കോട്ടയം പാദുവയിലെ വീടിനു മുന്നില്‍ മീനാക്ഷി കാത്തുനിൽപ്പുണ്ടായിരുന്നു. അകത്ത് 28 ദിവസം മാത്രം പ്രായമായ കുഞ്ഞനിയന്‍ നല്ല ഉറക്കത്തിലാണ്. രണ്ടാമത്തെ അനിയന്‍ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയിരിക്കുകയാണ്. അമ്മയാകട്ടെ കുഞ്ഞാവയ്ക്കു കൂട്ടിരിക്കുകയാണ്... മീനാക്ഷി പറഞ്ഞു തുടങ്ങി. ശബ്ദം കേട്ടാല്‍ കുഞ്ഞാവ ഉണരും. അതു കൊണ്ട് സംസാരം പാദുവയിലെ വീടിനു മുന്നിലെ വിശാലമായ പാടത്തൂടെ നടന്നുകൊണ്ടായി. നടക്കുന്നതിനിടയില്‍ സിനിമയിലെ അനുഭവത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും മീനാക്ഷി വാചാലയായി.

സിനിമയിലേയ്ക്കുള്ള വരവ്

രണ്ടര വയസുമുതല്‍ പരസ്യങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. പക്ഷേ അതൊന്നും എനിക്ക് ഓര്‍മയില്ല. ആറു വയസുള്ളപ്പോള്‍  മധുരം നൊമ്പരം എന്ന ആല്‍ബത്തിലൂടെയായിരുന്നു ഫസ്റ്റ് എന്‍ട്രി. അതിനു കാരണം വീടിനടുത്തുള്ള അഖിൽ ചേട്ടനും നിഖിൽ ചേട്ടനുമായിരുന്നു. നിഖില്‍ ചേട്ടനായിരുന്നു ഇത്തവണ ക്യാമറമാനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. ഫഹദ് ഫാസിലേട്ടന്റെ കൂടെ വണ്‍ ബൈ ടൂ ആയിരുന്നു ആദ്യത്തെ സിനിമ. കോമ്പിനേഷന്‍ സീന്‍ ഒന്നും ഉണ്ടായിരുന്നില്ല. അതില്‍ ചെറിയ ഒരു റോളായിരുന്നു. പിന്നെ അമര്‍ അക്ബര്‍ അന്തോണി, ഒപ്പം, അങ്ങനെ കുറച്ചു ചിത്രങ്ങൾ... അമര്‍ അക്ബര്‍ വന്നതിനു ശേഷം പാത്തൂനെയാണ് എല്ലാവര്‍ക്കും അറിയാവുന്നത്. അമര്‍ അക്ബര്‍ ആന്തോണി കണ്ടിട്ടാണ് പ്രിയന്‍ അങ്കിള്‍ വിളിച്ചത്. അങ്ങനെയാണ് ഒപ്പത്തിലേയ്ക്ക് എത്തിയത്. 

മോഹന്‍ലാലിനൊപ്പമുള്ള അനുഭവം

ലാലേട്ടനെന്നു പറഞ്ഞാല്‍ അടിെപാളിയാണ് സൂപ്പറാണ്, ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഗൗരവുമുള്ള ഒരു കാര്യം ചെയ്യുകയാണെന്ന് തോന്നുകയെ ഇല്ല. എപ്പോഴും കളിയാണ്. ഷൂട്ട് തുടങ്ങുമ്പോഴും തീരുമ്പോഴും കളിയാണ്. 

baby meenakshi
അച്ഛനും അമ്മയ്ക്കും അനിയനുമൊപ്പം മീനാക്ഷി 

ഒപ്പത്തില്‍ അഭിനയിക്കുമ്പോള്‍ പേടി തോന്നിയിരുന്നോ? 

പേടി തോന്നിയിട്ടില്ല. പക്ഷേ ഇവരെയൊക്കെ ടിവിയില്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂ. അപ്പോള്‍ പെട്ടെന്ന് അടുത്തു കാണുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിട്ടുണ്ട്. അല്ലാതെ പേടി തോന്നിട്ടില്ല. എല്ലാവരും അത്രയ്ക്ക് സിംപിളാണ്. ഇന്ദ്രനങ്കിളിന്റെയും ജയനങ്കിളിന്റെയും രാജു അങ്കിളിന്റെയുമൊക്കെ കൂടെ നില്‍ക്കുന്നത് വീട്ടില്‍ അച്ഛന്റെയും അമ്മയുടേയും അടുത്ത് നില്‍ക്കുന്നതു പോലെയാണ്. 

ആരെങ്കിലും വഴക്കു പറഞ്ഞിരുന്നോ?

ഇല്ല, ആരും വഴക്കു പറഞ്ഞിട്ടില്ല. എന്തെങ്കിലും തെറ്റിപ്പോയാലും നമുക്ക് ഒന്നുകൂടി നോക്കാം എന്നെ പറയൂ. ആരും അങ്ങനെ വിഷമിപ്പിക്കാറില്ല. ഇതുവരെ അങ്ങനെ വിഷമം ഒന്നും വന്നിട്ടില്ല. പിന്നെ അമര്‍ അക്ബറിന്റെ ക്ലൈമാക്‌സില്‍ എന്നെ കാനയില്‍ നിന്ന് എടുക്കുന്ന ഒരു ഷോട്ട് ഉണ്ട്. അന്നു കുറച്ചുകൂടി കുഞ്ഞായിരുന്നു. നാലിലോ അഞ്ചിേലാ ആണ് പഠിക്കുന്നത് ഇപ്പോള്‍ ഞാന്‍ എട്ടിലാണ്. അന്ന് അവിടുത്തെ ചേട്ടന്മാര്‍ പറ്റിക്കാനായി പറഞ്ഞു അത് ഓര്‍ജിനല്‍ കാനയാണ്. അതിലേയ്ക്ക് എടുത്തിടുമെന്ന്, അപ്പോള്‍ ഞാന്‍ പേടിച്ചു. എന്നെ ഇടാന്‍ നേരം രാജു അങ്കിളിന്റെ (പൃഥ്വിരാജ്) അടുത്ത് ഞാന്‍ ഇതു പറഞ്ഞു. അങ്കിള്‍ അങ്ങനെയൊന്നും ഇല്ല എന്നു പറഞ്ഞു എങ്കിലും എന്നെ എടുത്തു പൊക്കിയപ്പോള്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ കോസ്റ്റ്യൂമിലായിരുന്ന രാജു അങ്കിള്‍ ആ കാനയില്‍ ഇറങ്ങി കാണിച്ചു. പിന്നെ എല്ലാവരും എന്റെ കരച്ചില്‍ മാറ്റാന്‍ വേണ്ടി അതില്‍ ഇറങ്ങി കാണിച്ചു. അപ്പോഴേയ്ക്കും രാത്രിയായി, ആര്‍ക്കും വേറെ  കോസ്റ്റ്യൂം ഉണ്ടായില്ല. അതോടെ പിറ്റേ ദിവസത്തേയ്ക്ക് ഷൂട്ട് മാറ്റി. ഞാന്‍ കാരണം ഒരു ദിവസത്തെ ഷൂട്ട് മാറ്റി വച്ചു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരാറുണ്ട്. 

baby meenakshi
മീനാക്ഷി. ഫോട്ടോ: സനോജ് ഷാജി

വണ്ടിയോടിച്ച് പുലിവാല്‍ പിടിച്ചിരുന്നല്ലോ? 

പുലിവാലൊന്നും പിടിച്ചില്ല. കാറും ബൈക്കും ഓടിക്കുന്നത് ഭയങ്കര ഇഷ്ടമാണ്. വീട്ടിലെ തന്നെ നിരപ്പായ പറമ്പുണ്ട്. അവിടെയാണ് ഓടിച്ചത്. അവിടെ ബൈക്കും കാറും ഓടിച്ചിട്ടുണ്ട്. 

പുതിയ വേഷം

ഒപ്പത്തിന്റെ കന്നട പതിപ്പിൽ യില്‍ അഭിനയിച്ചിരുന്നു. കവച എന്നാണ് കന്നടയിലെ പേര്. അത് റിലീസായി. ഒപ്പം പോലെ തന്നെ ഹിറ്റാണ് അവിടെ. നമ്മുടെ മിനിങ്ങും മിന്നാമിനുങ്ങേ അവിടെ റെഖിയായെന്നു തുടങ്ങുന്നു പാട്ടാണ് അവിടെ. അതില്‍ എനിക്ക് കുറച്ചുകൂടി പ്രാധാന്യം ഉള്ള റോള്‍ ആണ്. രണ്ട് പാട്ടുണ്ട്. മിനുങ്ങും മിന്നാമിനുങ്ങിന്റെ ഒരു സാഡ് വേര്‍ഷനും ഒരുഹാപ്പി വേര്‍ഷനും. 

സിനിമയും പഠനവും എങ്ങനെ മുന്നോട്ട് കൊണ്ട് പോകുന്നു

കിടങ്ങൂര്‍ എന്‍ എസ് എസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് പഠിക്കുന്നത്. പഠനം നന്നായി പോകുന്നു. സ്‌കൂളില്‍ പതിവായി പോകാന്‍ പറ്റാറില്ല. രണ്ടും മാനേജ് ചെയ്തു പോകാന്‍ വീട്ടില്‍ ഒരു ടീച്ചര്‍ വരുന്നുണ്ട്. ടീച്ചറാണ് പഠനകാര്യങ്ങളില്‍ എല്ലാം സപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ സബ്ജക്ടും പഠിപ്പിക്കുന്നതും ടീച്ചറാണ്. സ്‌കൂളിലേ പോലെ തന്നെ ഇടയ്ക്ക് ഒരു ഇടവേള ഇട്ടിട്ട് ബാക്കി മുഴുവന്‍ സമയവും പഠനം തന്നെയാണ്. സുഹൃത്തുക്കള്‍ സഹായിക്കാറുണ്ട്. പക്ഷേ സ്‌കൂളില്‍ അങ്ങനെ പോകാത്തതു കൊണ്ട് എനിക്ക് അതികം ഫ്രണ്ട്‌സില്ല. അതില്‍ നല്ല വിഷമമുണ്ട്. പിന്നെ വീടിന് അടുത്തായാലും എന്റെ പ്രായത്തിലുള്ളവര്‍ കുറവാണ്. പക്ഷേ ഉള്ള സുഹൃത്തുക്കള്‍ നന്നായി സഹായിക്കും. ഇടയ്ക്ക് അവര്‍ നോട്ട്‌സ് ഓക്കെ അയച്ചു തരാറുണ്ട്. പക്ഷേ വീട്ടില്‍ വരുന്ന ടീച്ചറാണ് എനിക്കുള്ള നോട്ടസ് എല്ലാം തരുന്നത്. അതുകൊണ്ട് ഫ്രണ്ടിസിന്റെ ഹെല്‍പ്പ് അധികം വേണ്ടിവരാറില്ല. പിന്നെ എന്റെ ടീച്ചഴേ്‌സ് തന്നെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്.  ടീച്ചേഴ്‌സ് എല്ലാം എപ്പോഴും വിളിക്കും എന്റെ  സിനിമ ഇറങ്ങുമ്പോള്‍ ആദ്യം പോയി കണ്ടിട്ട് അഭിപ്രായം പറയുന്നത് ടീച്ചേഴ്‌സായിരിക്കും. നോട്ട്‌സ് ഒക്കെ വേണോ എന്ന് അവര്‍ ചോദിക്കാറുണ്ട്. സ്‌കൂളിലെ പിന്തുണ കൊണ്ടാണ് കന്നഡയിലൊക്കെ പോകാന്‍ സാധിക്കുന്നത്. സ്‌കൂളില്‍ നിന്നുള്ള പിന്തുണയില്ലായിരുന്നെങ്കില്‍ ഇത് സാധിക്കില്ലായിരുന്നു.

baby meenakshi
അച്ഛനും അമ്മയ്ക്കും അനിയനുമൊപ്പം മീനാക്ഷി 

ഭാവിയില്‍ ആരാകാനാണ് താല്‍പര്യം

അങ്ങനെ ഒന്നും എനിക്കറിയില്ല. ചിലപ്പോള്‍ ആക്ടറസ് ആകുമായിരിക്കും. സ്‌കൂളില്‍ എന്താകാനാണ് ആഗ്രഹം എന്നു ചോദിക്കുമ്പോള്‍ എല്ലാവരും പറയുമായിരുന്നു ഡോക്ടര്‍, എഞ്ചിനീയര്‍ എന്നൊക്കെ. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ഡോക്ടറാകാനാണ് ഇഷ്ടം. 

Malayalam Actress baby meenakshi  Oppam, Amar Akbhar Anthony, Prithviraj, Jayasurya