മ്‌താ മോഹൻദാസ് അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ടൊവിനോ തോമസ് ചിത്രം ഫൊറൻസിക് പ്രദർശനത്തിനൊരുങ്ങി. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നചിത്രത്തിൽ ഋതിക സേവ്യർ എന്ന പോലീസ് കഥാപാത്രമാണ് മമ്തയുടേത്. ടൊവിനോയ്ക്കൊപ്പം ആദ്യമായാണ് മമ്ത വെള്ളിത്തിരയിൽ എത്തുന്നത്. ‘സയൻസ് ഓഫ് ക്രൈം’ എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം ‘7th ഡേ’യുടെ തിരക്കഥാകൃത്ത് അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്നാണ്. ഫൊറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ സർക്കാരിന് ശാസ്ത്രീയോപദേശം നൽകുന്ന  മെഡിക്കോ ലീഗൽ അഡ്വൈസർ ഡോ. സാമുവൽ ജോൺ കാട്ടൂക്കാരനായാണ്  ടൊവിനോ എത്തുന്നത്.

ഫൊറൻസിക്കിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്

കഥ പറയാൻ വന്നപ്പോൾ അഖിൽ എന്നോടുപറഞ്ഞത്‌ കഥാപാത്രത്തെ മമ്തയെ മുന്നിൽക്കണ്ട് എഴുതിയെന്നാണ്. കേട്ടുകഴിഞ്ഞപ്പോൾ ഋതിക എന്ന കഥാപാത്രം എനിക്ക് ചേരുമെന്ന് തോന്നി. ആദ്യമായാണ് കരിയറിൽ  ഐ.പി.എസ്. ഓഫീസറുടെ റോൾ ചെയ്യുന്നത്. കഥാപാത്രത്തിന്റെ യാത്രകൾ എനിക്കേറെ ഇഷ്ടപ്പെട്ടു. സിനിമയിൽ ത്രൂഔട്ട്  യൂണിഫോമിലാണ്. നമ്മൾ  സ്ഥിരം കാണുന്ന തരത്തിലുള്ള ഒരു ഐ.പി.എസ്. ഓഫീസറല്ല. കഥയിൽ  പ്രാധാന്യമുള്ള വേഷമാണ്. ടൊവിനോയുമായി ഒന്നിച്ചൊരു സിനിമ പലതവണ നടക്കാതെ പോയ കാര്യമാണ്. ഒന്നിച്ചഭിനയിക്കാനായി  മുമ്പ് രണ്ട് സിനിമകളുടെ കഥ കേട്ടിരുന്നെങ്കിലും നടക്കാതെപോയി. എല്ലാത്തിലും ഉപരിയായി ഇഷ്ടപ്പെട്ട ഒരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

ഫൊറൻസിക് സയൻസ് മുൻനിർത്തി പറയുന്ന ഈ സിനിമയ്ക്ക് ഒരു യഥാർഥ കഥയുടെ പിൻബലമുണ്ടോ

ഫൊറൻസിക് എന്ന സിനിമ ഒരു യഥാർഥ കഥയാണോ എന്നെനിക്കറിയില്ല. പക്ഷേ, നമ്മുടെ നാട്ടിൽ നടക്കുന്ന പല കേസുകളുമായിട്ട് കഥയ്ക്ക് ബന്ധമുണ്ടെന്ന് തോന്നുന്നു. വിദേശരാജ്യങ്ങളിലൊക്കെ  കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് ഫൊറൻസിക് മേഖലയെ ആശ്രയിക്കുന്നത് സ്വാഭാവികമാണ്. ഫൊറൻസിക്, സൈക്കോപാത്ത് പശ്ചാത്തലങ്ങളിലെല്ലാം അന്യഭാഷകളിൽ ഒരുപാട്   ഡോക്യുമെന്ററികളും സിനിമകളും  ഇറങ്ങിയിട്ടുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ചുരുളുകൾ അഴിക്കാൻ ഫൊറൻസിക് വിഭാഗത്തെയാണ് കഥയിൽ ആശ്രയിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ പ്രേക്ഷകർക്ക് കൂടുതൽ അവബോധം നൽകാൻ കഥയ്ക്ക് കഴിയും. പല സിനിമകളിലും ഇതിനുമുമ്പ് ഫൊറൻസിക് ഒരു വിഷയമായി വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു പശ്ചാത്തലത്തിലൂടെ മുഴുനീളകഥ മുന്നോട്ടുപോകുന്നത്.

ഋതികാ സേവ്യർ എന്ന പോലീസ് ഓഫീസറെക്കുറിച്ച് 

കഥയിലെ കമാൻഡിങ് ഓഫീസറാണ് ഞാൻ. ടൊവിനോയുടെ കഥാപാത്രം എന്നെ സഹായിക്കാൻ നിൽക്കുന്നതാണ്. പോലീസ് ഓഫീസറെ അവതരിപ്പിക്കുക എളുപ്പമുള്ള കാര്യമല്ല. വേഷത്തിനൊപ്പം നീങ്ങാൻ ഒരുപാട് സമയമെടുക്കേണ്ടിവന്നു. കഥാപാത്രം മനസ്സിൽനിന്ന് വിട്ടുപോകാനുള്ള പ്രയാസത്തിലാണിപ്പോൾ. കൂടെ അഭിനയിക്കുന്നവരുമായൊരു കെമിസ്ട്രി വർക്കായാൽ ക്യാമറയ്ക്കുമുന്നിൽ കാര്യങ്ങൾ എളുപ്പമാകും. ടൊവിനോയ്ക്കൊപ്പമുള്ള സീനുകളിലെല്ലാം അത്തരമൊരു ചേർച്ച പെട്ടെന്ന് സംഭവിച്ചിട്ടുണ്ട്.

സ്ഥിരം ക്രൈം ത്രില്ലറുകളിൽനിന്ന് ഫൊറൻസിക് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്. സിനിമ നൽകുന്ന പ്രതീക്ഷ

2018-ലാണ് സിനിമയുടെ കഥ കേൾക്കുന്നത്. അതിനുശേഷം ഒത്തിരി ക്രൈം ത്രില്ലറുകൾ തമിഴിലും മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. അതിനാൽ പിന്നീട് കഥയിൽ ഒരുപാട്  അപ്‌ഡേഷൻസ് വരുത്തി. പ്രദർശനത്തിനെത്തിയ ചിത്രങ്ങളുമായി സാമ്യം ഉണ്ടാകാതിരിക്കാൻ ഒരുപാട് ശ്രദ്ധിച്ചിട്ടുണ്ട്.
കുടുംബപ്രേക്ഷകരടക്കം എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണിത്. കാരണം  സൈക്കോപാത്ത് ആളുകളെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. അത്തരം ആളുകളെ നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റില്ല. സിനിമ എല്ലാവർക്കും പുതിയൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: Mamta mohandas Interview, forensic movie, Tovino Thomas, Sujith Vaassudev