'നിങ്ങൾ നടനാവണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതായിരിക്കും' എന്ന സിനിമാഡയലോഗിനെ ഓർമിപ്പിക്കുന്നതാണ് മിഥുൻ എന്ന ചെറുപ്പക്കാരൻ പിന്നിട്ട വഴികൾ. എത്തിയ ഇടങ്ങളിലെല്ലാം അയാളെ കാത്തിരുന്നത് സിനിമ തന്നെയായിരുന്നു. ചെറിയ വേഷങ്ങളിലാണെങ്കിലും കന്നഡ സിനിമകളിൽ അഭിനയിച്ചുകൊണ്ട് അയാൾ തന്റെ സിനിമാമോഹത്തെ മുറുകെപ്പിടിച്ച് മുന്നോട്ട് നീങ്ങി. മലയാള സിനിമയിലേക്ക് ചേക്കേറുക എന്ന ആഗ്രഹം അയാളിൽ നിരന്തരം വെല്ലുവിളി നിറച്ചു. സിനിമാസ്വപ്നം മാത്രം കൊണ്ടുനടന്നിരുന്ന അയാൾക്ക് കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

ആ കാത്തിരിപ്പ് അധികംനാൾ നീണ്ടില്ല. 'ക്വീൻ' എന്ന സിനിമയിലേക്കും അതുവഴി മലയാളത്തിലേക്കും അയാൾ ചുവടുമാറ്റി. 'ക്വീനി'ലെ നെഗറ്റീവ് റോൾ ഏറെ ശ്രദ്ധനേടി. മേക്കിംഗ് വീഡിയോ ചെയ്ത് ക്യാപ്റ്റൻ സിനിമയുടെ ടീമിനൊപ്പം ചേർന്നു. ഇപ്പോൾ 'വെള്ള'ത്തിൽ ജയസൂര്യക്കൊപ്പം ക്യാരക്ടർ റോൾ ചെയ്ത് പുതുമുഖ താരങ്ങൾക്കിടയിൽ ശ്രദ്ധനേടുകയാണ് മിഥുൻ. സിനിമാവഴിയിൽ ഒറ്റയ്ക്ക് പിന്നിട്ട ആദ്യകാലത്തെയും സജീവമായി തുടരാനുള്ള ശ്രമങ്ങളെയുംപറ്റി വയനാട് സുൽത്താൻ ബത്തേരി സ്വദേശി മിഥുൻ സംസാരിക്കുന്നു:

തുടക്കം കന്നഡയിൽ

ബാംഗ്ലൂരിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ ചെന്നു. ബോർഡിൽ എഴുതുന്ന ഒരു ഷോട്ടായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. പക്ഷേ എന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. അക്കാരണത്താൽ ആ പരസ്യത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു. അപ്പോഴും സിനിമാമോഹം ഉള്ളിൽ കിടന്നു. പിന്നീട് ജോലി കിട്ടിയ സമയത്ത് കന്നഡസിനിമകളിൽ അവസരത്തിനായി ശ്രമിച്ചുകൊണ്ടിരുന്നു. കന്നഡഭാഷ അറിയാത്തതിനാൽ അവസരം നഷ്ടപ്പെട്ടു. കന്നഡ നാടകങ്ങളിൽ അഭിനയിക്കാമെന്ന തോന്നലിൽ നിൽക്കുമ്പോഴാണ് വീണ്ടും സിനിമ വന്ന് വിളിക്കുന്നത്. അങ്ങനെ 2011-ൽ 12 AM എന്ന സിനിമയിൽ അഭിനയിച്ചു.

തുടർന്ന് 2016-ൽ പുറത്തിറങ്ങിയ ദേവര നാടല്ലി എന്ന ചിത്രത്തിൽ പ്രകാശ് രാജിനൊപ്പംനല്ല ഒരു വേഷം ചെയ്യാൻ സാധിച്ചു. ചക്രവ്യൂഹ, ഹാപ്പി ബർത്ത്ഡേ, ദിയ തുടങ്ങിയ അഞ്ച് കന്നഡചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയിക്കാനുള്ള അവസരങ്ങൾ തുടർന്നും തേടി വന്നെങ്കിലും അവിടെ നിന്നാൽ നമ്മൾ ആഗ്രഹിക്കുന്നതുപോലൊരു വളർച്ച ഉണ്ടാകില്ലെന്ന് മനസിലാക്കുകയും മലയാളസിനിമകളിൽ അഭിനയിക്കാൻ ശ്രമം നടത്തുകയും ചെയ്തു. പലതരത്തിലുള്ള അവഗണനകളും കഷ്ടപ്പാടുകളുമെല്ലാം നേരിട്ടെങ്കിലും സിനിമയിൽ എത്തിച്ചേരുക എന്നതുതന്നെയായിരുന്നു പ്രധാനം.

'ക്വീനി'ലൂടെ മലയാളത്തിലേക്ക്

നിരന്തര ശ്രമങ്ങളുടെ ഫലമായി 2016-ൽ ക്വീൻ സിനിമയുടെ ഓഡിഷനിൽ എത്തി. മൂന്ന് റൗണ്ട് ഓഡിഷൻ ഉണ്ടായിരുന്നു. ഒട്ടേറെ പേർ എത്തിച്ചേർന്നിരുന്നതുകൊണ്ട് അവസരം കിട്ടുമെന്ന പ്രതീക്ഷയൊന്നും ആദ്യം ഉണ്ടായിരുന്നില്ല. പിന്നീടാണ് അഭിനയിക്കാനുള്ള ക്ഷണം കിട്ടുന്നത്. നെഗറ്റീവ് റോളിലാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷമായിരുന്നു അത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിയും സഹപ്രവർത്തകരും നൽകിയ പിന്തുണ വലുതായിരുന്നു. വളരെ കംഫർട്ടബിൾ ആയിട്ട്, ആസ്വദിച്ച് ആ വേഷം ചെയ്യാൻ കഴിഞ്ഞു. സിനിമയുടെ വിജയത്തിനൊപ്പം തന്നെ മറ്റു പുതുമുഖതാരങ്ങൾക്കൊപ്പം മുഖ്യധാരയിലേക്ക് എത്തിച്ചേരാൻ അതിലൂടെ കഴിഞ്ഞത് ഭാഗ്യമായി.

അതുവഴി 'ക്യാപ്റ്റനി'ലേക്കും

ക്വീൻ സിനിമയുടെ ഓഡിഷൻ സമയത്തുതന്നെയാണ് ക്യാപ്റ്റൻ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം ഒരു സുഹൃത്ത് വഴി അറിഞ്ഞത്. അവസരത്തിനായി ശ്രമിച്ചപ്പോൾ സിനിമയുടെ മേക്കിംഗ് വീഡിയോ ചെയ്യാനാണ് ആവശ്യപ്പെട്ടത്. മലയാളസിനിമയിൽ കേറിപ്പറ്റുക എന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. കന്നഡസിനിമകൾ ചെയ്തു എന്ന ഐഡന്റിക്കപ്പുറം സിനിമാമേഖലയിൽ വലിയ ബന്ധങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ക്യാമറ കൈകാര്യം ചെയ്യാനുള്ള അറിവൊന്നും കാര്യമായി ഉണ്ടായിരുന്നില്ലെങ്കിലും സുഹൃത്തിന്റെ പിന്തുണയോടെ പോകാൻ തീരുമാനിച്ചു. തുടക്കത്തിൽ ടെൻഷനും വെപ്രാളവുമുണ്ടായി. എന്റെ അറിവില്ലായ്മ മനസിലാക്കിയ സ്റ്റിൽ ഫോട്ടോഗ്രാഫർ ഒപ്പം നിന്ന് കാര്യങ്ങൾ പറഞ്ഞുതന്നു. മേക്കിംഗ് വീഡിയോ അത്യാവശ്യം നല്ലരീതിയിൽ ചെയ്യാൻ കഴിഞ്ഞു. സംവിധായകൻ പ്രജേഷ് സെന്നിനും ഇഷ്ടപ്പെട്ടു. അങ്ങനെ 'ക്യാപ്റ്റൻ' ടീമിനൊപ്പം ചേർന്നു. 'വെള്ളം' സിനിമയിൽ ക്യാരക്ടർ റോൾ ലഭിച്ചതിനൊപ്പം സ്റ്റിൽ ഫോട്ടോഗ്രഫി വിഭാഗത്തിലും പ്രവർത്തിക്കാൻ സാധിച്ചു.

midhun

ഞെട്ടിച്ച് ജയസൂര്യ

ക്യാപ്റ്റൻ സിനിമയുടെ മേക്കിംഗ് വീഡിയോ സമയത്താണ് സിനിമയെ കൂടുതൽ പഠിച്ചുതുടങ്ങിയത്. ജയസൂര്യ എന്ന നടനെയും വ്യക്തിയെയും അടുത്തറിയാൻ സാധിച്ചതും ആ ഘട്ടത്തിലാണ്. ക്യാപ്റ്റൻ സിനിമയ്ക്കുവേണ്ടി അദ്ദേഹം എടുക്കുന്ന പ്രയത്നം എത്രത്തോളമെന്ന് മനസിലാക്കാൻ സാധിച്ചു. അഭിനയത്തെക്കുറിച്ച് എന്റെ മനസിലുണ്ടായിരുന്ന ധാരണകളെയെല്ലാം അദ്ദേഹം പൊളിച്ചുപണിതു. വെള്ളത്തിലേക്ക് എത്തിയപ്പോൾ അതിനേക്കാൾ മാറ്റം സംഭവിച്ചു. കൂടെ അഭിനയിക്കുന്ന നടനെന്ന നിലയിൽ നമ്മൾ കുറേക്കൂടി മെച്ചപ്പെട്ടു. സംവിധായകൻ പറഞ്ഞുതരുന്നതിനപ്പുറത്തേക്ക് നമ്മുടെ പ്രകടനം മികച്ചതാക്കാൻ അദ്ദേഹം സഹായിച്ചു. തന്റെ അഭിനയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടെയുള്ള നടനെ കംഫർട്ടബിൾ ആക്കി അഭിനയിപ്പിക്കാൻ നടത്തുന്ന അദ്ദേഹത്തിന്റെ ശ്രമം എടുത്തുപറയേണ്ടതാണ്.

captian movie

അച്ഛന്റെ അഭിനയമോഹം, പിന്തുണയായി സുഹൃത്തുക്കൾ

കടുത്ത സിനിമാമോഹിയായിരുന്നു അച്ഛൻ. സിനിമ കാണാൻ വലിയ താല്പര്യമായിരുന്നു. ഒപ്പം എന്നെയും കൂട്ടും. സിനിമയിൽ അഭിനയിക്കാനുള്ള അച്ഛന്റെ ആഗ്രഹം എന്നിലൂടെ ഫലം കണ്ടതിൽ ഏറെ സന്തോഷം അനുഭവിക്കുന്നു. ഞാൻ അഭിനയിച്ച കന്നഡ സിനിമകൾ റിലീസ് ആകുന്ന ദിവസം ബാംഗ്ലൂരിൽ എത്തി അച്ഛനും അമ്മയും കാണാറുണ്ട്. അതെല്ലാം അവരിൽ വലിയ സന്തോഷമുണ്ടാക്കി. അതുപോലെ സുഹൃത്തുക്കളുടെ പിന്തുണയും കൂടെയുണ്ട്. സിനിമയിൽ എത്തിച്ചേരുന്നതിലും തുടർന്നുള്ള പിന്തുണയിലും കൂട്ടുകാർ നല്ലരീതിയിൽ സഹായിച്ചിട്ടുണ്ട്. പത്രങ്ങളിൽ അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ വരുമ്പോൾ അറിയിക്കാനും കൂട്ടുകാർ ഒപ്പംനിന്നു.

പുതിയ സിനിമകൾ

പ്രജേഷ് സെന്നിന്റെ തന്നെ പുതിയ ചിത്രം സീക്രട്ട് ഓഫ് എ വുമൺ, ഡിജോ ജോസ് ആന്റണിയുടെ ജനഗണമന എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
Content highlights :malayalam young actor midhun talk about his cinema career