സംവിധായകൻ, ആ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു മധു വാരിയർക്ക് സിനിമാഭിനയവും നിർമാണവും. ‘കാമ്പസ്’ എന്ന സിനിമയിൽനിന്ന് തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചപ്പോഴും സ്വ.ലേ., മായാമോഹിനി തുടങ്ങിയ സിനിമകൾ നിർമിച്ചപ്പോഴും മധുവിന്റെ മനസ്സിൽ സംവിധാനമെന്ന സ്വപ്നം പച്ചപിടിച്ചുനിന്നു. ഇപ്പോഴിതാ ആ മോഹത്തെ മധു തേടിപ്പിടിച്ചിരിക്കുന്നു, ‘ലളിതം സുന്ദര’മെന്ന ആദ്യ സിനിമയിലൂടെ. ചേട്ടന്റെ സ്വപ്നത്തിന് നിർമാതാവായി എത്തുന്നതാവട്ടെ മധുവിന്റെ അനിയത്തി മഞ്ജു വാരിയരും. സിനിമയിൽ ബിജുമേനോനൊപ്പം പ്രധാന വേഷത്തിൽ അഭിനയിക്കുന്നുമുണ്ട് മഞ്ജു വാരിയർ.‘‘ചെറുപ്പത്തിലേ സിനിമ കാണുമ്പോൾ അതിന്റെ പിന്നാമ്പുറത്തെ കഥകൾ അറിയാനായിരുന്നു എനിക്ക് താത്പര്യം. എങ്ങനെയാണ് ഈ സിനിമയെടുത്തതെന്നും അതിനുവേണ്ടി എന്തൊക്കെ ചെയ്തുവെന്നുമൊക്കെയാണ് ഞാൻ എപ്പോഴും ശ്രദ്ധിച്ചത്. ആദ്യസിനിമയിൽ അഭിനയിച്ചുതുടങ്ങിയപ്പോഴും എന്റെ കണ്ണ് ‘ബിഹൈൻഡ് ദ സീനി’ലായിരുന്നു. ആദ്യസിനിമയായ കാമ്പസിന്റെ എഡിറ്റിങ് സമയത്ത് സംവിധായകൻ മോഹൻസാറിനോട് സമ്മതം വാങ്ങി ഞാനും കൂടെ​പ്പോയി ഇരുന്നിട്ടുണ്ട്. ‘ക്രേസി ഗോപാലൻ’ എന്ന സിനിമയിൽ ദീപു കരുണാകരന്റെ കൂടെ അസിസ്റ്റന്റായും ജോലിചെയ്തു. മായാമോഹിനിയും സ്വ.ലേ.യും നിർമിച്ചപ്പോൾ നിർമാതാവ് എന്ന റോൾ മറന്ന്, ഒരു സഹസംവിധായകനെപ്പോലെ ആദ്യവസാനം ഞാനും കൂടെയുണ്ടായിരുന്നു. അങ്ങനെ ഓരോന്നും കൃത്യമായി പഠിച്ചെടുക്കാൻ പറ്റി. ശരിക്കും അഭിനയവും നിർമാണവുമെല്ലാം എനിക്ക് സംവിധാനത്തിലേക്കുള്ള കൽപ്പടവുകളായിരുന്നു...’’ മധു പറഞ്ഞുതുടങ്ങി

സൈനിക് സ്കൂൾ പഠനം, മുംബൈ ലീലാ ഹോട്ടലിൽ ജോലി. അതുകഴിഞ്ഞ് ക്രൂയിസ് ഷിപ്പിൽ. ഇതിനിടയിൽ എപ്പോഴാണ് ജീവിതവഴിയിൽ സിനിമ കയറിവന്നത്

സിനിമ ചെറുപ്പം മുതലേ മനസ്സിലുണ്ട്. സൈനിക് സ്കൂളിൽ പഠിക്കുമ്പോൾ അവിടെനിന്ന് എന്തെങ്കിലും മെഡിക്കൽ റീസൺസ് പറഞ്ഞ് മെഡിക്കൽ കോളേജിൽപ്പോയി അവിടത്തെ പണി വേഗം തീർത്ത് ബാക്കിസമയത്ത് സിനിമ കാണുമായിരുന്നു. പലപ്പോഴും മൂന്ന് സിനിമകളൊക്കെ കണ്ട ദിവസങ്ങളുണ്ട്. അതുംകഴിഞ്ഞ് വൈകുന്നേരം പറഞ്ഞ സമയത്തിനുമുന്നേ സ്കൂളിൽ തിരിച്ചെത്തുകയും ചെയ്യും. പഠനം കഴിഞ്ഞ് ജോലിക്ക് കയറിയപ്പോഴും മനസ്സിൽ സിനിമ തന്നെയായിരുന്നു. ഞാൻ അമേരിക്കയിൽ ഡിസ്നി ക്രൂയിസ് ലൈൻസ് ഷിപ്പിൽ ജോലിചെയ്യുകയായിരുന്നു. ഒരിക്കൽ അവിടെനിന്ന് വീണ് തോളിന് പരിക്കേറ്റു. അത് സ്കാൻ ചെയ്യാൻ വേണ്ടി ഹോട്ടലിൽ താമസിക്കുന്ന സമയത്താണ് നാട്ടിൽനിന്ന് അച്ഛന്റെ വിളി. സിനിമയിൽ നിനക്കൊരു ഓഫറുണ്ടെന്ന് അച്ഛൻ പറഞ്ഞു. അവിടെയാണെങ്കിൽ സ്കാൻ ചെയ്യാൻ ഒരാഴ്ച കൂടെ കാത്തിരിക്കണം. ഞാൻ നാട്ടിൽപ്പോയി ചികിത്സിക്കട്ടെ എന്ന് ചോദിച്ചപ്പോൾ അവർ സമ്മതിച്ചു. അങ്ങനെ ഇവിടെവന്ന് ചികിത്സയും അതുകഴിഞ്ഞ് അഭിനയവും തുടങ്ങി. പിന്നെയെനിക്ക് ജോലിക്കുപോവാൻ തോന്നിയില്ല. ഇതിൽത്തന്നെ കാലുറപ്പിച്ചങ്ങ് നിൽക്കുകയായിരുന്നു.

മഞ്ജു സ്കൂളിൽ പഠിക്കുമ്പോഴേ കലാരംഗത്തുണ്ടായിരുന്നു. മധുവോ

ശരിക്കും മഞ്ജുവിനെക്കാൾ മുന്നേ നൃത്തം പഠിക്കാൻ തുടങ്ങിയത് ഞാനാണ്. എന്നെ ഡാൻസ് പഠിപ്പിക്കാനാണ് ടീച്ചർ വന്നത്. അന്ന് വളരെ ചെറിയ കുട്ടിയാണ് മഞ്ജു. എന്നെ പഠിപ്പിക്കുന്നതുകണ്ട് അവളും കൂടെ കളിക്കാൻ തുടങ്ങി. അതുകണ്ടതോടെ ടീച്ചർ പറഞ്ഞു. ഇവള് മിടുക്കിയാണല്ലോ. എന്ന്. അങ്ങനെ എന്റെ നൃത്തപഠനം നിർത്തി മഞ്ജുവിനെ പഠിപ്പിച്ചു തുടങ്ങുകയായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് ഡാൻസിൽ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. പിന്നെയാണ് സൈനിക് സ്കൂളിൽ ചേരുന്നത്. അവിടെ വേറെ തരത്തിലുള്ള ജീവിതമാണല്ലോ. അങ്ങനെ അതിലങ്ങ് തിരിഞ്ഞുപോയി. പക്ഷേ, മഞ്ജു നാട്ടിൽ കലയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോവുന്നുണ്ടായിരുന്നു. അവൾ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തും ഞാനതൊക്കെ കാണുകയും പൊതുവായ അഭിപ്രായങ്ങൾ പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഒടുവിൽ ഞാനും ഇതേവഴിയിലേക്കുതന്നെ വന്നുചേരുകയായിരുന്നു.

നടനെന്ന നിലയിൽ എങ്ങനെ സ്വയം വിലയിരുത്തുന്നു

ഒരു ഇടത്തരം അഭിനേതാവ്. അത്രയേ ഉള്ളൂ. പറഞ്ഞല്ലോ, എനിക്ക് അഭിനയം സംവിധാനത്തിലേക്കുള്ള ചവിട്ടുപടി മാത്രമായിരുന്നു. ഇപ്പോൾ ‘ലളിതം സുന്ദരം’ പൂർത്തിയായപ്പോൾ നടനെന്ന നിലയിൽ ഇനി എങ്ങനെയൊക്കെ മുന്നോട്ടുപോവാം എന്നൊരു ധാരണയുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇടയ്ക്കൊക്കെ ഇനിയും അഭിനയിക്കണം. ഇതുവരെയുള്ള അഭിനയം വിലയിരുത്തുമ്പോൾ ഞാനത്ര സന്തോഷത്തിലൊന്നുമല്ല. നിർമാതാവ് എന്ന നിലയിൽ വിജയിച്ചയാളാണെന്ന് പറയാം. ആദ്യത്തെ പടം സാമ്പത്തികമായി അത്ര മെച്ചമായിരുന്നില്ലെങ്കിലും നല്ല അഭിപ്രായമുണ്ടാക്കിയിരുന്നു. മായാമോഹിനി നല്ല വിജയമായി. തുടർന്ന് ഞാൻ നിർമാണം വിട്ട് സംവിധാനത്തിലേക്ക് ശ്രദ്ധമാറ്റി. ആദ്യം ഒരു പടം പ്ലാൻ ചെയ്തിരുന്നു. അതിന്റെ പിന്നാലെ രണ്ടുമൂന്നുകൊല്ലം നടന്നു. പക്ഷേ, പല കാരണങ്ങളാൽ അത് നടന്നില്ല. അതുകഴിഞ്ഞിട്ടാണ് ഈ പടത്തിലേക്ക് തിരിയുന്നത്. ഇതും നാലുകൊല്ലത്തെ പരിശ്രമമാണ്.

ഒരു സിനിമയ്ക്കുവേണ്ടി നാലുവർഷത്തെ കാത്തിരിപ്പോ

ബിജു മേനോനെയും മഞ്ജുവിനെയുംപോലെ കൂടുതൽ താരമൂല്യമുള്ള അഭിനേതാക്കളാവുമ്പോൾ അവരുടെ ഡേറ്റിനുവേണ്ടി കാത്തിരുന്നേ പറ്റൂ. നേരത്തേ അഭിനയിക്കാമെന്നേറ്റ വേഷങ്ങൾ തീർക്കാതെ അവർക്ക് നമ്മുടെ അടുത്തേക്ക് വരാൻ പറ്റില്ലല്ലോ. മഞ്ജുവാണെങ്കിലും ചേട്ടൻ എന്നുള്ള പരിഗണനയൊന്നുമില്ല. എല്ലാം പ്രൊഫഷണലായിട്ടുതന്നെയാണ് കണ്ടത്. ബിജുമേനോനോട് ലക്ഷ്യത്തിന്റെ സെറ്റിൽ പോയാണ് ഞാനീ സിനിമയുടെ കഥ പറയുന്നത്. അതുകഴിഞ്ഞിട്ടാണ് മഞ്ജുവിന്റെ അടുത്ത് ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നതുപോലും. മോഹൻലാൽ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു മഞ്ജു. ഞാനവിടെച്ചെന്ന് തിരക്കഥ വായിച്ചു. പിന്നീട് തിരക്കഥയുടെ ഫൈനൽ ഡ്രാഫ്റ്റ് കേട്ടപ്പോൾ മഞ്ജു തന്നെയാണ് ചോദിച്ചത്, ഞാനിത് നിർമിച്ചോട്ടെ എന്ന്. അപ്പോഴേക്കും സെഞ്ച്വറി കൊച്ചുമോൻ എന്ന നിർമാതാവും വന്നു. സിനിമയെ അത്രയധികം സ്നേഹിക്കുന്ന ഈ രണ്ട് നിർമാതാക്കളും ‘ലളിതം സുന്ദരം’ ഏറ്റെടുത്തതോടെ എനിക്ക് സമാധാനമായി. സിനിമയുടെ എല്ലാകാര്യത്തിലും ഇവർ എനിക്ക് മുഴുവൻ സ്വാതന്ത്ര്യവും തന്നു. ആദ്യത്തെ സിനിമയ്ക്കുതന്നെ ഇങ്ങനെയുള്ള നിർമാതാക്കളെ കിട്ടിയത് ദൈവഭാഗ്യം.

അഭിനയം സംവിധാനത്തിലേക്കുള്ള ചവിട്ടുപടി മാത്രമായിരുന്നു
'ലളിതം സുന്ദര'ത്തിന്റെ ലൊക്കേഷനിൽനിന്ന്‌ |-ഫോട്ടോ: രാഹുൽ എം. സത്യൻ

20 വർഷത്തിനുശേഷമാണ് സ്‌ക്രീനിൽ ബിജു മേനോനും മഞ്ജുവാരിയരും ഒരുമിക്കുന്നത്...

കണ്ണെഴുതി പൊട്ടുംതൊട്ട്, പത്രം തുടങ്ങിയ സിനിമകളിലാണ് അവർ രണ്ടുപേരും ഒടുവിൽ ഒരുമിച്ച് അഭിനയിച്ചത്. രണ്ടുപേരെയും ക്യാമറയിലൂടെ ഒരുമിച്ച് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. ബിജുച്ചേട്ടനും മഞ്ജുവും തമ്മിലും നല്ല അടുപ്പമാണ്. അതുകൊണ്ടുതന്നെ അവർ ഒരുമിക്കുന്ന സീനുകളെല്ലാം രസകരമായിരുന്നു. ഇവരുടെ വേഷങ്ങൾ എങ്ങനെ വേണമെന്ന് എന്റെ മനസ്സിൽ കുറച്ച് റഫറൻസുണ്ടായിരുന്നു. മഞ്ജുവിനോട് ഞാനിത് ആദ്യമേ പറഞ്ഞതുകൊണ്ട് അവൾ ഒരുങ്ങിത്തന്നെയാണ് സെറ്റിൽ വന്നത്. ബിജുച്ചേട്ടനോട് ഇത് പറഞ്ഞപ്പോഴും പെട്ടെന്നു തന്നെ അതിനനുസരിച്ചുള്ള പ്രതികരണം വന്നു. ഇങ്ങനെയുള്ള നൈസർഗികമായ അഭിനേതാക്കളെ കൈയിൽ കിട്ടുമ്പോൾ സംവിധായകൻ എന്ന നിലയിൽ എനിക്കൊരു ടെൻഷനുമുണ്ടായിരുന്നില്ല.

ജീവിതം ലളിതമോ സുന്ദരമോ

രണ്ടുമാണ്. അന്നന്ന് സന്തോഷത്തോടെ ജീവിക്കുന്നയാളാണ് ഞാൻ. സിനിമ തന്നെയാണ് ഏറ്റവുമധികം സന്തോഷം വിതയ്ക്കുന്നതും. ഇപ്പോൾ ആദ്യസിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളിലാണ്. ഒരുപാട് കൊല്ലമായിട്ടുള്ള സ്വപ്നമാണിത്. അത് നന്നായി വരണമെന്നാണ് പ്രാർഥന. ലളിതം സുന്ദരം ഒരു കുടുംബസിനിമയാണ്. എല്ലാ കുടുംബത്തിലും സംഭവിക്കാവുന്ന, നമുക്ക് നേരിട്ടുകാണാവുന്ന കാര്യങ്ങളൊക്കെയാണ് ഇതിലും പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഓണത്തിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, കോവിഡ് കാരണം രണ്ട് ഷെഡ്യൂളുകളായാണ് സിനിമ പൂർത്തിയാക്കിയത്. പടം എത്രയും പെട്ടെന്ന് കാഴ്ചക്കാരിലെത്തണമെന്നും ശ്രദ്ധിക്കപ്പെടണമെന്നുമൊക്കെയുള്ള ആഗ്രഹമുണ്ട്. അതിനുള്ള പരിശ്രമങ്ങളിലാണ് ഞാനിപ്പോൾ.

Content Highlights: Madhu Warrier Interview