മായാനദി കണ്ട ഒട്ടുമിക്കവരെയും ആഴത്തില്‍ സ്പര്‍ശിച്ച ഒരു രംഗമുണ്ട്. ബാല്‍ക്കണിയില്‍ എതൊക്കെയോ ചിന്തകള്‍ക്ക് പിന്നാലെ മനസ്സിനെ അഴിച്ച് വിട്ടിരിക്കുന്ന നായിക. അവളുടെ രണ്ട് കൂട്ടുകാരികള്‍. മൂവരും വൈന്‍ കുടിച്ചിട്ടുണ്ട്. ഒരാള്‍ മൂളുന്നു ബാവ്‌രാ മന്‍ ദേഖ്‌നേ ചലാ' ......  മറ്റൊരാള്‍ തേങ്ങി കരയുന്നു. അവളുടെ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയാണെന്ന ബോധ്യമാണ് ആ കരച്ചിന് പിറകില്‍ പിന്നെ മറ്റെന്തൊക്കെയോ ചിന്തകളും. സമീറ എന്നാണ് അവളുടെ പേര്. അത്യാവശ്യം തിരക്കുള്ള നടി. സിനിമയോടും താരപദവിയോടും അഭിനിവേശമുണ്ട്. പക്ഷേ ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വന്തം സ്വപ്‌നങ്ങളുടെ ലോകത്ത് നിന്ന്‌ അവള്‍ക്ക് കളമൊഴിയേണ്ടി വരുന്നു. അവളുടെ സന്തോഷകരമായ ജീവിതത്തിന് തിരശ്ശീല വീഴുന്നതിന്റെ 'ആഘോഷ'മായിരുന്നോ ആ സായാഹ്നം?

സമീറയെ അവതരിപ്പിച്ച ലിയോണ ലിഷോയിക്ക് ഇതെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. ചെറിയ ഒരു കഥാപാത്രമാണെങ്കിലും ലിയോണ തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു സമീറയെ. അതോടൊപ്പം തന്നെ മായാനദി തന്ന സൗഹൃദങ്ങളെയും. 

നടന്‍ ലിഷോയുടെ മകളാണ് ഈ യുവനടി. അച്ഛന്റെ മേല്‍വിലാസത്തിലാണ് ലിയോണ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് പതിയെ സിനിമയുടെ ഒഴുക്കിനൊപ്പം നീന്താന്‍ തുടങ്ങി. നടന്റെ മകളാണെങ്കിലും അവസരങ്ങള്‍ക്കായി അച്ഛന്റെ പേര്  ഉപയോഗിക്കാന്‍ ലിയോണ ആഗ്രഹിക്കുന്നില്ല. തുടക്കത്തില്‍ കുറച്ച് തിരിച്ചടികളും നേരിടേണ്ടി വന്നുവെന്ന് ലിയോണ പറയുന്നു. വളരെ കഷ്ടപ്പെട്ട് അഭിനയിച്ച സിനിമകള്‍ പലതും വെളിച്ചം കണ്ടില്ല. ചിലതില്‍ നിന്ന് അനുവാദം പോലം കൂടാതെ രംഗങ്ങൾ മുറിച്ചു മാറ്റി. പക്ഷേ ലിയോണക്ക് ഇന്ന് ആരോടും പരാതിയില്ല. മായാനദി കടന്നൊഴുകുന്ന തന്റെ സിനിമാനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കിടുകയാണ് ലിയോണ.

ആദ്യം കണ്ട നടന്‍ എന്റെ അച്ഛന്‍

Leona Lishoy
ലിയോണ അച്ഛന്‍ ലിഷോയ്‌ക്കൊപ്പം

ഞാന്‍ വലിയ പ്ലാനിങ് ഉള്ള ആളല്ല. അച്ഛന്‍ നടനാണ്. സിനിമയിലും സീരിയലിലും സജീവമാണ്. എന്നിരുന്നാലും സിനിമയെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നും ഇല്ലായിരുന്നു. അഭിനയം എന്താണെന്ന് അറിയില്ലായിരുന്നു. ഒരു ആക്ടര്‍ എങ്ങനെ ആയിരിക്കണം എന്ന് ഇപ്പോഴും അറിയില്ല. ഞാന്‍ അടുത്തറിയുന്ന ഏക ആക്ടര്‍ അച്ഛനാണ്. പക്ഷേ സാധാരണ വ്യക്തിയെപ്പോലെ ജീവിക്കുന്നു. ജനങ്ങളോട് ഇടപഴകുന്നു. അച്ഛനെ പരിചയപ്പെടാന്‍ ആളുകള്‍ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

അനുഭവങ്ങള്‍ പാളിച്ചകള്‍

ഞാന്‍ സിനിമയിലേക്ക് വന്നപ്പോള്‍ എല്ലാവരും അച്ഛന്റെ കുട്ടി എന്ന പരിഗണനയിലാണ് കണ്ടത്. പക്ഷേ എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. ആകെ ആശങ്കയിലായിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന തോന്നലുണ്ടായിരുന്നു. 

അച്ഛന്‍ പറഞ്ഞിട്ട് കലികാലം എന്ന സിനിമയാണ് ഞാന്‍ ആദ്യം ചെയ്തത്. പിന്നീട് മമ്മൂക്കയുടെയും ആസിഫ് അലിയുടെയും ജവാന്‍ ഓഫ് വെള്ളിമല. അതിനുശേഷം ഒരുപാട് സിനിമകള്‍ ചെയ്തു. ചിലത് പുറത്ത് വന്നില്ല. പക്ഷേ ഞാന്‍ നല്ല എഫര്‍ട്ട് എടുത്ത ചില സിനിമകള്‍ പലതും പുറത്തുവന്നില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. എനിക്ക് അഭിനയിക്കാന്‍ അറിയാത്തത് കൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിച്ചു. 

ഒരു ഘട്ടത്തില്‍ അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചു

കൂതറ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. പക്ഷേ അതില്‍ എന്റെ സീന്‍ കട്ട് ചെയ്തു. കണ്ടിന്യുവിറ്റി നഷ്ടപ്പെടും എന്ന പ്രശ്നമാണ് അതിന് അവര്‍ കാരണം പറഞ്ഞത്. അവര്‍ പറഞ്ഞത് സത്യമായിരിക്കും. പക്ഷേ എനിക്ക് ഭയങ്കര സങ്കടമായി. കൂതറയില്‍ വച്ചാണ് സണ്ണി വെയിനിനെ പരിചയപ്പെടുന്നത്. സണ്ണി വഴിയാണ് ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ എത്തിയത്. അദ്ദേഹമാണ് എന്നോട് പോയി നോക്കാൻ പറഞ്ഞത്. അഭിനയം നിര്‍ത്താം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ആന്‍മരിയ വന്നത്. അതിലെ അമ്മവേഷം ഇഷ്ടമായി. ആന്‍ മരിയയില്‍ അഭിനയിച്ചപ്പോള്‍ നല്ല അഭിപ്രായം നേടാന്‍ കഴിഞ്ഞു. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി.

മായാനദിയിലെ സമീറ

ആന്‍ മരിയ കഴിഞ്ഞ് കളര്‍ എന്ന സിനിമ ചെയ്തു. അത് റിലീസ് ആയിട്ടില്ല. ആ ചിത്രത്തില്‍ ബിനു പപ്പുചേട്ടന്‍ ഉണ്ടായിരുന്നു. ബിനു ചേട്ടന്‍ പറഞ്ഞാണ് മായാനദിയിലേക്ക് അയക്കുന്നത്. ഓഡീഷനിലേക്ക് വിളിച്ചു. ഫസ്റ്റ് ഓഡീഷനില്‍ ആഷിക് അബു സാര്‍ ഇല്ലായിരുന്നു. സെക്കന്‍ഡ് ഓഡീഷനില്‍ അവരെല്ലാവരും ഉണ്ടായിരുന്നു. ഓഡീഷന്‍ നല്ല രസമായിരുന്നു. നമ്മുടെ ഇഷ്ടത്തിന് വിട്ട് തരികയായിരുന്നു. ഒട്ടും ടെന്‍ഷന്‍ തോന്നിയിരുന്നില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സമീറ എന്ന ക്യാരക്ടര്‍ ചെയ്യാന്‍ എന്നെ വിളിച്ചു. 

അപ്പു, സമീറ പിന്നെ ദര്‍ശന

leona
ലിയോണ, ദര്‍ശന, ഐശ്വര്യ ലക്ഷ്മി

ഒരുപാട് കുട്ടികള്‍ പറഞ്ഞു അവരുടെ ജീവിതവുമായി ഈ സൗഹൃദത്തെ റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടെന്ന്. ദര്‍ശനയെ എനിക്ക് നേരത്തേ അറിയാം. പക്ഷേ സെറ്റില്‍ വച്ചാണ് ആദ്യം കാണുന്നത്. ഹീറോയിന്റെ ഫ്രണ്ടാണല്ലോ സമീറ. ആദ്യം ആ ക്യാരക്ടര്‍ വേണമോ എന്ന് ഒരുപാട് ആലോചിച്ചു. അമ്മയോട് ഒരു നൂറ് വട്ടം ചോദിച്ചു. പിന്നെ ആഷിക് സാറിന്റെ സിനിമ ആണല്ലോ എന്നോര്‍ത്തപ്പോള്‍ വേണ്ടെ എന്ന് വയ്ക്കാന്‍ തോന്നിയില്ല.

പക്ഷേ സിനിമ ചെയ്ത് തുടങ്ങിയപ്പോള്‍ ഒരുപാട് രംഗങ്ങള്‍ ഇല്ലെങ്കിലും ഏറെ ഡെപ്ത്തുള്ള ഒരു ക്യാരക്ടര്‍ ആണെന്ന്. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സൗഹൃദം അത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന്. അതും അധികം സീനുകളില്ലാതെ വാക്കുകളില്ലാതെ. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കാണിക്കാന്‍ വേണ്ടി കൃത്രിമമായി രംഗങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്റെ മനസ്സില്‍ നിന്ന് അതൊന്നും ഇറങ്ങിപ്പോയിട്ടില്ല. മൊത്തത്തില്‍ പോസിറ്റീവായിട്ടുള്ള ഒരു സെറ്റായിരുന്നു മായാനദിയിലേത്. 

അപ്പു അറിയാത്ത രഹസ്യം

സമീറ പാവമാണ് എന്നാണ് തോന്നുന്നത്. എനിക്ക് തോന്നുന്ന ചില കാര്യങ്ങളുണ്ട്. അപ്പു സമീറ പറഞ്ഞിട്ട് ഒരു ഓഡീഷനു പോകുന്നുണ്ട്. ഓഡീഷില്‍ അപ്പു പറയുന്നുണ്ട്. എനിക്ക് സമീറയേക്കാള്‍ സൗന്ദര്യവും കഴിവും ഉണ്ടെന്ന്. അങ്ങനെ പറഞ്ഞ് അപ്പു നേരെ വരുന്നത് സമീറയുടെ ഫ്ലാറ്റിലേക്ക്. അപ്പു ഓഡിഷനില്‍ പറഞ്ഞ കാര്യങ്ങളൊക്കെ സമീറയും അറിയുന്നുണ്ട്. പക്ഷേ അവള്‍ അത് അറിഞ്ഞ ഭാവം നടിക്കുന്നില്ല. സമീറയ്ക്ക് അതൊന്നും പ്രശ്നമല്ല. അപ്പുവുമായുള്ള ഫ്രണ്ട്ഷിപ്പാണ് വലുത്. ഇതൊക്കെ പറയാതെ പോകുന്ന കാര്യങ്ങളാണ്. അപ്പു നടിയായാലും സമീറയ്ക്ക് പ്രശ്നമില്ല. എല്ലാ ബന്ധത്തിനും വാല്യു കൊടുക്കുന്നവളാണ് സമീറ. ഇക്കയോട് നല്ല പേടിയുണ്ടെങ്കിലും സ്നേഹമുണ്ട്. സിനിമ വിട്ട് കൂടെ ചെല്ലുന്നത് അതുകൊണ്ടാണ്. 

ബാല്‍ക്കണി  രംഗം പിന്നീട് എഴുതിച്ചേർത്തതാണ്. സത്യത്തില്‍ സെറ്റില്‍ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കണ്ടപ്പോഴാണ് ശ്യം സാറിന് അങ്ങനെ ഒരു ബുദ്ധി തോന്നിയത്. ആ സൗഹൃദം ജീവിതത്തിലും ഉണ്ട് കേട്ടോ? സമയം കിട്ടുമ്പോള്‍ ഞാനും ഐശ്വര്യയും ദര്‍ശനയും പരസ്പരം കാണും. 

മായാനദി സപെഷ്യലാണ്

മായാനദി എന്റെ ജീവിതത്തില്‍ ഇത്രയും മാറ്റം കൊണ്ടുവരുമെന്ന് കരുതിയില്ല. ഞാന്‍ മാത്രമല്ല ഞങ്ങളാരും. അപ്പുവിന്റെയും മാത്തന്റെയും കഥയാണെങ്കില്‍ കൂടി ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശ്രദ്ധ ലഭിച്ചു. ആന്‍ മരിയയും എന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമയാണ്.

അച്ഛനാണ് റോള്‍മോഡല്‍

അച്ഛന്‍ 25 വര്‍ഷമായി സിനിമയില്‍. അഭിനയിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. പണത്തിന് വേണ്ടിയല്ല സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് വന്നത്. അച്ഛന്‍ എല്ലാം കൂളായി വിടുന്ന വ്യക്തിയാണ്. അത് കാണുമ്പോള്‍ എനിക്ക് ആശ്വാസം തോന്നിയിട്ടുണ്ട്. ഞാന്‍ ആരോടും ചാന്‍സ് ചോദിച്ച് ചെന്നിട്ടില്ല. സിനിമയില്‍ എന്റെ അച്ഛന്‍ തന്നെയാണ് റോള്‍മോഡല്‍. അല്ലാതെ മറ്റാരുമല്ല.

Content Highlights: Leona Lishoy Interview, Leona lishoy on Mayaanadhi, Leona lishoy talks about her character Sameera