അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന വചനം ഓർമിപ്പിക്കുന്നതുപോലെ ആകാശത്തേക്കുയർന്നു നിൽക്കുന്ന കുരിശിന്റെ രൂപം. താഴെ ഭൂമിയിൽ വൈദികന്റെ കുപ്പായത്തിൽ ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്ന ഫാ. ബെനഡിക്ട്. ഭീതിയുടെയും ദുരൂഹതയുടെയും ആകാംക്ഷയുടെയും പുകച്ചുരുൾ മാത്രം നിറയുന്ന താഴ്വരയിലാണ് 'ദ പ്രീസ്റ്റ്' എന്ന മമ്മൂട്ടി ചിത്രം തെളിയുന്നത്. കോവിഡ് ലോക്ഡൗൺ കാലത്തിനു ശേഷം ഇതാദ്യമായി തീയേറ്ററിലെത്തുന്ന മമ്മൂട്ടി ചിത്രം എന്ന മേൽവിലാസവുമായി വരുന്ന 'ദ പ്രീസ്റ്റി'ന്റെ വിശേഷങ്ങൾ പങ്കിടാൻ കണ്ടുമുട്ടുമ്പോൾ താരത്തിന്റെ മുഖത്തും ശരീരഭാഷയിലും മായാതെ ഫാ. ബെനഡിക്ട് ഉള്ളതുപോലെ തോന്നി. കോവിഡു കാലത്തെ വീട്ടുജീവിതത്തിൽ താടിയും മുടിയും നീട്ടി വളർത്തി പുതിയൊരു ലുക്കിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയെ കണ്ടപ്പോൾ 'അഥർവം' ഉൾപ്പെടെ പഴയ ചില സിനിമകളുടെ പോസ്റ്ററുകളാണ് മനസ്സിൽ ആദ്യം തെളിഞ്ഞത്. 'പ്രീസ്റ്റി'ന്റെ വിശേഷങ്ങളും കോവിഡുകാലത്തെ ജീവിതവും പുതിയ സിനിമകളുടെ പ്രതീക്ഷകളുമൊക്കെ പങ്കിട്ടു മമ്മൂട്ടി 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

കോവിഡ് ലോക്ഡൗണിനു ശേഷം തിയേറ്ററിലെത്തുന്ന താങ്കളുടെ ആദ്യ ചിത്രമാണ് 'ദ പ്രീസ്റ്റ്'. എന്തൊക്കെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ

'പ്രീസ്റ്റി'ന്റെ തിരക്കഥ കേട്ട ശേഷം നല്ലൊരു സിനിമയാണെന്നു തോന്നിയതുകൊണ്ടാണ് അതിൽ അഭിനയിച്ചത്. ഓരോ സിനിമയിലും പ്രതീക്ഷയോടെ തന്നെയാണ് അഭിനയിക്കുന്നത്. കോവിഡ് എന്ന മഹാമാരി മൂലം ഏറെ നാൾ പെട്ടിയിൽ തന്നെയിരിക്കാൻ വിധിക്കപ്പെട്ട ഒരു സിനിമയാണിത്. ഇപ്പോൾ ആ സിനിമ തിയേറ്ററിലെത്തുമ്പോൾ സ്വാഭാവികമായും നിറഞ്ഞ സന്തോഷവും പ്രതീക്ഷയുമുണ്ട്.

വൈദിക വേഷത്തിലാണ് താങ്കൾ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ആ കഥാപാത്രമാകാൻ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് ചെയ്തത്.

സാധാരണ നമ്മൾ കാണുന്നതുപോലെയുള്ള ഒരു വൈദികനല്ല ഫാ. ബെനഡിക്ട്. വളരെ വ്യത്യസ്തനായ ഒരു വൈദികനായതിനാൽ അസാധാരണമായ വൈദിക വൃത്തിയാണ് അദ്ദേഹം ചെയ്യുന്നതും. ആ വൈദികനു ഒരുപാട് പ്രത്യേകതകളുള്ളതുകൊണ്ട് സാധാരണ വൈദിക കഥാപാത്രമാകുന്നതുപോലെയുള്ള മുന്നൊരുക്കങ്ങളല്ല ഇതിൽ ഞാൻ ചെയ്തത്. ഈ വൈദികനെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ അതു സിനിമയുടെ സസ്പെൻസിനെ ബാധിക്കും.

മമ്മൂട്ടിക്കൊപ്പമുള്ള മഞ്ജു വാര്യരുടെ ആദ്യ ചിത്രമാണ് 'പ്രീസ്റ്റ്'. ഒന്നിച്ചഭിനയിച്ച ശേഷം മഞ്ജു എന്ന നടിയെപ്പറ്റി എന്താണ് പറയാനുള്ളത്

മഞ്ജുവിനെപ്പറ്റി ഞാൻ പറയാതെതന്നെ എല്ലാവർക്കുമറിയാമല്ലോ. മഞ്ജു പ്രതിഭയും അഭിനയശേഷിയും തെളിയിച്ച ഒരു നടിയാണ്. മഞ്ജു ഈ ചിത്രത്തിലുള്ളത് തീർച്ചയായും വലിയൊരു മുതൽക്കൂട്ട് തന്നെയാണ്. ഞാനും മഞ്ജുവും ഈ ചിത്രത്തിൽ ഒരു സീനിൽ മാത്രമാണ് ഒന്നിച്ചുള്ളത്. അതുപക്ഷേ, ഒരു ഒന്നൊന്നര സീനാണ്.

നവാഗതനായ ജോഫിൻ ചാക്കോയാണ് 'പ്രീസ്റ്റി'ന്റെ സംവിധായകൻ. പുതിയ സംവിധായകരെ താങ്കൾ ഇത്രമേൽ പ്രോത്സാഹിപ്പിക്കാൻ കാരണമെന്താണ്

പുതുമയുള്ള കഥകൾ പറഞ്ഞുവരുന്നവരാണ് പുതിയ സംവിധായകരിൽ ഏറെപ്പേരും. അവരിൽ നിന്നു കുറച്ചൊക്കെ നമുക്ക് തിരഞ്ഞെടുക്കാനാകും. പഴയ ആൾക്കാർക്കൊപ്പം പുതിയ ആൾക്കാരും വന്നാലല്ലേ കാലഘട്ടത്തിനൊപ്പം നമുക്കു സഞ്ചരിക്കാനാകൂ. പുതുമയുള്ള കഥയുമായെത്തിയ ജോഫിൻ മികച്ച രീതിയിൽത്തന്നെയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.

കോവിഡുകാലത്ത് മാതൃകാപരമായി ഏറെനാൾ വീട്ടിലിരുന്ന ഒരാളാണ് താങ്കൾ. ഒരു വർഷത്തോളം നീണ്ട ആ കോവിഡുകാലത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു

ഒഴിവുദിനങ്ങൾ ഏറെ രസമുള്ളതാണെന്നാണ് നമ്മളെല്ലാം കരുതുന്നതും വിശ്വസിക്കുന്നതും. എന്നാൽ, വീട്ടിൽ വെറുതേയിരിക്കുന്നത് ഒരിക്കലും ഒഴിവുദിനമായി കാണാൻ കഴിയില്ല. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ അതു ഒഴിവുദിവസമല്ലാതാകും. കോവിഡുകാലം അത്തരമൊരു അനുഭവമാണ് സമ്മാനിച്ചത്. വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പറ്റാതെ, ആരെയും നേരിൽക്കണ്ട് സംസാരിക്കാൻ കഴിയാതെ ഇരിക്കേണ്ടിവരിക എന്നത് വേറൊരുതരം അനുഭവമാണ്. കോവിഡ് എന്ന മഹാമാരി നമ്മളെ മാത്രമല്ല ലോകം മുഴുവൻ സ്തംഭിപ്പിച്ച ഒരു അനുഭവമായിരുന്നല്ലോ. 275 ദിവസങ്ങൾ പുറത്തിറങ്ങാതെ ഞാൻ വീട്ടിൽത്തന്നെയിരുന്നുവെന്നത് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വലിയൊരനുഭവമായി തോന്നുന്നു. 275 ദിവസങ്ങൾക്കുശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോൾ എന്തെങ്കിലും ഒരു പ്രവൃത്തി ചെയ്യണമല്ലോ. അതുകൊണ്ടു ഞാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിൽ ചെറിയൊരു സവാരി നടത്തി കടയിൽ നിന്ന് കട്ടൻചായയും കുടിച്ചാണ് വീട്ടിലേക്കു മടങ്ങിയത്.

താടിയും മുടിയും നീട്ടി വളർത്തിയ നിലയിലാണ് ഇപ്പോൾ താങ്കൾ ഞങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതു ഏതെങ്കിലും പുതിയ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പാണോ

പ്രീസ്റ്റ് എന്ന സിനിമയിലെ വൈദികവേഷത്തിനു വേണ്ടിയാണ് ഞാൻ താടി വളർത്തിയത്. ആ താടിയുടെ തുടർച്ച കോവിഡുകാലത്തിലൂടെ ഈ രൂപത്തിലെത്തുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മൂന്നിനു ശേഷം ഞാൻ എന്റെ താടിയിൽ തൊട്ടിട്ടില്ല. അങ്ങനെ അതു വളർന്നുകൊണ്ടേയിരുന്നു. എന്റെ പുതിയ രൂപം കണ്ടപ്പോൾ സംവിധായകൻ അമൽ നീരദ് അദ്ദേഹത്തിന്റെ പുതിയ സിനിമയിലെ കഥാപാത്രത്തിനു ഈ രൂപം നിശ്ചയിക്കുകയായിരുന്നു. ഇനി ആ സിനിമ തീരുന്നതുവരെ എനിക്ക് ഈ രൂപത്തിൽ തന്നെ നിൽക്കേണ്ടി വരും.

താങ്കളും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുഴു' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇറങ്ങിയല്ലോ. ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങൾ പങ്കുവെക്കാമോ

ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഷയവും കഥാപാത്രവുമാണ് ആ ചിത്രത്തിലുള്ളത്. പാർവതിക്കും അങ്ങനെത്തന്നെയാകും അത് അനുഭവപ്പെടുന്നത്. കഥയുടെ സസ്പെൻസ് ഉള്ളതുകൊണ്ട് ഇതിൽ കൂടുതൽ ഈ ചിത്രത്തെപ്പറ്റി വെളിപ്പെടുത്താനാകില്ല.

കേരളം മറ്റൊരു തിരഞ്ഞെടുപ്പിലേക്കു കടക്കുകയാണ്. ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും കേൾക്കുന്ന ഒന്നാണ് താങ്കളുടെ സ്ഥാനാർഥിത്വം. ഇത്തവണ അതുണ്ടാകാൻ സാധ്യതയുണ്ടോ

സ്ഥാനാർഥിയാകണമെന്നു പറഞ്ഞ് എന്നെ ഇതുവരെ ഒരു രാഷ്ട്രീയപാർട്ടിക്കാരും സമീപിച്ചിട്ടില്ല. ഇതിന്റെ പേരിൽ കേൾക്കുന്നതെല്ലാം കെട്ടുകഥയാണോയെന്നറിയില്ല. എന്റെ ഇപ്പോഴത്തെ രാഷ്ട്രീയം സിനിമയാണ്. അതിൽ മാത്രമാണ് ഞാൻ ഇപ്പോൾ ശ്രദ്ധകൊടുക്കുന്നത്. മറ്റൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല.

താങ്കൾ മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രമാണല്ലോ 'വൺ'. ഭാവിയിൽ അതുപോലെ ശരിക്കും മുഖ്യമന്ത്രിയായാൽ എന്താകും ചെയ്യുക

അങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല. പിന്നെ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലല്ലോ. 'വൺ' എന്നത് അടുത്തതായി വരാനിരിക്കുന്ന എന്റെ ഒരു സിനിമയാണ്. അതിനെ ഒരു സിനിമയായിത്തന്നെ കണ്ടാൽ മതി.

Content Highlights : Mammootty Interview on movies politics The priest One Movies