പ്രമേയത്തിലെയും അവതരണത്തിലെയും സവിശേഷത കൊണ്ട് സമീപകാലത്തിറങ്ങിയവയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് സുരാജ് നായകനായ 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'. എണ്‍പതോളം പുതുമുഖങ്ങളെ അണിനിരത്തിയാണ് ജീന്‍ മാര്‍ക്കോസ് ഈ ചിത്രം വെള്ളിത്തിരയിലെത്തിച്ചത്. അവരില്‍ 'സുശീലനെ' കുടിയനെ അവതരിപ്പിച്ച കുമാറിനെ പ്രേക്ഷകര്‍ മറന്നിരിക്കാനിടയില്ല. 14 വര്‍ഷമായി പ്രവാസിയായ കുമാറാണ് സുരാജിന്റെ ഈ അളിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. കന്നിക്കാരന്റെ പരാധീനതകളില്ലാതെ സുശീലനെ അവതരിപ്പിച്ച കുമാര്‍ ദൈര്‍ഘ്യമേറിയ മദ്യപാന രംഗങ്ങളിലും മറ്റും കൃത്യമായ ടൈമിങ് കൊണ്ടും അതിഭാവുകത്വമില്ലാത്ത അഭിനയം കൊണ്ടും മികച്ചുനിന്നു. 

ദുബായില്‍ റേഡിയോ ജോക്കിയായ ജീന്‍ മാര്‍ക്കോസ് ഇവിടെയുള്ള പ്രവാസികളായ പ്രതിഭകള്‍ക്കും അവസരം നല്‍കണമെന്ന ലക്ഷ്യത്തോടെ ഓഡിഷന്‍ നടത്തിയതാണ് താനുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തുണയായതെന്ന് കുമാര്‍ പറയുന്നു. 2500ഓളം പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് കുമാര്‍ കുട്ടന്‍പിള്ളയില്‍ എത്തുന്നത്.

kuttanpilla
കുമാര്‍ 'കുട്ടന്‍പിള്ളയുടെ ശിവാരാത്രി'യുടെ ലൊക്കേഷനില്‍.

ചെറുപ്പം മുതലേ നാടകത്തിലൊക്കെ അഭിനയിക്കാറുണ്ടായിരുന്നു. എന്നാല്‍, ദുബായില്‍ എത്തിയതോടെ അതിനൊന്നും പറ്റാതായി. പിന്നീട് ഇവിടത്തെ ഒരു പ്രൊഫഷണല്‍ നാടകത്തില്‍ യാദൃച്ഛികമായി അഭിനയിച്ചത് വഴിത്തിരിവാകുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി ദുബായിലെ നാടകക്കൂട്ടായ്മയിലൊക്കെ സജീവമായുണ്ട്. അതാണ് 'കുട്ടന്‍പിള്ള'യുടെ ഓഡിഷനില്‍ പങ്കെടുക്കാനുള്ള ആത്മവിശ്വാസം നല്‍കിയത് -ആദ്യ സിനിമയില്‍ എത്തിയതിനെ കുറിച്ച് കുമാര്‍ പറയുന്നു. 

സിനിമയില്‍ മിക്കവാറും രംഗങ്ങളില്‍ മദ്യപിച്ച അവസ്ഥയിലാണ് സുശീലന്‍ പ്രത്യക്ഷപ്പെടുന്നത്. മിമിക്രിയിലേക്ക് പോകാതെ സ്വാഭാവികമായ തോന്നണമെന്ന് സംവിധായകന്‍ ജീന്‍ പറഞ്ഞിരുന്നു. ആദ്യം തന്നെ ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നതിനെ കുറിച്ച്, അതും മദ്യപാനിയായി അഭിനയിക്കുന്നതിനെക്കുറിച്ച് ഏറെ ആശങ്കകളുണ്ടായിരുന്നു. ജീന്‍ തന്ന ആത്മവിശ്വാസത്തിലാണ് ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. അത് മോശമായില്ലെന്ന് ആളുകള്‍ പറയുമ്പോള്‍ സന്തോഷമുണ്ട്.

kumar
ചിത്രീകരണത്തിനിടെ ബിജു സോപാനത്തിനൊപ്പം.

ചിത്രത്തിലെ മിനിറ്റുകളോളം നീളുന്ന മദ്യപാനരംഗം രണ്ടു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മഴയൊക്കെ ഉള്ളതിനാല്‍ ടെക്‌നിക്കല്‍ സൈഡില്‍ നിന്ന് ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായി. എങ്കിലും ഇത്രയും അഭിനേതാക്കള്‍ ഒന്നിച്ചുവരുന്ന രംഗമായിട്ടും രണ്ടോ മൂന്നോ ടേക്ക് കൊണ്ടുതന്നെ ആ രംഗം ഓക്കെയായി. അതിന് സംവിധായകനോടും ക്രൂ മെമ്പേഴ്‌സിനോടുമാണ് കടപ്പെട്ടിരിക്കുന്നത്. ആ രംഗം ചെയ്യുമ്പോള്‍ അത് ഇത്രയും ശ്രദ്ധിക്കപ്പെടുമെന്നൊന്നും കരുതിയിരുന്നില്ല. എന്നാല്‍, ഡബ്ബിങ് സമയത്ത് വീണ്ടും കണ്ടപ്പോഴാണ് അതിന്റെ യഥാര്‍ത്ഥ സൗന്ദര്യമെന്തെന്ന് വ്യക്തമായത്. 

അഭിമുഖങ്ങളിലും മറ്റും പല താരങ്ങളും ലൊക്കേഷനില്‍ ഒരു കുടുംബം പോലെയായിരുന്നു എന്നൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ അതൊക്കെ പറ്റുമോ എന്ന് സംശയം തോന്നിയിരുന്നു. എന്നാല്‍, കുട്ടന്‍പിള്ളയുടെ സെറ്റ് ശരിക്കും ഒരു കുടുംബത്തെ പോലെ തന്നെയായിരുന്നു. സുരാജേട്ടനും ബിജു ചേട്ടനുമൊക്കെ (ബിജു സോപാനം) വളരെ സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നത്. നിര്‍മാതാവ് റജി നന്ദകുമാറിന്റെ പിന്തുണയും വലുതായിരുന്നെന്നും കുമാര്‍ പറയുന്നു.

തൃശൂര്‍ സ്വദേശിയായ കുമാര്‍ ദുബായില്‍ ജോയ് ആലുക്കാസില്‍ മാനേജരാണ്. കുട്ടന്‍പിള്ളയില്‍ അഭിനയിക്കാന്‍ മാനേജ്‌മെന്റിന്റെ പിന്തുണയും തനിയ്ക്ക് തുണയായെന്ന് കുമാര്‍ പറയുന്നു. നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കിലും കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ താന്‍ അഭിനയിക്കാന്‍ പറന്നെത്തുമെന്നും കുമാര്‍ ഉറപ്പിച്ചുപറയുന്നു.

Content Highlights :  kuttanpillayude sivarathri movie  Suraj Venjaramoodu Biju Sopanam Srinda Midhun kumar Jean Markose