വിരലിലെണ്ണാവുന്ന സിനിമകളിലേ നിമിഷ സജയന്‍ അഭിനയിച്ചിട്ടുള്ളൂ. 24-വയസ്സുള്ള ഈ പെണ്‍കുട്ടി പക്ഷേ, മലയാള സിനിമയുടെ ചരിത്രത്തില്‍ സ്വന്തമായൊരു സ്ഥാനമുറപ്പിച്ചു. തന്റെ പ്രായത്തിനോ സഹജമായ സ്വഭാവത്തിനോ ഇണങ്ങാത്ത രീതിയില്‍ ഉള്‍ക്കരുത്തുള്ള പരുക്കന്‍ സ്ത്രീ കഥാപാത്രങ്ങളിലേക്കുള്ള പകര്‍ന്നാട്ടംകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് നിമിഷ. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയിലും തുടങ്ങി നായാട്ടിലെത്തി നില്‍ക്കുന്ന അഭിനയസപര്യയെക്കുറിച്ച് നിമിഷ മനസ്സുതുറക്കുന്നു

നിമിഷ സിനിമയിലേക്ക് വന്നതെങ്ങനെയാണ്

=മുംബൈയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. പക്ഷേ, സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. മുംബൈയില്‍ കെ. ജെ. സോമയ്യ കോളേജില്‍ മാസ് കമ്യൂണിക്കേഷനില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയ്ക്കുവേണ്ടി ഓഡിഷനുണ്ടെന്ന് അറിഞ്ഞത്. എറണാകുളത്ത് ഓഡിഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതു കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് വിട്ടു. പക്ഷേ, അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചു. പക്ഷേ, അവര്‍ ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാം തവണയും വിളിപ്പിച്ചു. അപ്പോള്‍ ക്യാമറാമാന്‍ രാജീവേട്ടന്‍ ( രാജീവ് രവി) ശ്യാമേട്ടന്‍(ശ്യാം പുഷ്‌കരന്‍) തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അപ്പോഴാണ് പറഞ്ഞത്. സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍. കഥാപാത്രത്തെയും സന്ദര്‍ഭങ്ങളെയും കുറിച്ച് ദിലീഷേട്ടനും ശ്യാമേട്ടനുമെല്ലാം നന്നായി പറഞ്ഞുതന്നതു കൊണ്ട് വലിയ ആത്മവിശ്വാസം ലഭിച്ചു.

ആദ്യമായാണ് ഒരു പോലീസ്വേഷം നിമിഷ ചെയ്യുന്നത്. നായാട്ടിലെ പോലീസുകാരിയുടെ വേഷം വലിയൊരു വെല്ലുവിളിയായിരുന്നു അല്ലേ

= പോലീസ് എന്നു കേട്ടപ്പോള്‍ ആദ്യം ഞാന്‍ കരുതിയത് വളരെ എനര്‍ജിയൊക്കെ കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രമാണെന്നാണ്. പിന്നീട് മനസ്സിലായി വളരെ ശ്രദ്ധയോടെ ഒതുക്കത്തില്‍ ചെയ്യേതാണെന്ന്. അതില്‍ ആദ്യവസാനമുണ്ടെങ്കിലും എനിക്ക് സംഭാഷണങ്ങള്‍ കുറവാണ്. നമ്മുടെ മുഖത്തെ ഭാവങ്ങളിലൂടെ പെരുമാറ്റം കൊണ്ട് ഫലിപ്പിക്കേണ്ട അധികം സംസാരിക്കാത്ത കഥാപാത്രമാണത്. സിനിമയുടെ അവസാനം അവള്‍ ഒരു ഉറച്ച നിലപാടെടുക്കുന്നു. അങ്ങനെയൊരു കഥാപാത്രം നല്‍കിയതിന്, അവതരിപ്പിക്കാന്‍ കഴിഞ്ഞതിന് സംവിധായകനോടും തിരക്കഥാകൃത്തിനോടുമെല്ലാം ഞാന്‍ നന്ദി പറയുന്നു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ കേന്ദ്രകഥാപാത്രം നിമിഷയാണ് അതു ചെയ്യുമ്പോള്‍ കണ്ടുപരിചയിച്ച ഏതെങ്കിലും വീട്ടമ്മ മനസ്സിലുണ്ടായിരുന്നുവോ

= അങ്ങനെയൊന്നുമില്ല. ആ സിനിമ കണ്ടിട്ട് അമ്മയെ ഓര്‍മവന്നു എന്നാണ് മിക്കവരും പറഞ്ഞത്. ഭാര്യയെ ഓര്‍മവന്നു എന്ന് പറഞ്ഞവര്‍ ചുരുക്കമാണ്. ഈ ലോകത്തെ ഓരോ അടുക്കളയിലും എരിഞ്ഞുതീരുന്ന അമ്മമാര്‍ക്കുവേണ്ടിയുള്ള സിനിമയാണത്. ആ കഥാപാത്രത്തെ ഞാന്‍ സമീപിച്ചതും ആ രീതിയിലാണ്.

സിനിമയില്‍ വന്നിട്ട് നാലു വര്‍ഷമായി. ഈയൊരു യാത്രയെ എങ്ങനെ കാണുന്നു

= അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. പക്ഷേ, ഏറെ ആസ്വദിച്ച് മുഴുവന്‍ എഫര്‍ട്ടുമെടുത്താണ് ഓരോ സിനിമയും ചെയ്യുന്നത്. എട്ടു സിനിമകളാണ് റിലീസായത്. ചിലത് റിലീസാവാനിരിക്കുന്നു. ഓരോന്നിലും എന്റേതായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ഒപ്പം ജോലിചെയ്യുന്നവരില്‍നിന്ന് കിട്ടുന്ന പിന്തുണയാണ്.

ഒപ്പം അഭിനയിച്ചതില്‍ ഏറ്റവും സ്വാധീനിച്ച ഒരു നടനെ ചൂണ്ടിക്കാണിക്കാനുണ്ടോ

= ഫഹദിക്ക (ഫഹദ് ഫാസില്‍) അന്നും ഇപ്പോഴും അങ്ങനെത്തന്നെ. മാലിക്ക് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. അപ്പോള്‍ ഫഹദിക്ക പറയും: ''ആ സീന്‍ നമുക്ക് ഒന്നുകൂടി നോക്കാം. നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റും.'' അങ്ങനെ എന്റെ പെര്‍ഫോമന്‍സ് നന്നാവാന്‍ എത്രതവണ വേണെങ്കിലും ഓരോ സീനും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. നിമിഷ ചെയ്തത് ശരിയായില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. ഇനിയും നന്നായി ചെയ്യാനാവും എന്നു മാത്രമേ ഫഹദിക്ക പറയാറുള്ളൂ. അത് വലിയ കാര്യമാണ്. ഫഹദിക്ക അടിപൊളിയാണ്.

നിമിഷയിപ്പോള്‍ കരിയറിനെ സീരിയസായി സമീപിക്കാന്‍ തുടങ്ങിയെന്ന് പറഞ്ഞാല്‍

= അത് തുടക്കം തൊട്ടേ അങ്ങനെയാണ്. വളരെ ഗൗരവത്തോടെ തന്നെയാണ് ഈ പ്രൊഫഷനെ കാണുന്നത്. നല്ല കഥാപാത്രങ്ങളാണ് എനിക്ക് കിട്ടുന്നത്. മാലിക്കും തുറമുഖവുമെല്ലാം വലിയ പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന സിനിമകളാണ്. മാലിക്കില്‍ എന്നെക്കൊണ്ട് മഹേഷേട്ടന്‍ (സംവിധായകന്‍ മഹേഷ് നാരായണന്‍) അത്യാവശ്യം നന്നായി ആ റോള്‍ ചെയ്യിച്ചിട്ടുണ്ട്.

മറ്റു ഭാഷകളില്‍നിന്ന് ഓഫറുകള്‍ വന്നില്ലേ

= ഒന്നുരണ്ട് അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ, ആ സബ്ജറ്റുകളോട് കഥാപാത്രങ്ങളോട് താത്പര്യം തോന്നിയില്ല.

സ്ത്രീപക്ഷ സിനിമകള്‍ മലയാളത്തില്‍ കുറെ വരുന്നുവല്ലേ

= ഇപ്പോള്‍ അങ്ങനെയൊരു മാറ്റമുണ്ട്. അതിനു കാരണം പ്രേക്ഷകര്‍ തന്നെയാണ്. അത്തരം സിനിമകള്‍ അവര്‍ കൂടുതലായി കാണുന്നു. ആവശ്യപ്പെടുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വലിയ ഹിറ്റായതിനും ചര്‍ച്ചചെയ്യപ്പെട്ടതിനും കാരണം അതുതന്നെയാണല്ലോ?

Content Highlights: Malayalam Actress Nimisha Sajayan The Great Indian Kitchen Nayattu Thuramukham Malik Fahadh Faasil