പാലക്കാട്: മുഖത്തേക്കിറങ്ങിനിൽക്കുന്ന മുടിയും കണ്ണടയും ഒപ്പം ആ കുസൃതിച്ചിരിയും. തൃശ്ശൂരിൽ മാളിൽ കറങ്ങിനടക്കുന്നതിനിടെ വസിഷ്ഠിനെ തിരിച്ചറിഞ്ഞ കുട്ടികൾ ആർത്തുവിളിച്ചു. ‘ഹായ്! മിന്നൽ മുരളിയിലെ ജോസ്‌മോൻ’.... തന്നെ തിരിച്ചറിഞ്ഞ കുട്ടികളെ കണ്ടപ്പോൾ വസിഷ്ഠിനും സന്തോഷം അടക്കാനായില്ല. സിനിമയിൽ മിന്നലേറ്റ ജെയ്‌സണിന്റെ ഉള്ളിലെ ‘സൂപ്പർ പവർ’ തിരിച്ചറിയുമ്പോൾ വിരിഞ്ഞ അതേ ചിരി വസിഷ്ഠിൽ വിടർന്നു.

ആ ചിരിയോടെ അവരെ കൈവീശിക്കാണിച്ചു. ബേസിൽ ജോസഫിന്റെ മിന്നൽ മുരളി സിനിമയിലൂടെ ടോവിനോ തോമസ് സൂപ്പർ ഹീറോയായപ്പോൾ കുട്ടികളുടെ സൂപ്പർ ഹീറോയായത് ചളവറ കയിലിയാട്ടുകാരൻ വസിഷ്ഠാണ്. കണ്ടവർ കണ്ടവർ ടോവിനോ തോമസിനെയും ഗുരു സോമസുന്ദരത്തിനെയും അഭിനന്ദിക്കുമ്പോൾ അതിനൊപ്പം പറയുന്ന പേരാണ് വസിഷ്ഠിന്റെ ജോസ് മോൻ.

കവിത ചൊല്ലാൻ പോയി കുഞ്ഞുനടനായി മാറി

ആറാം വയസിൽ ഷൊർണൂർ എ.യു.പി. സ്‌കൂളിൽ പഠിക്കുമ്പോൾ ചുഡുവാലത്തൂരിലുള്ള തൃശ്ശൂർ ജനഭേരി തിയേറ്ററിന്റെ കലാക്യാമ്പിൽ കവിത ചൊല്ലാൻ പോയതാണ് വസിഷ്ഠ്. നാടകക്യാമ്പ് കണ്ടപ്പോൾ അഭിനയിക്കാൻ കൊതിതോന്നി. തുടർന്ന് നാടകത്തിൽ നല്ലൊരുവേഷം ചെയ്തു. അതോടെ അഭിനയത്തിലങ്ങ് ഇഷ്ടംകൂടി. പിന്നീട് പല ടി.വി. പരിപാടികളിലും ഈ 10 വയസുകാരൻ സജീവമായി.

Vashisht
വസിഷ്ഠ് അമ്മ ജ്യോതിയോടും അച്ഛൻ ഉമേഷിനോടുമൊപ്പം ഫോട്ടോ : പി.പി രതീഷ്

ആ വാശി താരമാക്കി

ധ്യാൻ ശ്രീനിവാസന്റെ ‘ലൗ ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെയും അജുവർഗീസിന്റെയും കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിക്കാൻ ആളെവേണമെന്ന പരസ്യം കണ്ടു. ഓഡിഷന് പങ്കെടുക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ ഉമേഷിന് അതിലത്ര വിശ്വാസം വന്നില്ല. ‘ഹേയ് നമുക്കൊന്നും അത്‌ കിട്ടില്ല’ എന്നായി. പക്ഷേ, വസിഷ്ഠിന്റെ വാശിക്കുമുന്നിൽ അച്ഛന് കീഴടങ്ങേണ്ടിവന്നു. ഓഡിഷന് പങ്കെടുത്തു. പൂർത്തിയായപ്പോഴെ സംഘാടകർ പറഞ്ഞു. ‘നീ തന്നെ അജുവർഗീസ്’. അങ്ങനെ ഈ സിനിമയിലെ ‘കുടുക്കുപൊട്ടിയ കുപ്പായം’ എന്ന ഗാനത്തിൽ വേഷമിട്ടു. ഈ ഗാനത്തിലെ അഭിനയമാണ് ബേസിൽ ജോസഫിനെ വസിഷ്ഠിലേക്കെത്തിച്ചത്. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനൊപ്പം അഭിനയിക്കാനും ഈ കുഞ്ഞുതാരത്തിനായി.

ടോവിനോ മാമനും ഗുരുമാമനും

‘മാമാ...’ മിന്നൽ മുരളി സിനിമയിൽ ടോവിനോയുടെ ജെയ്‌സൺ എന്ന കഥാപാത്രത്തെ ജോസ് മോൻ ഇങ്ങനെ വിളിക്കുന്നത് കേൾക്കാൻതന്നെ രസമാണ്.

അത് നല്ല ഇഷ്ടത്തോടെ വിളിക്കാനായെന്നാണ് വസിഷ്ഠ് പറയുന്നത്. കാരണം സിനിമാ സെറ്റിൽ അവൻ ടോവിനോമാമയെന്നും ഗുരുമാമയെന്നും ബേസിൽമാമയെന്നുമാണ് വിളിച്ചിരുന്നത്.

എന്നാൽ ഏട്ടാ എന്ന് വിളിയെടായെന്നായിരുന്നു ടോവിനോയുടെ നിർദേശം. ഈ അടുപ്പം ചിത്രീകരണത്തിനും ഗുണമായെന്നും വസിഷ്ഠ് പറയുന്നു. വാണിയംകുളം ടി.ആർ.കെ. ഹയർസെക്കന്ററി സ്കൂളിലെ കെമിസ്ട്രി അധ്യാപകനായ കയിലിയാട് ശ്രേണികയിൽ ഉമേഷിന്റെയും ജ്യോതിയുടെയും മകനാണ് വസിഷ്ഠ്. മിന്നൽവഴി പുതിയ അവസരങ്ങൾ എത്തുന്നുണ്ടെന്നും അച്ഛൻ ഉമേഷ് പറയുന്നു.

Content Highlights : Minnal Murali Child Artist Vasisht Umesh Tovino Thomas Basil Joseph