ഗ്രാമീണത്തനിമയുള്ള കഥാപാത്രങ്ങളായിരുന്നു മഞ്ജു വാര്യരുടെ ആദ്യ കാല സിനിമകളിൽ നിറഞ്ഞുനിന്നത്. കുസൃതിയും നിഷ്കളങ്കതയും വേഷമിട്ട ചിത്രങ്ങൾ. രണ്ടാംവരവിൽ ആവട്ടെ സമൂഹത്തെ മൊത്തം പ്രചോദിപ്പിക്കുന്ന വേഷങ്ങളുമായി അവർ വെള്ളിത്തിര കീഴടക്കി. ശക്തമായ സ്ത്രീവേഷങ്ങൾ പകുത്തെടുത്ത സിനിമയിലെ രണ്ടാംപകുതി. ഇപ്പോഴിതാ ഹൊറർ സിനിമയിലെ കഥാപാത്രമായി വന്ന് പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മഞ്ജു വാര്യർ. ചതുർമുഖം എന്ന പുതിയ ചിത്രത്തെക്കുറിച്ച് മഞ്ജു സംസാരിക്കുന്നു.

ചതുർമുഖം എന്ന സിനിമയുടെ പ്രത്യേകത എന്താണ് ?

ഇത് ടെക്നോ ഹൊറർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന സിനിമയാണ്. ഇതിന്റെ കഥയും ട്രീറ്റ്മെന്റുമെല്ലാം പുതുമയുള്ളതാണ്. അടുത്ത കാലത്തിറങ്ങിയ ഹൊറർ സിനിമകളെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നല്ലോ. എല്ലാവരും ഇപ്പോൾ ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്നുണ്ട്. ഇതുവരെ വന്ന പല സിനിമകളിലും കുറ്റാന്വേഷണമൊക്കെയായിരുന്നു വിഷയം. ചതുർമുഖത്തിന്റെ കഥ കേട്ടപ്പോൾ അതിൽ നിന്നൊക്കെ വ്യത്യസ്തമായി തോന്നി. ടെക്നോളജിയുടെ ഒരു അതിപ്രസരം തന്നെയുണ്ട് ഇപ്പോൾ നമ്മുടെ ജീവിതത്തിൽ. എല്ലാ കാര്യത്തിലും നമ്മൾ ടെക്നോളജിയെ ആശ്രയിക്കുന്നു. ജീവിതശൈലിതന്നെ അങ്ങനെ ആയിപ്പോയി. നമ്മൾ ആണ് ശരിക്കും ടെക്നോളജിയെ നിയന്ത്രിക്കേണ്ടത്. അതിനുപകരം ടെക്നോളജി നമ്മെ നിയന്ത്രിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പലരും അറിയാതെ അതിലേക്ക് പെട്ടു പോകുന്നുണ്ട്. ഈയൊരു ഭയാനകമായ അവസ്ഥയാണ് ഈ സിനിമ പറയുന്നത്. ഇതിലെ എന്റെ കഥാപാത്രമായ തേജസിനി ടെക്നോളജിയിൽ അന്ധമായി വിധേയത്വമുള്ള ഒരാളാണ്. എന്ത് ചെയ്താലും അത് സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്യുന്ന തുമ്മിയാലും തെറിച്ചാലും സോഷ്യൽ മീഡിയയിൽ ഇടുന്ന ഇപ്പോഴത്തെ തലമുറയിലെ കുട്ടി. തേജസ്വിനിയുടെ ജീവിതത്തിലുണ്ടാവുന്ന ഒരു സംഭവത്തിൽ ഹൊറർ കൂടെ ചേർത്ത് ഒരു ട്രീറ്റ്മെന്റ് കൊടുത്തപ്പോൾ എനിക്കത് പുതുമയുള്ളതായി തോന്നി. ഇതിന്റെ സംവിധായകർ രഞ്ജിത്തും സലിലും. എഴുത്തുകാരായി അഭയ് കുമാറും അനിൽ കുര്യനും. നിർമാണത്തിൽ ജിസ് ടോംസിനും ജസ്റ്റിൻ തോമസിനുമൊപ്പം ഞാനും പങ്കാളിയാവുന്നുണ്ട്. ഇത് നല്ലൊരു സിനിമയായിരിക്കും. പുതുമയുള്ള ഒന്ന്.

ഹൊറർ സിനിമയിൽ വേഷമിടാൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ

ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എനിക്കൊരു പുതുമ ഉണ്ടായിരുന്നു.ഹൊറർ സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹമൊന്നും മനസ്സിൽകൊണ്ടുനടന്നിട്ടില്ല. ഒരു ഹൊറർ സിനിമ ചെയ്യാനുള്ള സാഹചര്യവും സമയവുമൊക്കെ ഒത്തുവന്നപ്പോൾ സന്തോഷമായി എന്നുമാത്രം.

മലയാളത്തിൽ മുമ്പ് കണ്ടിട്ട് ഏറെ ഇഷ്ടപ്പെട്ട ഹൊറർസിനിമകൾ ഏതൊക്കെയാണ്

ഈയടുത്ത കാലത്തായി ഒരുപാട് നല്ല ത്രില്ലറുകൾ മലയാളത്തിൽ വന്നിട്ടുണ്ടല്ലോ. ഞാൻ അതൊക്കെ കണ്ട് ആസ്വദിക്കുകയാണ് ചെയ്തിട്ടുള്ളത്. അപ്പോഴൊന്നും ആ സിനിമയുടെ ഭാഗമായിരുന്നുവെങ്കിൽ എന്നൊന്നും ചിന്തിച്ചിട്ടില്ല. ആ സിനിമകൾ ഞാൻ ആസ്വദിച്ചുവെന്ന് മാത്രം. അഞ്ചാം പാതിരയെല്ലാം ആ രീതിയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. സീയു സൂൺ പോലെ വന്ന വേറെയും ചിത്രങ്ങൾ. ഇതെല്ലാം പലതരത്തിലുള്ള ത്രില്ലറുകളാണ്. ഇത്തരം സിനിമകൾ ഇറങ്ങുന്നത് നമ്മുടെ സിനിമാമേഖലയ്ക്കും ഗുണകരമാണ്. കാഴ്ചക്കാർക്കും വ്യത്യസ്ത അനുഭവമാവും.

പുതിയ ആളുകളോടൊപ്പം മഞ്ജു കൂടുതലായി വർക്ക് ചെയ്യുന്നുണ്ട് ഇപ്പോൾ. എന്താണ് കാരണം

അതൊന്നും അങ്ങനെ ബോധപൂർവ്വമായ തീരുമാനം ഒന്നുമല്ല. അറിയാതെ വന്നു ഭവിക്കുന്നതാണ്. ഇതിൽ എനിക്ക് സന്തോഷവും ഉണ്ട്. കഴിഞ്ഞ കുറച്ചു സിനിമകൾ എടുത്താലും ഇനി വരാൻ പോകുന്ന സിനിമകൾ എടുത്താലും മിക്കതിലും പുതിയ ആൾക്കാരാണ്. പുതിയ സംഘങ്ങളും പുതിയ ആശയങ്ങളുമാണ്. അത് നമുക്ക് ഒരുപാട് ഫ്രഷ്നെസ് തരുന്നുണ്ട്. അത് മാത്രമല്ല, പുതുതായി സിനിമയെ കുറിച്ച് ചിന്തിക്കുന്ന ആൾക്കാർ എന്നെ വെച്ച് സിനിമകൾ ആലോചിക്കുന്നു എന്നത് എനിക്കും ഒരു പോസിറ്റീവ് സ്ട്രെങ്ത്ത് തരുമല്ലോ.ഈ തലമുറയുടെ ഭാഗമായും പോയ തലമുറയുടെ ഭാഗമായും നിൽക്കാൻ കഴിഞ്ഞുവെന്ന് അറിയുമ്പോൾ സന്തോഷമുണ്ട്.

ഇതിനിടയ്ക്ക് ബോളിവുഡിലും അരങ്ങേറിയല്ലോ

അരങ്ങേറ്റം എന്നൊന്നും പറയാനില്ല.ഹിന്ദിയിൽ ഒരു പടം ചെയ്യുന്നുവെന്ന് മാത്രം. മുമ്പ് തമിഴ് സിനിമ ചെയ്യുമെന്നോ അതുകഴിഞ്ഞ് ഒരു ഹിന്ദി സിനിമ ചെയ്യുമെന്നോ ഒന്നും ഞാൻ സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ല. ഇത് പ്രതീക്ഷിക്കാതെ വന്നതാണ്. ഇതിന്റെ ഷൂട്ടിങ് പത്തുദിവസം കഴിഞ്ഞപ്പോഴാണ് ലോക് ഡൗൺ വന്നത്. അപ്പോൾ നിർത്തി വെച്ചതാണ്. അതിനുശേഷം വീണ്ടും തുടങ്ങിയപ്പോൾ അവർ എന്നെ അന്വേഷിച്ച് വന്നു. കഥ പറഞ്ഞപ്പോൾ എനിക്കത് ഇഷ്ടമായി. അതുകഴിഞ്ഞ് രണ്ടുമൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് ഷൂട്ടിങ് തുടങ്ങിയത്. പെട്ടെന്ന് സംഭവിച്ച ഒരു സിനിമയാണിത്. ഷൂട്ടിങ് പകുതിയായിട്ടേയുള്ളൂ.

എന്താണ് ഹിന്ദിയും മലയാള സിനിമയുമായുള്ള വ്യത്യാസം

ഇതിന്റെ ക്യാമറ ചെയ്യുന്നത് ചതുർമുഖത്തിന്റെ ക്യാമറാമാൻ അഭിനന്ദം രാമാനുജമാണ്. അഭിനയിക്കുന്നത് മാധവനും. ഇവിടെയുള്ള അന്തരീക്ഷം തന്നെയാണ് അവിടെയുമുള്ളത്. ടീം വർക്കുണ്ട്. ഒറ്റയടിക്ക് തന്നെയാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. മറ്റ് ഭാഷകളിലൊക്കെ പല ഷെഡ്യൂളുകളായാണ് സിനിമ ഷൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. ഇത് പക്ഷേ അങ്ങനെയല്ല. ഒറ്റയടിക്ക് തന്നെയാണ് പ്ലാൻ ചെയ്തത്. അതിനിടയ്ക്ക് മാധവന് കോവിഡ് പോസിറ്റീവായി. അതുകൊണ്ടാണ് ഇടയ്ക്കൊരു ബ്രേക്ക് വന്നത്.

മഞ്ജു വാര്യരുടെ കൂടുതൽ സിനിമാ വിശേഷങ്ങൾ അടുത്തലക്കം ഗൃഹലക്ഷ്മിയിൽ വായിക്കാം

content highlights;manju warrier open up about her new movie chathur mukham