റവോമാരുടെ നാട്ടില്‍ നിന്നും കേരളത്തിലേക്ക്, അതും മലയാള സിനിമയില്‍ നായികവേഷം ചെയ്യാനെത്തിയിരിക്കുകയാണ് ഒരു സുന്ദരി. വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന വൈറല്‍ സെബി എന്ന റോഡ് മൂവിയില്‍ പ്രധാനവേഷം ചെയ്യുന്നത് ദുബായില്‍ താമസമാക്കിയിരിക്കുന്ന ഈജിപ്ത് സ്വദേശി മിറ ഹമീദ് ആണ്. നിരവധി ടിക് ടോക് വീഡിയോകളിലൂടെയും ഹിന്ദി, പഞ്ചാബി സംഗീത ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയയായ മിറ ഇതാദ്യമായാണ് ഇന്ത്യയില്‍ വരുന്നത്. മലയാളത്തോടുള്ള ഇഷ്ടവും പുതിയ സിനിമയേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് മിറ.

ടിക് ടോക് വഴിത്തിരിവായപ്പോള്‍

ഗള്‍ഫിലാണ് താമസിക്കുന്നത്. അവിടെ മലയാളം, തെലുങ്ക് ഗാനങ്ങള്‍ക്കെല്ലാം അനുസരിച്ച് ടിക് ടോക് ചെയ്യുമായിരുന്നു. അതിനേക്കുറിച്ച് ഒരു മലയാള മാധ്യമം വാര്‍ത്ത ചെയ്തിരുന്നു. അതുകണ്ടിട്ടാണ് വിധു വിന്‍സെന്റ് സമീപിച്ചത്. ആ സമയത്ത് അവര്‍ ഒരു അറബി പെണ്‍കുട്ടിക്കായുള്ള അന്വേഷണത്തിലായിരുന്നു. 

വൈറല്‍ സെബി എങ്ങനെ ഇന്ത്യയിലെത്തി?

ഒരു ജോര്‍ദീനിയന്‍ പെണ്‍കുട്ടിയുടെ വേഷമാണ് വൈറല്‍ സെബിയില്‍. അവളെന്താണ് ഇന്ത്യയില്‍ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയിലേക്ക് വന്നത്? എന്നെല്ലാമാണ് സിനിമയില്‍ കാണാനിരിക്കുന്നത്.

വളരെ അടുത്ത് നില്‍ക്കുന്ന കഥാപാത്രം

ഒരു കന്നഡ സിനിമയിലേക്ക് ഓഫറുണ്ടായിരുന്നു. പക്ഷേ കഥ അത്ര രസകരമായി തോന്നിയില്ല. കുടുംബത്തില്‍ നിന്നും ചില എതിര്‍പ്പുകള്‍ വന്നു. വിധു വിന്‍സെന്റ് ഈ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നോട് വളരെ അടുത്ത് നില്‍ക്കുന്നതായി തോന്നി. കാരണം ഞാന്‍ ഈജിപ്തില്‍ നിന്നാണ്.

ഇന്ത്യന്‍ ഭാഷയില്‍ വീഡിയോ ചെയ്യുന്ന ഈജിപ്ഷ്യന്‍ താരം 

മലയാളം ബുദ്ധിമുട്ടാണെന്നാണ് ആദ്യം കരുതിയിരുന്നത്. പക്ഷേ സുഹൃത്തുക്കളുടെ പ്രോത്സാഹനം കാരണം ടിക് ടോക് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. അതില്‍ മലയാളവും തമിഴും തെലുങ്കും എല്ലാമുണ്ടായിരുന്നു. ഇന്ത്യന്‍ ഭാഷയില്‍ വീഡിയോ ചെയ്യുന്ന ഈജിപ്ഷ്യന്‍ താരം എന്ന രീതിയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അതാണ് ദുബായിലെ എന്റെ വൈറല്‍ മൊമെന്റ്.

ഈജിപ്തിലെ അനുഭവങ്ങള്‍

ഈജിപ്തിലെ അനുഭവങ്ങള്‍ വളരെ വലുതായിരുന്നു. മോഡലിങ്ങും ടിക് ടോക് വീഡിയോകളും ഒരുപാട് ചെയ്തിരുന്നു. സംഗീത ആല്‍ബങ്ങളിലേക്ക് വിളി വന്നപ്പോള്‍ ആ അനുഭവങ്ങള്‍ ഒരുപാട് സഹായിച്ചു. അഭിനയം കുറച്ചുകൂടി എളുപ്പമാക്കി. ഹിന്ദി നന്നായി സംസാരിക്കുന്നതുകൊണ്ട് ഹിന്ദി, പഞ്ചാബി ആല്‍ബങ്ങളും ചെയ്യാന്‍ പറ്റി. പിന്നെ ഈജിപ്റ്റിനെ അപേക്ഷിച്ച് നോക്കിയാല്‍ ഇവിടത്തെ സിനിമാ നിര്‍മാണ രീതി കുറച്ച് വ്യത്യസ്തമാണ്. ഈജിപ്റ്റില്‍ പരിധിക്കകത്ത് നിന്നുകൊണ്ടാണ് എല്ലാം ചെയ്യുന്നത്.

മമ്മൂട്ടിയുടെ ആരാധിക

മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളിലെ സിനിമകളെല്ലാം കാണാറുണ്ട്. ദൃശ്യം 2 ആണ് അവസാനം കണ്ട മലയാളചിത്രം. ദ പ്രീസ്റ്റ്,  വണ്‍, മാമാങ്കം എന്നീ സിനിമകളും കണ്ടു. മമ്മൂട്ടിയെ വളരെ ഇഷ്ടമാണ്. 

മലയാളം പഠിച്ചിരിക്കും

ടിക് ടോക്ക് വീഡിയോകള്‍ ചെയ്യുമ്പോള്‍ ഡയലോഗുകള്‍ കടലാസില്‍ എഴുതിവെയ്ക്കുമായിരുന്നു. എന്നിട്ട് അതനുസരിച്ച് ചുണ്ടനക്കും. ഇപ്പോള്‍ നേരിട്ട് ഡയലോഗ് പറയുന്നതിലേക്ക് കാര്യങ്ങള്‍ വന്നിരിക്കുകയാണ്. ഭാഗ്യവശാല്‍ വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുന്നില്ല. ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുന്നില്ലെങ്കിലും പാട്ട് പാടാന്‍ പറ്റും. ഈ സിനിമ കഴിയുന്നതോടെ മലയാളം നന്നായി പഠിക്കുമെന്ന് വിശ്വാസമുണ്ട്.

Content Highlights: Mira Hamid, Egyptian Actress in Malayalam Movie, Viral Seb New Moviei Vidhu Vincent