മെഗാസ്റ്റാർ മമ്മൂട്ടി മൂന്നാമതും മുഖ്യമന്ത്രിയായി വെള്ളിത്തിരയിലെത്തുന്നു. ഏറെ പ്രതീക്ഷകൾക്ക് നടുവിലേക്കാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിനെ കുറിച്ചുളള വാർത്തകൾ പുറത്തു വന്നത്. ആ പ്രതീക്ഷകൾ വാനോളമുയർത്തി കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായുള്ള മമ്മൂട്ടിയുടെ സ്റ്റൈലൻ ഗെറ്റപ്പിലുളള ചിത്രത്തിൻ‍റെ പോസ്റ്ററുകളും പുറത്ത് വന്നു. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സ്പൂഫ് ചിത്രത്തിലൂടെ മലയാളത്തിൽ വരവറിയിച്ച സംവിധായകനാണ് സന്തോഷ് വിശ്വനാഥ്.

തന്റെ രണ്ടാമത്തെ ചിത്രത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത് പൊളിറ്റിക്കൽ ത്രില്ലർ എന്ന ജോണറും. മമ്മൂട്ടി നിരസിച്ചിരുന്നുവെങ്കിൽ ഈ സിനിമ യാഥാർഥ്യമാകില്ലായിരുന്നുവെന്ന് പറയുകയാണ് സന്തോഷ്. വണ്ണിന്റെ വിശേഷങ്ങളുമായി സന്തോഷ് മാതൃഭൂമി ഡോട് കോമിനൊപ്പം.

ചിറകൊടിഞ്ഞ കിനാവുകൾ എന്ന സ്പൂഫ് സിനിമയുടെ പിറവി

സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഫിലിം ഡയറക്ഷനിൽ ഡിപ്ലോമ ചെയ്ത് കെ.കെ രാജീവിന്റെ അസിസ്റ്റന്റ് ആയാണ് ഈ മേഖലയിലേക്കെത്തുന്നത്. ഒരു പന്ത്രണ്ട് കൊല്ലത്തോളം രാജീവേട്ടനൊപ്പം പ്രവർത്തിച്ചു. അതിന് ശേഷമാണ് ആദ്യ സിനിമ ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴേ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സ്പൂഫ് എന്ന ജോണറിലേക്ക് എത്തുന്നത്. ബോബി സഞ്ജയ് ആണ് പ്രവീൺ എന്ന തിരക്കഥാകൃത്തിനെ പരിചയപ്പെടുത്തി തരുന്നത്. ഈ സ്പൂഫ് സിനിമ എന്ന ഐഡിയ പ്രവീണിന്റേതായിരുന്നു. അതെനിക്കും ഇഷ്ടമായി. അങ്ങനെയാണ് ചിറകൊടിഞ്ഞ കിനാവുകളിലേക്ക് എത്തുന്നത്.

സിനിമ ചെയ്ത് കാശുണ്ടാക്കാനോ, കുറേയേറെ സിനിമകൾ ചെയ്യണമെന്നോ, സേഫ് ആയുള്ള സിനിമകൾ എടുക്കണമെന്നോ എന്ന ചിന്തകളുണ്ടായിരുന്നില്ല എനിക്ക്. നമുക്കിഷ്ടമുള്ള മേഖലയിൽ, നമുക്കിഷ്ടമുള്ള രീതിയിൽ മറ്റുള്ളവരെ കൂടി ഇഷ്ടപ്പെടുത്തുന്ന രീതിയിൽ, സിനിമകൾ ചെയ്യുക എന്നായിരുന്നു ആഗ്രഹം. നമ്മുടെ ഒരു സിഗ്നേച്ചർ പതിപ്പിക്കുക എന്നതായിരുന്നു പ്രധാനം. അത് എത്രത്തോളും വാണിജ്യപരമായി വിജയമാകും എന്നുള്ള ചിന്തകളൊന്നുമുണ്ടായിരുന്നില്ല. ലിസ്റ്റിൻ സ്റ്റീഫനായിരുന്നു നിർമാതാവ്. പുളളിയുടെ നിലപാടും അത് തന്നെയായിരുന്നു, പൂർണ പിന്തുണ നൽകിയിരുന്നു. അതുകൊണ്ടാണ് ആ സിനിമ സാധ്യമായത്.

ആ മണ്ടത്തരം ചിത്രത്തെ പ്രതികൂലമായി ബാധിച്ചു

സിനിമ ഇറങ്ങുന്ന വരെയും വലിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിന് നമ്മൾ ഉദ്ദേശിക്കുന്ന പോലെ പ്രേക്ഷകരെ കിട്ടുമോ എന്നുള്ള കാര്യത്തിലൊക്കെ ആശയക്കുഴപ്പം നിലനിന്നിരുന്നു. സത്യത്തിൽ വലിയൊരു റിസ്ക് തന്നെയായിരുന്നു. ഒന്നുകിൽ ഇത് വലിയ ഹിറ്റാകും അല്ലെങ്കിൽ വലിയ ഫ്ലോപ്പ് ആകും എന്ന് ഉറപ്പായിരുന്നു. റിലീസ് ഡേറ്റ് ഒക്കെ ഫിക്സ് ചെയ്ത ശേഷമാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ പ്രമോഷനിൽ കാര്യമായി ശ്രദ്ധിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഇത് ഇന്ന ടൈപ്പ് സിനിമയാണെന്ന് പറഞ്ഞ് മാർക്കറ്റ് ചെയ്യാനുളള സമയമോ അതിലേക്ക് ശ്രദ്ധ കൊടുക്കാനോ ഒന്നും പറ്റാത്ത അവസ്ഥ വന്നു. അങ്ങനെ റിലീസായ സമയത്ത് ചാക്കോച്ചന്റെ സിനിമ എന്ന നിലയിലാണ് ആളുകൾ ചിറകൊടിഞ്ഞ കിനാവുകൾ പോയി കണ്ടത്. അതുകൊണ്ട് തന്നെ ഈ സ്പൂഫ് എലമെന്റ് വർക്കായില്ലെന്ന് മാത്രമല്ല, നെഗറ്റീവ് ആയ ധാരാളം പ്രതികരണങ്ങൾ വരികയും ചെയ്തു. യൂത്തിനാണ് ഈ സിനിമ ഏറ്റവുമധികം മനസിലായത്. അവർ ശരിക്കും എൻജോയ് ചെയ്ത് കണ്ട സിനിമയാണ്.

റിലീസിന് ശേഷം പല മാധ്യമങ്ങളിലൂടെയും അത് ഇന്ന തരം സിനിമയാണ് എന്ന് ഓടി നടന്ന് പ്രമോഷൻ കൊടുക്കുമ്പോഴേക്കും പല തീയേറ്ററുകളിൽ നിന്നും സിനിമ പിൻവലിക്കുന്ന ഘട്ടമെത്തിയിരുന്നു. നമ്മുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു അബദ്ധം സംഭവിച്ചിരുന്നു. അൻവർ റഷീദ് ഉൾപ്പടെയുള്ളവർ നമ്മുടെ അടുത്ത് പറഞ്ഞു ഇതെങ്ങനെയുള്ള സിനിമയാണെന്ന് മാർക്കറ്റ് ചെയ്യാതെ പുറത്തിറക്കിയത് വലിയ മണ്ടത്തരമായിപ്പോയെന്ന്. ഇത് ഇപ്പോ ഇറക്കേണ്ടതല്ല, നാല് വർഷം കഴിഞ്ഞ് ഇറക്കേണ്ട ചിത്രമായിരുന്നുവെന്നാണ് ബി.ഉണ്ണികൃഷ്ണൻ സർ പറഞ്ഞത്. ഇപ്പോഴും ടിവിൽ കണ്ടിട്ട് എന്നെ പലരും വിളിക്കാറുണ്ട് നല്ല പ്രതികരണവുമായി. നമ്മൾ ചെയ്ത ഒരു സിനിമ എന്നായാലും നല്ല പ്രതികരണം നേടുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ നല്ല സന്തോഷമാണ് .

ഞങ്ങളുടെ കടക്കൽ ചന്ദ്രൻ മമ്മൂക്ക മാത്രമായിരുന്നു

വൺ‍ എന്ന സിനിമ ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. ആദ്യ സിനിമയ്ക്ക് ശേഷം ഏത് ജോണറിൽ പടം എടുക്കണം എന്നൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതേ ടൈപ്പ് തന്നെയാകും ആളുകൾ രണ്ടാമത്തെ ചിത്രത്തിനും പ്രതീക്ഷിക്കുക . അതിൽ നിന്ന് തീർത്തും വ്യത്യസ്തമായി ഒരു ചിത്രം എടുക്കണം എന്ന് കരുതി. ബോബി-സഞ്ജയിലെ സഞ്ജയ് എന്നോട് ഒരു ത്രെഡ് പറഞ്ഞിരുന്നു, അതിലെ ഒരു എലമെന്റ് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരുപാട് പൊളിറ്റിക്കൽ ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടല്ലോ. അതിൽ നിന്നും എങ്ങനെ വ്യത്യസ്തമാക്കാം എന്നായിരുന്നു അടുത്ത ചിന്ത. അങ്ങനെയാണ് അതിനൊരു വൺ ലൈൻ ഞങ്ങൾ മൂവരും ചേർന്ന് തയ്യാറാക്കുന്നത്. അതിന് ശേഷമാണ് മമ്മൂക്കയുടെ അടുത്തേക്ക് ചെല്ലുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ കണ്ട് നല്ല അഭിപ്രായം പറഞ്ഞവരിൽ ഒരാളായിരുന്നു മമ്മൂക്ക, മലയാള സിനിമയുടെ ലാൻഡ് മാർക്ക് ചിത്രമാണ് എന്നൊക്കെ മമ്മൂക്ക ഒരിക്കൽ ഒരു വേദിയിൽ പറഞ്ഞിരുന്നു. രണ്ടര മൂന്ന് മണിക്കൂർ എടുത്താണ് വണ്ണിന്റെ വൺലൈൻ മമ്മൂക്കയോട് പറയുന്നത്. കേട്ടപ്പോൾ തന്നെ മമ്മൂക്ക ഓകെ പറഞ്ഞു.

സത്യത്തിൽ മമ്മൂക്ക സമ്മതിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഈ പ്രോജക്ട് വേണ്ടെന്ന് വയ്ക്കുമായിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥ എഴുതിയിരുന്നില്ല. നമ്മൾ തയ്യാറാക്കിയ വൺലൈൻ അനുസരിച്ച് മമ്മൂക്കയാണ് കടയ്ക്കൽ ചന്ദ്രൻ. വേറൊരാളെ സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല.അദ്ദേഹത്തെ മുന്നിൽ കണ്ട് ഒരുക്കിയതാണ് ഈ കടയ്ക്കൽ ചന്ദ്രൻ. ലാലേട്ടനെ ആയിരുന്നു മുന്നിൽ കണ്ടിരുന്നതെങ്കിൽ ഇതിന്റെ ട്രീറ്റ്മെന്റ് വേറെയായേനേ. വേറൊരു കടയ്ക്കൽ ചന്ദ്രൻ ആയേനെ. അദ്ദേഹത്തിന്റെ സമ്മതം ലഭിച്ച ശേഷമാണ് തിരക്കഥയിലേക്ക് കടക്കുന്നത് തന്നെ. ഏതാണ്ട് മൂന്ന് വർഷത്തോഷമായി ഈ പ്രോജക്ടിന്റെ പുറകേയായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് കൊല്ലം മുമ്പാണ് മമ്മൂക്ക ഓകെ പറയുന്നത്. യാത്ര ഒക്കെ ഇറങ്ങുന്നതിന് മുമ്പേ ഇറങ്ങേേണ്ട സിനമയായിരുന്നു. എഴുത്തിലും മറ്റും വന്ന കാലതാമസവും മറ്റും കൊണ്ടാണ് ഇത്ര ലാഗ് ആയത്. മുഴുവൻ തിരക്കഥയുമായി ചെന്നു കണ്ട ഉടനേ മമ്മൂക്ക പറഞ്ഞത് ഇത് എത്രയും പെട്ടെന്ന് നമ്മൾ ചെയ്യുന്നു എന്നാണ്.

മമ്മൂക്കയുടെ അടുത്ത് കഥ പറയാൻ പോകുന്നതിന് മുമ്പ് അദ്ദേഹവുമായി എനിക്ക് യാതൊരു വിധ പരിചയവും ഉണ്ടായിരുന്നില്ല. പലരും പറഞ്ഞു കേട്ട മമ്മൂക്കയല്ല യഥാർഥ മമ്മൂക്കയെന്ന് അടുത്ത് പെരുമാറിയപ്പോഴാണ് മനസിലായത്. എനിക്ക് ഭയങ്കര ഫ്രീയായി ഒരു ടെൻഷനുമില്ലാതെെ പ്രവർത്തിക്കാൻ പറ്റിയത് മമ്മൂക്കയുമായി മാത്രമാണ്. പലരും പലതും പറഞ്ഞ് പേടിപ്പിച്ചിരുന്നു. പക്ഷേ അങ്ങനെ ഒന്നുമല്ല യഥാർഥ മമ്മൂക്ക.

മമ്മൂക്കയുടെ സ്റ്റൈലൻ ഗെറ്റപ്പിന് പിന്നിൽ

ഇപ്പോഴത്തെ ഒരു ഭരണാധികാരിയായി കടക്കൽ ചന്ദ്രനെ തോന്നരുത് എന്നുണ്ടായിരുന്നു. മമ്മൂക്ക ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി സാമ്യവും തോന്നരുത് എന്നുണ്ടായിരുന്നു. കഥ കേട്ട് കഴിഞ്ഞപ്പോൾ തന്നെ കടക്കൽ ചന്ദ്രൻ എങ്ങനെയായിരിക്കണമെന്ന ഐഡിയ മമ്മൂക്കയ്ക്ക് ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. ലുക്ക് എന്താണെന്ന് തീരുമാനിക്കാനായി ഷൈലോക്കിന്റെ ലൊക്കേഷനിൽ ഒരിക്കൽ പോയി. അന്നേരം മമ്മൂക്ക പറഞ്ഞത് ഞാനൊരു ലുക്കിൽ വരും ആദ്യ ദിവസം അത് കണ്ട് നിങ്ങൾ ഞെട്ടും എന്നാണ്. അത് കേട്ട് സന്തോഷം തോന്നിയെങ്കിലും എന്താകും ആ ലുക്ക് എന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു. ഇന്ന ഹെയർ സ്റ്റൈൽ വേണമെന്നും മറ്റുമുള്ള എന്റെ ചില ഐഡിയകൾ പറഞ്ഞുകൊടുത്തപ്പോൾ മമ്മൂക്കയുടെ മനസിലെ ഐഡിയകൾ അദ്ദേഹവും പറഞ്ഞു. കറുത്ത ഫ്രെയിം കണ്ണട വയ്ക്കാമെന്ന് മമ്മൂക്കയുടെ ഐഡിയ ആയിരുന്നു. അങ്ങനെ പരസ്പരം തുറന്ന് സംസാരിച്ച ഐഡിയകൾ വച്ച് ഞാനൊരാളെ കൊണ്ട് കടക്കൽ ചന്ദ്രന്റെ സകെച്ച് വരപ്പിച്ചു. ഇതാണ് നമ്മുടെ മനസിലുള്ള രൂപം എന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് അയച്ചു കൊടുത്തപ്പോൾ ഏകദേശം എന്ന മറുപടി ലഭിച്ചു. അതിനർഥം ഓകെ എന്ന് തന്നെയാണ്

അടുത്ത ദിവസം പെട്ടെന്ന് തന്നെ ഫോട്ടോഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ഞങ്ങൾ ചെന്ന സമയത്ത് മമ്മൂക്ക മെയ്ക്കപ്പ് ചെയ്യാൻ പോയിരിക്കുകയായിരുന്നു. കാത്തിരുന്ന ഞങ്ങളെ ജോർജേട്ടൻ അകത്തേക്ക് വിളിപ്പിച്ചു. അകത്ത് ചെന്ന ഞങ്ങളുടെ മുന്നിൽ ഞങ്ങൾ മനസിൽ കണ്ടതിനേക്കാളും മികച്ച കടക്കൽ ചന്ദ്രനായിരുന്നു നിൽക്കുന്നുണ്ടായിരുന്നത്. ഭയങ്കര സന്തോഷമായി. നമ്മൾ ഉദ്ദേശിക്കുന്നതിന്റെ അപ്പുറത്താണ് മമ്മൂക്ക ചിന്തിക്കുന്നത്. അന്ന് ഷൂട്ട് ചെയ്തതാണ് ആ പോസ്റ്ററിലും മറ്റും ഉപയോഗിച്ചത്.

നമ്മൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണ് കടക്കൽ ചന്ദ്രൻ

തമിഴിലും തെലുങ്കിലും മമ്മൂക്ക മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. തമിഴിലെ മക്കൾ ആട്ച്ചി എന്ന ചിത്രത്തിലേത് ഒരു സാങ്കൽപിക കഥാപാത്രമായിരുന്നു. തെലുങ്കിലെ യാത്ര വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയും. വണ്ണിലേതും സാങ്കൽപിക കഥാപാത്രം തന്നെയാണ്. നമ്മൾ വേണം എന്ന് ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയാണ്. വോട്ട് ചെയ്യാൻ പോകുമ്പോൾ ഇങ്ങനെയൊരു മുഖ്യമന്ത്രിയെ ആണ് നമുക്ക് വേണ്ടത് എന്ന ഒരു ചിന്തയുണ്ടാകുമല്ലോ അതുപോലൊരു സി.എം ആണ് കടക്കൽ ചന്ദ്രൻ. അത് റിയൽ ആവണമെന്ന് ഒരു നിർബന്ധവുമില്ല.

ഇപ്പോൾ ഉള്ള മന്ത്രിമാരുമായിട്ടോ അതിന് മുമ്പുള്ളവരുമായിട്ടോ യാതൊരു വിധ ബന്ധവുമില്ല.ഒരു രാഷ്ട്രീയ കൊടിയുടെ നിറവും ഇതിൽ കാണിക്കുന്നില്ല. രാഷ്ട്രീയ പാർടിക്ക് പേര് പോലുമില്ല. നമുക്ക് ആരുമായി വേണമെങ്കിലും താരതമ്യം ചെയ്യാം എന്നല്ലാതെ ഒരാളുടെ മാതൃകയും ഇതിൽ പ്രതിപാദിക്കുന്നില്ല.

രണ്ട് ദിവസത്തെ ചിത്രീകരണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.അപ്പോഴാണ് ലോക്ഡൗണും മറ്റും വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിലും ചിത്രീകരമം സാധ്യമല്ല. വലിയ ആൾക്കൂട്ടം വേണ്ട രംഗമാണ്. ഏതാണ്ട് അയ്യായിരം പേരെങ്കിലും വേണ്ട രംഗമാണ്. ചിത്രീകരണം ഇപ്പോൾ അനിശ്ചിതത്വത്തിൽ ആണ്. ടെയ്ൽ എൻഡ് ആണ്. റിലീസും അതുകൊണ്ട് തീരുമാനിച്ചിട്ടില്ല. വൺ ചിത്രീകരണം കഴിഞ്ഞിരുന്നുവെങ്കിൽ പോലും ഒടിടി റീലീസ് ഉണ്ടാവില്ലായിരുന്നു. നമ്മുടെ നിർമാതാവും തീയേറ്റർ റിലീസേ ഉള്ളൂ എന്നതിന് പൂർണ പിന്തുണയാണ് തന്നത്. അത് തീയേറ്ററിൽ കാണേണ്ട സിനിമയാണ്. ഞാനൊരു മമ്മൂട്ടി ആരാധകനാണ്, ഈ സിനിമ മറ്റേത് സംവിധായകൻ ചെയ്താലും എങ്ങനെയാവണമെന്ന് ഞാനെന്ന മമ്മൂട്ടി ആരാധകൻ ആഗ്രഹിക്കുന്നുവോ അതുപോലൊരു ചിത്രമാണ് വൺ.

Content Highlights :Mammootty Movie One Director Santhosh Viswanath Interview Chirakodinja Kinavukal Mammootty As CM in One