മോഹന്‍ലാലിനെ അടുത്തുനിന്ന് നിരീക്ഷിച്ചാലറിയാം അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു കുഞ്ഞ് അലാറവും കലണ്ടറുമുണ്ടെന്ന്. പിറ്റേന്ന് രാവിലെ ഏഴുമണിക്കാണ് ഷൂട്ടിങ് എങ്കില്‍ കൃത്യം അഞ്ചുമണിക്ക് അലാറം അദ്ദേഹത്തെ ഉണര്‍ത്തിയിരിക്കും. ആരെയെങ്കിലും ഫോണില്‍ വിളിക്കാനുണ്ടെങ്കില്‍ അതും മനസ്സിനുള്ളില്‍ സെറ്റ് ചെയ്തുെവച്ച് അലാറം കൃത്യസമയത്ത് അറിയിക്കും. ഷൂട്ടിങ്ങിനിടെ വല്ലപ്പോഴും ഉച്ചമയക്കത്തിന് കിടന്നാല്‍ അടുത്ത ഷോട്ട് റെഡിയാവുന്നതിന് പത്തു മിനിറ്റുമുമ്പ് ഉണര്‍ന്നിരിക്കും.

തീയതികളും കൂടിക്കാഴ്ചകളും കുറിച്ചിടാന്‍ ഡയറിയോ സെക്രട്ടറിയോ ഈ മനുഷ്യനില്ല. മനസ്സിന്റെ ചുമരിലെ കലണ്ടറില്‍ അത് കൃത്യം അടയാളപ്പെടുത്തിയിരിക്കും. ഇങ്ങനെ ചെയ്യുന്ന മറ്റു പലരും ഉണ്ടാവാം. എന്നാല്‍, ലാലിനെ അവരില്‍നിന്ന് വ്യത്യാസപ്പെടുത്തുന്ന ഘടകം തന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ അദ്ദേഹം അലാറം എറിഞ്ഞുടയ്ക്കുകയോ കലണ്ടര്‍ വലിച്ചുകീറുകയോ ചെയ്യുന്നില്ല എന്നതാണ്. മറ്റൊരു തരത്തിലാണ് കാര്യങ്ങള്‍ സംഭവിച്ചതെങ്കില്‍ മോഹന്‍ലാല്‍ അതുമായി ചേര്‍ന്നുപോകുന്നു; സമരസപ്പെടുന്നു. അക്കാര്യം അങ്ങനെയാവും സംഭവിക്കേണ്ടിയിരുന്നത് എന്ന് കരുതുന്നു. കടന്നുപോകുന്ന സംഭവങ്ങളുമായി ഒരുവിധ സംഘര്‍ഷങ്ങളുമില്ല. അതുകൊണ്ടുതന്നെ ലാല്‍  ജലത്തിനോടാണ് എപ്പോഴും തന്നെ ഉപമിക്കാറുള്ളത്. ഒഴുകുന്ന ഒരു പുഴയോട്, അല്ലെങ്കില്‍ ഒഴിക്കപ്പെടുന്ന പാത്രത്തിന്റെ രൂപമാവുന്ന കിണര്‍വെള്ളത്തോട്.

മോഹന്‍ലാലിന്റെ കലാജീവിതത്തില്‍ അങ്ങോളമിങ്ങോളം സംഭവങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെടാതെ ഒഴുകിയതിന്റെ ഭംഗിയും വ്യത്യസ്തതകളും കാണാം. ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ നിര, പൈട്ടന്നൊരുനാള്‍. സംസ്‌കൃതത്തിലെ നാടകാഭിനയം, അങ്ങനെയിരിക്കുമ്പോള്‍ മജീഷ്യനായി ലാല്‍ മുന്നിലെത്തുന്നു, അതുകഴിയുമ്പോള്‍ ബിഗ് ബോസില്‍ അവതാരകനാവുന്നു, ലെഫ്റ്റനന്റ് കേണലായി പട്ടാളത്തിനൊപ്പം അടിവെച്ച് നടക്കുന്നു, 'ഛായാമുഖി'യില്‍ ഭീമനാവുന്നു, ഓഷോ രജനീഷിന്റെ പ്രചാരകനാവുന്നു, പാട്ട് പാടുന്നു, ശരീരത്തിലെ രൂപമാറ്റങ്ങള്‍ക്ക് വിധേയനാവുന്നു, ബ്ലോഗുകള്‍ എഴുതുന്നു, പ്രധാനമന്ത്രിയെപ്പോയിക്കാണുന്നു... പുറമേനിന്ന് നോക്കുമ്പോള്‍ ഈ വ്യത്യസ്തതയില്‍ ഒരു വിചിത്രാവസ്ഥ തോന്നാമെങ്കിലും ലാലിന് ഇവയെല്ലാം തന്റെ പ്രതിഭയുടെയും സാക്ഷാത്കാര ദാഹത്തിന്റെയും വിവിധതലങ്ങള്‍ മാത്രമാണ്. അവ അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു, ആവേശംകൊള്ളിക്കുന്നു...

ഇപ്പോഴിതാ മോഹന്‍ലാല്‍ സംവിധായകനും ആവുന്നു. 'ബറോസ്' എന്ന പേരിലുള്ള ത്രീഡി സിനിമ താന്‍ സംവിധാനം ചെയ്യാന്‍പോകുന്നു എന്ന് ഒരുവിധ മുന്നറിയിപ്പുകളും നല്‍കാതെ പെട്ടെന്നൊരുനാള്‍ സന്ധ്യയ്ക്ക് ലാല്‍ ബ്ലോഗില്‍ കുറിച്ച് മലയാളികള്‍ക്ക് നല്‍കി. ഏറ്റെടുത്ത കഥാപാത്രങ്ങളെക്കുറിച്ചാലോചിക്കുന്ന നടന്റെ മനസ്സിനൊപ്പം ഒരു വലിയ സിനിമ സൃഷ്ടിക്കാനൊരുങ്ങുന്ന സംവിധായകന്റെ മനസ്സും ഇപ്പോള്‍ മോഹന്‍ലാലില്‍ പ്രവര്‍ത്തിക്കുന്നു. സംവിധായകനാവാനൊരുങ്ങുന്ന മോഹന്‍ലാലുമായാണ് ഈ അഭിമുഖം.

ഏപ്രില്‍ 21-നാണ് താങ്കള്‍ സംവിധായകനാവാന്‍ പോകുന്നു എന്ന കാര്യം മലയാളികളോട് പറഞ്ഞത്. അതിനര്‍ഥം ഏപ്രില്‍ 22 മുതല്‍ താങ്കള്‍ മാറിയ ഒരു ലാലാണ്. ഈ മാറ്റത്തെ എങ്ങനെയാണ് അനുഭവിക്കുന്നത്

എനിക്കൊരു മാറ്റമുണ്ടായി എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? എനിക്ക് ഇക്കാര്യത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. എന്നാല്‍, എന്റെ ജീവിതത്തില്‍ കുറെ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്‍പ്പത്തിമൂന്ന് വര്‍ഷമായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്‍. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളില്‍നിന്ന്  സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങള്‍. അത് ഞാന്‍ തീര്‍ച്ചയായും ആസ്വദിച്ചിരുന്നു. ആത്മാര്‍ഥമായിട്ടുതന്നെ. അതുകൊണ്ടാണ് ഇന്ന് എന്തെങ്കിലൊമൊക്കെ ആയത്.

എന്നാല്‍, അതേ സമയം, ഈ ഓട്ടത്തിനിടയില്‍ എനിക്ക്  നഷ്ടമായ പല കാര്യങ്ങളുണ്ട്. നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടിക്കൂടി ഇനി ഞാന്‍ കുറച്ച് ജീവിക്കട്ടെ. ആയുസ്സിന്റെ പാതിയിലധികം കഴിഞ്ഞുപോയി. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വകാര്യനിമിഷങ്ങള്‍ ഞാനിപ്പോള്‍ നന്നായി ആസ്വദിക്കുന്നു.

അപ്പോള്‍ സംവിധായകനിലേക്കുള്ള മാറ്റം അനുഭവപ്പെടുന്നേയില്ല എന്നാണോ

അതിനെ മാറ്റം എന്നല്ല വിളിക്കേണ്ടത്. എനിക്കത് ആശ്ചര്യകരമായ ആനന്ദമാണ്. ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചതേയല്ല. കാര്യങ്ങളെല്ലാം എവിടെയോ നിശ്ചയിക്കപ്പെട്ടപോലെ ഒത്തുവന്നതാണ്. ജിജോ എഴുതിവെച്ച കഥ എന്നെ കാത്തിരുന്നതായിരിക്കണം. പിന്നെ, ഇതൊരു വലിയ ഉത്തരവാദിത്വമാണ്. അതിന് എന്നെ സഹായിക്കാന്‍ പ്രതിഭാശാലികളായ ഒരുപാടുപേര്‍ ഒപ്പമുണ്ട്. അതിലേക്ക് എപ്പോഴത്തെയുംപോലെ എന്റെ പ്രയത്‌നവും നൂറ് ശതമാനം ഞാന്‍ നല്‍കേണ്ടതുണ്ട്. ആ ബോധ്യംപോലും എനിക്ക് ആവേശമാണ്.

ഏതൊരു ചെറിയ കാര്യം ചെയ്യുകയാണെങ്കില്‍പ്പോലും താങ്കള്‍ സൂക്ഷ്മമായ ഗൃഹപാഠം ചെയ്യുന്നത് കാണാറുണ്ട്. പ്രത്യേകിച്ച് പുതിയ മേഖലകള്‍. 'ബറോസ്' എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഏതൊക്കെ തരത്തിലുള്ള ഒരുക്കങ്ങളാണ് താങ്കള്‍ ചെയ്യുന്നത്.

വലിയ ശ്രമം വേണം. പ്രധാനപ്പെട്ടത് ഇതിന്റെ തിരക്കഥയാണ്. ബാലസാഹിത്യം എഴുതുന്നതാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ? കുട്ടികളുടെ മനസ്സ് ഒരേസമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ടുതന്നെ അവരെ രസിപ്പിക്കുന്ന വിധത്തില്‍ കൃത്യമായി കഥ മെനയണം. പരമാവധി ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോവാവൂ. അതിലപ്പുറം ത്രീ ഡി സനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. ഛായാഗ്രഹണം അന്താരാഷ്ട്രനിലവാരത്തിലുള്ളതായിരിക്കണം.

വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം സംഗീതമാണ്. പിന്നെ കുട്ടികളടക്കമുള്ള നല്ല നടന്മാര്‍ വേണം. മിക്കവരും വിദേശത്തുനിന്നായിരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പലരെയും നേരില്‍ക്കണ്ടിരുന്നു. ചിത്രീകരണം ഗോവയിലായിരിക്കും. സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തുകഴിഞ്ഞു. കാര്യങ്ങള്‍ മെല്ലെ മെല്ലെ മുന്നോട്ട് പോവുന്നു.

mohanlal
ചിത്രത്തിലെ മോഹൻലാലിൻറെ കഥാപാത്രമായ ബറോസ് 

43 വര്‍ഷമായി താങ്കള്‍ സംവിധായകരുടെ നോട്ടപ്പാടിലാണ് ജീവിച്ചത്. ഒരു നല്ല സംവിധായകനെ താങ്കള്‍ എങ്ങനെയാണ് റേറ്റ് ചെയ്യുന്നത്.

ശരിയാണ് ഒരുപാട് സംവിധായകരുടെ കീഴില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. എല്ലാവരും ഓരോ തരത്തില്‍ വ്യത്യസ്തരാണ്. ചിലര്‍ ആര്‍ട്ടിസ്റ്റുകളെ എപ്പോഴും കംഫര്‍ട്ട് സോണില്‍ നിര്‍ത്തും. അവരുടെ മൂഡുകള്‍ അഭിനയത്തെ ബാധിക്കും എന്നറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അതില്‍നിന്ന് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കാറുമുണ്ടായിരിക്കാം.

എന്നാല്‍, മറ്റു ചിലര്‍ അങ്ങനെയല്ല. അവരുടേത് വേറെ രീതിയാണ്. അതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടായിരിക്കാം. എന്റെ അഭിപ്രായത്തില്‍ ഒരു നല്ല പിക്നിക് പോലെയായിരിക്കണം സംവിധായകന്‍ കാര്യങ്ങള്‍ കൊണ്ടുപോകേണ്ടത്. അഭിനേതാക്കളില്‍നിന്നും മറ്റുള്ളവരില്‍നിന്നും ഒരുപാട് നല്ല ഫലങ്ങള്‍ അത് നല്‍കും എന്നാണ് എന്റെ വിശ്വാസം..

വേണമെങ്കില്‍ താങ്കള്‍ക്ക് ഒരു സാധാരണ സിനിമ സംവിധാനംചെയ്യാന്‍ തിരഞ്ഞെടുക്കാമായിരുന്നു . സാങ്കേതികമായി ഒരുപാട് ബ്രില്യന്‍സ് വേണ്ട ഒരു സംരംഭം തന്നെ തിരഞ്ഞെടുത്തത് മനഃപൂര്‍വമായിരുന്നോ

മനഃപൂര്‍വം എന്നൊരു വാക്ക് എന്റെ നിഘണ്ടുവിലില്ല. സംവിധാനം ചെയ്യാന്‍തന്നെ ആഗ്രഹിച്ചയാളല്ല ഞാന്‍ എന്ന് നേരത്തേ പറഞ്ഞില്ലേ. പിന്നെ ഇത്തരം കാര്യങ്ങളെല്ലാം നമ്മെ പ്രചോദിപ്പിക്കണം. അത് എങ്ങനെ സംഭവിക്കുന്നു എന്നറിയില്ല. ഒരു മരം പെട്ടന്ന് പൂവണിയുംപോലെ തന്നെയാണത്. പിന്നെ, എപ്പോഴും വ്യത്യസ്തമായത് ചെയ്യുന്നതിലായിരുന്നു എനിക്ക് ആനന്ദം. പ്രേതകഥകളോടും ഭൂതകഥകളോടും മിത്തുകളോടുമെല്ലാം എപ്പോഴും നമുക്ക് അഭിനിവേശമുണ്ടല്ലോ. എല്ലാ പ്രായത്തിലും അത് നിലനില്‍ക്കും. നമ്മെ ആനന്ദിപ്പിക്കും. കഥ നല്ല രീതിയില്‍ പറയണം എന്നുമാത്രം. പരിചിതമല്ലാത്ത ഭൂപ്രദേശങ്ങളിലേക്ക് യാത്രപോകുന്ന യാത്രികന്റെ ഉന്മത്തതയാണ് ഇത്തരം വിഷയത്തിലേക്ക് ഞാന്‍ വീഴാന്‍ കാരണം എന്നെനിക്ക് തോന്നുന്നു.

കുട്ടിക്കാലത്ത് താങ്കള്‍ വായിച്ച ബാലസാഹിത്യങ്ങള്‍ ഏതൊക്കെയായിരുന്നു എന്നോര്‍മിക്കുന്നുണ്ടോ.

പ്രധാനമായിട്ടും മാലി പറഞ്ഞ കഥകളാണ്. അമ്മ തന്നതാണ്. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം ഒരുപാട് മാജിക് ഒളിഞ്ഞുകിടപ്പുണ്ട്. അദ്ഭുതത്തിന്റെയും ആനന്ദത്തിന്റെയും രസങ്ങളുണ്ട്. അവയെല്ലാം എനിക്കിഷ്ടമാണ്. എന്റെയുള്ളില്‍ എപ്പോഴും ഒരു കുട്ടിയുണ്ട്. കുട്ടിക്കാലത്ത് ഫാന്റത്തിനെയും മാന്‍ഡ്രേക്കിനെയും എനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്.  ആ കുട്ടിയെ ഞാന്‍ വളരാന്‍ അനുവദിക്കാറില്ല. ആ കുട്ടിയായിരിക്കും എന്നെക്കൊണ്ട്  ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നതും ചെയ്യിപ്പിക്കുന്നതും.

എത്ര വലിയ വെല്ലുവിളിക്ക് മുന്നിലാണിപ്പോള്‍ മോഹന്‍ലാല്‍.

വെല്ലുവിളിയില്ല. ഞാന്‍ പരിചയിച്ച മേഖല തന്നെയാണിത്. ഞാന്‍ ആനന്ദത്തിലും ആവേശത്തിലുമാണ്. കലാകാരനെന്ന നിലയില്‍ മറ്റൊരു തരത്തിലുള്ള സാക്ഷാത്കാരത്തിന്റെ ലഹരിയിലാണ്. 

Content Highlights : Mohanlal Interview Mohanlal Turns Director Barros 3D Movie Mohanlal Directorial Debut jijo