റ്റൊരു വിഷുക്കാലമെത്തുമ്പോള്‍ മലയാളിയുടെ പ്രിയപ്പെട്ട മഞ്ജു വാരിയര്‍ സിനിമയില്‍ പുതിയൊരു വേഷംകൂടി അണിയുകയാണ്. വെള്ളിത്തിരയില്‍ നിര്‍മാതാവിന്റെ പേരിലും ഇനി മഞ്ജുവിനെ കാണാം. മഞ്ജു വാരിയര്‍ നിര്‍മാണ പങ്കാളിയാവുന്ന ചതുര്‍മുഖം എന്ന സിനിമ തിയേറ്ററിലെത്തിക്കഴിഞ്ഞു.

''ഇത് ടെക്‌നോ ഹൊറര്‍ എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയാണ്. ഇതിന്റെ കഥയും അവതരണവുമെല്ലാം പുതുമയുള്ളതാണ്. ഇപ്പോള്‍ നമ്മുടെ ജീവിതത്തില്‍ ടെക്‌നോളജിയുടെ ഒരു അതിപ്രസരം തന്നെയുണ്ട്. നമ്മള്‍ നിയന്ത്രിക്കുന്നതിനുപകരം ടെക്‌നോളജി നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാവുന്നു. നമ്മുടെ ജീവിതശൈലി തന്നെ അങ്ങനെ ആയിപ്പോയി. ടെക്‌നോളജിയുടെ ഈ ഭയാനകമായ വേര്‍ഷനാണ് ചതുര്‍മുഖം എന്ന സിനിമയില്‍ കാണിക്കുന്നത്.'' -നിര്‍മാണപങ്കാളിയാവുന്ന സിനിമയെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയിലാണ് മഞ്ജു വാരിയര്‍. 

ചതുര്‍മുഖം സിനിമയില്‍ തേജസ്വിനി എന്ന കഥാപാത്രത്തിന് ജീവന്‍പകരുന്നതും മഞ്ജുവാണ്. 'ലളിതം സുന്ദരം' എന്ന പേരില്‍ മഞ്ജു നിര്‍മിക്കുന്ന മൂന്നാമത്തെ സിനിമ അണിയറയില്‍ തയ്യാറാവുന്നുണ്ട്. ആദ്യമായി നിര്‍മാതാവായ 'കയറ്റം' എന്ന സിനിമയ്ക്ക് ഫെസ്റ്റിവലുകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. നിര്‍മാണ രംഗത്തേക്കുള്ള ചുവടുവെപ്പ് ജീവിതത്തിലെ മറ്റൊരു സിനിമാ പരീക്ഷണമായി കാണാനാണ് മഞ്ജുവിന് ഇഷ്ടം.

''വരുന്ന സിനിമകള്‍ നല്ലതാണെന്ന് മനസ്സിലാവുകയും അതിലൊരു ആത്മവിശ്വാസം തോന്നുകയും ചെയ്തപ്പോഴാണ് ഞാനും നിര്‍മാണപങ്കാളിയാകാം എന്ന് തീരുമാനിക്കുന്നത്. അത് ആ സിനിമയിലുള്ള വിശ്വാസവും പ്രതീക്ഷയുംകൊണ്ട് തന്നെയാണ്. ഇത് സിനിമയുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തിലുണ്ടാവുന്ന മറ്റൊരു പരീക്ഷണമാണ്.'' പതിനേഴാം വയസ്സില്‍ ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി മുഖം കാണിക്കുകയും 26 വര്‍ഷംകൊണ്ട് സിനിമയില്‍ സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടും സിനിമയോടുള്ള അടങ്ങാത്ത കൊതി മറച്ചുവെക്കുന്നില്ല അവര്‍.

സിനിമാനിര്‍മാണം ഒരുപാട് ഉത്തരവാദിത്വങ്ങളും വെല്ലുവിളിയും നിറഞ്ഞ മേഖലയല്ലേ

=വെല്ലുവിളി എന്ന രീതിയില്‍ അതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട അവസ്ഥ കൂടെയുള്ള ആളുകള്‍ ഇതുവരെ എനിക്ക് തന്നിട്ടില്ല. അവരെല്ലാം വളരെ മികവുറ്റ രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നുണ്ട്. തീര്‍ച്ചയായും സിനിമാനിര്‍മാണത്തിന് അതിന്റേതായ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളുമുണ്ട്. നമ്മള്‍ സിനിമയില്‍ വിശ്വസിച്ച് അതങ്ങ് ഏറ്റെടുക്കുന്നുവെന്ന് മാത്രം.

പണ്ട് അഭിനയിച്ചിരുന്ന കാലത്ത് നിര്‍മാണത്തെക്കുറിച്ച് ചിന്തിച്ചിരുന്നോ

=പണ്ട് ഒട്ടും ചിന്തിച്ചിട്ടില്ല. വീണ്ടും അഭിനയിച്ചു തുടങ്ങിയപ്പോള്‍പ്പോലും ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം കയറ്റം എന്ന സിനിമയോടു കൂടിയാണ് ഞാന്‍ ഈയൊരു മേഖലയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. പിന്നെ ഓരോന്നും ആലോചിച്ച് ഉറപ്പിക്കുകയോ അതിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുകയോ പോലുള്ള കാര്യങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു പരീക്ഷണമായി കാണാനാണ് ഇഷ്ടം. കയറ്റം എന്ന സിനിമയ്ക്ക് ഐ.എഫ്.എഫ്.കെ.യില്‍ അടക്കം പല ഫെസ്റ്റിവലുകളിലും നല്ല പ്രതികരണങ്ങള്‍ കിട്ടിയിരുന്നു. പിന്നെ നിര്‍മാണച്ചുമതല ഏറ്റെടുത്തത് 'ലളിതം സുന്ദരം' എന്ന സിനിമയാണ്. അതൊരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയിനറാണ്. ഒരു തണുത്തകാറ്റ് എന്നൊക്കെ പറയുന്നപോലെ സുഖമുള്ള സിനിമ. 'ചതുര്‍മുഖം' ടെക്‌നോ ഹൊറര്‍ മൂഡുള്ള ചിത്രമാണ്. ഞാന്‍ ഇതുവരെ ഏറ്റെടുത്ത സിനിമാനിര്‍മാണ സംരംഭങ്ങളെല്ലാം തികച്ചും വ്യത്യസ്തമാണെന്ന് എനിക്ക് അഭിമാനപൂര്‍വം പറയാന്‍ പറ്റും. ഈ സിനിമകളെല്ലാം പ്രേക്ഷകരിലേക്ക് എത്തുമ്പോഴേ എന്റെയീ യാത്ര പൂര്‍ണമാവുന്നുള്ളൂ. അവരുടെ പ്രതികരണം കാത്തിരിക്കുകയാണ് ഞാന്‍.

ഏതു തരത്തിലുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോവുന്നത്

=ഇപ്പോള്‍ തന്നെ വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകളാണ് ചെയ്തിരിക്കുന്നത്. ഇനിയും നല്ല സിനിമകള്‍, പ്രേക്ഷകര്‍ക്ക് കാണാന്‍ ഇഷ്ടമുള്ള സിനിമകള്‍ നിര്‍മിക്കണം. അതില്‍ നിര്‍മാണ പങ്കാളിയാവണം. ഇങ്ങനെയൊക്കെയുള്ള ആഗ്രഹങ്ങളേയുള്ളൂ. വലിയ പദ്ധതികളും തന്ത്രങ്ങളുമൊന്നുമില്ല. എല്ലാം വരുന്നപോലെ വരട്ടെ.

ഈയിടെ മമ്മൂട്ടിയുടെ ക്യാമറയ്ക്കു മുന്നില്‍ മോഡലായല്ലോ

=ഞാന്‍ മമ്മൂക്കയ്ക്ക് ഒപ്പം ആദ്യമായി അഭിനയിച്ച പ്രീസ്റ്റ് സിനിമയുടെ ഷൂട്ടിങ് സമയത്ത് അവിടെ ലൈറ്റപ്പ് ചെയ്ത് വെച്ചിരുന്നു. ഒരു ചുമരില്‍ ലൈറ്റ് വീണുകിടക്കുന്നത് കണ്ടപ്പോള്‍ മമ്മൂക്ക എന്നോട് വന്ന് പോസ് ചെയ്യാന്‍ പറഞ്ഞതാണ്. മുമ്പ് മമ്മൂക്ക ഫോട്ടോ എടുക്കുന്ന വാര്‍ത്തയൊക്കെ കണ്ടിട്ടേയുള്ളൂ. ഇത് കേട്ടപ്പോള്‍ ദൈവമേ മമ്മൂക്ക എന്റെ ഫോട്ടോ എടുക്കുന്നുവല്ലോ എന്നൊരു ആവേശവും ആകാംക്ഷയുമൊക്കെ തോന്നി. ഞാനും മമ്മൂക്കയുടെ ക്യാമറയ്ക്ക് മോഡലായല്ലോ എന്ന് സന്തോഷിച്ചു. എങ്ങനെ പോസ് ചെയ്യണം, എവിടെ നോക്കിയാലാണ് ആ വെളിച്ചത്തിന്റെ ഭംഗി കണ്ണില്‍ വരുന്നത് എന്നൊക്കെ മമ്മൂക്ക പറഞ്ഞുതന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രം അറിയുന്ന മര്‍മമാണല്ലോ അത്. എന്തായാലും നല്ല ഭംഗിയുള്ള ഫോട്ടോകളായിരുന്നു.

ആ ചിത്രങ്ങളിലെ പോലെ മഞ്ജു വീണ്ടും ചിരിക്കുന്നു. എങ്ങും വെളിച്ചം വീശുന്ന ചിരി.

(ജീവിതത്തിലെ പുതിയ ആനന്ദങ്ങളെക്കുറിച്ച് മഞ്ജു വാരിയര്‍ മനസ്സുതുറക്കുന്ന അഭിമുഖം ഏപ്രില്‍ രണ്ടാംലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം...)

Content Highlights: Malayalam Actress Manju Warrier Malayalam Movie Chathur Mukham