തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനില്‍ 'സംവിധാനസഹായി- ലാലു ' എന്ന ടൈറ്റില്‍ തെളിഞ്ഞുവന്ന നിമിഷം ഒരിക്കലും ലാല്‍ ജോസിന്റെ ഓര്‍മയില്‍ നിന്ന് മായില്ല. കമല്‍ സംവിധാനം ചെയ്ത കൂടുമാറ്റം എന്ന പരമ്പരയിലാണ് ആ പേര് ആദ്യം മലയാളി കാണുന്നത്. ഒമ്പതുവര്‍ഷം കമലിനോട് ഒട്ടിനിന്ന് 16 സിനിമകളുടെ സഹസംവിധായകനായി ലാല്‍ ജോസ്. പിന്നീട് മറ്റ് പല സംവിധായകര്‍ക്കുമൊപ്പം 10 സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി. 1998-ല്‍ പുറത്തിറങ്ങിയ മറവത്തൂര്‍കനവിലൂടെ സ്വതന്ത്രസംവിധായകനായി. 21 വര്‍ഷത്തിനിടെ പല രുചിക്കൂട്ടുള്ള 25 സിനിമകള്‍ ചെയ്തു ഈ ഒറ്റപ്പാലത്തുകാരന്‍. മീശമാധവന്‍, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, ഡയമണ്ട് നെക്ലസ്, അയാളും ഞാനും തമ്മില്‍...

പ്രാദേശികവാര്‍ത്തകളില്‍ സഹസംവിധായകനായി 1989 ഓഗസ്റ്റ് മൂന്നുമുതല്‍ മുപ്പതുവര്‍ഷങ്ങള്‍ മലയാള സിനിമയ്ക്കൊപ്പമായിരുന്നു എന്റെ ജീവിതം. അതിയായി ആഗ്രഹിക്കാതെ സിനിമയിലെത്തിയ എനിക്ക് അന്നുമുതല്‍ ഇന്നുവരെ സിനിമ വിട്ടൊരു ജീവിതമില്ല.' - ലാല്‍ ജോസ് ചിരിച്ചു.

മുപ്പതുവര്‍ഷങ്ങള്‍... സിനിമ ആകെ മാറിയില്ലേ?

സാങ്കേതികവിദ്യ ആകെ മാറി. കഥയിലും സമീപനത്തിലുമെല്ലാം വലിയ മാറ്റമുണ്ടായി. വലിയ മാറ്റങ്ങളിലൂടെ കടന്നുപോയ തലമുറയാണ് ഞങ്ങളുടെത്. വായനശാലയില്‍ പോയി റേഡിയോ കേട്ടുതുടങ്ങി. പിന്നെ വലിയ അദ്ഭുതം പോലെ എന്റെ വീട്ടില്‍ റേഡിയോ വന്നു. ടേപ്പ് റെക്കോഡര്‍, ടി.വി., വി.സി.പി., കംപ്യൂട്ടര്‍, പേജര്‍, മൊബൈല്‍ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍..... എണ്ണിയാല്‍ തീരാത്ത അദ്ഭുതങ്ങള്‍.

പുതിയ പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരായ തലമുറയാണ് ഞങ്ങളുടേത്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ലൂപ്പ് ഡബ്ബിങ് ആണ്. അന്ന് ഒന്നര-രണ്ടുമാസം കൊണ്ടാണ് ഒരു സിനിമയുടെ ഡബ്ബിങ് തീരുന്നത്. ഇപ്പോള്‍ അഞ്ചുപത്ത് ദിവസം മതി. എഡിറ്റിങ് ആകെ മാറി. സാധ്യതകള്‍ കൂടി. ക്ലാസ്‌മേറ്റ്‌സിലാണ് ഞാന്‍ ആദ്യം മോണിറ്റര്‍ ഉപയോഗിക്കുന്നത്. അതുവരെ ക്യാമറമാനെ വിശ്വസിക്കാനേ വഴിയുള്ളൂ. സിനിമയുടെ വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. പണ്ട് ആലോചിക്കാന്‍ പറ്റാത്ത പല വിഷയങ്ങളും ഇപ്പോള്‍ ആലോചിക്കാന്‍ പറ്റും.

ശബരിമലയും വിശ്വാസവുമൊക്കെ കൂടിക്കുഴഞ്ഞുകിടക്കുകയാണോ നാല്‍പ്പത്തൊന്നില്‍?

സിനിമ ഒരു വിനോദോപാധിയാണെങ്കിലും അത് പിറക്കുന്ന കാലത്തെ സംഭവങ്ങളും വിഷയങ്ങളുമൊക്കെ അതില്‍ പ്രതിഫലിക്കും. ഉദാഹരണത്തിന് പ്രളയത്തിന് മുന്‍പുള്ള പമ്പാ മണപ്പുറമാണ് സിനിമയിലുള്ളത്. ഇപ്പോള്‍ അവിടെപ്പോയിക്കാണുന്ന ഒരു കുട്ടിക്ക് നാല്‍പ്പത്തൊന്നിലെ പമ്പ അതിശയമായിരിക്കും.

ഇരുപത്തിയഞ്ചാമത്തെ സിനിമ ചെയ്യുന്ന ഞാന്‍ എന്റെ കരിയറില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്ത തരം സിനിമയാണ് നാല്‍പ്പത്തിയൊന്ന്. ശബരിമല യാത്രയാണ് വിഷയം. ഒരു കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ണൂരില്‍നിന്ന് ശബരിമലയ്ക്കുള്ള യാത്ര. രണ്ടുപേരുടെ മനസ്സിലൂടെയുള്ള യാത്ര. അതില്‍ കമ്യൂണിസവും വിശ്വാസവും ആചാരവുമൊക്കെയുണ്ട്. ദൃശ്യങ്ങള്‍ക്കും ശബ്ദത്തിനും വലിയ പ്രാധാന്യം കൊടുത്തിട്ടുള്ള നാല്‍പ്പത്തിയൊന്ന് ശരിക്കുമൊരു തിയേറ്റര്‍ അനുഭവമായിരിക്കും. കഥ നടക്കുന്ന സ്ഥലങ്ങളില്‍ പോയാണ് ഷൂട്ട് ചെയ്തത്. തലശ്ശേരിയും തലക്കാവേരിയും പുന്നപ്രവയലാറും അമ്പലപ്പുഴയും എരുമേലിയും പമ്പയും ശബരിമലയുമെല്ലാം ഷൂട്ട് ചെയ്തു. മഹാപ്രളയത്തിന് മുന്‍പ് തുടങ്ങിയ നാല്‍പ്പത്തിയൊന്നിന് പിന്നില്‍ നൂറുകണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്.

വിശ്വാസവും മതവുമൊക്കെ കൂടുതല്‍ തീക്ഷ്ണമല്ലേ ഇപ്പോള്‍?

വിശ്വാസവും ആചാരവും മതവുമൊക്കെ ഒക്കെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട രണ്ട് വിഷയങ്ങളാണ്. സാമൂഹികമാധ്യമങ്ങള്‍ വന്നതോടെ വിവാദങ്ങളെയും അപവാദങ്ങളെയും പെട്ടെന്ന് വലുതാക്കാന്‍ കഴിയും. അത്രേയുള്ളൂ. വെറുതേ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടേത് കൂടിയാണല്ലോ സാമൂഹികമാധ്യമങ്ങള്‍. അതില്‍ നമുക്കൊന്നും ചെയ്യാനില്ല.

ലാല്‍ ജോസ് വിശ്വാസിയാണോ?

ഞാന്‍ ദൈവവിശ്വാസിയാണ്. ജീവിതം ലളിതവും സുന്ദരവുമാക്കാന്‍ വിശ്വാസം നല്ലതാണ്. വലിയ സംശയങ്ങള്‍ ഉണ്ടാകുന്ന സമയത്ത് നമുക്കതില്‍ ചാരിനില്‍ക്കാം. പിന്നെ മനുഷ്യന്റെ ദൈവസങ്കല്പം വളരെ റൊമാന്റിക്കുമാണ്. അതുകൊണ്ട് ഞാന്‍ ആ വിശ്വാസത്തെ ഒപ്പം കൊണ്ടുനടക്കുന്നു .എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നവരോട് ഒരുകാലത്തും യോജിപ്പില്ല.

നേരത്തേ ശബരിമല കയറിയിട്ടുണ്ടോ?

പത്തൊമ്പതാം വയസ്സില്‍ 41 ദിവസത്തെ വ്രതമെടുത്ത് ശബരിമലയില്‍ പോയിട്ടുണ്ട് ഞാന്‍. മുരളി മനോഹര്‍ എന്ന സുഹൃത്തിന്റെ പുലാമന്തോളിലെ വീട്ടില്‍ നിന്നാണ് കെട്ട് കെട്ടി മലയ്ക്ക് പോയത്. തീര്‍ഥാടനയാത്രകളെല്ലാം മനുഷ്യനെ വിമലീകരിക്കും. മനസ്സിലെ കാലുഷ്യം കുറയ്ക്കും. അതുകൊണ്ട് പരമാവധി അത്തരം യാത്രകള്‍ ചെയ്യാറുണ്ട് ഞാന്‍. നാല്‍പ്പത്തിയൊന്ന് ഷൂട്ട് ചെയ്തപ്പോള്‍ എന്റെ പഴയ ശബരിമല ഓര്‍മകള്‍ വളരെ സഹായകമായി.

കരുണാമയനേ കാവല്‍ വിളക്കേ... പമ്പാ ഗണപതി പാരിന്റെ അധിപതി... ആറുമുഖന്‍ മുന്നില്‍ച്ചെന്ന്... ഹര ഹര ശങ്കരാ... തുടങ്ങി വിശ്വാസമുദ്ര പതിഞ്ഞ എത്രയെത്രയോ ഗാനങ്ങളും രംഗങ്ങളും പിറന്നിട്ടുണ്ട് ലാല്‍ ജോസ് സിനിമകളില്‍. അതുകൊണ്ടാണ് നാല്‍പ്പത്തിയൊന്നിലെത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ മലകയറുന്നതും. 

പുതിയ മുഖങ്ങള്‍...

മലയാള സിനിമയില്‍ എല്ലാ രംഗത്തുമുള്ള ഒട്ടേറെ പുതുമുഖങ്ങളെ അവതരിപ്പിച്ച സംവിധായകനാണ് ലാല്‍ ജോസ്. നടീനടന്മാര്‍ മാത്രമല്ല പുതിയ എഴുത്തുകാരെയും ടെക്‌നീഷ്യന്‍മാരെയുമെല്ലാം അദ്ദേഹം കൊണ്ടുവന്നു. നാല്‍പ്പത്തിയൊന്നിലൂടെ പി.ജി. പ്രഗീഷ് എന്ന തിരക്കഥാകൃത്തിനെ മലയാളിക്ക് പരിചയപ്പെടുത്തുകയാണ് ലാല്‍ ജോസ്.

'എഴുത്തിന്റെ മര്‍മമറിയാവുന്ന, പുതിയ സിനിമാഭാഷ വശമുള്ളയാളാണ് പ്രഗീഷ്. അയാള്‍ പറഞ്ഞ കഥകളെല്ലാം എനിക്കിഷ്ടപ്പെട്ടു. പൂര്‍ണമായും പുതുമുഖങ്ങളെവെച്ച് ചെയ്യുന്ന എന്റെ അടുത്ത സിനിമ എഴുതുന്നതും പ്രഗീഷാണ്.' എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ചീഫായി ജോലി ചെയ്യുന്ന ഹരിപ്പാട് സ്വദേശിയായ പ്രഗീഷ് നേരത്തേ മാധ്യമപ്രവര്‍ത്തകനായിരുന്നു. നാല്‍പ്പത്തൊന്നില്‍ ശരണ്‍ജിത്ത് എന്ന നായകനെയും ധന്യ അനന്യ എന്ന നായികയെയും സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

Content Highlights : Lal Jose Interview On New Movie Nalpathiyonnu Starring Biju Menon Nimisha Sajayan