ലയാള സിനിമാസംഗീതം അതുവരെ പിന്തുടര്‍ന്നിരുന്ന വഴികളില്‍നിന്ന് മാറിനടക്കാന്‍ തുടങ്ങിയ കാലമായിരുന്നു 2000-ത്തിന്റെ തുടക്കം. പുതുമ നിറഞ്ഞ പരീക്ഷണങ്ങള്‍ നടത്തി ഒട്ടേറെ യുവഗായകരും സംഗീതസംവിധായകരും രംഗപ്രവേശം ചെയ്യുന്നു... അക്കൂട്ടത്തില്‍ കോഴിക്കോട്ട്  നിന്നെത്തിയ ഒരു ചെറുപ്പക്കാരന്‍ കൂടിയുണ്ടായിരുന്നു. സംഗീതത്തെ ചെറുപ്പം മുതലേ ഹൃദയത്തോട് ചേര്‍ത്തു നടന്നവന്‍. കെ.കെ. നിഷാദ്! 2002-ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് നിഷാദ് പിന്നണിഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. 

പ്രഗത്ഭരായ ഒട്ടേറെ സംഗീതസംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് ആ പുതുശബ്ദം മലയാളിമനസിലേക്ക് ഒഴുകിയിറങ്ങി. കണ്ടു കണ്ടു കൊതി, മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടി, മയങ്ങിപ്പോയി ഞാന്‍, പാല്ലപ്പൂവിതളില്‍, നാട്ടുവഴിയോരത്തെ... ആ ഗാനങ്ങളിലൂടെ നിഷാദ് സംഗീതാസ്വാദകര്‍ക്കിടയില്‍ സുപരിചിതനായി. ഗായകനില്‍നിന്ന് സംഗീതസംവിധായകന്റെ റോളിലേക്ക് കൂടി കടന്നിരിക്കുകയാണ് നിഷാദ് ഇപ്പോള്‍. മഹര്‍- സെലിബ്രേഷന്‍ ഓഫ് ലവ് എന്ന ആല്‍ബം യൂട്യൂബില്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. നൃത്തവും ആലാപനവും ഒത്തുചേരുന്ന മഹര്‍ മനസില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കുള്ള സമര്‍പ്പണമാണ്. മഹറിനെപ്പറ്റി, കടന്നുവന്ന സംഗീതവഴികളെപ്പറ്റി നിഷാദ് സംസാരിക്കുന്നു...

കൊറോണക്കാലത്ത് പിറന്ന മഹര്‍

കൊറോണയുടെ സമയത്താണ് മഹര്‍ സംഭവിക്കുന്നത്. യു.കെ.യില്‍ നേഴ്‌സ് ആയ സത്യനാരായണന് കൊറോണ ബാധിക്കുകയും ആ സമയത്ത് അദ്ദേഹം എഴുതിയ കുറെ കവിതകള്‍ എനിക്ക് അയച്ചുതരികയും ചെയ്തു. അയച്ചുതന്ന രണ്ട് കവിതകളില്‍ ഒന്നായിരുന്നു മഹര്‍. കവിതയുടെ ലാളിത്യമാണ് ഈണമിടാന്‍ പ്രേരണയായത്. നല്ലരീതിയില്‍ ചെയ്യാമെന്ന ആലോചന പിന്നീടുണ്ടായി. അങ്ങനെയാണ് സംഗീതജ്ഞനായ മധു പോള്‍ പശ്ചാത്തലസംഗീതം ചെയ്യുന്നതും സിതാര കൃഷ്ണകുമാര്‍ പാടുന്നതും. 

ക്ലിക്കായ ബര്‍ക്കാ റിതു

ബര്‍ക്കാ റിതു ഒരു ഹിന്ദുസ്ഥാനി കോമ്പസിഷനാണ്. ഗുരുനാഥനില്‍നിന്നാണ് അതിനെപ്പറ്റി അറിഞ്ഞതും പഠിച്ചതും. പിന്നീടെപ്പോഴോ ബര്‍ക്കാ റിതു പുനഃസൃഷ്ടിക്കണമെന്ന് തോന്നലുണ്ടാകുന്നത്. ഒരു പാട്ടോ കവിതയോ കേള്‍ക്കുമ്പോള്‍ അത് എങ്ങനെ വ്യത്യസ്തമായി ചെയ്യാമെന്ന ആലോചനയുണ്ടാകുകയും പിന്നീട് അതൊരു ആഗ്രഹമായി മാറുകയും ചെയ്യുന്നു. സ്വാതിതിരുനാള്‍ കൃതിയായ അലര്‍ശര പരിതാപം റീവര്‍ക്ക് ചെയ്തതും ഈ ആഗ്രഹത്തിന്റെ ഫലമായിട്ടാണ്. ഒരു പാട്ടു പാടുന്നതുപോലെ എളുപ്പമല്ല ഗാനം ചിട്ടപ്പെടുത്താന്‍. പൂര്‍ണമായും സംഗീതസംവിധാനത്തിലേക്ക് തിരിയാനുള്ള ആലോചനയില്ല.

സംഗീതത്തിനൊപ്പം ഗണിതശാസ്ത്രവും

അച്ഛനില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ നേടിയെടുക്കുന്നത്. പി.ഡബ്ല്യു.ഡി. ഓഫീസര്‍ എന്നതിനപ്പുറത്ത് അച്ഛന്‍ ഒരു സംഗീതജ്ഞന്‍ കൂടിയായിരുന്നു. ആ പാരമ്പര്യത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ടെക്‌നിക്കല്‍ മേഖലകളിലേക്ക് പോകാനായിരുന്നു വീട്ടുകാരുടെ നിര്‍ദേശം. അങ്ങനെ ഇഷ്ടവിഷയമായ ഗണിതശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചു. അധ്യാപനജോലി എനിക്ക് ഇഷ്ടമായിരുന്നു. അങ്ങനെ ബി.എഡ് എടുക്കുകയും ദേവഗിരി സെന്റ് ജോസഫ് കോളേജിലും നന്മണ്ട ഹയര്‍സെക്കൻഡറി സ്‌കൂളിലുമൊക്കെയായി മൂന്നര വര്‍ഷം ജോലിചെയ്യാന്‍ സാധിച്ചു. 

സംഗീതം അപ്പോഴും കൂടെയുണ്ടായിരുന്നെങ്കിലും പ്രൊഫഷന്‍ ആക്കാനുള്ള ആലോചനയുണ്ടായിരുന്നില്ല. കൈരളി- സ്വരലയ ഗന്ധര്‍വസംഗീത പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തത് ജീവിതത്തിലെ വഴിത്തിരിവായി. അങ്ങനെ രാജസേനന്‍ സര്‍ സിനിമയിലേക്ക് പാടാന്‍ ക്ഷണിക്കുകയും അദ്ദേഹത്തിന്റെ ചിത്രത്തില്‍ രണ്ട് ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. അങ്ങനെ അധ്യാപനജോലിയും ഗണിതശാസ്ത്രവും വിട്ട് സംഗീതത്തിലേക്ക് എത്തി. തുടര്‍ന്ന് പാട്ടിലെ ഗണിതശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചു.

എളുപ്പത്തില്‍ തുടങ്ങി, പക്ഷേ...

കൈരളിയിലെ ഗന്ധര്‍വസംഗീതം പരിപാടിയിലേക്ക് അവസരം ലഭിച്ചതും ഒന്നാം സ്ഥാനം നേടിയതുമെല്ലാം സിനിമയിലേക്കുള്ള കടന്നുവരവ് എളുപ്പമാക്കി. ഗന്ധര്‍വസംഗീതത്തിലെ അവസാന റൗണ്ടില്‍ പാടിയ ഓ ദുനിയാ കെ റഖുവാലെ എന്ന പാട്ടുകേട്ടാണ് രാജസേനന്‍ സര്‍ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി സിനിമയിലേക്ക് വിളിക്കുന്നത്. പൂത്തൂരം വീട്ടിലെ തച്ചോളിപ്പാട്ടിലെ എന്നു തുടങ്ങുന്ന ഗാനവും കളരിക്കും കാവിനും എന്നീ രണ്ട് പാട്ടുകള്‍ ലഭിച്ചു. സിനിമയിലേക്ക് എത്തിയതിനുശേഷമാണ് സംഗീതത്തെ വളരെ ഗൗരവമായി കാണാന്‍ തുടങ്ങിയതും  കൂടുതലായി പഠിക്കാന്‍ ശ്രമിച്ചതും. സിനിമയിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നെങ്കിലും പിന്നീടങ്ങോട്ടുള്ള സംഗീതജീവിതത്തില്‍ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഒപ്പം കൂടിയ ഹിന്ദുസ്ഥാനി

അച്ഛന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് ഹിന്ദുസ്ഥാനി സംഗീതമാണ്. എം.എസ്. ബാബുരാജിന്റെയും മുഹമ്മദ് റാഫിയുടേയും പാട്ടുകള്‍ ആണ് അച്ഛന്‍ കൂടുതല്‍ കേട്ടിരുന്നത്. എന്നെയും ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കണമെന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നു. കോഴിക്കോട്ട് നിന്നുകൊണ്ട് അത് പഠിക്കാനുള്ള സാഹചര്യങ്ങള്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം സംഗീതം പ്രധാന മേഖലയായി കണ്ടിരുന്ന സമയത്താണ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കണമെന്ന തോന്നല്‍ വീണ്ടുമുണ്ടാകുന്നതും നളിന്‍ എന്ന അധ്യാപകനെ ലഭിക്കുന്നത്. അദ്ദേഹം ഒരു ഹിന്ദുസ്ഥാനി ഹാര്‍മോണിയം വാദകനും ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്നയാള്‍ കൂടിയായിരുന്നു. 

അദ്ദേഹത്തില്‍നിന്നാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കള്‍ച്ചര്‍ അറിയുന്നത്. ഉന്നത  പഠനത്തിനായി ദത്താത്രെ വലങ്കാര്‍ എന്ന അധ്യാപകനിലേക്ക് പിന്നീട് എത്തിച്ചേര്‍ന്നു. ദത്താത്രെ സര്‍ ഭീംസന്‍ ജോഷിയുടെ ശിഷ്യനായ വിനായക് തോര്‍വിയുടെ ശിഷ്യനാണ്. അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് ഹിന്ദുസ്ഥാനി കൂടുതലായി പഠിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി. അതിനൊപ്പം തന്നെ കര്‍ണ്ണാടിക് സംഗീതവും പഠിക്കാന്‍ കഴിഞ്ഞു. ചേളന്നൂര്‍ സുകുമാരന്‍ ഭാഗവതര്‍, ശിവന്‍ സര്‍, ശ്രീധരന്‍ മുണ്ടങ്ങാട് എന്നിവരായിരുന്നു കര്‍ണാട്ടിക് സംഗീതത്തിലെ ഗുരുക്കന്മാര്‍. പാലാ സി.കെ. രാമചന്ദ്രന്‍ സാറിന്റെ കീഴിലാണ് ഇപ്പോള്‍ സംഗീതപഠനം.

kk nishad

അവര്‍ പകര്‍ന്ന സംഗീതപാഠങ്ങള്‍ 

വ്യത്യസ്തമായ സംഗീതശൈലിയും ആലാപനരീതിയും മനസിലാക്കാന്‍ കഴിഞ്ഞത് പ്രഗത്ഭരായ സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴാണ്. സംഗീതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ അവരില്‍ നിന്നെല്ലാം ലഭിച്ചിട്ടുണ്ട്. ഓരോ സംഗീതസംവിധായകര്‍ക്കും ഇഷ്ടമാകുന്ന തരത്തില്‍ ആലാപനം നടത്താന്‍ കഴിയണമെങ്കില്‍ അവരുടെ സംഗീതരീതിയെപ്പറ്റി മനസിലാക്കുകയും കഴിയുന്നത്ര മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം. പാടുന്ന ഓരോ പാട്ടും വലിയ തെറ്റുകള്‍ വരുത്താതെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സംഗീതജ്ഞര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. അതുപോലെ സ്റ്റേജ് ഷോകളില്‍ പാടുമ്പോള്‍ മുതിര്‍ന്ന ഗായകര്‍ നല്‍കിയ പിന്തുണയും അനുഭവങ്ങളും മുതല്‍ക്കൂട്ടായി.

സംഗീതത്തിലെ മാറ്റങ്ങള്‍

നമ്മുടെ സംസ്‌കാരത്തിലും രീതികളിലും കാലക്രമേണ വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ സംഗീതത്തിലും സംഭവിച്ചിട്ടുണ്ട്. മുൻപുള്ളതില്‍ നിന്നും വ്യത്യസ്തമായ ശൈലിയും ആലാപനരീതികളുമൊക്കെ കാലത്തിനനുസരിച്ച് വന്നിട്ടുണ്ട്. എല്ലാ കാലഘട്ടത്തിലും അത്തരം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇളയരാജ വന്നപ്പോഴും എ.ആര്‍ റഹ്മാന്‍ വന്നപ്പോഴുമൊക്ക പലതരത്തിലുള്ള പരീക്ഷണങ്ങളും സംഗീതത്തിലേക്ക് വന്നുചേര്‍ന്നു. മറ്റെല്ലാ മേഖലകളിലുമെന്നപോലെ സംഗീതത്തിലും മാറ്റങ്ങള്‍ സ്വഭാവികമായി സംഭവിക്കും. എങ്കില്‍പോലും നല്ല മെലഡികള്‍ക്ക് എല്ലാ കാലഘട്ടത്തിലും സ്വീകാര്യത ലഭിക്കും!    

Content highlights : malayalam playback singer kk nishad interview