ന്യഭാഷകളിൽ സിനിമ നിരവധി മലയാളം സംവിധായകരുണ്ട്. എന്നാൽ ആദ്യസിനിമ തന്നെ അന്യഭാഷയിൽ ചെയ്തവർ ചുരുക്കമാണ്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു പേരാണ് സിജോ റോക്കിയുടേത്. പല പ്രതിസന്ധികളെയും അതിജീവിച്ച് സിജോയുടെ 'പ്രീതം' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. കണ്ണൂർ പുലിക്കുരുമ്പ എന്ന ഗ്രാമത്തിൽ ജനിച്ച് പലവഴി തിരിഞ്ഞ് അവസാനം ആഗ്രഹിച്ച വഴിയിൽ തന്നെ എത്തിയിരിക്കുകയാണ്. പരസ്യചിത്രമേഖലയിൽ പ്രവർത്തിച്ച് കൊച്ചിയിലും ബോംബെയിലുമായി പ്രവർത്തിക്കുന്നതിനിടയിലാണ് സിജോയെത്തേടി ഒരു കഥയെത്തുന്നതും അത് സിനിമയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നതും. അങ്ങനെ കഥ മഹാരാഷ്ട്രയുടെ മണ്ണിലേക്ക് മാറ്റി നടാമെന്ന് തീരുമാനിച്ചു. അങ്ങനെ 'പ്രീതം' മറാത്തിഭാഷയിൽ സംഭവിച്ചു. സിനിമ പിറന്ന വഴികളെപ്പറ്റിയും നേരിട്ട വെല്ലുവിളികളെപ്പറ്റിയും സിജോ റോക്കി സംസാരിക്കുന്നു...

മറാത്തിയിൽ സംഭവിച്ചുപോയതാണ്

പ്രീതത്തിന്റെ കഥ സംഭവിക്കുന്നത് മഹാരാഷ്ട്രയിലാണ്. അതുകൊണ്ടാണ് മറാത്തിയിൽ ചെയ്യാമെന്ന ആലോചനയുണ്ടാകുന്നത്. മാത്രമല്ല, കൊച്ചിയിലും ബോംബെയിലുമാണ് ഞാൻ പ്രവർത്തിക്കുന്നത്. പരസ്യമേഖലയിൽ. അസിസ്റ്റന്റായി വർക്ക് ചെയ്തതും മറാത്തിയിലായിരുന്നു. മറാത്തിയിലും ബോംബെയിലും ഒരുപാട് ബന്ധങ്ങളുണ്ടായി. അതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഈ സിനിമ സംഭവിക്കുന്നത്. പ്രധാനമായും സിനിമയുടെ കഥ ഏറ്റവും നന്നായി യോജിക്കുന്നത് മറാത്തിയിലാണ്. ഇവിടെ സംസ്കാരത്തോട് അടുത്തുനിൽക്കുന്ന കഥയാണ്. അതെല്ലാം പരിഗണിച്ച് മറാത്തിയിൽ തന്നെ ചെയ്യാമെന്ന് ഉറപ്പിക്കുകയായിരുന്നു.

സസ്പെൻസും പ്രണയവും നിറഞ്ഞ പ്രീതം

പ്രീതം ഒരു റൊമാന്റിക് ഡ്രാമയാണ്. പാട്ടുകളും സസ്പെൻസുകളും പ്രണയവുമൊക്കെ കടന്നുവരുന്നു. പാട്ടുകളാണ് സിനിമയിലെ മറ്റൊരു ആകർഷണം. വിശ്വജിത് മനോഹരമായി സംഗീതം നിർവഹിക്കുകയും ശങ്കർ മഹാദേവൻ സർ പാട്ട് ഇഷ്ടപ്പെട്ട് പാടാൻ സമ്മതം നൽകുകയും ചെയ്യുന്നു. ഇതെല്ലാം സിനിമയുടെ മുന്നോട്ടു പോക്കിനെ വേഗത്തിലാക്കി. മഹാരാഷ്ട്രയിലെ ഗ്രാമീണാന്തരീക്ഷവും അവിടുത്തെ മനുഷ്യജീവിതങ്ങളുമാണ് പ്രധാനമായി അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. മറ്റൊന്ന് കൊങ്കണിന്റെ സൗന്ദര്യം നല്ലരീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. തീർച്ചയായും പുതിയ, വേറിട്ട ഒരു കാഴ്ചാനുഭവം നൽകുന്ന സിനിമയായിരിക്കും പ്രീതം.

sijo rocky

മലയാളത്തിലും ആലോചിച്ചു

എന്റെ ഒരു സുഹൃത്ത് ആണ് കഥ പറയുന്നത്. ആ സമയത്ത് മലയാളത്തിൽ ചെയ്യാമെന്ന ഒരു ആലോചന ഉണ്ടായിരുന്നു. പക്ഷേ ചില പ്രതിസന്ധികൾ നേരിട്ടതിനെത്തുടർന്നാണ് തീരുമാനം മാറ്റേണ്ടിവന്നത്. അഭിനേതാക്കളെ കൃത്യസമയത്ത് കിട്ടാതിരുന്നതും പ്രൊഡ്യൂസറുടെ ചില പ്രശ്നങ്ങളും പിന്നെ സിനിമയിൽ എക്സ്പീരിയൻസ് ഇല്ലാതിരുന്നതുമെല്ലാം അതിൽചിലതാണ്.

ഒരു സിനിമ ചെയ്യാൻ മുപ്പത് സിനിമകൾ കണ്ടു

സിനിമയുടെ തുടക്കം മുതൽ റിലീസിന്റെ സമയം വരെയും പലതരത്തിലുള്ള വെല്ലുവിളികൾ നേരിട്ടിരുന്നു. എനിക്ക് ആദ്യകാലത്ത് മറാത്തിഭാഷ അറിയില്ലായിരുന്നു. ഭാഷ അറിയാത്ത ഒരു സ്ഥലത്ത് വന്ന് സിനിമ ചെയ്യുന്നത് ശരിക്കും ഒരു സാഹസികത തന്നെയായിരുന്നു. കൂടെയുള്ള സംഗീതസംവിധായകൻ വിശ്വജിത്തിനും പ്രൊഡ്യൂസർക്കുമൊന്നും ഭാഷ അറിയില്ലായിരുന്നു. കൈവശമുണ്ടായിരുന്നത് കഥയാണ്. ആ കഥ എങ്ങനെ സിനിമയാക്കാമെന്ന് മാത്രമേ ആലോചിച്ചുള്ളൂ. മറാത്തി സിനിമകളുടെ പൊതുസ്വഭാവം, കഥ പറയുന്ന രീതി ഇതൊന്നും മനസിലാക്കിയിരുന്നില്ല.

 

അത്തരം കാര്യങ്ങൾ മനസിലാക്കാനായി ധാരാളം മറാത്തി സിനിമകൾ കാണാൻ തുടങ്ങി. മുപ്പതോളം മറാത്തി സിനിമകൾ കണ്ടു. അങ്ങനെ കണ്ട ഒരു സിനിമയിൽ ഡയലോഗ് എഴുതിയ ഗണേഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ ഞങ്ങൾ പരിചയപ്പെട്ടു. അദ്ദേഹത്തോട് കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടപ്പോൾ അദ്ദേഹം സ്ക്രിപ്റ്റ് ചെയ്യാമെന്നേറ്റു. മറാത്തി സംസ്കാരവും ജീവിതങ്ങളുമെല്ലാം കഥയിൽ ഉൾപ്പെടുത്തി. പലഘട്ടങ്ങളിലും വെല്ലുവിളികൾ നേരിട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ കഴിഞ്ഞു.

അന്നും ഇന്നും സിനിമ തന്നെ

ചെറുപ്പം മുതലേ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. കണ്ണൂരിലെ പുലികുറുംമ്പ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സിനിമാപാരമ്പര്യമൊന്നും ഉണ്ടായിരുന്നില്ല. പഠനശേഷം സിനിമാമോഹവുമായി കൊച്ചിയിലെത്തി. സിനിമാസംവിധാനം തന്നെയാണ് എന്റെ മേഖല എന്ന് ആദ്യമേ മനസിലാക്കിയിരുന്നു. അഭിനയിക്കാനുള്ള അവസരങ്ങൾ പലതും വന്നിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കി സംവിധാനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി. കോളേജ് കാലത്ത്‌ നാടകങ്ങളിൽ പ്രവർത്തിച്ചത് പിന്നീട് സിനിമയിലേക്കെത്തിയപ്പോൾ ഏറെ ഗുണം ചെയ്തിരുന്നു.

എല്ലാം ഒത്തുവന്നാൽ മലയാളത്തിലും

സിനിമയുടെ ഷൂട്ടിംഗ് 2019 ഡിസംബറിൽ തന്നെ പൂർത്തിയായിരുന്നു. സെൻസറിംഗിന് നൽകാനിരുന്നപ്പോഴാണ് കോവിഡും ലോക്ഡൗണുമെല്ലാം സംഭവിച്ചത്. അത് പിന്നെയും ഒരു വർഷത്തോളം നീണ്ടുപോയി. ലോക്ഡൗൺ സമയത്ത് പല സബ്ജറ്റുകളും ആലോചിക്കുകയും എഴുതി തയ്യാറാക്കിവെക്കുകയും ചെയ്തു. പല ഓഫറുകളും വരുന്നുണ്ട്. പക്ഷേ ഗൗരവമായ ആലോചനകളിലേക്കൊന്നും ഇതുവരെ പോയിട്ടില്ല. പ്രീതം റിലീസ് ചെയ്ത്, അതിന്റെ പ്രതികരണങ്ങൾ അനുസരിച്ചു മാത്രമേ പുതിയ സിനിമയെപ്പറ്റി ആലോചിക്കുകയുള്ളൂ. പല പ്രൊജക്റ്റുകളും മനസിലുണ്ട്. മഹാരാഷ്ട്രയിൽ പടം വിജയമാണെങ്കിൽ കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും റിലീസ് ചെയ്യുന്നതിനെപ്പറ്റി ആലോചിക്കും. മലയാളത്തിൽ ചെയ്യാൻ പറ്റിയ പല സബ്ജറ്റുകളും ഉണ്ട്. അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും ഒത്തുവന്നാൽ എന്തായാലും മലയാളത്തിൽ സിനിമ ചെയ്യും.

Content highlights :marathi movie preetam director sijo rocky interview