ലാൽ ജോസിന് ഒറ്റപ്പാലം പോലെ പ്രിയപ്പെട്ടതാണ് ദുബായ്. കരിയറിൽ വൻ ബ്രേക്ക് നൽകിയ രണ്ടു സിനിമകൾ പിറവിയെടുത്തത് ഈ മണലാരണ്യത്തിൽനിന്നായിരുന്നു. അറബിക്കഥയും ഡയമണ്ട് നെക്‌ലേസും. പുതിയ സിനിമയ്ക്കായി ലാൽ ജോസ് വീണ്ടും കടൽകടക്കുന്നു. സൗബിൻ സാഹിറും മമ്ത മോഹൻദാസും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ തുടങ്ങും. അറബിക്കഥയ്ക്കും ഡയമണ്ട് നെക്‌ലേസിനും വിക്രമാദിത്യനും ശേഷം തിരക്കഥാകൃത്ത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറവുമായി വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. സൗബിൻ ഷാഹിറും മമ്ത മോഹൻദാസും ഭാര്യാഭർത്താക്കൻമാരായി എത്തുന്ന ചിത്രത്തിൽ മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിലുണ്ട്. സിനിമയ്ക്ക് പേരിട്ടിട്ടില്ല. ഡിസംബർ 15-ന് ഷൂട്ടിങ് തുടങ്ങും. തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു -പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ലാൽ ജോസ് പറഞ്ഞുതുടങ്ങി. 

സൗബിൻ ഷാഹിർ-മമ്ത കൂട്ടുകെട്ടിലേക്ക് എത്തിയതെങ്ങനെ?

ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണിത്. യു.സി. കോളേജിൽ ജനറൽ ക്യാപ്റ്റനായി ജയിച്ചുകയറിയ ആളാണ് ദസ്തഗീർ. ഡിഗ്രിക്കുശേഷം ഗൾഫിലെത്തി പിന്നീട് കല്യാണം കഴിച്ച് അവിടെത്തന്നെ സ്ഥിരതാമസമാക്കുകയാണ് അയാൾ. കഴിഞ്ഞ കാലങ്ങളിൽ എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയ നടൻമാരിലൊരാളാണ് സൗബിൻ. അദ്ദേഹത്തിന്റെ കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനവും മികച്ചതായിരുന്നു. ‘അന്നയും റസൂലും’ പോലുള്ള സിനിമകളിലെ ചെറിയ വേഷങ്ങളിൽനിന്ന് മഹേഷിന്റെ പ്രതികാരവും അമ്പിളിയും പോലുള്ള സിനിമകളിലേക്ക് സൗബിൻ മാറിയത് വിസ്മയത്തോടെയാണ് കണ്ടത്. സൗബിന് പറ്റിയൊരു കഥാപാത്രം കിട്ടിയതുകൊണ്ട് അദ്ദേഹത്തെ ഉപയോഗിക്കുന്നു. മമ്തയുമായി ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നെങ്കിലും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഈ കഥാപാത്രത്തിന്  അനുയോജ്യയാണെന്ന് കണ്ടതോടെ അവരെയും ക്ഷണിച്ചു.

പ്രേക്ഷകർ മാറുന്നു, സിനിമാ റിലീസിങ്ങിന്റെ ഫോർമാറ്റ് മാറുന്നു. ഇതിനിടയിൽ പുതിയ സിനിമയുമായി രംഗത്തുവരാൻ ഭയമുണ്ടോ?

എന്നെ സംബന്ധിച്ചിടത്തോളം അല്പം നിർണായകമായ സിനിമയാണിത്. അതിന്റേതായ ടെൻഷനുണ്ട്. കാലം വല്ലാതെ മാറിക്കൊണ്ടിരിക്കുന്നു. പുറന്തള്ളപ്പെടാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. പ്രേക്ഷകർ മാറുന്നുണ്ട് എന്നതും സത്യംതന്നെ. സിനിമയ്ക്ക് എല്ലാ കാലവും 17 വയസ്സാണ്. ആ പ്രായക്കാർക്കുള്ളതാണ് സിനിമ. 15 വയസ്സിനും 30 വയസ്സിനുമിടയിലുള്ളവരാണ് സിനിമയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്നതും മതംപോലെ അതിനെ പിന്തുടരുന്നതും. മറ്റ് പ്രായക്കാരും സിനിമ കാണുമെങ്കിലും അവർക്കതൊരു നിർബന്ധമുള്ള കാര്യമല്ല. യുവപ്രേക്ഷകരുടെ അഭിരുചികൾക്കും താത്പര്യങ്ങൾക്കുമനുസരിച്ച് സിനിമ മാറും. എല്ലാ പത്തോ പതിനഞ്ചോ വർഷങ്ങൾക്കിടയിലും അത്തരമൊരു മാറ്റത്തിന്റെ തരംഗമുണ്ടാകും. 60 സിനിമകൾ ഒരു വർഷമിറങ്ങിയ കാലത്തുനിന്ന്് 195 സിനിമകളിലേക്ക് നമ്മൾ ഉയരുന്നു. ഞാൻ ഒമ്പതുവർഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആളാണ്. ഇപ്പോഴെന്റെകൂടെ രണ്ടോ മൂന്നോ വർഷം പ്രവർത്തിച്ച അസിസ്റ്റന്റ് ഡയറക്ടർമാർപോലും സ്വന്തമായി സിനിമചെയ്യാൻ ഇറങ്ങുന്നു. ഇതൊരു തെറ്റാണെന്നല്ല, കാലത്തിന്റെ വേഗമാണ് ചൂണ്ടിക്കാട്ടുന്നത്. ആർക്കും സിനിമ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. നിങ്ങളുടെ മനസ്സിൽ സിനിമയുണ്ടെങ്കിൽ, പറയാനൊരു കഥയുണ്ടെങ്കിൽ നാലഞ്ച് പണക്കാരായ സുഹൃത്തുക്കൾ പത്തുലക്ഷം രൂപവീതമെടുത്താൽ സിനിമ സംഭവിക്കും. അനലോഗിൽ ചെയ്യുന്ന സമയത്ത് എത്ര അടി ഫിലിം ഷൂട്ട് ചെയ്യണം എന്നതൊക്കെ വലിയ വിഷയമായിരുന്നു. ഇറക്കുമതിചെയ്യുന്ന വിലകൂടിയ സാധനമാണ് ഫിലിം റോൾ എന്ന കാര്യമോർക്കുക. അന്നൊക്കെ ഹൈസ്പീഡ് സീൻ ഷൂട്ട് ചെയ്യണമെങ്കിൽ പ്രൊഡ്യൂസറുടെ കാലുപിടിക്കണം. ഇന്നിപ്പോൾ എത്രവേണമെങ്കിലും ഷൂട്ട് ചെയ്യാം. രണ്ടോ മൂന്നോ ക്യാമറവെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിങ് ടേബിളിൽവെച്ചാണ് സിനിമ പിറക്കുന്നത്. 

പുതിയ എഴുത്തുകാർക്ക് ഒരുപാട് അവസരം കൊടുത്തയാളാണ് ലാൽ ജോസ്. എങ്ങനെയാണ് പുതുതലമുറയിലെ കഴിവുള്ളവരെ കണ്ടെത്തുന്നത്?

ആറ് പുതിയ എഴുത്തുകാരെ അവതരിപ്പിച്ചിട്ടുണ്ട്.  റെജി നായർ, മുരളി ഗോപി, രഞ്ജൻ പ്രമോദ്, ആർ. വേണുഗോപാൽ, എ.സി. വിജീഷ്, പി.ജി. പ്രഗീഷ് എന്നിവരുടെയൊക്കെ ആദ്യസിനിമ എന്റെകൂടെയായിരുന്നു. ഒരു സിനിമ വിജയിച്ചാൽ അടുത്ത പ്രോജക്ടിൽ പുതിയ എഴുത്തുകാരനെ പരീക്ഷിക്കാൻ ശ്രമിക്കാറുണ്ട്. ടാലന്റുള്ള എഴുത്തുകാർക്കാണ് എപ്പോഴും ക്ഷാമം. ചില കഥകൾ കേൾക്കുമ്പോൾ നമ്മളെ അദ്ഭുതപ്പെടുത്തുന്ന ഒരു ‘വാവ് ഫാക്ടർ’ ഉണ്ടാകുമല്ലോ. ഇത്രകാലമായിട്ടും നമ്മളിതുപോലെ ചിന്തിച്ചില്ലല്ലോ എന്ന് അദ്ഭുതം മനസ്സിൽ തോന്നും.  അത്തരം കഥകൾക്കൊക്കെ ഞാൻ കൈകൊടുത്തിട്ടുണ്ട്. എന്നിട്ടും ചില സിനിമകൾ പരാജയപ്പെടുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ഉത്തരമില്ല. ആദ്യം കഥ കേൾക്കുമ്പോൾ നമ്മളെ ആകർഷിക്കുന്നൊരു ഘടകമുണ്ടാകും. ആ പോയന്റ് ചിലപ്പോൾ സ്‌ക്രിപ്റ്റ് പൂർത്തിയായിവരുമ്പോൾ നഷ്ടപ്പെടും. കഥയായി കേൾക്കുമ്പോൾ വളരെ മനോഹരമായിരിക്കും ചില സിനിമകൾ. 

 അതാണോ ഒടുവിലിറങ്ങിയ ലാൽ ജോസ് ചിത്രങ്ങൾക്ക് സംഭവിച്ചത്?

ആറു വയസ്സുകാരൻ പയ്യൻ അപരിചിതനായ ഒരാളെക്കുറിച്ച് സ്ഥിരമായി സ്വപ്നംകാണുന്നു. അവൻ കാണുന്ന സ്വപ്നങ്ങളെല്ലാം അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നു എന്നതാണ് ‘തട്ടിൻപുറത്ത് അച്യുതൻ’ എന്ന സിനിമയുടെ ആദ്യത്തെ ചിന്ത. കുട്ടിയുടെ കാഴ്ചപ്പാടിൽ മറ്റൊരാളുടെ പ്രേമജീവിതം പറയുന്ന സംഭവമാണെന്നെ ആകർഷിച്ചത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കിയ  ഇറാനിയൻ സിനിമകളെ ഓർമിപ്പിക്കുന്ന കഥാപരിസരം. അതുവെച്ചിട്ടാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ, എവിടെയോ അത് പാളിപ്പോയിട്ടുണ്ടാകും. നമ്മൾക്കുതോന്നിയ ക്യൂട്ട്‌നെസ് സിനിമയിലേക്ക് വന്നിട്ടുണ്ടാവില്ല. ചില സിനിമകൾ നേരെ തിരിച്ചും സംഭവിക്കാറുണ്ട്. ഡയമണ്ട് നെക്‌ലേസ് എന്ന സിനിമയുടെ കഥ കേട്ടതിനെക്കാൾ എത്രയോ ഗംഭീരമായി അത് സ്‌ക്രിപ്റ്റ് ആയപ്പോൾ. അതുപോലെ തന്നെയാണ് ‘അയാളും ഞാനും തമ്മിൽ’. സ്‌ക്രിപ്റ്റിങ്ങിലേക്ക് കയറിയപ്പോൾ ഭയങ്കര പേടിയുള്ള സിനിമയായിരുന്നു അത്.  പരമ്പരാഗത രസക്കൂട്ടുകൾ ഒന്നുമില്ലാത്ത പടം. പക്ഷേ, ആളുകൾ അത് ഇഷ്ടപ്പെട്ടു. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി അത് മാറി.

മോഹൻലാലിനൊപ്പം ചേർന്ന ‘വെളിപാടിന്റെ പുസ്തകം’ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയ പ്രോജക്ടായിരുന്നു. പക്ഷേ, സിനിമ വിചാരിച്ചതുപോലെ ഹിറ്റായില്ല. എന്താണ് സംഭവിച്ചത്

ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകൾ ആലോചിച്ചിരുന്നു. പല കാരണങ്ങൾകൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃച്ഛികമായി ബെന്നി പി. നായരമ്പലം എന്നോടു പറഞ്ഞ ചിന്തയിൽനിന്നാണ് ‘വെളിപാടിന്റെ പുസ്തകം’ പിറക്കുന്നത്. നടനല്ലാത്ത ഒരാൾ പ്രത്യേക സാഹചര്യത്തിൽ കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളിൽനിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റർനാഷണൽ വിഷയമാണെന്ന് എനിക്കുതോന്നി. ക്ലാസിക് ആവേണ്ട സിനിമയായിരുന്നു. എന്ത് സംഭവിച്ചു എന്ന് പറയാൻ പറ്റുന്നില്ല. വെറും ഒമ്പതു ദിവസംകൊണ്ടാണ് അതിന്റെ വൺലൈൻ പൂർത്തിയാക്കിയത്. ‘ഒടിയൻ’ തുടങ്ങുന്നതിനുമുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവർ തന്നെയാണ് ചിത്രം നിർമിച്ചതും. നിങ്ങളിപ്പോൾ റെഡിയാണെങ്കിൽ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞപ്പോൾ ഞാനും സമ്മതം മൂളി.

സാധാരണ ഞാൻ ചെയ്യുന്ന രീതിയേ അല്ല അത്. ‘അയാളും ഞാനും തമ്മിൽ’ ഒന്നരവർഷംകൊണ്ടാണ് തിരക്കഥ പൂർത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോൾ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചർച്ചചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂർത്തിയാക്കിയത്. ഇതിനിടയിൽ ഞാൻ മറ്റ് ചില പ്രോജക്ടുകളും ചെയ്തു. പക്ഷേ, ‘വെളിപാടിന്റെ പുസ്തക’ത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പത് ദിവസംകൊണ്ട് വൺലൈൻ പൂർത്തിയാക്കി പത്താം ദിവസം ഞാൻ ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവർക്കത് ഇഷ്ടമായി. ലാലേട്ടൻ ഒന്നുരണ്ട് ചോദ്യങ്ങൾ ഉന്നയിച്ചു. അതിനൊക്കെ മറുപടി പറഞ്ഞു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതിപ്പൂർത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചർച്ചയ്ക്കോ പുനരാലോചനയ്ക്കോ സമയം കിട്ടിയില്ല. ഇതിനുമുമ്പ് കസിൻസ്, ബലരാമൻ എന്നീ പ്രോജക്ടുകൾ ലാലേട്ടനെവെച്ച് ഞാൻ ആലോചിച്ചിരുന്നു. ബലരാമനാണ് പദ്മകുമാർ പിന്നീട് ‘ശിക്കാർ’ എന്നപേരിൽ സിനിമയാക്കിയത്. പ്ലാൻചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കിൽ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയത്. ‘തട്ടിൻപുറത്ത് അച്യുതനി’ൽ എനിക്ക് കുറ്റബോധമില്ല. ‘വെളിപാടിന്റെ പുസ്തക’ത്തെക്കുറിച്ചോർക്കുമ്പോൾ കുറ്റബോധമുണ്ട്. തിരക്കുകൂട്ടാതെ ‘ഒടിയൻ’ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കിൽ അത് നന്നായേനെ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ചെയ്ത സിനിമയാണ്. മോഹൻലാൽ എന്ന നടനോടൊപ്പം പ്രവർത്തിക്കുക എന്ന ആഗ്രഹംകൊണ്ടുമാത്രം സംഭവിച്ചതാണ് ‘വെളിപാടിന്റെ പുസ്തകം’. 

അവസാനമിറങ്ങിയ ‘41’-ന് തിരിച്ചടിയായത് സോഷ്യൽ മീഡിയയിലെ നെഗറ്റീവ് റിവ്യൂകളാണോ

‘41’ നല്ല സിനിമ തന്നെയായിരുന്നു. പടം കാണുന്നതിന് മുമ്പുതന്നെ ഒരുവിഭാഗംപേർ നടത്തിയ ആസൂത്രിത പ്രചാരണം സിനിമയെ ബാധിച്ചു. ‘ലാൽ ജോസ് അയ്യപ്പനെ തൊട്ടുകളിക്കുന്നു’ എന്ന് പറഞ്ഞ് സ്ത്രീകളടക്കം എനിക്കെതിരേ തിരിഞ്ഞു. നിങ്ങളാദ്യം സിനിമ കാണൂ എന്ന് ഞാൻ കേണുപറഞ്ഞെങ്കിലും ആരും കൂട്ടാക്കിയില്ല.  സിനിമകണ്ട ചിലർ ഞങ്ങൾ തെറ്റിദ്ധരിച്ചതാണ്, ക്ഷമിക്കണം എന്നൊക്കെ പറഞ്ഞ് വിളിച്ചിരുന്നു. നിങ്ങളോട് ഞാൻ ക്ഷമിച്ചാലും അയ്യപ്പൻ ഒരുകാലത്തും ക്ഷമിക്കില്ല എന്ന് ചിരിയോടെ ഞാൻ മറുപടി നൽകി. 

 ഈ കാലത്തെ വലിയ വെല്ലുവിളിയാണോ ഇത്. സിനിമയെടുക്കുന്നതിനൊപ്പം സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യേണ്ടിവരുന്നുണ്ടോ
വേറൊരു കാര്യംകൂടിയുണ്ട്. ‘41’ നല്ല സിനിമയാണ് എന്നത് എന്റെ അവകാശവാദമാണ്. ആളുകൾ ഇടിച്ചുകയറിപ്പോയി അത് കണ്ടില്ലെങ്കിൽ അതിനർഥം അവരെ രസിപ്പിക്കുന്ന എന്തോ ഒരു ഘടകത്തിന്റെ കുറവുണ്ട് എന്നതുതന്നെയാണ്. വിനോദമൂല്യമുള്ള സിനിമയിറങ്ങിയാൽ അത് ആൾക്കാർ കാണുകതന്നെ ചെയ്യും. ന്യൂജനറേഷൻ സിനിമകളുടെ പുഷ്‌കലകാലത്തും പരമ്പരാഗത സിനിമകളാണ് തിയേറ്ററുകളിൽനിന്ന് കളക്‌ഷൻ തൂത്തുവാരിയത്. ‘ലൂസിഫർ’ തന്നെ ഉദാഹരണം. തിയേറ്ററുകൾ ജനസമുദ്രമാകണമെങ്കിൽ എല്ലാ രസച്ചേരുവകളുമുള്ള പരമ്പരാഗത സിനിമകൾ തന്നെയിറങ്ങണം. ഫെയ്‌സ്ബുക്കിലെ വാലുകുലുക്കിപ്പക്ഷികൾ എന്തൊക്കെ ബഹളമുണ്ടാക്കിയാലും അത്തരം ചിത്രങ്ങൾ ഹിറ്റാവുകയും ചെയ്യും.

സിനിമയിലെത്തിയിട്ട് 31 വർഷങ്ങൾ പൂർത്തിയാകുന്നു. 25 സിനിമകൾ പിന്നിട്ടുകഴിഞ്ഞു. മനസ്സിലുള്ള സ്വപ്നപദ്ധതികളെക്കുറിച്ച് സംസാരിക്കാമോ? 

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ എം.എൻ. ഗോവിന്ദൻ നായരുടെ ജീവിതം മുൻനിർത്തിയുള്ള സിനിമാ പരമ്പര ആലോചിക്കുന്നുണ്ട്. നീതിമാനായ നേതാവിനോട് കേരളം നീതികാട്ടിയോ എന്ന ചിന്തയിൽനിന്നാണ് ആ പദ്ധതി പിറവിയെടുക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം മൂന്നു ഭാഗങ്ങളുള്ള സിനിമയാക്കാൻ ഉദ്ദേശിക്കുന്നു. ആദ്യഭാഗത്തിന്റെ തിരക്കഥ പൂർത്തിയാക്കി മലയാളത്തിലെ ഒരു യുവതാരത്തിന്റെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരക്കുകൾ കഴിഞ്ഞാലുടൻ സിനിമ തുടങ്ങാനാകുമെന്ന് കരുതുന്നു. ഈ ലോക്‌ഡൗൺ കാലത്താണ് ഉറൂബിന്റെ ‘സുന്ദരികളും സുന്ദരൻമാരും’ എന്ന നോവൽ വായിക്കുന്നത്. ഉറൂബിനെ കുറച്ചുകൂടി നേരത്തേ വായിക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി. സിനിമയുടെ പ്ലാറ്റ്‌ഫോമിൽ ഒതുക്കാൻ സാധിക്കാത്തത്ര വിശാലമായ കഥാപരിസരമാണ് ആ നോവലിന്റേത്. ഏതെങ്കിലും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിനുവേണ്ടി അത് വെബ് സീരീസ് ആക്കണമെന്ന മോഹമുണ്ട്.

(മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Lal Jose Director Interview talks about upcpomg movie Velipadinte Pusthakam 14 movie Mohanlal