''ഉടലും ചേർന്നുപോയ് ഉയിരും പകുത്തുപോയ് ഉള്ളം പിണഞ്ഞുപോയീ...ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായീ...''കോവിഡ് കാലത്തെ അടച്ചു പൂട്ടലുകൾക്ക് അല്പമൊരാശ്വാസമായി ഉപാധികളോടെ തിയേറ്ററുകൾ തുറന്നപ്പോൾ ജനം ആദ്യമൊഴുകിയത് പ്രജേഷ് സെൻ സംവിധാനം ചെയ്ത 'വെള്ള'ത്തിലേക്കാണ്. കോവഡിനുശേഷം തിയേറ്ററുകളിൽ എത്തിയ ആദ്യ മലയാള ചിത്രം. സിനിമാസ്നേഹികളെക്കൊണ്ട് നല്ലതു പറയിച്ച 'വെള്ള'ത്തിലെ 'ആകാശമായവളേ...'എന്നു തുടങ്ങുന്ന പാട്ട് ആസ്വാദനത്തിന്റെ ഉടലും ഉയിരുമായിക്കുകയാണ്. പാട്ടെഴുത്തുകാരൻ നിധീഷ് നടേരി പാട്ടെഴുത്തിനെക്കുറിച്ച് സംസാരിക്കുന്നു.

''ആകാശമായവളേ... അകലേപറന്നവളേ... ചിറകായിരുന്നല്ലോ നീ...'' മലയാളം അത്രമേൽ നെഞ്ചോടേറ്റിക്കഴിഞ്ഞു ഈ പാട്ട്. പാട്ടിന്റെ പിറവിയെക്കുറിച്ച്?

ക്യാപ്റ്റനു ശേഷം നാലോളം കഥകൾ ആലോചിച്ച് നിൽക്കുന്ന വേളയിലാണ് സംവിധായകൻ പ്രജേഷ് സെന്നിന്റെ മുന്നിൽ വളരെ അപ്രതീക്ഷിതമായി 'വെള്ളം മുരളിയെന്ന, മുരളിയേട്ടന്റെ കഥാപാത്രമെത്തുന്നത്. ഷംസുദ്ദീൻ കുട്ടോത്ത്, വിജേഷ് വിശ്വം എന്നിവരാണ് മുരളിയേട്ടനെ അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നത്. ഒരു ദിവസം കോഴിക്കോട്ട് വന്ന് അദ്ദേഹം കഥയുടെ ഏകദേശരൂപം എന്നോട് പറഞ്ഞു. ആദ്യ പാട്ടിന്റെ സന്ദർഭം വിവരിച്ചുതന്നു.
അന്നു രാത്രി എഴുതി വച്ചതാണ് ആദ്യ വരികൾ. പിന്നീട് എറണാകുളത്ത് ബിജിയേട്ടന്റെ (ബിജിബാൽ) ബോധി സ്റ്റുഡിയോയിൽ ഇരുന്നാണ് അത് കുറച്ചുകൂടെ എഴുതുന്നത്. എഴുതിയതത്രയും ബിജിയേട്ടൻ അന്ന് പാടിയത് അപ്പോഴേ മനസിൽ കയറി. പ്രജേഷ് സെന്നും അസോസിയേറ്റ് വിഷ്ണുവും അന്ന് കൂടെയുണ്ട്. പിന്നീട് വീട്ടിലെത്തി അത് പൂർത്തിയാക്കുകയായിരുന്നു.

'ക്യാപ്റ്റനി'ലെ 'പാട്ടുപെട്ടീലന്ന് നമ്മൾ' എന്ന ഗാനമാണ് നിധീഷ് നടേരിയുടെ ആദ്യ ഗാനരചന. 'ക്യാപ്റ്റൻ' സിനിമയുടെ സഹതിരക്കഥാകൃത്തായിരിക്കുമ്പോൾ പാട്ടെഴുത്ത് എന്ന ഉദ്യമം കൂടി ഏറ്റെടുക്കുന്നു്.

വിശ്വജിത്ത് എന്ന സംഗീത സംവിധായകൻ ചെയ്ത ഒരീണം പ്രജേഷ് സെൻ കേൾപ്പിച്ചു തന്നു. എന്നോട് എഴുതാൻ പറഞ്ഞു. അപ്രതീക്ഷിതമായി പാട്ടെഴുത്തുകാരന്റെ ദൗത്യവും ഏറ്റെടുത്തു. ക്യാപ്റ്റനു വേണ്ടി മലപ്പുറത്തും മറ്റും സ്റ്റേഡിയം അന്വേഷിക്കുന്ന യാത്രകളിലാണ് വരികൾ എഴുതുന്നത്. അങ്ങനെ ''പാട്ടു പെട്ടീലന്ന് നമ്മൾ ''എന്ന ഗാനം വന്നു. പി. ജയചന്ദ്രൻ എന്ന  മഹാഗായകൻ അത് പാടി. എന്റെ യാത്രകളിൽ പലയിടത്തും വെച്ച് ആ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം വന്ന് കീഴടക്കുമായിരുന്നു.

'ചൂട്ടുമണഞ്ഞുപോയ് പാട്ടുംമുറിഞ്ഞുപോയി ഞാനോ ശൂന്യമായി...'അസ്തിത്വമില്ലായ്മയുടെ അതിസങ്കീർണതയെ ഒരു പെണ്ണിന്റെ- ആകാശമായവളുടെ അഭാവത്തിലൂടെ താങ്കൾ വരച്ചിട്ടിരിക്കുന്നു. ആകാശമായവളെ തൊട്ടറിഞ്ഞുകൊണ്ടുള്ള ആ പാട്ടെഴുത്തനുഭവം എങ്ങനെയായിരുന്നു?

പാട്ടിന്റെ സന്ദർഭം വിശദമാക്കുമ്പോൾ സംവിധായകൻ ആവശ്യപ്പെട്ടത് വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ തന്റെ സഖിയെക്കുറിച്ചോർക്കുന്നതായിരിക്കണം എന്നാണ്. പാട്ട് ലളിതമായിരിക്കണം വിരഹത്തിന്റെ ആഴം അതിലുണ്ടാവുകയും വേണം. പാട്ടെഴുതുമ്പോൾ ബിജിബാൽ എന്ന വ്യക്തിയുടെ മുഖവും ഇപ്പോഴത്തെ അവസ്ഥയും എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. ജീവിതത്തിൽ ഓർമയുടെ ഒരു പ്രകാശവർഷം തന്നെ ചൊരിഞ്ഞു മാഞ്ഞുപോയ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയെ ഓർത്തു. എന്റെ വ്യക്തിജീവിതത്തിൽ താങ്ങുംതണലുമായി നിൽക്കുന്ന ഭാര്യ ദിവ്യയെ ഓർത്തു. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. നഷ്ടപ്പെടലുകളുടെ ആധിയാണ് എനിക്കെഴുതാൻ തോന്നിയത്. ഓരോ പുരുഷനും തന്റെ ജീവിതം പങ്കാളിയവൾ ആകാശമായവൾ തന്നെയായിരിക്കുമെന്നാണ് കരുതുന്നത്.

നിധീഷ് നടേരിയുടെ സാഹിത്യ-സിനിമായാത്രകൾ വിശദമാക്കാമോ?

എന്റെ മാധ്യമപഠനകാലത്തെ അധ്യാപകനാണ് പ്രജേഷ് സെൻ. പിന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായി ജോലി ചെയ്തു. സിനിമയോടുള്ള ഞങ്ങളുടെ പൊതുതാല്പര്യം നല്ല സൗഹൃദത്തിലേക്കു വളർന്നു. അങ്ങനെ ക്യാപ്റ്റൻ സിനിമ പിറന്നു. ഒപ്പം ഞാനെന്ന സിനിമാ പാട്ടെഴുത്തുകാരനും.

കോഴിക്കോട് കൊയിലാണ്ടിയ്ക്കടുത്ത് നടേരിയിലാണ് ഞാൻ ജനിച്ചത്. എന്റെ അച്ഛൻ നടേരി ഗംഗാധരൻ പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് പാർട്ടിയ്ക്കുവേണ്ടി വിപ്ലവഗാനങ്ങളൊക്കെ എഴുതുന്ന ആളുമായിരുന്നു. അദ്ദേഹമെഴുതിയ വിപ്ലവഗാനങ്ങൾ ഞങ്ങൾ കുട്ടികളൊക്കെ പാടിനടന്നത് അച്ഛമ്മ പാടിതന്നിട്ടായിരുന്നു. അച്ഛൻ വായനയെയും എഴുത്തിനെയുമൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ദേഹം അന്തരിച്ചിട്ട് ഇരുപത്തിരണ്ട് വർഷം കഴിഞ്ഞു. ഞാനെഴുതിയ പാട്ട് കേൾക്കാൻ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ തോന്നാറുണ്ട് ഇടയ്ക്ക്. എന്റെ ഇളയച്ഛൻമാരും സംഗീത അധ്യാപകരാണ്. അവരിലൂടെയും എന്റെ പാട്ടെഴുത്ത് വളർന്നിട്ടുണ്ട്. സ്കൂൾ യുവജനോത്സവകാലത്ത് ഏറ്റവും പുതിയ ലളിതഗാനങ്ങൾക്കായി പിടിവലി നടക്കും. അപ്പോൾ ഓരോ ഇളയച്ഛന്മാർക്കും ഓരോ പുതിയഗാനം ഞാനെഴുതി കൊടുക്കും. എന്നിട്ട് മത്സരദിവസം ആരോടും പറയാതെ വേദിയ്ക്കു മുന്നിൽ പോയിരിക്കും. കുട്ടികൾ എന്റെ വരികൾ താളത്തോടെ പാടുന്നത് കേൾക്കാൻ. അപ്പോഴനുഭവിച്ചിരുന്ന ആനന്ദമുണ്ടല്ലോ-പാട്ടെഴുതിയവൻ ആരാലും തിരിച്ചറിയപ്പെടാതെ സ്വന്തം പാട്ട് സദസ്സിലിരുന്ന് കേൾക്കുന്ന ആനന്ദം... ഓർക്കുമ്പോൾ ഇപ്പോഴും സന്തോഷം വരുന്നു.അതൊക്കെയായിരുന്നു സത്യത്തിൽ ഗാനരചയിലേക്കുള്ള എന്റെ പരിശീലനങ്ങൾ. ട്യൂൺ നേരത്തേ കിട്ടിയും അല്ലാതെയുമൊക്കെ ഇളയച്ഛന്മാർ പാട്ടെഴുതിക്കുമായിരുന്നു. അതും സത്യത്തിൽ ഇപ്പോൾ അനുഗ്രഹമായി.

അതേപോലെ അന്നനുഭവിച്ചിരുന്ന മറ്റൊരാനന്ദമായിരുന്നു ആകാശവാണിയിലെ ലളിതഗാനങ്ങൾ. ഞാൻ വരികളെഴുതി അയക്കും. താമസിയാതെ തന്നെ പ്രക്ഷേപണദിവസം എന്നാണെന്നുള്ള അറിയിപ്പ് കിട്ടും. അന്നുമുതൽ കാത്തിരിപ്പാണ് രചന നിധീഷ് നടേരി എന്ന് അവതാരകന്റെ മുഴങ്ങുന്ന ശബ്ദത്തിൽ കേൾക്കാനായി. ആകാശവാണിയിൽ നിന്നും ചെക്ക് വരുമ്പോൾ അതിലും വലിയ ആത്മാഭിമാനമാണ്. നമ്മുടെ പേര് വലിയൊരു സാംസ്കാരികനിലയത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിരിക്കുകയാണ്. സിനിമാപാട്ടുകളുടെ പ്രക്ഷേപണസമയത്ത് ഗാനരചന നിധീഷ് നടേരി എന്നൊക്കെ ഏതുകാലത്താണാവോ ഒന്നു കേൾക്കുക എന്നൊക്കെ കൊതിച്ചുപോയിട്ടുണ്ട് . കൈതപ്രം, യൂസഫലി കേച്ചേരി, ബിച്ചുതിരുമല, ഗിരീഷ്പുത്തഞ്ചേരി തുടങ്ങിയ മഹരഥന്മാർ ഭരിക്കുന്ന മേഖലയാണ്. നടക്കാത്ത സ്വപ്നമെന്ന് സ്വയം സമാധിച്ചു അന്നൊക്കെ. അത്രയും അകലെയായിരുന്നു സിനിമ അന്ന്. പിന്നെ മാധ്യമപ്രവർത്തനകാലത്തെ സിനിമാചർച്ചകൾ പ്രജേഷ്സെന്നിലേക്കെത്തിച്ചു. അത് ആകാശമായവളേ വരെ എത്തിനിൽക്കുന്നു.

നിധീഷ് നടേരി, ബിജിബാൽ, ഷഹബാസ് അമൻ- ഒരു പാട്ടു പിറക്കുന്നു...

'അറബിക്കഥ' മുതൽ മലയാളസിനിമാസംഗീതമേഖലയിൽ തന്റേതായ മുദ്ര പതിപ്പിച്ച ആളാണ് ബിജിബാൽ. ബിജിയേട്ടൻ സംഗീതം നല്കുക എന്നത് എന്നെപ്പോലുള്ള പാട്ടെഴുത്തുകാരന്റെ സ്വപ്നം കൂടിയാണ്. പാട്ടുപാടിക്കെഴിഞ്ഞതിനുശേഷം ഫോൺ വിളിച്ച് സന്തോഷം പങ്കുവെച്ച ഷഹബാസ് അമൻ ഏറെ സമയം പാട്ടിനെക്കുറിച്ച് സംസാരിച്ചു. സംഗീതത്തിന്റെ രണ്ട് അപാരതീരങ്ങളിൽ ഇരിക്കുന്നവർ വരികളെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചപ്പോൾ അതു തന്നെയായിരുന്നു വലിയ അംഗീകാരമായി തോന്നിയത്. സ്വപ്നതുല്യമായ അവസ്ഥയായിരുന്നു അത്.

ഉടലും ചേർന്നുപോയ് ഉയിരും പകുത്തുപോയ് ഉള്ളം പിണഞ്ഞു പോയി...വൈകാരികതയെ താളാത്മകതയിൽ തളച്ചിട്ടിരിക്കുന്നു നിധീഷ് താങ്കൾ.

കമിതാക്കൾ, ദമ്പതികൾ, പങ്കാളികൾ...വല്ലാത്തൊരു പരസ്പരാശ്രയമാണ്. അതെങ്ങനെ പറഞ്ഞറിയിക്കണമെന്നെനിക്കിന്നും അറിയില്ല. ഉയിര് ഉയിരിനെ തൊടുന്ന, ആത്മാവ് ആത്മാവിനെ തൊടുന്ന, നമ്മുടെ ഇല്ലായ്മകളും വല്ലായ്മകളും കുറ്റങ്ങളും കുറവുകളും നികത്തുന്ന വലിയൊരു താങ്ങുതണൽമരമാണ് സത്യത്തിൽ ഭാര്യ, ഭർത്താവ് അല്ലെങ്കിൽ പങ്കാളി എന്നത്. അത് നഷ്ടപ്പെട്ടുപോകുന്ന ഒരു മനുഷ്യന്റ അവസ്ഥയില്ലേ. ഒരു കണക്കിനും അയാൾക്കത് താങ്ങാനാവില്ല. ആ അവസ്ഥയെ പാട്ടിൽ കൊണ്ടുവരണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചതാണ് ഈ വരികൾ- വാക്കുകളായി വന്നുപെട്ടു. ഞാൻ വരികൾകൊണ്ടാഗ്രഹിച്ചത് തിരിച്ചറിയപ്പെടുന്നു എന്നു മനസ്സിലാക്കുമ്പോൾ വലിയ സന്തോഷമുണ്ട്.

പാട്ടെഴുത്തിലെ മാതൃകകൾ, മുൻഗാമികൾ, അഭിരുചികൾ,ആചാര്യർ

പാട്ടെഴുത്തിൽ അവരവരുടേതായ മുദ്രകൾ പതിപ്പിച്ച് കടന്നുപോയ എല്ലാ പാട്ടെഴുത്തുകാരെയും എനിക്കിഷ്ടമാണ്. എല്ലാവരെയും ഞാൻ കൃത്യമായി ഫോളോ ചെയ്യാറുണ്ടായിരുന്നു. പാട്ടെഴുത്തുകാരുടെ വരികൾ, അതിലെ ആർദ്രത, ശൈലി, പദപ്രയോഗങ്ങൾ, സംസ്കൃതസ്വാധീനം, പുതിയ പദങ്ങൾ, ആവർത്തിക്കാത്ത വരികൾ അങ്ങനെ പാട്ടുകളിലൂടെ പാട്ടെഴുത്തുകാർക്കു പിന്നാലെ നടന്നിട്ടുണ്ട്. കൈതപ്രം, ഷിബു ചക്രവർത്തി, യൂസഫലി കേച്ചേരി, പി.കെ ഗോപി, ഗിരീഷ് പുത്തഞ്ചേരി, ബിച്ചുതിരുമല തുടങ്ങിയവരാണ് ഞാൻ പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്തെ എഴുത്തുകാർ. പിന്നീട് ഒരോ പാട്ടിനെയും അടുത്തറിയാൻ ശ്രമിച്ചതോടെ അവർക്കും മുമ്പേയുള്ള പ്രഗത്ഭരെ അതിശയത്തോടെ കേട്ടു. ശ്രീകുമാരൻ തമ്പി, വയലാർ, പി.ഭാസ്കരൻ, ഒ.എൻ.വി ഇടംവലം കൈകൊണ്ട് പാട്ടെഴുതുന്നവർ...

ഇങ്ങേയറ്റത്ത് അൻവറലിയുണ്ട്, റഫീക് അഹമ്മദ്, ഹരിനാരായണൻ, മനുമഞ്ജിത് തുടങ്ങി ധാരാളം എഴുത്തുകാരുണ്ട്. അവരെയൊക്കെ കേൾക്കുന്നു. അവരെല്ലാം പഠിക്കുന്നു.

ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാനോവുമായി... കോൾറിഡ്ജ് നിർവചിച്ചതുപോലെ ഏറ്റവും മികച്ച വാക്കുകൾ, ഏറ്റവും മികച്ച വരികളിൽ...

കവിതയെ ഇന്നും ഭയഭക്തിബഹുമാനത്തോടെ നോക്കുന്നു. കവിതയിലേക്ക് എത്ര ശ്രമിച്ചിട്ടും എത്തിച്ചേരാതിരുന്ന ആളാണ് ഞാൻ. പാട്ടെഴുത്ത് വേറെയാണ്. കവിത ബൗദ്ധികനിലവാരത്തിലും പാട്ട് ജനപ്രിയനിലവാരത്തിലുമുള്ളവയാണ്. കവിതയിൽ എത്താത്ത ഒരാൾ എന്ന് സ്വയം വിലയിരുത്തലുണ്ട്. അപ്പോൾ ഈ വരികൾ കവിതയിലേക്കെത്തുന്നു എന്നു കേൾക്കുമ്പോൾ സന്തോഷിക്കുന്നു. ഒരു വർഷമായി പാട്ടെഴുത്തും റെക്കോഡിങ്ങും ചിത്രീകരണവും എല്ലാം കഴിഞ്ഞിട്ട്. അന്നു മുതൽ കാത്തിരിപ്പാണ് ഇത് എന്നാണ് വരിക എന്നുമോർത്ത്.. അതുകൊണ്ടു തന്നെ ഈ പാട്ടിന് ഒരു കാത്തിരിപ്പിന്റെ സുഖമുണ്ട്. ആസ്വാദകർ ആകാശത്തോളം അതിനെ എടുത്തുയർത്തി എന്നു കേൾക്കുമ്പോൾ ആ കാത്തിരിപ്പിനോടാണ് നന്ദി തോന്നുന്നത്. ക്ഷമ കൈവിടാതിരുന്നതിലും.

ഇനിയുള്ള പ്രോജക്ടുകൾ.

'ക്യാപ്റ്റനു'ശേഷം കെ.ആർ പ്രവീൺ സംവിധാനം ചെയ്ത 'തമി' എന്ന ചിത്രത്തിനു വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്. അത് റിലീസിന് തയ്യാറെടുക്കുന്നു. വിശ്വജിത്താണ് സംഗീതം. മൂന്ന് പാട്ടുകളാണ് തമിയ്ക്കായി എഴുതിയത്. സെന്ന ഹെഡ്ഗെയുടെ 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയ്ക്ക് ഒരു പാട്ടെഴുതി. ആ പടം IFFK-യിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. 'ഉദയ' എന്നൊരു പടത്തിന് പാട്ടെഴുതി. ധീരജ് എന്ന സംവിധായകന്റെ പടമാണ്. 'വെള്ള'ത്തിന്റെ സഹഎഴുത്തുകാരൻ വിജേഷ് വിശ്വമാണ് സ്ക്രിപ്റ്റ്. പ്രജേഷ് സെന്നിന്റെ തന്നെ മറ്റ് രണ്ട് സിനിമകൾക്ക് പാട്ടുകളെഴുതാനുണ്ട്. കെ.ആർ പ്രവീണിന്റെ ഒരു പ്രൊജക്ടും കൂടിയുണ്ട്.

Content Highlights: lyrics writer Nidheesh Naderi famous lyrics Aakashamayavale Vellam Movie Jayasurya Bijibal