ഠിച്ചത് ഡോകടറാവാനാണെങ്കിലും സ്‌റ്റെതസ്‌കോപ്പിനെക്കാള്‍ തന്റെ കൈയ്യില്‍ ഇണങ്ങുന്നത് ക്യാമറയാണെന്ന് ലക്ഷ്മി ദേവി മനസിലാക്കി. സിനിമ കമ്പനി എന്ന ചിത്രത്തിലെ റോഷ്‌നി എന്ന കഥാപാത്രവും ഡറോ മത്തിലെ നിഷകളങ്കയായ നായികയേയും സിനിമ പ്രേമികള്‍ മറക്കില്ല. അഭിനയത്തില്‍ നിന്ന് തുടങ്ങി സംവിധാനവും സിനിമ നിര്‍മ്മാണവും വരെ എത്തി നില്‍ക്കുന്നയാണ് ലക്ഷ്മി ദേവി .പുതിയ ചിത്രമായ വെന്‍ ദ മ്യൂസിക്ക് ചെയ്ഞ്ചസ്‌  സംസാരിക്കുന്നത് കൂട്ട ബലാത്സംഗത്തില്‍ നിന്ന് പുറത്ത് കടന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം 2021ലെ ഗോള്‍ഡ് റെമി അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ്.

ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം

പ്രസക്തിയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് തോന്നിയത് കൊണ്ടാണ് ഈ വിഷയം തന്നെ സിനിമയ്ക്ക് ആശയമായി എടുത്തത്. ഒരോ ദിവസവും എത്ര റേപ്പ് വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇതിനോടെല്ലാം കണ്ണടച്ച് ഇരുന്നിട്ട് കാര്യമില്ല ഇത് ചുറ്റും നടന്നു കൊണ്ടിരിക്കുകയാണ്. കുഞ്ഞു കുട്ടികള്‍ മുതല്‍ റേപ്പ് ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവളുടെ വസ്ത്രം അത്തരത്തിലാണ്, രാത്രി ഇറങ്ങി നടന്നു എന്നെല്ലാം പറഞ്ഞ് ഈ സത്യത്തിന് നേരെ മുഖം തിരിക്കാനായി പറ്റില്ല. 

പെണ്ണിന്റെ മാനമല്ല തകരുന്നത്

പെണ്ണ് ആക്രമിക്കപ്പെടുമ്പോള്‍ അവളുടെ അഭിമാനം പോയി എന്ന തരത്തിലാണ് സമൂഹം കാണുന്നത്. അത്തരം ചിന്താഗതി ആദ്യം മാറണം. ആക്രമിക്കുന്നവന്റെ അഭിമാനത്തിനാണ് ക്ഷതം ഏല്‍ക്കുന്നത്. അവിടെ പെണ്ണിന്റെ മാനം പോയി എന്ന രീതിയിലല്ല സംസാരിക്കേണ്ടത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വളരെയധികം ടോക്‌സിക്കായ കോണ്‍സെപ്റ്റാണത്. അതിനെയാണ് എന്റെ സിനിമ ചാലഞ്ച് ചെയ്യുന്നത്.

when the music changes

 ഡറോ മത്ത്

ചുറ്റുപാടും കാണുന്നതാണ് എന്റെ സിനിമയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്. ഡറോ മത്ത് എന്ന മുന്‍ ചിത്രമായാലും സംസാരിക്കുന്നത് സ്ത്രീകളുടെ പ്രശ്‌നങ്ങളാണ്. ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ടോ എന്ന ചോദിക്കുന്നവരോട് 'അങ്ങനെയുള്ളവരെ എനിക്ക് അറിയാം'. വളരെ ബ്രില്യന്റായ എന്റെ സഹപാഠികള്‍ കുടുംബത്തിന്റെ പ്രഷര്‍ കൊണ്ട് ഒതുങ്ങി പോവുന്നത് കണ്ടിട്ടുണ്ട്. ഡറോ മത്ത് എന്നാല്‍ ഭയപ്പെടരുതെന്നാണ് അര്‍ത്ഥം .അങ്ങനെയുള്ളവരോട് എനിക്ക് പറയാനുള്ളതും അതാണ്, പേടിക്കരുത്. ആ ചിത്രം കണ്ട നിരവധി പേര്‍ അത് തങ്ങളുടെ ജീവിത പരിസരമാണെന്ന് പറഞ്ഞിട്ടുണ്ട്.

daro math

നല്ല ചിത്രങ്ങള്‍ 

ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ നല്ല ചിത്രങ്ങള്‍ എടുക്കുക എന്നതാണ് പ്രഥമ പരിഗണന. അതിന് ശേഷം എന്റെ വീക്ഷണകോണിലൂടെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. വളരെ വലിയൊരു മീഡിയമാണ് സിനിമ ,നിരവധി പേരെ സ്വാധിനിക്കാന്‍ സാധിക്കും. റേപ്പ് ജോക്കുകള്‍ തമാശയല്ലെന്ന ഗൗരവമേറിയ വിഷയവും എന്റെ പുതിയ ചിത്രം സംസാരിക്കുന്നുണ്ട്.

ഒരു ലിബറലിസ്റ്റാണ് ഞാന്‍. റേപ്പ് ജോക്ക്‌സ് ബോഡി ഷെയിമിംഗ് എന്നിവയെല്ലാം സ്‌ക്രീനില്‍ കാണുമ്പോള്‍ എനിക്ക് ഇഷ്ടപ്പെടാറില്ല. പക്ഷേ ഇതെല്ലാം ഫിലിം മേക്കറുടെ സ്വാതന്ത്ര്യമാണ്. ഞാനൊരു സോഷ്യലി കമ്മിറ്റഡ് ആയൊരു ഫിലിം മേക്കറാണ്. എന്റെ അഭിപ്രായങ്ങള്‍ സിനിമയിലൂടെ പറയുന്നതില്‍ യാതൊരു പേടിയുമില്ല.

ഡോക്ടര്‍ ടു സിനിമ

ഞാനൊരു ഡോക്ടറാണ് പിന്നീടാണ് സിനിമ തൊഴില്‍ മേഖലയായി തിരഞ്ഞെടുത്തത്. ചെറുപ്പത്തില്‍ പാട്ട് പാടാനും ഡാന്‍സ് കളിക്കാനും ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സിനിമയെ ഗൗരവമായി അന്നൊന്നും എടുത്തിരുന്നില്ല. യാദ്യശ്ചികമായാണ് സിനിമയിലേക്ക് എത്തപ്പെട്ടത്. അച്ഛന്‍ എഴുത്തുകാരന്‍ കൂടിയാണ്‌

മസാലപടം എന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥയെഴുതി കൊണ്ടാണ് ക്യാമറയ്ക്ക് പിറകിലേക്ക് എത്തുന്നത്. അതിലെ നായിക കഥാപാത്രത്തെയും ഞാന്‍ തന്നെയാണ് അവതരിപ്പിച്ചത്. സംവിധാനം വളരെ നാചുറലായി എന്നിലേക്ക് എത്തി ചേര്‍ന്നതാണെന്ന് പറയാം. അതിന് ശേഷം എന്റെ സുഹൃത്തുമായി ചേര്‍ന്ന് ഡറോ മത്ത് സംവിധാനം ചെയ്യുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി എഴുതുന്നതും, അഭിനയിക്കുന്നതും, സംവിധാനം ചെയ്യുന്നതും ഞാന്‍ വളരെയധികം ആസ്വദിക്കുന്നു.

സത്യത്തില്‍ സിനിമയിലേക്ക് വന്നപ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നില്ല. ആദ്യകാലത്ത് സിനിമ വഴി തിരഞ്ഞെടുക്കുന്നതിനോട് വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ അവരാണ് എന്റെ പിന്തുണ. എന്റെ ജോലിയെ അവര്‍ വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നു.

റെമി അവാര്‍ഡ് ലഭിച്ചപ്പോള്‍

സത്യം പറഞ്ഞാല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍  എനിക്ക് ഈ പണി അറിയാം എന്നാണ് തോന്നിയത് ( ചിരിക്കുന്നു) വളരെയധികം സന്തോഷം തോന്നിയിരുന്നു. നിരവധി ചലചിത്ര മേളകളില്‍ ഈ ചിത്രം തിരഞ്ഞെടുത്തിരുന്നു. ഞാന്‍ ഫിലിം ഫെസ്റ്റിവലുകളുടെ വലിയൊരു ആരാധികയാണ്. കൊറോണയില്ലായിരുന്നെങ്കില്‍ ഈ ഫെസ്റ്റിവല്‍ വേദികളില്‍ ഞാനും ഉണ്ടാവും. എന്റെ ചിത്രം നിരവധി പേര്‍ കാണുന്നുവെന്നാണ് എന്റെ ആദ്യ സന്തോഷം

മാറി സഞ്ചരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്

സിനിമയിലെ ആണ്‍മേല്‍ക്കോയ്മ വളരെ വ്യക്തമാണ്. നോക്കു സിനിമയിലെ ആണ്‍ സൗഹൃദങ്ങള്‍ക്ക് കിട്ടുന്ന ഹൈപ്പ് പെണ്‍ സൗഹൃദങ്ങള്‍ക്ക് കിട്ടുന്നുണ്ടോ. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാറുപോലുമില്ല. രണ്ട് സിനിമ ചെയ്താല്‍ നായകന് പ്രൊഡക്ഷന് ഹൗസ് , ബിസിനസ്സുകള്‍ എന്നിവയെല്ലാമുണ്ടാവും എന്നാല്‍ നായിക കുറച്ച് കഴിഞ്ഞാല്‍ കല്യാണം കഴിഞ്ഞ് ഒതുങ്ങി കൂടും. ഇതാണ് ഭൂരിഭാഗം കഥകളും. അതില്‍ നിന്നെല്ലാം മാറി സഞ്ചരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ബാലചന്ദ്രമേനാനാണ് റോള്‍മോഡല്‍

ഒരു സംവിധായികയുടെ കണ്ണിലൂടെ പറയുകയാണെങ്കില്‍ എന്റെ സിനിമയിലെ  കഥാപാത്രം ചെയ്യാന്‍ എനിക്ക് പറ്റുമെന്ന്  ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് സ്വന്തം സിനിമയില്‍ അഭിനയിക്കുന്നത്. എന്റെ മാതൃക ബാലചന്ദ്രമേനോന്‍ ആണെന്ന് പറയാം. 

പുതിയ കുറേ പ്രോജക്റ്റുകളുടെ പണിപുരയിലാണ് ഒരു തമിഴ് ആന്തോളജി പടവും ആലോചനയിലുണ്ട്.

Content Highlights: Lekshmy devy Interview