെക്കുറിച്ച് നല്ല പ്രതീക്ഷകളാണുള്ളത്. ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കാന്‍ ശേഷിയുള്ള സിനിമയാണിത്. മറ്റ് ചില പ്രോജക്ടുകള്‍ കൂടി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ സ്‌ക്രിപ്റ്റിംഗും മറ്റ് ജോലികളുമൊക്കെ നടന്നു കൊണ്ടിരിക്കുന്നു. ആ സിനിമ ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യും.