ല്ല പാട്ടുകൾ എല്ലാ കാലത്തും സംഭവിക്കുന്നുണ്ട്. ഒരാളിൽ നിന്നല്ലെങ്കിൽ മറ്റൊരാളിൽനിന്ന് അത് സംഭവിച്ചേ പറ്റൂ; വളരെ സ്വാഭാവികമെന്നോണം. പുതിയ കാലത്തെ സംഗീതസംവിധായകർ ശബ്ദത്തിനും മറ്റു സാങ്കേതികവിദ്യകൾക്കുമാണ് പ്രാധാന്യം നൽകുന്നതെന്ന വിമർശനം ഇപ്പോഴും തുടരുന്നുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും മലയാളത്തിൽ ഇപ്പോഴും നല്ല മെലഡി ഗാനങ്ങൾ സംഭവിക്കുന്നുണ്ട്. യുവ സംഗീതസംവിധായകരുടെ കൂട്ടത്തിൽ ശ്രദ്ധേയസാന്നിധ്യമാണ് പ്രിൻസ് ജോർജ്. രണ്ട് സിനിമകളേ ചെയ്തിട്ടുള്ളൂ : വിജയ് സൂപ്പറും പൗർണമ്മിയും മോഹൻകുമാർ ഫാൻസും. പക്ഷേ രണ്ട് സിനിമകളിലെയും പാട്ടുകൾ ഹിറ്റാണ്. ആസ്വാദകർ അത്ര വേഗമൊന്നും അതിലെ പാട്ടുകൾ മറക്കില്ല. നല്ല മെലഡി ഗാനങ്ങൾ സമ്മാനിക്കുക എന്നതുതന്നെയാണ് ഈ ചെറുപ്പക്കാരന്റെയും ആഗ്രഹം. സിനിമാസംഗീതത്തിലേക്ക് എത്തിച്ചേർന്നതിനെപ്പറ്റിയും ചെയ്ത ഗാനങ്ങളെപ്പറ്റിയും സംഗീതത്തിലെ താല്പര്യങ്ങളെപ്പറ്റിയും പ്രിൻസ് ജോർജ് സംസാരിക്കുന്നു :

വിജയ് സൂപ്പറിൽനിന്ന് മോഹൻകുമാറിലേക്കെത്തിയത്

വിജയ് സൂപ്പറും പൗർണമിയിലും വർക്ക് ചെയ്യുന്ന സമയത്തുതന്നെ ജിസ് ജോയ് മോഹൻകുമാർ എന്ന സിനിമയെപ്പറ്റി പറഞ്ഞിരുന്നു. തുടർന്ന് പ്രീപ്രൊഡക്ഷനും മറ്റും കഴിഞ്ഞാണ് ഞാൻ സിനിമയിൽ ജോയിൻ ചെയ്തത്. വിജയ് സൂപ്പറിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബിൽ ഒരു മില്ല്യണ് മുകളിൽ വ്യൂസ് കിട്ടിയിട്ടുണ്ട് ആ സിനിമയിലെ പാട്ടുകൾക്ക്. മോഹൻകുമാറിലേക്ക് എത്തുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ഫ്രീയായി വർക്ക് ചെയ്യാൻ അത് കാരണമായിട്ടുണ്ട്. ജിസ് ജോയ് ആദ്യസിനിമ മുതലേ വളരെ കംഫർട്ടബിൾ ആയിരുന്നു. എന്താണ് വേണ്ടതെന്ന് അദ്ദേഹം കൃത്യമായി നമുക്ക് പറഞ്ഞുതരും. മോഹൻകുമാറിൽ ഏഴ് പാട്ടുകളുണ്ട്. സംഗീതത്തിന് കൂടുതൽ പ്രാധാന്യമുള്ള സിനിമ കൂടിയാണ് മോഹൻകുമാർ ഫാൻസ്. പല സ്വഭാവത്തിലുള്ള പാട്ടുകളാണ് സിനിമയ്ക്കുവേണ്ടി ചെയ്തത്. അതൊരു നല്ല അനുഭവമായിരുന്നു.

രണ്ട് സിനിമയിലും ഏഴ് പാട്ടുകൾ, എണ്ണം ഒരു പ്രശ്നമല്ലെന്ന്

അത് യാഥൃച്ഛികമായി സംഭവിച്ചതാണ്. സിനിമയുടെ സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നതുകൊണ്ടാണ് അത്രയും പാട്ടുകൾ ചെയ്യേണ്ടിവന്നത്. അനാവശ്യമായി കുത്തിനിറച്ചതല്ല. സിനിമ കണ്ടാൽ അത് മനസിലാകും. സിറ്റുവേഷണലായിട്ടുള്ള ഗാനങ്ങളുണ്ട്, പെർഫോർമൻസിന് പ്രാധാന്യം കൊടുത്തുള്ള പാട്ടുമുണ്ട്. എന്നെസംബന്ധിച്ച് ഏഴല്ല, അതിൽക്കൂടുതൽ പാട്ടുകൾ ചെയ്യാൻ പറഞ്ഞാലും സന്തോഷമാണ്. ഓരോ പാട്ടും എനിക്ക് ഓരോ അവസരമാണ്. കൂടുതൽ ആസ്വാദകരിലേക്ക് എന്റെ പാട്ട് എത്തിക്കാൻ പറ്റുക വലിയ ഭാഗ്യംതന്നെയാണ്. രണ്ട് സിനിമകളിലെയും ഏഴ് പാട്ടുകൾ ഏഴ് ജോണറിലുള്ളതാണെന്ന് കേട്ടാൽ മനസിലാകും. മോഹൻകുമാറിൽ ഒരു മെലഡിയുണ്ട്, ഡിവോഷ്ണൽ, ഫാസ്റ്റ് നമ്പർ ടൈപ്പ് ഗാനങ്ങളുണ്ട്. ഓരോന്നും ഓരോ സ്റ്റൈലിലുള്ള പാട്ടുകളാണ്. എല്ലാതരം പാട്ടുകളെയും കൈകാര്യം ചെയ്യാൻ കഴിയും എന്ന് തെളിയിക്കുക കൂടിയാണ് ഈ പാട്ടുകളെല്ലാം. എല്ലാ സ്റ്റൈൽ പാട്ടുകളും ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് ഒരുതരത്തിലുള്ള ടെൻഷനുമില്ലാതെയാണ് വർക്ക് ചെയ്യാൻ സാധിച്ചത്.

അങ്ങനെയങ്ങനെ സിനിമയിലെത്തി

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സൗണ്ട് ഡിസൈൻ കഴിഞ്ഞാണ് സിനിമമേഖലയിലേക്കെത്തുന്നത്. മുംബൈയിൽ വർക്ക് ചെയ്തിരുന്ന സമയത്ത് ഹിന്ദി ഷോർട്ട്ഫിലിമുകൾക്കും ഒരു അറബ് സിനിമയ്ക്കുംവേണ്ടി പശ്ചാത്തലസംഗീതം ചെയ്തു. അതിനുശേഷമാണ് ഞാൻ കേരളത്തിലേക്കെത്തുന്നത്. ആദ്യവർക്ക് മലയാളത്തിൽത്തന്നെ ചെയ്യണമെന്ന ആഗ്രഹം മനസിലെപ്പോഴുമുണ്ട്. അതുതന്നെയാണ് കേരളത്തിലേക്ക് തിരിച്ചെത്താനും കാരണമായത്. വിജയ് സൂപ്പറും പൗർണമിയും സിനിമ പ്രഖ്യാപിക്കുന്നത് ആ സമയങ്ങളിലാണ്. നടൻ വിനയ് ഫോർട്ട് എന്റെ സുഹൃത്തായിരുന്നു. ഒരു ചർച്ചയ്ക്കിടയിൽ വിനയ് എന്റെ പേര് സംവിധായകന് നിർദേശിക്കുകയും അങ്ങനെ ആ പ്രൊജക്റ്റിലേക്ക് എത്തുകയുമായിരുന്നു. ഞാൻ ചെയ്ത വർക്കുകളെല്ലാം ജിസ് ജോയ്ക്ക് കേൾപ്പിച്ചുകൊടുത്തിരുന്നു. അത് സിനിമയിലേക്കെത്താനുള്ള പ്രധാന കാരണകൂടിയാണ്.

വരികൾക്കനുസരിച്ചും കംപോസ് ചെയ്യും, അല്ലാതെയും :

രണ്ട് രീതിയും എനിക്ക് കംഫർട്ടബിൾ ആണ്. രണ്ട് രീതിയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. മ്യൂസിക് വീഡിയോസിനുവേണ്ടി ചില കവിതകൾ കംപോസ് ചെയ്ത എക്സ്പീരിയൻസ് ഉണ്ട്. മലയാളത്തിലെ പല മുൻകാല സംഗീതസംവിധായകരുടെയും പാട്ടുകൾ എടുത്താൽ അവർ ആദ്യം ട്യൂൺ ചെയ്യുകയും പിന്നീട് വരികൾ ചേർക്കുകയും ചെയ്യുന്ന രീതിയാണെന്ന് മനസിലാകും. ദേവരാജൻ മാഷിനെപ്പോലുള്ളവരുടെ പാട്ടുകൾ വരികൾക്കനുസരിച്ചാണ് കംപോസ് ചെയ്തിട്ടുള്ളത്. ഏത് രീതിയിലായാലും ഫൈനൽ ഔട്ട്പുട്ട് എത്രത്തോളം മികച്ചതാണ് എന്നതുതന്നെയാണ് പ്രധാനം.

മെലഡിയോ അടിച്ചുപൊളിയോ ? ഇവിടെ എന്തുംപോകുമെന്ന്

മുമ്പ് പറഞ്ഞതുപോലെ എല്ലാ ജോണറിലുംപെട്ട പാട്ടുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഫാസ്റ്റ്, മെലഡി അങ്ങനെ ഏത് തരം പാട്ടും ചെയ്യാൻ താല്പര്യമുണ്ട്. രണ്ട് സിനിമകളും അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് മനസിലാക്കാൻ കഴിയും. ഏത് ടൈപ്പ് പാട്ടായാലും നല്ല രീതിയിൽ ചെയ്യാനാണ് ശ്രമിക്കുക. ഇപ്പൊ മോഹൻകുമാറിലെ പാട്ട് 'നീലമിഴി കൊണ്ടു നീ', അത് സംവിധായകന്റെ നിർദേശംകൊണ്ട് ഉണ്ടായതാണ്. മെലഡി ടച്ചുള്ള ഒരു പാട്ട് വന്നാൽ നന്നായിരിക്കുമെന്ന് ജിസ്സേട്ടന് ആഗ്രഹമുണ്ടായിരുന്നു. അതദ്ദേഹം പറയുകയും ചെയ്തു. പുതിയ പാട്ടുകൾ കൂടുതലും ശബ്ദത്തിന് പ്രാധാന്യം കൊടുക്കുന്നത്. അതിൽനിന്നും മാറി മെലോഡിയസ് ആയിട്ടുള്ള ഗാനങ്ങൾ ആസ്വാദകർക്ക് കൊടുക്കാനുള്ള ശ്രമംകൂടിയായിരുന്നു മോഹൻകുമാറിലെ ഗാനം. നല്ല ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇപ്പോഴുമുളളത്. അതിന് ഒരുകാലത്തും മാറ്റമുണ്ടാകില്ല. ഇപ്പോഴത്തെ ട്രെൻഡ് മാറുകയും കേൾക്കാൻ സുഖമുള്ള നല്ല പാട്ടുകൾ കൂടുതലായി സംഭവിക്കുമെന്നും ഞാൻ കരുതുന്നു. ചെയ്യുന്ന പാട്ടുകൾ കാലങ്ങളേറെ കഴിഞ്ഞും ആളുകളുടെ മനസിൽ നിലനിൽക്കുമെന്ന പ്രതീക്ഷയുണ്ട്.

ഹിറ്റാവുമോ എന്ന നോക്കേണ്ടെന്ന് സംവിധായകൻ, ഹിറ്റാക്കി കൊടുത്തില്ലേ

പലരും എന്നോട് ചോദിക്കാറുണ്ട്, നിങ്ങളുടെ പടത്തിലെന്താണ് നല്ല വിന്റേജ് ടൈപ്പ് മെലഡി ഗാനങ്ങളൊന്നും ഇല്ലാത്തതെന്ന്. സംവിധായകൻ ഒറ്റ നിർദേശമേ വെച്ചുള്ളൂ : ഹിറ്റാവുമോ എന്നൊന്നും നോക്കണ്ട, നല്ലൊരു പാട്ട് ചെയ്തോ. അപ്പോൾ പിന്നെ മറ്റൊന്നും നോക്കിയില്ല. എന്നെ സംബന്ധിച്ച് അത് നല്ല ഒരവസരമാണ്. പുതിയ സംഗീതസംവിധായകരിൽ നിന്ന് നല്ല പാട്ടുകൾ വരുന്നുണ്ടെന്ന് ആളുകൾ പറയുമ്പോൾ നമുക്കും അത് വലിയ സന്തോഷമാണ്. പുതിയ തലമുറ അടിച്ചുപൊളി പാട്ടുകൾ മാത്രമല്ല ഇത്തരം മെലഡി ഗാനങ്ങളും ഒരുക്കുന്നുണ്ടെന്നത് തീർച്ചയായും നല്ല അംഗീകാരം തന്നെയാണ്. പിന്നെ കർണ്ണാടിക്, ഹിന്ദുസ്ഥാനി സംഗീതം ഏറെക്കാലം പഠിച്ചതും എന്നിൽ വലിയ ഗുണം ചെയ്തിട്ടുണ്ട്. മെലഡി പാട്ടുകൾ ചെയ്യുമ്പോൾ അതെല്ലാം ഗുണകരമായി പ്രവർത്തിക്കാറുണ്ട്.

സംഗീതം ചെയ്യും, ചിലപ്പോൾ പാടും; രണ്ടും ഇഷ്ടമാണല്ലോ

കൈരളിയുടെ ഗന്ധർവസംഗീതം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പിന്നണിഗാനരംഗത്ത് മാത്രമായി നിൽക്കുന്നതിനേക്കാൾ സംഗീതസംവിധാനം കൂടി എക്സ്പ്ലോർ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഗായകൻ-സംഗീതസംവിധായകൻ എന്ന രീതിയിൽ മലയാളത്തിൽ അറിയപ്പെടണമെന്നുണ്ടായിരുന്നു. സംഗീതസംവിധാനത്തിലൂടെ നല്ല പാട്ടുകൾ ആളുകൾക്ക് കൊടുക്കാനുള്ള അവസരം ഉണ്ടാകുന്നു. ഒപ്പം പാടാനും കഴിയുന്നു. സിനിമയിൽ പാട്ടുകൾ കുറഞ്ഞുവരുന്ന ഒരു പ്രവണതയുണ്ട്. പാട്ടിനുംകൂടി പ്രാധാന്യം നൽകിക്കൊണ്ടുള്ള സിനിമകൾ ഉണ്ടാകട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ചിരി എന്ന സിനിമയിൽ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. അതെല്ലാം നമുക്ക് സന്തോഷം തരുന്ന സംഗതികളാണ്. ഇനിയും നല്ല പാട്ടുകൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം!

Content highlights :malayalam young music director prince george interview