'ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ പലപ്പോഴും അ‌ദ്ദേഹം കരയുന്നത് കാണാമായിരുന്നു. അ‌ത്ര സ്നേഹമായിരുന്നു മകളോട്. അ‌വൾ ആശുപത്രിയിൽ കഴിയുമ്പോഴാണ് ലൊക്കേഷൻ നോക്കാനും മറ്റും ഞങ്ങൾ പോയിരുന്നത്. എന്നാൽ, വിധി അ‌വളെ കൊണ്ടുപോയി. മാനസികമായും സാമ്പത്തികമായും ഉണ്ടായ നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ചിത്രം പൂർത്തിയാക്കിയത്. അ‌തിനുള്ള അംഗീകാരമാകാം ഇപ്പോൾ ലഭിച്ചത്..' -ഇടറിയ ശബ്ദത്തിൽ ഇതു പറയുമ്പോഴും മോഹനൻ മാണിക്യമംഗലത്തിന്റെ കണ്ണുകളിൽ അ‌ഭിമാനത്തിന്റെ തിളക്കം കാണാമായിരുന്നു. കാരണം ഓട്ടോ ഡ്രൈവറായ മോഹനൻ ഇപ്പോൾ ഒരു ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്, അ‌ഭിനേതാവാണ്. അ‌തും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു ചിത്രത്തിന്റെ!

റഹീം ഖാദർ സംവിധാനം ചെയ്ത 'മക്കന' എന്ന ചിത്രമാണ് മോഹനനെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാക്കിയത്. ഇദ്ദേഹത്തിന്റെ ഓട്ടോയിലായിരുന്നു സംവിധായകൻ ലൊക്കേഷൻ നോക്കാനും ഷൂട്ടിങ്ങിനുമൊക്കെ പോയിരുന്നത്. ഒടുവിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ മോഹനൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി. മോഹനനെ പോലുള്ള നൂറുകണക്കിനാളുകളുടെ സഹകരണവും സഹായവും കൊണ്ടാണ് ചിത്രം പൂർത്തിയാക്കാൻ സാധിച്ചതെന്ന് സംവിധായകൻ റഹീം ഖാദർ പറയുന്നു. ഇന്ദ്രൻസ്, സജിത മഠത്തിൽ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ ഏതാനും പേരൊഴിച്ചാൽ കൂടുതലും തന്റെ നാട്ടുകാരും പരിചയക്കാരുമൊക്കെയാണ് തന്റെ കൊച്ചുചിത്രത്തിൽ അ‌ഭിനയിച്ചിരിക്കുന്നതും പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

ഈ ചിത്രം മകൾക്കു വേണ്ടി

ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞയുടനെയാണ് റഹീമിന്റെ അ‌ർബുദബാധിതയായ മകൾ മരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനും ഷൂട്ടിങ്ങുമൊക്കെ നടക്കുമ്പോൾ അ‌വൾ ആശുപത്രിയിലായിരുന്നു. എന്നാൽ, താൻ ഈ ചിത്രം ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും മകൾ തന്നെയായിരുന്നെന്ന് റഹീം പറയുന്നു. പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരുപാട് വായിക്കുമായിരുന്നു അ‌വൾ. ഞാൻ എന്തെഴുതിയാലും ആദ്യം വായിക്കുന്നത് മകളായിരുന്നു. അ‌വളുടെ അ‌ഭിപ്രായം കേട്ട ശേഷമേ ഞാൻ വേറെ ആരുടെയും അ‌ഭിപ്രായം കേൾക്കാറുള്ളൂ. മക്കനയുടെ തിരക്കഥ വായിച്ചശേഷം ബാപ്പ ഈ ചിത്രം എന്തായാലും ചെയ്യണമെന്നും തന്റെ അ‌സുഖം അ‌തിന് തടസ്സമാകരുതെന്നുമാണ് അ‌വർ പറഞ്ഞത്. അ‌വൾക്ക് വേണ്ടിയാണ് ഞാനീ സിനിമ ചെയ്തത്. 'മക്കന'യുടെ ആദ്യ പ്രേക്ഷകയും മകൾ തന്നെയായിരുന്നു. ഫൈനൽ വർക്കുകൾ പൂർത്തിയാകും മുമ്പേ അ‌വളെ ചിത്രം കാണിച്ചിരുന്നു. അ‌വൾക്കത് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.

സത്യത്തിൽ ഞാൻ ആദ്യം ചെയ്യാനിരുന്നത് ഈ ചിത്രമല്ല. എല്ലാ സിനിമാക്കാരെയും പോലെ ഒരു സൂപ്പർ ഹിറ്റ് ചിത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അ‌തിനുവേണ്ടിയുള്ള തിരക്കഥയും ഞാൻ പൂർത്തിയാക്കിയിരുന്നു. പല കാരണങ്ങൾ കൊണ്ടും അ‌ത് നീണ്ടുപോയി. എന്നാൽ, മക്കളുടെയും അ‌ടുത്ത സുഹൃത്തുക്കളുടെയും പ്രചോദനം മൂലം മക്കന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇത് ഒരു കമേഷ്യൽ ചിത്രമല്ലെന്നല്ല. എന്നാലൊരു തട്ടുപൊളിപ്പൻ ചിത്രവുമല്ല. എല്ലാവർക്കും ആസ്വദിക്കാനാകുന്ന ചിത്രമായിരിക്കും മക്കന.

rahim
സംവിധായകൻ റഹീം. ഫോട്ടോ: സനോജ് ഷാഷി

സംവിധായകൻ ആള് പോലീസാണ്!

നാട്ടിലെ പരിപാടികളിൽ നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്യുകയും ഏതാനും ടെലിഫിലിമുകൾ സംവിധാനം ചെയ്യുകയും ചെയ്തതൊഴിച്ചാൽ ഒരു സിനിമാ ഷൂട്ടിങ് കണ്ട പരിചയം പോലുമില്ല റഹീം ഖാദർ എന്ന സംവിധായകന്. കാരണം, അ‌ദ്ദേഹം ഒന്നര പതിറ്റാണ്ടോളമായി നിയമപാലനത്തിന്റെ തിരക്കുകളിലാണ്. അ‌യ്യമ്പുഴ സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറാണ് റഹീം ഖാദർ. ജോലിയിൽ നിന്ന് അ‌വധിയെടുത്തായിരുന്നു മക്കന ഷൂട്ട് ചെയ്തത്. ഇതിന് തന്റെ മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടുമാണ് റഹീം നന്ദി പറയുന്നത്. അ‌വരിൽ നിന്ന് വലിയ പ്രോത്സാഹനവും പിന്തുണയുമാണ് ലഭിച്ചതെന്ന് 'പോലീസ് സംവിധായകൻ' നന്ദിയോടെ ഓർക്കുന്നു. പോലീസാവുക എന്നത് വാപ്പയുടെ ആഗ്രഹമായിരുന്നു. എനിക്ക് എന്നും എഴുത്തും നാടകവും സിനിമയുമൊക്കെയായിരുന്നു താൽപര്യം. ഇപ്പോൾ രണ്ടുപേരുടെയും സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് താനെന്ന് റഹീം കൂട്ടിച്ചേർത്തു.

പ്രമേയം വന്നത് മിസ്സിങ് കേസിൽ നിന്ന്

എട്ടൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഞാൻ ആലുവ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഒരു മിസ്സിങ് കേസുണ്ടായി. ഒരു പെൺകുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. മാതാപിതാക്കൾക്ക് വർഷങ്ങൾക്ക് ശേഷമുണ്ടായ കുട്ടിയായിരുന്നു അ‌വൾ. അ‌തുകൊണ്ട്  എന്തുപറഞ്ഞാലും ഇവർ വാങ്ങിച്ചുകൊടുക്കും. മൊബൈൽ ഫോണൊക്കെ വ്യാപകമായി വരുന്ന കാലമായിരുന്നു അ‌ത്. ഫോൺ വഴി പരിചയപ്പെട്ട ആരോടൊപ്പമോ ഇറങ്ങിപ്പോയതാണ് അ‌വൾ. ഒടുവിൽ കൊല്ലത്തുനിന്ന് ഞങ്ങൾ അ‌വളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. അ‌പ്പോഴേക്കും അ‌വരുടെ രജിസ്റ്റർ മാര്യേജൊക്കെ കഴിഞ്ഞിരുന്നു. 

പ്രായപൂർത്തിയായ പെൺകുട്ടിയായതിനാൽ സാധാരണ രീതിയിൽ ആരുടെ കൂടെ പോകാനാണ് താൽപര്യമെന്ന് കോടതി ചോദിച്ചു. എനിക്ക് സ്നേഹിച്ചയാളുടെ കൂടെ പോയാൽ മതിയെന്നായിരുന്ന് അ‌വൾ മറുപടി പറയുകയും ഈ അ‌ച്ഛനെയും അ‌മ്മയെയും മൈൻഡ് പോലും ചെയ്യാതെ ഇറങ്ങിപ്പോവുകയും ചെയ്യുന്ന ഒരവസ്ഥയുണ്ടായി. ഈ പെൺകുട്ടിയുടെ അ‌ച്ഛൻ അതോടെ തകർന്നുപോയി. കോടതി വരാന്തയിൽ തളർന്നുവീണ അ‌ദ്ദേഹത്തെ ഞങ്ങളൊക്കെ കൂടിയാണ് ആശുപത്രിയിൽ എത്തിച്ചത്. അ‌യാളുടെ ദയനീയ മുഖം മനസ്സിൽ നിന്ന് വിട്ടുമാറാത്ത ഒരവസ്ഥയായിരുന്നു.

മിസ്സിങ് കേസിൽ ഇന്റർകാസ്റ്റും പ്രണയവുമാണെങ്കിൽ അ‌വിടെ വരുന്ന മാതാപിതാക്കളുടെ, പ്രത്യേകിച്ച് പെൺകുട്ടിയുടെ മാതാപിതാക്കളുടെ, ദയനീയ മുഖം ഞങ്ങൾ പോലീസുകാർ പലപ്പോഴും കാണേണ്ടിവരാറുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ മാതാപിതാക്കളെ കുറിച്ച് ആരും ചിന്തിക്കാറില്ല. പിന്നീട് അ‌വർ എങ്ങനെയാണ് ജീവിക്കുന്നത്, സമൂഹത്തിൽ നിന്നും എന്തെല്ലാം അ‌വഗണനകൾ അ‌നുഭവിക്കേണ്ടിവരുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും. ഈ കേസിൽ മാതാപിതാക്കളുടെ അ‌വസ്ഥ വളരെ ദയനീയമായിരുന്നു. അ‌തിൽ നിന്നാണ് ഞാൻ മക്കനയുടെ കഥ എഴുതുന്നത്. അ‌വരുടെ വേദന മനസ്സിലാക്കിത്തന്നെയാണ് കഥയെഴുതിയത്. ഞാൻ ഇന്റർകാസ്റ്റ് മാര്യേജിന് എതിരൊന്നുമല്ല. ഇത് അ‌ച്ഛനമ്മമാർ അ‌നുഭവിക്കുന്നത് എന്തെന്ന് കാണിക്കുന്ന ഒരു ചിത്രമാണെന്ന് മാത്രം.

makkana

ഇന്ദ്രൻസേട്ടൻ പറഞ്ഞു: 'അ‌ത് വായിച്ചുതീർത്തിട്ടേ എനിക്ക് ഉറങ്ങാൻ പോലുമായുള്ളൂ'

ഒരു പടത്തിന്റെ ലൊക്കേഷനിൽ വച്ച് ആ പടത്തിന്റെ എഡിറ്ററായ മെന്റോസ് ആന്റണി വഴിയാണ് ഇന്ദ്രൻസേട്ടന് സ്ക്രിപ്റ്റ് കൊടുക്കുന്നത്. ഷൂട്ട് ഒക്കെ കഴിഞ്ഞ് വൈകിട്ടാണ് അ‌ദ്ദേഹം  പോകുന്നത്. എനിക്കദ്ദേഹത്തെ പരിചയമൊന്നുമില്ല. പിറ്റേന്ന് റഹീം ഖാദറാണോ ഞാൻ ഇന്ദ്രൻസാണ് എന്നു പറഞ്ഞ് അ‌ദ്ദേഹം എന്നെ വിളിക്കുകയാണ്. രാത്രി വീട്ടിൽ ചെന്നപ്പോൾ എനിക്ക് വളരെ ക്ഷീണമുണ്ടായിരുന്നു. വെളുപ്പിനിരുന്ന് വായിച്ചു തീർത്തിട്ടേ എനിക്ക് ഉറങ്ങാൻ പോലുമായുള്ളൂ. എന്തൊക്കെ പ്രശ്ങ്ങളുണ്ടായാലും എത്രയും വേഗത്തിൽ ഈ സിനിമ ചെയ്യണം എന്നാണ് അ‌ദ്ദേഹം പറഞ്ഞത്. പ്രതിഫലത്തിന്റെ കാര്യത്തിൽ പോലും വലിയൊരു വിട്ടുവീഴ്ച ചെയ്താണ് അ‌ദ്ദേഹം ഈ ചിത്രത്തിൽ അ‌ഭിനയിച്ചത്.

സജിത മഠത്തിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ഈ ചിത്രത്തിൽ അ‌ഭിനയിക്കാനെത്തിയത്. ടിഎ എക്സ്പെൻസെന്ന രീതിയിൽ ഒരു തുക മാത്രമാണ് അ‌വർക്ക് നൽകിയത്. ഇപ്പോഴും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നയാളാണ് അ‌വർ. അ‌തുപോലെ മറ്റ് അ‌ഭിനേതാക്കളും. ശാന്തകുമാരിച്ചേച്ചി, കുളപ്പുള്ളി ലീല, സംക്രാന്തി നസീർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ മറ്റ് അ‌ഭിനേതാക്കളും നല്ലൊരു സിനിമ എന്ന കാഴ്ചപ്പാടിൽ ഈ ചിത്രത്തോട് വളരെയേറെ സഹകരിച്ചിട്ടുണ്ട്.

പതിനേഴ് ദിവസം കൊണ്ടൊരു സിനിമ

പതിനേഴ് ദിവസം കൊണ്ട് എങ്ങനെയാണ് ഒരു സിനിമ ചിത്രീകരിച്ചതെന്ന് പലരും ചോദിച്ചു. നിർമാതാവിന് പരമാവധി ബാധ്യത കുറയ്ക്കാൻ എത്രയും വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കേണ്ടത് ആവശ്യമായിരുന്നു. അ‌തിനായി ഞങ്ങൾ കഠിനാധ്വാനം ചെയ്തിരുന്നു. കൃത്യമായ പ്ലാനിങ് നടത്തിയിരുന്നു. ആദ്യം തന്നെ സ്ക്രിപ്റ്റ് ക്യാമറാമാന് വായിക്കാൻ കൊടുത്ത് ഷോട്ടുകൾ എങ്ങനെ വേണമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യാൻ പറഞ്ഞു. അ‌തിന് ക്യാമറാമാൻ ആബിദ് ഷായിൽ നിന്ന് എനിക്ക് വളരെ സഹായം കിട്ടി. എക്സ്പീരിയൻസ്ഡായ ക്യാമറാമാൻ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഷൂട്ടിങ് ഇത്ര വേഗത്തിൽ പൂർത്തിയാക്കാനാകുമായിരുന്നില്ല. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവരിൽ ഭൂരിഭാഗം പേരും എന്റെ സുഹൃത്തുക്കൾ തന്നെയാണ്. അ‌വരുടെയൊക്കെ സഹകരണം കൊണ്ടാണ് ചിത്രം 17 ദിവസം കൊണ്ട് പൂർത്തിയാക്കാനായത്.

makkana

സെൻസർ ബോർഡിൽ നിന്ന് അ‌ഭിനന്ദനം

സിനിമ സെൻസറിങ്ങിന് കൊടുത്തപ്പോൾ സെൻസർ ബോർഡ് അ‌ംഗങ്ങൾ വിളിച്ച് അ‌ഭിനന്ദിച്ചു. ബോർഡിലുണ്ടായിരുന്ന സംവിധായകൻ വിജി തമ്പി സാർ ഷെയ്ക്ക് ഹാൻഡ് തന്നിട്ട് നല്ലൊരു സിനിമയാണെന്നും തീർച്ചയായും ഇന്നത്തെ സമൂഹം കാണേണ്ട സിനിമയാണിതെന്നും പറഞ്ഞു. അ‌ത് വല്ലാത്തൊരു അ‌നുഭവമായിരുന്നു. 

സിനിമ കണ്ട മലയാള സിനിമയിലെ മറ്റൊരു പ്രൊഡ്യൂസറും വളരെ നല്ല അ‌ഭിപ്രായം പറഞ്ഞു. മേളകൾക്കൊക്കെ അ‌യക്കണമെന്നും പലതും പ്രതീക്ഷിക്കാമെന്നുമാണ് അ‌ദ്ദേഹം പറഞ്ഞത്. അ‌ങ്ങനെയാണ് എന്റെ പ്രൊഡ്യൂസറായ അ‌ലി കാക്കനാടിനോട് സംസാരിച്ച് ഇന്ത്യൻ പനോരമയിലേക്ക് ചിത്രമയക്കുന്നത്. വലിയ സംവിധായകരുടെ ചിത്രങ്ങൾക്കിടയിൽ എന്റെ ഈ ചെറിയ ചിത്രം എത്രത്തോളമുണ്ടെന്ന് സംശയമുണ്ടായിരുന്നു. അ‌ത്ര വലിയ സംവിധായകർക്കൊപ്പം മത്സരിച്ച നിസാരനായ എന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്.

ഷാജി എൻ. കരുണിന്റെ ഓള്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, ജയരാജിന്റെ ഭയാനകം, സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈനിന്റെ പൂമരം എന്നിവയാണ് ഇന്ത്യൻ പനോരമയലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള ചിത്രങ്ങൾ എന്നുകൂടി അ‌റിയുമ്പോഴേ റഹീം ഖാദറിന്റെ കൊച്ചു ചിത്രം എത്തപ്പെട്ട ഉയരം എത്രയെന്ന് വ്യക്തമാകൂ. നവംബർ 24ന് ചിത്രം ഗോവ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.

Content Highlights: Makkana Malayalam Movie IFFI2018 Indrans Rahim Khader Sajitha Madathil