mohanlal and mamukoya
ഫോട്ടോ കടപ്പാട്: ട്വിറ്റർ

പുതിയ തലമുറയുടെ രീതികള്‍ ഉള്‍ക്കൊള്ളാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇനിയിപ്പോ അവരേക്കാള്‍ പത്ത് വയസ്സ് കുറഞ്ഞ കുട്ടികള് വന്നാലും ഞമ്മള് ഓക്കെയാണ്. അവര്‍ക്ക് ഞമ്മളെ ദഹിക്കുന്നുണ്ടോ എന്നേ അറിയാനുള്ളൂ. പ്രിയദര്‍ശന്റെ ഒപ്പത്തിലെ കുഞ്ഞിക്കയായി തിരശ്ശീലയില്‍ വീണ്ടും കസറുന്ന മാമുക്കോയയ്‌ക്കൊപ്പം ഒരു ചെറുചിരി സല്ലാപം

അരക്കിണറിലെ അല്‍ജുമാസിന്റെ ഗേറ്റ് തുറന്നപ്പോള്‍ അകത്തുള്ള പട്ടി കുരച്ചു. കൂട്ടിലുള്ള കിളികളും പ്രാവുകളും കൂടെ ചിലച്ചു. അപരിചിതരെ കണ്ടപ്പോള്‍ വീട്ടുകാരന് മുന്നറിയിപ്പ് നല്‍കി കലമ്പല്‍ കൂട്ടുകയാണ് അവ. ഗഫൂര്‍ക്കാ, ഉസ്മാനിക്ക, അമ്മദ്ക്കാ... അറിയാവുന്ന പേരുകള്‍ മുഴുവന്‍ വിളിച്ചപ്പോള്‍ അകത്തുനിന്ന് ഇറങ്ങി വന്നത് ' ഒപ്പം' സിനിമയിലെ കുഞ്ഞിക്കയാണ്. സോറി നമ്മുടെ സ്വന്തം മാമുക്കോയയാണ്. അല്ല പഹയരേ ഇങ്ങളെന്താ ഈ നട്ടുച്ചയ്ക്ക് എന്ന മട്ടില്‍ മാമുക്ക സൂക്ഷിച്ചുനോക്കി. വീട്ടിലെ സൈന്യത്തെ നോക്കി ഇത് ഞമ്മളെ ലോഹ്യക്കാരാ എന്ന മട്ടില്‍ മാമുക്ക കണ്ണിറുക്കിയപ്പോള്‍ പട്ടിയും പ്രാവും കുരുവിയും കോഴിയും ബഹളം നിര്‍ത്തി. 'ഞാനിന്ന് ഇവിടെ ഒറ്റയ്ക്കാ. പെണ്ണുങ്ങളൊക്കെ വയനാട്ടില്‍ താമസിക്കാന്‍ പോയി. ഇപ്പോ കൂട്ട് ഇവരൊക്കെയാ. ഈ വീട്ടില്‍ കിളിയും കോഴിയും മാത്രമല്ല, എല്ലാ പക്ഷിമൃഗാദികളുമുണ്ട്.. പണ്ട് കുരങ്ങുമുണ്ടായിരുന്നു. അതിനെ വളര്‍ത്താന്‍ പാടില്ലാന്ന് നിയമം വന്നപ്പോള്‍ ഒഴിവാക്കി.' മാമുക്ക വീട്ടിലെ അംഗബലത്തെ പരിചയപ്പെടുത്തി. ഏറ്റവും പുതിയ സിനിമയായ പ്രിയദര്‍ശന്റെ 'ഒപ്പ'ത്തില്‍ മാമുക്ക ഒരു ബഹുനില ഫ്‌ളാറ്റിലെ സെക്യൂരിറ്റിയാണ്. 'ഒപ്പം' പ്രേക്ഷകരുടെ ഹൃദയത്തിനൊപ്പം ചേര്‍ന്നുനീങ്ങുമ്പോള്‍ ആ സിനിമയില്‍ ചിരി പടര്‍ത്തിയ മാമുക്കയും പെരുത്ത് സന്തോഷത്തിലാണ്.

അല്ല കുഞ്ഞിക്കാ ഇങ്ങള് ഒപ്പത്തില്‍ നിന്നിറങ്ങിയപ്പോ ഒറ്റയ്ക്കായോ?

അതില്‍ ഇന്റെ പേര് കുഞ്ഞിക്കയാന്ന് എനിക്ക് തന്നെ ഓര്‍മയില്ല. ഞാന്‍ മറ്റുള്ളോരെ വിളിക്കയാണല്ലോ. ബീരാനെ, റഹ്മാനെ എന്നെല്ലാം. ആ ക്യാരക്ടര്‍ ഒരാളെ കണ്ടിട്ട് എഴുതിയതൊന്നുമല്ല. ഒരു ക്യാരക്ടര്‍ ഉണ്ടാക്കിയാല്‍ അത് സക്‌സസ് ആവുമോ, അത് ഏത് രീതിയില്‍ പോവും എന്നൊക്കെ പ്രിയദര്‍ശന്  വിശ്വാസമുണ്ട്. ഒന്നിനോടൊന്ന് കണക്ടഡായിട്ട്  പോവുന്നതാണ് പ്രിയന്റെ സിനിമകളിലെ തമാശകള്‍. ഒപ്പത്തില്‍ കുഞ്ഞിക്ക എന്നൊരു ക്യാരക്ടറില്‍ അങ്ങേര്‍ക്ക് ഭയങ്കര വിശ്വാസമായിരുന്നു. ഇത് നന്നാവും, ഗംഭീരമാവും എന്നൊക്കെ ആദ്യമേ പറഞ്ഞു. ഷൂട്ടിങ് സ്ഥലത്ത് സത്യന്‍ അന്തിക്കാട് വന്നിരുന്നു. അപ്പോള്‍ പ്രിയന്‍ സത്യനോട് അങ്ങേയറ്റം പ്രതീക്ഷയോടെയാണ് കുഞ്ഞിക്കയെപ്പറ്റി പറയുന്നത്. ''ഈ സിനിമയിലൊരു സംഭവമുണ്ട്, മാമുക്കോയ ആണത് ചെയ്യുന്നത്. അത് സൂപ്പര്‍ സംഭവമായിരിക്കും എന്നൊക്കെ.'' അപ്പോള്‍ ഞാന്‍ പ്രിയനോട് സംശയം ചോദിച്ചതാ, ഇതെങ്ങാന്‍ ഏറ്റില്ലെങ്കിലോ? 'അല്ല എനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ട് ചേട്ടാ' എന്നായി മൂപ്പര്. ആ പ്രിയദര്‍ശന്റെ വിശ്വാസമാണ് ഈ പടത്തിന്റെ വിജയം. ഞാന്‍ പ്രിയന്‍ പറഞ്ഞുതന്നൊരു ക്യാരക്ടര്‍ ചെയ്തു എന്നേയുള്ളൂ.

സെക്യൂരിറ്റിയായിട്ട് ആദ്യമാണല്ലോ

ഐ.വി. ശശിയുടെ അടിമകള്‍ ഉടമകളിലാണ് ഞാന്‍ ആദ്യം സെക്യൂരിറ്റിയായത്. അന്ന് പിന്നെ ഫ്‌ളാറ്റൊന്നുമില്ലല്ലോ. സെക്യൂരിറ്റിക്ക് യൂണിഫോമും ഇല്ല. ഈ പടം വിജയിച്ചതുകൊണ്ട് എല്ലാവരും ഇനി ഫ്‌ളാറ്റ് സെക്യൂരിറ്റിയുടെ റോളുണ്ടെങ്കില്‍ മാമുക്കോയ ഉണ്ടെടാ എന്നും പറഞ്ഞ് വിളിക്കുമോ ആവോ. ഹഹഹ... ഇങ്ങക്ക് അറിയ്വോ, എന്റെ ചായക്കടക്കാരന്റെ റോളൊരു റെക്കോഡാണ് (മാമുക്കോയ പൊട്ടിച്ചിരിച്ചു. അതിന്റെ അലയൊലി അടങ്ങിയപ്പോള്‍ ഞങ്ങള്‍ മൂപ്പരുടെ ചില വേഷങ്ങളുടെ ഒരു കണക്കെടുത്തുനോക്കി. 50 ചായക്കടക്കാരന്‍, 45 ബ്രോക്കര്‍, 30 പോലീസുകാരന്‍... വീണ്ടും മൂപ്പര് ഒപ്പത്തിലേക്ക് വന്നു.)

ഒപ്പത്തിലെ കുഞ്ഞിക്കയൊരു പ്രത്യേക ക്യാരക്ടറാണ്. ഇയാളൊരു പഴയ ആളാണ്. മുസ്ലിം പേരുകളല്ലാത്തതൊന്നും മൂപ്പര്‍ക്ക് വഴങ്ങൂല. ഇയാള്‍ എങ്ങനെ പോയാലും ബീരാനേ, മജീദേ, റഷീദേ എന്നേ വിളിക്കൂ.  ഒക്കെ പ്രിയന്റെ കളികളാണ്. മൂപ്പര് കോമഡിയില്‍ ഈ തല പിടിച്ചാല്‍ അങ്ങേത്തലവരെ ഉണ്ടാവും. സാധാരണ ഷൂട്ടിങ് സമയത്ത് പ്രിയനില്ലെങ്കില്‍ ഒരു സീന്‍ അസോസിയേറ്റിന് ഷൂട്ട് ചെയ്യാം. പക്ഷേ, ഈ സിനിമയിലാണെങ്കില്‍ കുറച്ച് സീന്‍ കടലാസിലും അതില്‍ കൂടുതല്‍ പ്രിയന്റെ മനസ്സിലുമാണ്. വായിക്കുന്ന സ്‌ക്രിപ്റ്റായിരിക്കില്ല പലപ്പോഴും ഷൂട്ട് ചെയ്യുന്നത്. ആ സിറ്റുവേഷനില്‍ കാണുന്ന സംഭവം പ്രിയന് സീനായിട്ട് മാറുകയാണ്.

പണ്ടൊക്കെ പ്രിയദര്‍ശന്‍ സെറ്റില്‍ വന്നിരുന്നാണ് തിരക്കഥ എഴുത്തെന്ന് കേട്ടിട്ടുണ്ട്?

clt
ഫോട്ടോ: വി.പി.പ്രവീൺകുമാർ

പ്രിയന്‍ മാത്രമല്ല, പലരും അങ്ങനെയായിരുന്നു. എഴുതിക്കൊണ്ടുവന്ന സീന്‍ പലപ്പോഴും അവര്‍ എടുക്കാറില്ല. അതിലും നല്ല സിറ്റുവേഷന്‍ വന്നാല്‍ അതാണ് ഷൂട്ട് ചെയ്യുക. ചന്ദ്രലേഖയില്‍ പല സീനുകളും അങ്ങനെ ഉണ്ടായതാണ്. അതൊക്കെ സംവിധായകരുടെ കഴിവാണ്. മരിച്ചുപോയ ടി. ദാമോദരന്‍മാഷ്‌ക്ക് അങ്ങനെയുള്ള കഴിവുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് എഴുതി റെഡിയാക്കി കൊണ്ടുവന്നിട്ടുണ്ടാവും മൂപ്പര്. രാവിലെ പത്രമെടുത്ത് വായിച്ചുനോക്കിയാല്‍ പുതിയ എന്തെങ്കിലും വാര്‍ത്ത കാണുമ്പോള്‍ ആദ്യമെഴുതിയതൊക്കെ വെട്ടിയിട്ട് പുതിയ സീനെഴുതും മാഷ്. അതാണ് പലപ്പോഴും ഹിറ്റായി മാറിയതും.

ഇത്രയും കാലമെത്തിയപ്പോള്‍ പ്രിയന്‍ എന്ന സംവിധായകന് എന്തെങ്കിലും മാറ്റമുണ്ടായോ?

എന്ത് മാറ്റം. ഒന്നുമില്ല. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ നന്നാക്കാനുള്ള പരിശ്രമത്തിലാണ് അയാള്‍. വേറൊരു ചിന്തയുമില്ല. ഒരു സിനിമയില്‍ വീഴ്ച വന്നാല്‍ പിന്നെ അതേക്കുറിച്ച് ചിന്തിക്കില്ല. മൂപ്പരുടെ വീണ സിനിമ 'ആമയും മുയലു'മാണ്. അന്ന് എമ്മാതിരി വെയിലാണ് ആ കാരെക്കുടിയില്‍. അത് മുഴുവന്‍ കൊണ്ടു ഞങ്ങള്‍. രാവും പകലും കഷ്ടപ്പെട്ടു, പത്തിരുപത്തിരണ്ട് ദിവസം ഷൂട്ട് ചെയ്തിട്ട് തിയേറ്ററില്‍ അതേല്‍ക്കാതെ പോയപ്പോള്‍ ഭയങ്കര വെഷമായിപ്പോയി. ആ വെഷമം മാറിയത് ഒപ്പം സിനിമയിലാണ്.നന്നായി തമാശ ആസ്വദിക്കാനും അവതരിപ്പിക്കാനും കഴിവുള്ളൊരു സംവിധായകനാണ് പ്രിയദര്‍ശന്‍. സത്യന്‍ അന്തിക്കാട്, സിദ്ദിഖ് ലാല്‍ ഒക്കെ ആ കൂട്ടത്തില്‍ പെട്ടവരാണ്. അവര്‍ക്ക് തനിയെ ആസ്വദിക്കാനാണ് അവരീ കോമഡിയൊക്കെ ഷൂട്ട് ചെയ്യുന്നത്. ബാബുക്ക ട്യൂണിടുന്നതുപോലെത്തന്നെ. പ്രിയന്റെ പടത്തില്‍ തമാശകളൊക്കെ മൂപ്പരാണ് ആദ്യം എന്‍ജോയ് ചെയ്യുന്നത്. എന്നിട്ടേ അത് പുറത്തേക്ക് വിടൂ. അത് ഞമ്മളിലൂടെയോ അല്ലെങ്കില്‍ വേറെ ആരുടെയെങ്കിലും കൈയിലൂടെയോ പുറത്തേക്ക് വരുന്നു എന്നേയുള്ളൂ.

അന്ന് ചന്ദ്രലേഖയില്‍ തെറിവിളിക്കുന്ന സീനൊക്കെ പ്രിയന്‍ എന്റെ കൂടെ നിന്ന് ചെയ്യിച്ചതാണ്. അതില്‍ സംസാരിക്കാന്‍ കഴിയാതെ എന്റെ കഥാപാത്രം ദേഷ്യം പ്രകടിപ്പിക്കുന്ന സീനൊക്കെ കാണുമ്പോള്‍ എല്ലാവരും കുറെ ചിരിച്ചു. അന്ന് സിനിമ ഡബ്ബ് ചെയ്യുമ്പോള്‍ പ്രിയന്‍ പറഞ്ഞു, നമുക്കൊരുമിച്ചിരുന്ന് ഡബ്ബ് ചെയ്യാമെന്ന്. ഡബ്ബിങ്ങിനിടെ ഡയലോഗൊക്കെ പിന്നെയും മാറ്റും. പണ്ട് ശശിയേട്ടന്‍ (ഐ.വി ശശി) പറഞ്ഞിട്ടുണ്ട്, ഡബ്ബിങ്ങിലാണ് നമ്മള് സിനിമ ഉണ്ടാക്കുന്നതെന്ന്. അന്ന് ഡബ്ബിങ്ങിന്റെ സമയത്ത് പപ്പുവേട്ടനെയൊക്കെ (കുതിരവട്ടം പപ്പു) പിടിച്ചാ കിട്ടുമോ. മൂപ്പരോട് ആര്‍ക്കും ഒന്നും പറഞ്ഞുകൊടുക്കാനും കഴിയൂല. പറഞ്ഞാല്‍ ങേ, ആ ആ... എന്നുപറഞ്ഞ് തലയാട്ടും പപ്പുവേട്ടന്‍. എന്നിട്ട് മൂപ്പരുടെ രീതിയില്‍ ഡയലോഗ് പറയുകേം ചെയ്യും. പലപ്പോഴും മൂപ്പരുടെ ഡയലോഗ് വേറെയായിരിക്കും. അത് ഒടുക്കത്തെ വിറ്റുമായിരിക്കും. ഈറ്റ എന്ന പടമൊക്കെ പപ്പുവേട്ടന്‍ ഒറ്റയ്ക്ക് ഡബ്ബ് ചെയ്ത് ഉണ്ടാക്കിയതാണ്. കമലഹാസന്‍ ആനപ്പുറത്തിരിക്കുമ്പോ 'ഞ്ഞി എനിക്ക് തരാനുള്ള പൈസ തരണ്ടട്ടോ' എന്നുള്ള ഡയലോഗൊക്കെ മൂപ്പര് ഉണ്ടാക്കിയതാണ്. അന്നാണെങ്കില്‍ ശശിയേട്ടന്‍ മൂപ്പര്‍ക്ക് എല്ലാം വിട്ടുകൊടുക്കും. എന്ത് വേണേലും പറഞ്ഞോളാണ്ടി എന്നാ ശശിയേട്ടന്റെ ലൈന്‍. പ്രിയനും അതുപോലെയാണ്. ഞമ്മളെ വല്യ കണ്‍ട്രോളൊന്നും ചെയ്യൂല. 

വെള്ളാനകളുടെ നാട് സിനിമയില്‍ പപ്പുവേട്ടന്‍ റോഡ് റോളറില്‍നിന്ന് ഡയലോഗടിക്കുന്ന സീനില്ലേ. അതൊക്കെ പ്രിയന്‍ അങ്ങനെ മൂപ്പര്‍ക്കായി വിട്ടുകൊടുത്തതാ. 'ആ ചെറിയേ സ്പാനറെടുത്തേ മൊയ്തീനെ' എന്നുപറഞ്ഞിട്ട് പപ്പുവേട്ടന്‍ ആ വേഷം ചെയ്തപ്പോള്‍ അത് വേറൊരു റെയ്ഞ്ചില്‍ വന്നു. അതെനിക്കുവന്ന വേഷമായിരുന്നു. എനിക്കന്ന് പൊന്‍മുട്ടയിടുന്ന താറാവിന്റെ സെറ്റില്‍നിന്ന് അനങ്ങാന്‍ വയ്യ. ഫുള്‍ഡേ ഷൂട്ടിങ്ങാണ്. ഒരേസമയത്താണ് രണ്ടിന്റെയും ചിത്രീകരണം. താറാവില്‍ ശ്രീനിവാസന്‍ അഭിനയിക്കുന്നു. വെള്ളാനകളില്‍ ശ്രീനിയുടെ സ്‌ക്രിപ്റ്റും. അപ്പോ ശ്രീനി പറയുകയാണ്, മാമുക്കോയ വെള്ളാനയ്ക്ക് പോയാല്‍ താറാവ് ബ്ലോക്കാകുമെന്ന്. ഞാന്‍ പോണില്ലെന്ന് പറഞ്ഞു. ഞാന്‍ പപ്പുവേട്ടനെ വിളിച്ചിട്ട് ആ റോള്‍ ഏല്‍പിക്കാമെന്ന് പറഞ്ഞപ്പോ ശ്രീനി ചോദിക്കയാ, അതിനാദ്യം മൂപ്പരോടൊന്ന് സമ്മതം ചോദിക്കണ്ടേയെന്ന്.  ചോദിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് ഞാന്‍ നേരെ മൂപ്പരെ വിളിച്ചു, 'പപ്പുവേട്ടാ, പ്രിയന്റെ പടമുണ്ട് കോഴിക്കോട്ട്. എനിക്കതിന് വരാന്‍ കഴിയൂലാ. ഞാനിവിടെ താറാവിന്റെ സെറ്റില്‍ പെട്ടിട്ടുണ്ട്. അതില് ങ്ങള് പോയ് ചെയ്‌തോളീന്ന്.' അതുകേട്ടപ്പോ പപ്പുവേട്ടന്‍ 'അയിനെന്താ, ആയിക്കോട്ടെ, ഞാന്‍ ചെയ്‌തോളാ മോനെ' എന്നുപറഞ്ഞു. അങ്ങനെ മൂപ്പരത് ഗംഭീരാക്കി. താമരശ്ശേരിിിി ചൊരംംം എന്ന് നീട്ടി ഞാനൊന്നും ഒരിക്കലും പറയൂലാ. അയാള് പറഞ്ഞപ്പോ അതിന്റെയൊരു സ്‌റ്റൈല്‍ അങ്ങോട്ട് വന്നു. (മാമുക്കോയ നെടുവീര്‍പ്പിട്ടു.)

ആ റോള്‍ മിസ്സായതിലുള്ള വിഷമമുണ്ടോ?

ഏയ്. അതിനേക്കാള്‍ വല്യ റോളല്ലേ താറാവില്‍ ഞമ്മള് ചെയ്തത്. ഇത് വെറും തമാശയ്ക്ക് വേണ്ടി മാത്രമുള്ള ക്യാരക്ടറാണ്. മറ്റേത് നല്ലൊരു കഥാപാത്രമായിരുന്നു.

ഇങ്ങക്ക് കോഴിക്കോടന്‍ ഭാഷ സിനിമയില്‍ നല്ലൊരു മരുന്നാണല്ലോ?

നാടന്‍ ഭാഷയും നാടന്‍ വാക്കുകളുമൊക്കെ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. മറ്റുള്ളത് ഇഷ്ടമില്ലാഞ്ഞിട്ടല്ല, അതിനേക്കാള്‍ ആളുകള്‍ക്ക് ഇഷ്ടം ഇതാണ്. നമ്മുടെ പഴയ വാക്കുകളും ശൈലികളും. അതിനൊരു കൃത്രിമത്വമില്ല. സാഹിത്യവും ഇംഗ്ലീഷുമൊക്കെ പൊലിപ്പിച്ച് പറയുന്ന ആളുകളുണ്ട്. പെട്ടെന്ന് അങ്ങനെ എന്തേലും പറയുമ്പോ തെറ്റിയാല്‍ ഓരുടെ ഒറിജിനല്‍ പുറത്തുവരും. അതൊന്നും നമ്മക്ക് അറിയില്ല. ഞമ്മക്ക് ഏത് സിനിമയായാലും ഏത് ക്യാരക്ടറായാലും ഈയൊരു ശൈലി തന്നെയേ പറ്റൂ. വിദേശത്ത് ഒരു സ്ഥലത്തുപോയപ്പോള്‍ അവിടുത്തെ ഇന്ത്യന്‍ അംബാസഡര്‍ വന്നു. ഒരു ലേഡി. പാലക്കാട്ടുകാരിയാണ്. മലയാളം സംസാരിക്കാന്‍ വലുതായി അറിയില്ല. അവര് പറഞ്ഞു ''ഞാന്‍ കുറച്ച് മലയാളം സിനിമകളേ കണ്ടിട്ടുള്ളൂ. അതില്‍ മാമുക്കോയയുടെ സിനിമ കണ്ടപ്പോള്‍ ഞാനെന്റെ ചെറുപ്പകാലം വീണ്ടും ഓര്‍ത്തു'' എന്ന്. അതെന്താന്ന് ചോദിച്ചപ്പോള്‍ ''അന്ന് എന്റെ വല്യമ്മയും വല്യച്ഛനുമൊക്കെ സംസാരിക്കുമ്പോഴുള്ള വാക്കുകളൊക്കെ നിങ്ങളുടെ വായില്‍നിന്ന് കേട്ടല്ലോ'' എന്നാണ് അവര് പറഞ്ഞത്.

mamukoya
ഫോട്ടോ: എൻ.എം. പ്രദീപ്

ഈ കോഴിക്കോടന്‍ ശൈലി പറ്റില്ലാന്ന് ഏതെങ്കിലും സിനിമാക്കാര്‍ പറഞ്ഞിട്ടുണ്ടോ?

ഏയ്... അവര് വേറെ ശൈലിയില്‍ സ്‌ക്രിപ്റ്റ് എഴുതിയാല്‍ തന്നെ എന്നോട് വന്നിട്ട് പറയും, ഞങ്ങള്‍ ഇതാണ് എഴുതിയത്, ഇനി ഇങ്ങളെ രീതിയിലങ്ങോട്ട് പറഞ്ഞോളീന്ന്. 

മോഹന്‍ലാലിനൊപ്പം ഒരുപാട് നാളായി അഭിനയിക്കുന്നയാളാണ് മാമുക്ക. പുതിയ കാലത്ത് ലാല്‍ മാറിയിട്ടുണ്ടോ?

ലാലിനൊരു മാറ്റവുമില്ല. പഴയതിനേക്കാള്‍  കുറച്ചുകൂടി വലിയൊരു നടനിലേക്കെത്തിയിട്ടുണ്ട്. സിനിമയെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്ന, മഹത്ത്വത്തോടെ വീക്ഷിക്കുന്ന നടനാണ് ലാല്‍. ഇപ്പോഴത്തെ ആള്‍ക്കാരെപ്പോലെയല്ല. കോമഡി വളരെ ഇഷ്ടാ. അയാളുടെ ഉള്ളിന്റെ ഉള്ളില്‍ ഇഷ്ടംപോലെ നര്‍മം ഉണ്ട്. എന്ത് ചെയ്യുമ്പോഴും അത് സീരിയസായി പറയുകയാണെങ്കിലും ലാലാണെങ്കില്‍ ഒരു തമാശ വരും. ചന്ദ്രലേഖയിലൊക്കെ കണ്ടിട്ടില്ലേ. നിസ്സഹായാവസ്ഥയിലാണെങ്കിലും അയാളില്‍നിന്ന് ചിരി വരുന്നുണ്ട്. താളവട്ടത്തില്‍ മെന്റലാണെങ്കിലും ചിരിക്കാനുണ്ട്. ഒരു നടന്‍ എന്ന രീതിയില്‍ ലാലിന്റെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളാണത്. അതെല്ലാര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലര്‍ ഉള്ള കഴിവ് വെച്ച് പൊലിപ്പിച്ച് ഉണ്ടാക്കും. ചിലര്‍ അഭിനയിച്ചിട്ട് എക്‌സ്പീരിയന്‍സ് കൊണ്ട് നടനാവും. ലാലിന്റേത് അങ്ങനെയല്ല. മൂപ്പരുടെ ഉള്ളില്‍തന്നെ ഇഷ്ടംപോലെ സാധനം കിടക്കുന്നുണ്ട്. 
 മൂപ്പരുടെ കൂടെ അഭിനയിക്കുമ്പോള്‍ തമാശയൊക്കെ പറഞ്ഞ് അങ്ങനെ പോവും. പിന്നെ ഡബ്ബിങ് സമയത്ത് നമ്മള് സ്‌ക്രീനില്‍ കാണുമ്പോഴാണ് ആലോചിക്കുക, ഇത് ഇവനെപ്പോ ചെയ്തതാണെന്ന്. കൂടെ അഭിനയിച്ചിട്ടും ഞാനിതൊന്നും കണ്ടില്ലല്ലോ എന്ന് അത്ഭുതം തോന്നിപ്പോവും. അത്രയും ആ വര്‍ക്കിനോട് അയാള്‍തന്നെ ലയിച്ച് ചേര്‍ന്നിരിക്കുകയാണ്. ജഗതി ശ്രീകുമാറൊക്കെ ആ തരത്തില്‍ പെട്ടവരായിരുന്നു. ഓരുടെ ശ്വാസം പോലും സിനിമയുമായി ബന്ധപ്പെട്ടിട്ടായിരുന്നു. ജഗതിയുടേതൊന്നും വെറുതെ തമാശ പറഞ്ഞ് ചിരിച്ച് ഹഹ എന്നുപറഞ്ഞ് ഒഴിഞ്ഞ് പോവുന്ന കോമഡിയായിരുന്നില്ല.

കോമഡിയുടെ ഭയങ്കര കാലമായിരുന്നു അത്. അല്ലേ?

അന്ന് ഷോട്ട് കഴിഞ്ഞ് ഗ്യാപ്പുള്ള സമയത്തും കോമഡിയായിരുന്നു. എല്ലാരുംകൂടി ഇരുന്ന് സംസാരമാണ്. അതില്‍ നാട്ടിലുള്ള സകല കാര്യവും പറയും. രാഷ്ട്രീയം, തമാശ അങ്ങനെയെല്ലാം. ഇന്ന് അങ്ങനെയില്ലല്ലോ, ഷോട്ട് കഴിഞ്ഞാ നേരെ കാരവനിലേക്ക്. സൗഹൃദത്തില്‍ കണക്ടഡല്ല ആരും. താത്പര്യമില്ലെങ്കില്‍ വേണ്ട. ഇങ്ങള് ഇങ്ങളുടെ പണി നോക്കുക. ഞാന്‍ എന്റെ പണിയും. ഇപ്പോ എന്റേതും ആ ലൈനാ.

കോമഡിക്കാരില്‍ മാമുക്കയ്ക്ക് പ്രതീക്ഷയുള്ള പുതിയ നടന്‍മാര്‍ ആരൊക്കെയാണ്?

സുരാജ് വെഞ്ഞാറമ്മൂട് നല്ല കോമഡിയാണ്. ഓനിപ്പോ പുതിയ ആളല്ല. പഴേത് തന്നെ ആയി. പിന്നേ അജു വര്‍ഗീസിന് ഭാവിയുണ്ട്. പുതിയ കുട്ടികളൊക്കെ നന്നായി ചെയ്യുന്നുണ്ട്. അവര് കുഴപ്പക്കാരാണെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കില്ലല്ലോ. 
എനിക്കീ പുതിയ തലമുറക്കാരുടെ രീതികളൊക്കെ ഉള്‍ക്കൊള്ളാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഇനിയിപ്പോ അവരേക്കാള്‍ പത്ത് വയസ്സ് കുറഞ്ഞ കുട്ടികള് വന്നാലും ഞമ്മള് ഓക്കെയാണ്. അവര്‍ക്ക് ഞമ്മളെ ദഹിക്കുന്നുണ്ടോ എന്നേ അറിയാനുള്ളൂ. 

ഇക്കയ്ക്ക് ഇപ്പോഴും ചെറുപ്പക്കാരനാവാന്‍ ആഗ്രഹമുണ്ടല്ലേ? ഈയിടെ വാട്‌സ് ആപ്പിലും കണ്ടു ചുള്ളനായൊരു മാമുക്കോയയെ?

ഞാനങ്ങനത്തെ റോള്‍ ചെയ്തിട്ടുണ്ടല്ലോ. ഇന്ത്യന്‍ റുപ്പിയില്‍. ഇപ്പോള്‍ എനിക്ക് പ്രത്യേകമായിട്ട് ഒരു ക്യാരക്ടര്‍ ചെയ്യണം എന്നൊരു ആഗ്രഹമൊന്നും ബാക്കിയില്ല. വരുന്ന ക്യാരക്ടര്‍ എന്താണോ അത് നന്നാക്കി കൊടുക്കുക എന്നേ ആഗ്രഹമുള്ളു.