സ്‌കൂള്‍  പഠനകാലത്ത് ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല, അതുപോലെ ഇഷ്ടമാണെന്ന് എന്നോടാരും പറഞ്ഞിട്ടുമില്ല. എന്നാല്‍ എനിക്ക് ചുറ്റിലും ചില കൊച്ചുപ്രണയങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്താണ് 'കത്ത്'പരിപാടി തുടങ്ങുന്നത്. ആഗ്രഹമറിയിക്കാന്‍ ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണുകള്‍ ഒന്നുമില്ലാത്ത കാലം. നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തവര്‍ക്ക് ചെറിയ കുറിപ്പുകളും വഴിവക്കില്‍നിന്നുള്ള നോട്ടവും മാത്രമായിരുന്നു രക്ഷ.

6
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും

അന്ന് എന്റെ വീട്ടിലെ ഫോണില്‍ കോളര്‍ ഐഡി ഉണ്ട്. എന്നും വൈകുന്നേരം ഫോണില്‍ ഒരു മിസ്ഡ്കോള്‍ കാണാം. തിരിച്ചുവിളിച്ചാല്‍ മറുതലയ്ക്കല്‍ മധുരമായ പെണ്‍ശബ്ദം കേള്‍ക്കും. ഹലോ ഹലോ എന്ന് മാത്രം പറഞ്ഞ് കട്ട് ചെയ്യും. എന്നും വൈകുന്നേരം ആ നമ്പറില്‍നിന്ന് ഫോണ്‍ വരും, ഫോണെടുത്ത് സംസാരിക്കുന്നത് ഞാനാണെങ്കില്‍ മാത്രം പ്രതികരണം ഉണ്ടാകും. മറ്റാരെങ്കിലും എടുത്താല്‍ ഫോണ്‍ കട്ട് ചെയ്യും. ഒരിക്കല്‍ ആ കുട്ടി ഫോണ്‍ വിളിച്ചപ്പോള്‍ ഞാന്‍ എടുത്തു, അവള്‍ 'ഹലോ'വിളിക്കപ്പുറം സംസാരിച്ചു.

7

എന്നെ എന്നും കാണാറുണ്ടെന്നും വഴിയിലൂടെ പോകുമ്പോള്‍ അവള്‍ ജനലിനടുത്ത് വന്നുനില്‍ക്കാറുണ്ടെന്നും പറഞ്ഞു. പേര് പറയാതെ ആലപ്പുഴ ഗുജറാത്തി സ്ട്രീറ്റിനടുത്താണ് താമസമെന്ന സൂചനമാത്രം തന്നു. അതിനുശേഷം എന്നും വൈകുന്നേരം ഞാന്‍ അണിഞ്ഞൊരുങ്ങി ഗുജറാത്തി സ്ട്രീറ്റിനടുത്ത് കറങ്ങും. പലദിവസം നോക്കിയിട്ടും അവളെ കണ്ടില്ല. എല്ലാ ജനലുകളും അടഞ്ഞുകിടക്കുകയായിരുന്നു. സത്യത്തില്‍ പ്രണയാഘോഷം തുടങ്ങിയത് കോളേജ് പഠനകാലത്താണ്.

5

കോളേജില്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരന് അവളോട് ഭയങ്കര പ്രേമം. പക്ഷേ, ചമ്മല്‍ കാരണം പ്രണയം അവളോട് നേരിട്ട് പറയാന്‍ മടി. ഒടുവില്‍ അവന്റെ പ്രണയദൂതുമായി ഞാന്‍ അവളെ സമീപിച്ചു.അപ്പോഴാണ് അറിയുന്നത് ആ പെണ്‍കുട്ടിക്ക് പ്രേമം എന്നോടായിരുന്നെന്ന്. ഇതുകേട്ട് കൂട്ടുകാരന്‍ തകര്‍ന്നുപോകേണ്ടെന്ന് കരുതി ഈ വിവരം ഞാന്‍ അവനോട് പറഞ്ഞില്ല. ആ സുന്ദരിയില്‍ നിന്ന് ഇഷ്ടവാക്ക് കേട്ടപ്പോള്‍ ചെറിയൊരു ചാഞ്ചാട്ടമുണ്ടായെങ്കിലും ചങ്ങാതിയെ ചതിക്കുന്നത് ശരിയല്ലെന്ന തോന്നലില്‍ പിന്നീട് ഞാന്‍ ആ ഭാഗത്തേക്ക് പോയില്ല.

സിനിമയിലെത്തിയപ്പോള്‍ വീട്ടിലേക്ക് കത്തുകളുടെ പ്രവാഹമായിരുന്നു. ക്രിസ്മസിനും ബര്‍ത്ത്ഡേക്കും ചാക്കുകണക്കിന് കത്തുകള്‍ വരും. അതില്‍ ഭൂരിഭാഗവും പ്രണയലേഖനങ്ങളായിരുന്നു. അതില്‍ സ്വന്തം രക്തത്തില്‍ എഴുതിയ പ്രണയലേഖനങ്ങള്‍വരെ നിരവധിയുണ്ട്. ആദ്യകാലത്തൊക്കെ എല്ലാ കത്തുക്കള്‍ക്കും ഞാന്‍ മറുപടി അയയ്ക്കാറുണ്ട്. പിന്നീട് അത് വലിയ ബാധ്യതയും ചെലവേറിയ പരിപാടിയും ആയി. ഫോട്ടോ ആവശ്യപ്പെട്ട് കത്തയയ്ക്കുന്നവര്‍ക്ക് ഞാന്‍ തിരിച്ച് കൂലിക്കത്തയച്ചിട്ടുണ്ട്. കത്ത് കിട്ടുന്നവര്‍ കാശ് കൊടുക്കട്ടെ എന്ന് വിചാരിച്ചു.

4

സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല. സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും.എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും.

നീണ്ട മുടി... വലിയ കണ്ണുകള്‍... ശാലീനസുന്ദരി, രാവിലെ ചായയുമായി ഉണര്‍ത്താന്‍ വരണം, വൈകുന്നേരം മടിയില്‍ കിടത്തി പാട്ടു പാടിത്തരണം... എന്നൊക്കെയായിരുന്നു ഭാവിവധുവിനെ കുറിച്ചുള്ള എന്റെ ക്ലീഷേസ്വപ്‌നങ്ങള്‍.

എന്നാല്‍ അങ്ങനെ ഒന്നുമുള്ള പെണ്‍കുട്ടിയെയല്ല ഞാന്‍ കെട്ടിയത്. നീണ്ട മുടി ഇല്ല, ചായ ഇടാന്‍ അറിയില്ല, പാട്ടു പാടിയാല്‍ ഡിവോഴ്സ് ചെയ്യാന്‍ തോന്നും അതാണ് സ്ഥിതി... പക്ഷേ, ജീവിതത്തില്‍ അതില്‍ ഒന്നുമല്ല കാര്യം എന്ന് ഭാര്യ പ്രിയ എന്നെ പഠിപ്പിച്ചു.

തിരുവനന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന കാലത്താണ് പ്രിയയെ ആദ്യമായി കാണുന്നത്. അന്ന് പങ്കജ് ഹോട്ടലിലാണ് ഞാന്‍ താമസിച്ചത്. ഒരു ദിവസം എന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ മാര്‍ ഇവാനിയോസ് കോളേജിലെ കുറെ പെണ്‍കുട്ടികള്‍ റിസപ്ഷനില്‍ വന്നു. ഞാനോരോ കുട്ടികളോടും പേര് ചോദിച്ച് പുഞ്ചിരി സമ്മാനിച്ച് ഓട്ടോഗ്രാഫ് നല്‍കി. അതില്‍ വിടര്‍ന്ന കണ്ണുകളുള്ള ഒരു കുട്ടി എന്റെ കണ്ണില്‍ ഉടക്കി.

ഇപ്പോഴും ഓര്‍മയുണ്ട് കറുത്ത ഡ്രസ് അണിഞ്ഞ ആ കുട്ടി പാമ്പ് പോലുള്ള പൊട്ട് കുത്തിയിരുന്നു. ബ്ലാക് മെറ്റല്‍ കൊണ്ടുള്ള കമ്മലും മാലയും വളയും (ജീവിതത്തിലെ ഭീകരമായ ഓര്‍മകള്‍ മറക്കാന്‍ കഴിയില്ല എന്നാണല്ലോ). വിടര്‍ന്ന കണ്ണുകളുള്ള ആ പെണ്‍കുട്ടി ഇടയ്ക്കിടെ എന്നെ നോക്കിക്കൊണ്ടിരുന്നു. വിത്ത് ലവ് എന്നെഴുതി ഞാന്‍ ഓട്ടോഗ്രാഫ് നല്‍കി.

3

അവര്‍ ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ സ്റ്റെയര്‍കേസ് ചാടിക്കയറി റൂമിലെത്തി ഞാന്‍ വാതിലിലൂടെ അവര്‍ ഹോട്ടലിന്റെ ഗേറ്റ് കടന്ന് പോകുന്നത് നോക്കിനിന്നു. അന്നുമുതല്‍ ആ കുട്ടിയോട് എന്തോ ഒരു ആകര്‍ഷണം എന്നില്‍ ഉണ്ടായിരുന്നു.

കുറെ നാളുകള്‍ക്കുശേഷം എന്റെ മൊബൈലിലേക്ക് അവളുടെ വിളി വന്നു. നിര്‍മാതാവായ ഗാന്ധിമതി ബാലന്റെ മകളുടെ സുഹൃത്താണ് പ്രിയ. എന്റെ നമ്പര്‍ അവിടെനിന്നാണ് അവള്‍ സംഘടിപ്പിച്ചത്. പിന്നീട് നിരന്തരം വിളിയായി, അങ്ങനെയാണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത് .മൊബൈലില്‍ ഇന്‍കമിങ് കോളിനും ഔട്ട്ഗോയിങ്ങിനും ചാര്‍ജ് ചെയ്യുന്ന കാലം. മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോളുകള്‍...നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വടക്കാഞ്ചേരിയില്‍ നടക്കുന്ന കാലം, ഡയാന ഹോട്ടലിലാണ് ഞാന്‍ താമസിച്ചത്. നല്ല മഴക്കാലം. അവിടെയാണെങ്കില്‍ മൊബൈല്‍ റേഞ്ചും കുറവ്.

2

രാത്രി ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയില്‍ കുളി കഴിഞ്ഞ് കുടയുമെടുത്ത് ഞാന്‍ ഇറങ്ങും.ഡയാന ഹോട്ടലിനുമുകളിലെ വാട്ടര്‍ ടാങ്കിന് മുകളിലേക്കുള്ള ഇരുമ്പ് കോണിയില്‍ കയറിനിന്നാല്‍ മാത്രമേ നന്നായി ഫോണ്‍ ചെയ്യാന്‍ കഴിയൂ. കാരണം റേഞ്ച് കിട്ടാന്‍ അവിടെ കയറി നില്‍ക്കണം. ഇടിയും മിന്നലുമുള്ള ആ രാത്രികളില്‍ പരിസരബോധം മറന്ന് ഞാന്‍ ഫോണ്‍ ചെയ്തിട്ടുണ്ട്.

അങ്ങനെ സാഹസികമായ ഒരു പ്രണയകാലം എനിക്കുണ്ടായിരുന്നു. പ്രണയം മൂത്തപ്പോള്‍ ഞാനും അപ്പനും കൂടി അവളുടെ വീട്ടില്‍ പോയി സംസാരിച്ചു. എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. പഠനം കഴിഞ്ഞ് വിവാഹം എന്നതായിരുന്നു ധാരണ. ഫോണ്‍കോളുകള്‍ പോലെ കെട്ടുകണക്കിന് തിരക്കഥ പോലെ കത്തുകളും ഞങ്ങള്‍ കൈമാറിയിട്ടുണ്ട്.

1

തിരുവനന്തപുരത്ത് പ്രിയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന കാലം പ്രിയ ലോക്കേഷനില്‍ വന്നു. അങ്ങനെയാണ് ഈ വാര്‍ത്ത സിനിമാക്കാര്‍ക്കിടയില്‍ പാട്ടായത്. എന്റെ ആദ്യചിത്രത്തിലെ പ്രണയഗാനം തുടങ്ങുന്നത് 'പ്രിയേ നിനക്കൊരു ഗാനം...' എന്നായിരുന്നു. കാലം കഴിഞ്ഞപ്പോള്‍ എന്റെ ജീവിതത്തിലെത്തിയ നായികയുടെ പേരും പ്രിയ...കാലം കരുതിവെച്ച സമ്മാനം. 

(ബൈജു  പി. സെന്നിനോട് പറഞ്ഞത്)

(2019 ഡിസംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: kunchakko boban shares his love story, star & style