ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ സിനിമയില്‍ വ്യക്തമുദ്ര പതിപ്പിച്ച ഛായാഗ്രാഹകന്‍. കഥയാവശ്യപ്പെടുന്നതെന്തോ അതനുസരിച്ച് ഫ്രെയിമുകളാല്‍ ഇന്ദ്രജാലം തീര്‍ക്കുന്ന മാന്ത്രികന്‍. അങ്ങനെ നീളും മനോജ് പിള്ളയുടെ വിശേഷണങ്ങള്‍. മലബാറിലെ ചാവേറുകളുടെ കഥ പറഞ്ഞ മാമാങ്കം നല്‍കിയ അനുഭവങ്ങളും വന്ന വഴികളേക്കുറിച്ചും ഇനി ചെയ്യാനുള്ളവയേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

കഥയ്ക്കനുസരിച്ചുള്ള ചിത്രീകരണം

കഥയ്ക്കനുസരിച്ച് വിഷ്വല്‍ ചെയ്യുക എന്നതിലാണ് കാര്യം. പപ്പേട്ടന്‍ (എം.പത്മകുമാര്‍) ദൃശ്യങ്ങളിലൂടെ കഥ പറയുന്ന ഒരാളാണ്. രംഗങ്ങള്‍ ഏതൊക്കെ സമയത്തെടുത്താല്‍ നന്നാവും എന്നുള്ള ചര്‍ച്ചകള്‍ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഉണ്ണിമുകുന്ദന്റെ ചില രംഗങ്ങളും താരാട്ട് പാട്ടും അതിന്റെ ഉദാഹരണങ്ങളാണ്. രാത്രിയില്‍ വിളക്ക് കത്തിക്കുന്നതായ രംഗങ്ങള്‍ എണ്ണയൊഴിച്ച് വിളക്ക് തന്നെ കത്തിച്ചാണ് ഷൂട്ട് ചെയ്തത്. ഡിമ്മര്‍ ലൈറ്റുകള്‍ ഉപയോഗിച്ച് വേണമെങ്കില്‍ ചിത്രീകരിക്കാമായിരുന്നു. ലോങ് ഷോട്ടില്‍ അതറിയുകയുമില്ല. പക്ഷേ യഥാര്‍ത്ഥ തീയുടെ പ്രകാശത്തില്‍ത്തന്നെയാണ് അതാത് രംഗങ്ങളെടുത്തത്.

മമ്മൂക്കയുടെ സ്ത്രീ വേഷം

മമ്മൂക്കയുടെ സ്ത്രീ വേഷത്തേക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. തിരക്കഥ വായിച്ചിരുന്നു. അദ്ദേഹമത് നന്നായി ചെയ്തിട്ടുമുണ്ട്.

രാത്രിയില്‍ 40 ദിവസമെടുത്ത് ചിത്രീകരിച്ച യുദ്ധരംഗം

യുദ്ധരംഗമായിരുന്നു ചിത്രീകരണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. രാത്രിയില്‍ 40 ദിവസമാണ് ചിത്രീകരണം. അതിന്റെ ലൈറ്റിങ് ചില്ലറക്കാര്യമായിരുന്നില്ല. നല്ലതെന്നും ചീത്തയെന്നുമുള്ള അഭിപ്രായങ്ങള്‍ ഉണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മുമ്പേ തന്നെ ലൈറ്റുകള്‍ സജ്ജീകരിക്കാന്‍ തുടങ്ങിയിരുന്നു. രാത്രിയിലേ ഇത് ഓണ്‍ ചെയ്ത് പരിശോധിക്കാന്‍ പറ്റിയിരുന്നുള്ളൂ. വൈകിട്ട് ഏഴ് മണിക്ക് സെറ്റിലെത്തി ജനറേറ്റര്‍ ഓണാക്കിയിട്ടായിരുന്നു പരിശോധന. രാത്രി ഒമ്പത് മണി വരെ. എന്നാലേ ലൈറ്റ് കട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ.

സന്തോഷ് ശിവനുമായുള്ള പരിചയം

തിരുവനന്തപുരത്തെ ശിവന്‍ സ്റ്റുഡിയോയില്‍ വച്ചാണ് സന്തോഷ് ശിവനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി കാലാപാനിയില്‍ ജോലി ചെയ്തിരുന്നു. അതിന് ശേഷം ഒരിടവേള വന്നു. പിന്നെ അനന്തഭദ്രം വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അത് കഴിഞ്ഞാണ് ലാല്‍ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്ടി'ല്‍ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. പിന്നെ സന്തോഷ് ശിവനൊപ്പം പരസ്യങ്ങളും ചെയ്തു.

പരസ്യവും സിനിമയും

പരസ്യങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. പരസ്യങ്ങള്‍ എന്ന് പറയുന്നത് കുറച്ച് ഗ്ലാമറാണ്. എത്രത്തോളം ഗ്ലാമറായി ചിത്രീകരിക്കാന്‍ സാധിക്കുന്നോ അത്രത്തോളം അതിന് വിപണിമൂല്യം ഉണ്ടാവും. പക്ഷേ സിനിമ ഒരു കഥയുടെ അടിസ്ഥാനത്തില്‍ പോകുന്നതാണ്.

എല്ലാത്തരം സിനിമകളും ചെയ്യണം

ചട്ടമ്പിനാട് ചെയ്തു, പാലേരി മാണിക്യവും കയ്യൊപ്പും ചെയ്തു. ശിക്കാറായിരുന്നു ചെയ്ത മറ്റൊരു സിനിമ. എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്യണം. പിന്നെ കൊമേഴ്സ്യല്‍ പടങ്ങള്‍ ചെയ്താലേ നിലനില്‍പ്പുള്ളൂ.

സംവിധാനം ചെയ്യാന്‍ ആഗ്രഹം

സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒന്നും ആയിട്ടില്ല. നല്ല തിരക്കഥ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും.

Content highlights : Manoj Pillai Cinematographer Mamangam Movie Mammootty PadMakumar Unni Mukundan