തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി വിജയ് ചിത്രം മാസ്റ്റേഴ്സ് തകര്‍ത്തോടുകയാണ്. മാസ്റ്റേഴ്സില്‍ വിജയ്യുടെ നായിക ചാരുവായി വീണ്ടും വെള്ളിത്തിരയിലെത്തിയതിന്റെ സന്തോഷത്തിലാണ് മാളവിക മോഹനന്. ' ഏതാണ്ട് ഒരു വര്‍ഷത്തോളമായുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. ഈ പുതുവര്‍ഷത്തില്‍ ആദ്യമായി തിയേറ്റര്‍ തുറക്കുമ്പോള്‍തന്നെ മാസ്റ്റേഴ്സ് പ്രദര്‍ശിപ്പിക്കാനായതില്‍ ഏറെ സന്തോഷം. ഇത്ര പെട്ടെന്ന് എനിക്ക് വിജയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ശരിക്കും സര്‍പ്രൈസ് ആയിരുന്നു. കൂടെ അഭിനയിക്കുന്നവരെ വളരെ കംഫര്‍ട്ടബിളാക്കുന്ന നടനാണ് വിജയ്. വിനയമുള്ള നല്ലൊരു മനുഷ്യന്.' മാസ്റ്റേഴ്സ് തീര്‍ത്ത ആവേശത്തിലാണ് മാളവിക. ജെഡിയുടെയും ചാരുവിന്റെയും കാന്റിഡ് ചിത്രങ്ങള്‍ പങ്കുവെച്ചും മാസ്റ്റേഴ്സ് വിശേഷങ്ങളെഴുതിയും സോഷ്യല്‍മീഡിയയില്‍ ഓരോ ദിവസവും പ്രേക്ഷകരെ ആവേശരാക്കിയും മാളവിക ആക്ടീവായിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു.മോഹനന്റെയും എഴുത്തുകാരി ബീന മോഹനന്റെയും മകളാണ് മാളവിക.
പട്ടംപോലെ സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു സിനിമയില്‍ മാളവിക മോഹനന്റെ അരങ്ങേറ്റം. മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ്ഫാദര്‍, മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ്, രജനീകാന്തിന്റെ പേട്ട... തുടങ്ങി ടോളിവുഡും കോളിവുഡും ബോളിവുഡുമെല്ലാം കീഴടക്കിയ ജൈത്രയാത്രയായിരുന്നു പിന്നീട്.
തമിഴില്‍ സജീവമാകാനാണോ തീരുമാനം?
പേട്ടയും മാസ്റ്റേഴ്സും നിനച്ചിരിക്കാതെ കിട്ടിയ അവസരങ്ങളാണ്. പട്ടംപോലെ, ഗ്രേറ്റ് ഫാദര്‍, ബിയോണ്ട് ദി ക്ലൗഡ്സ് എന്നീ സിനിമകള്‍ കണ്ടിട്ടാണ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് പേട്ടയിലേക്ക് വിളിക്കുന്നത്. രജനി സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമാണ്. ഷൂട്ടിങ്ങിനിടെ അദ്ദേഹം ഒരുപാട് സംസാരിച്ചിട്ടുണ്ട്. ആത്മീയതയെക്കുറിച്ച് പറഞ്ഞതൊക്കെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. പേട്ട കഴിഞ്ഞപ്പോള്‍ മാസ്റ്റേഴ്സിലേക്ക് വിളിച്ചു. തമിഴ് എനിക്ക് കംഫര്‍ട്ടബിളാണ്. അവസരങ്ങള്‍ കിട്ടുമ്പോള്‍ മറ്റ് ഭാഷകളിലും നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാനാവും. പക്ഷേ, പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷനുണ്ടാവും. ഇത് മലയാളി നടിയാണോ തമിഴത്തിയാണോ എന്നൊക്കെ... പക്ഷേ, ആര്‍ട്ടിസ്റ്റിന് അതൊരു നല്ല അനുഭവമാണ്. അതുകൊണ്ട് ഞാന്‍ ഭാഷ നോക്കാറില്ല. പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന നല്ല റോളുകളാണെങ്കില് തിരഞ്ഞെടുക്കും.
അന്താരാഷ്ട്ര ശ്രദ്ധനേടിയ മജീദ് മജീദിയുടെ സിനിമയ്ക്കുശേഷം അത്രയും പ്രാധാന്യമുള്ള സിനിമകളില്‍ പിന്നീട് കണ്ടില്ലല്ലോ?
എന്റെ ജീവിതത്തില്‍ ഇതുവരെയുണ്ടായതൊക്കെ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളാണ്. സിനിമകളും അങ്ങനെത്തന്നെ. എല്ലാം സംവിധായകര്‍ വിളിച്ച് തന്ന കഥാപാത്രങ്ങളാണ്. ഞാനൊരു ഓഡിഷനു പോവുകയോ സെലക്ടാവുകയോ ആയിരുന്നില്ല. കൈയില്‍ കിട്ടുന്ന അവസരങ്ങളൊന്നും ചാടിയെടുക്കാറില്ല. തുടര്‍ച്ചയായി വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ്. അങ്ങനെ ആയാല്‍ അഭിനയവും സാധാരണജോലി പോലെയാവും. മജീദ് മജീദിയുടെ സിനിമ കഴിഞ്ഞശേഷം ബോളിവുഡില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ, എന്നെ പ്രചോദിപ്പിക്കുന്നതോ അതിശയിപ്പിക്കുന്നതോ ആയ കഥകളല്ലായിരുന്നു. വെറുതെ ഒരു ഹീറോയിനാവാന്‍ താത്പര്യമില്ല. അതുകൊണ്ടുതന്നെ ചിലപ്പോള്‍ കരിയറില്‍ ഇടവേളകള്‍ വരാറുണ്ട്.
സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛനോട് അഭിപ്രായം ചോദിക്കാറുണ്ടോ?
എല്ലാ കാര്യങ്ങളും അച്ഛനോടും അമ്മയോടും പറയാറുണ്ട്. അച്ഛന് (കെ.യു.മോഹനന്) സിനിമയില്‍ ഛായാഗ്രാഹകനായതുകൊണ്ട് ഓരോ കാര്യങ്ങളും പറഞ്ഞുതരും. ഞങ്ങള്‍ എല്ലാ ഭാഷയിലുമുള്ള സിനിമകളും കാണാറുണ്ട്. അമ്മയുമതെ. എല്ലാ തീരുമാനങ്ങളിലും ഇടപെടാറുണ്ട്. എന്നാല്‍ ഒന്നും അടിച്ചേല്പ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യാറില്ല. അവസാന തീരുമാനം എന്റേതുതന്നെയാണ്. ഇതൊരു ലേണിങ് ഗ്രാഫ് ആണ്. ശരിയും തെറ്റുമുണ്ടാവാം. അത് ഞാന്‍ തന്നെ ചെയ്ത് തിരുത്തിക്കൊണ്ടുവരണം എന്നാണ് അവര്‍ പറയാറ്. എനിക്ക് എന്തു ചെയ്യാനും സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതേസമയം എന്റെ ആശയങ്ങളിലും കാഴ്ചപ്പാടിലുമെല്ലാം അവരുടെ സ്വാധീനവുമുണ്ട്. ഞാന്‍ പഠിച്ചതൊക്കെ മുംബൈയില്‍ തന്നെയായിരുന്നു. ഇവരെ വിട്ടിട്ട് ഞാന്‍ എങ്ങും പോയിട്ടില്ല. എപ്പോഴും കൂടെത്തെന്നെയുണ്ടാവും. അനിയന് ആദിത്യയാണ് അടുത്ത സുഹൃത്ത്. അവനുമായി എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. അവന് ലണ്ടനില്‍ ആര്‍ക്കിയോളജി മാസ്റ്റേഴ്സ് ചെയ്യുകയാണ്.
അഭിനയത്തെ സ്വയം വിലയിരുത്താറുണ്ടോ?
ആദ്യമൊന്നും അറിയില്ലായിരുന്നു. അഭിനയിച്ചു കഴിഞ്ഞശേഷം ഭാവങ്ങളൊക്കെ ശരിയായോ എന്നുപോലും നോക്കാനറിയില്ല. ഇപ്പോള്‍ എന്റെ തലയൊന്ന് ചെരിച്ചാല്‍ ക്യാമറയില്‍ ഏത് ആങ്കിളായിരിക്കും വരുന്നതെന്ന് അറിയാം. ഏത് ഹെയര്‍സ്റ്റൈല്‍ വേണം, ഏതുതരം വസ്ത്രമിണങ്ങും... പോകപ്പോകെയാണ് അതൊക്കെ മനസ്സിലായത്. ക്യാമറയ്ക്കുമുന്നിലെത്തുമ്പോഴുള്ള ആത്മവിശ്വാസം കൂടിയിട്ടുണ്ട്. അഭിനയിക്കാനായി പ്രത്യേകിച്ച് റെഫറന്‍സൊന്നും നോക്കാറില്ല. പക്ഷേ ഓരോ നടീനടന്മാരുടെയും അഭിനയരീതി നിരീക്ഷിക്കാറുണ്ട്. ഓരോരുത്തരും എങ്ങനെയാണ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്നതെന്ന്. ഇടയ്ക്ക് അവരുടെ ഇന്റര്‍വ്യു കണ്ടിരിക്കും. ഈയടുത്ത് ഫിലിംകമ്പാനിയനില് ഫഹദ് ഫാസിലിന്റെ ഇന്റര്‍വ്യു കണ്ടിരുന്നു. ഇന്ത്യയിലെ കഴിവുള്ള നടന്മാരിലൊരാളാണ് അദ്ദേഹം. നടിമാരില്‍ എന്നെ അതിശയിപ്പിച്ചത് ഉര്‍വശി ചേച്ചിയെയാണ്. കോമഡിയാവട്ടെ, വില്ലത്തിയാവട്ടെ, ഡ്രാമയാവട്ടെ...ചേച്ചി അനായാസം അഭിനയിച്ച് തകര്‍ക്കും. പിന്നെയിഷ്ടം ശോഭന ചേച്ചിയെയാണ്.
മലയാളത്തില്‍ ഇതുവരെ മൂന്ന് സിനിമകളല്ലേ ചെയ്തുള്ളൂ...
മമ്മൂക്കയാണ് എന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. 2013ല്‍ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ മമ്മുക്ക ചോദിച്ചു, അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന്. അങ്ങനെയാണ് പട്ടംപോലെയില്‍ ദുല്‍ക്കറിന്റെ നായികയാവുന്നത്. പിന്നീട് നിര്‍ണായകത്തിലും ഗ്രേറ്റ്ഫാദറിലും അഭിനയിച്ചു. അതിനുശേഷം മലയാളം സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ക്ക് ക്ഷാമമുണ്ട്. ഷീലാമ്മ, ശോഭന, മഞ്ജുവാര്യര്‍... അവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുമുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്... ഇതൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോജോസ് പല്ലിശ്ശേരിയെയുംപോലെ നല്ല സംവിധായകരുമുണ്ട്. പക്ഷേ, സ്ത്രീകള്‍ക്ക് റോളുകളില്ല. പാര്‍വതി അഭിനയിച്ച ഉയരെ എന്ന സിനിമയ്ക്കുശേഷം അത്രയും നല്ല സ്ത്രീസിനിമകള്‍ വേറെ വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും ഞാന്‍ മലയാളത്തില്‍ അഭിനയിക്കും.
നാടുമായുള്ള ബന്ധം?
ചെറുപ്പം മുതലേ എല്ലാ വേനലവധിക്കും വരാറുണ്ട്. അച്ഛന്റെയും അമ്മയുടെയും നാട് പയ്യന്നൂരാണ്. അവിടെ ബന്ധുക്കളുണ്ട്. ആ നാടുമായിട്ട് നല്ല അടുപ്പമുണ്ട്. വീട്ടില്‍ ഞങ്ങള്‍ സംസാരിക്കുന്നത് പയ്യന്നൂര്‍ മലയാളമാണ്. പക്ഷേ, കൊച്ചിയിലോ കോട്ടയത്തോ പോയി സംസാരിക്കുമ്പോള്‍ എനിക്ക് മലയാളം വരില്ല. തനി പയ്യന്നൂര്‍ ഭാഷയാണ് എന്റെ ഐഡന്റിറ്റി. കേരളത്തില്‍ വന്നാല്‍ വയനാട് പോകാറുണ്ട്. ഒരുപാട് ഫോട്ടോകളെടുക്കും. യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ നമുക്ക് നമ്മളെതന്നെ കൂടുതല്‍ അറിയാന്‍ കഴിയും. അത് മീ ടൈം ആണ്. നമുക്കിഷ്ടമുള്ളിടത്ത്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടത്തിനനുസരിച്ച് നടക്കാം. എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഇറ്റലി. രണ്ടുവട്ടം പോയിട്ടുണ്ട്. ഇനിയും പോവണം. ഇന്ത്യയില്‍ എന്നെ ഏറ്റവും ത്രില്ലടിപ്പിച്ച സ്ഥലം ലഡാക്കാണ്.
അച്ഛനെപ്പോലെ ഭാവിയില്‍ ക്യാമറയ്ക്കു പിന്നില്‍ പ്രത്യക്ഷപ്പെടുമോ?
മുമ്പ് ആഗ്രഹിച്ചിരുന്നു. എന്താവണം എന്ന് സംശയിച്ചിരിക്കുന്ന സമയത്താണ് ആദ്യ സിനിമയിലേക്കുള്ള അവസരം കിട്ടുന്നത്. അഭിനയത്തിലായിരുന്നു പിന്നീട് എന്റെ ഫോക്കസ്. എന്നാലും ഫോട്ടോഗ്രഫി ഇഷ്ടമാണ്. സിനിമാടോഗ്രഫിയും. ക്യാമറയില്‍ ഓരോ ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴും കിട്ടുന്നൊരു സന്തോഷമുണ്ട്. വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫിയോടാണ് കൂടുതല്‍ താത്പര്യം. അഭിനയമല്ലെങ്കില്‍ ചിലപ്പോള്‍ ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട പ്രൊഫഷനിലെത്തുമായിരുന്നു. തത്ക്കാലം ഇപ്പോള്‍ എന്തു ചെയ്യുന്നോ അതില്‍ സംതൃപ്തയാണ്. എന്റെ ചിന്തകളും കാഴ്ചപ്പാടുകളും സ്വപ്നങ്ങളുമൊക്കെ എഴുതാറുണ്ട്. അതും ഒരുപാടിഷ്ടമാണ്. എഴുതുന്നവരോട് വലിയ ബഹുമാനമാണ്. ഞാനേറ്റവും കൂടുതല്‍ തവണ വായിച്ച പുസ്തകമാണ് അരുന്ധതിറോയിയുടെ ദ ഗോഡ് ഓഫ് സ്മോള്‍ തിങ്സ്. ഈ ലോക്ക്ഡൗണില്‍ വീണ്ടും വായിച്ചു. അതു വായിക്കുമ്പോള്‍ കേരളവുമായി വല്ലാത്തൊരു അടുപ്പം തോന്നും. കമലാദാസിന്റെ എഴുത്തുകളും പ്രിയപ്പെട്ടതാണ്. ആ വരികളിലൂടെ ഞാനും യാത്ര ചെയ്യും, അപ്പോള്‍ ഞാനൊരു തനി മലയാളിയാവാറുണ്ട്.' മാളവികയുടെ മുഖത്ത് മലയാളിത്തമുള്ള ചിരി തെളിഞ്ഞു.
(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Malavika Mohanan Interview Masters Movie Vijay sethupathi release