കുനാല്‍ കപൂറിന് അഭിമാനിക്കാം, മലയാളത്തിലെ കന്നി അങ്കം വിജയം കണ്ടു. വടക്കന്‍ പാട്ടിലെ ചന്തുചേകവരായി ജയരാജിന്റെ വീരത്തില്‍ കുനാല്‍ തകര്‍ത്താടുകയാണ്. ആര്‍ത്തിയും അതിമോഹവും ചതിയും നിറഞ്ഞ ചന്തു ചേകവരെ കുറിച്ചാണ്  സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകന്‍ പറയാനുള്ളത്. അങ്കത്തട്ടിലെ പോരും,യോദ്ധാക്കളുടെ ജീവിതവും കുടിപ്പകയുമെല്ലാം പറയുന്ന ചിത്രത്തില്‍ പേരെടുത്ത ചതിയന്റെ വേഷമാണ് ചെയ്യേണ്ടതെന്നറിഞ്ഞിട്ടും കുനാല്‍ സമ്മതം മൂളുകയായിരുന്നു.നൃത്തംപോലെയാണ് വാള്‍പയറ്റുരംഗങ്ങള്‍ ചിത്രീകരിച്ചത് ഏറ്റെടുത്ത ദൗത്യം വിജയം കണ്ടതിന്റെ ആഹ്ലാദത്തില്‍ കുനാല്‍ സംസാരിച്ചു.

ചന്തുചേകവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകള്‍ എന്തൊക്കെയാണ്?

മലയാളി മനസ്സില്‍ വ്യത്യസ്തനായൊരു ചന്തുവിനെ അവതരിപ്പിക്കാന്‍ എന്റെ കഥാപാത്രത്തിനുകഴിഞ്ഞു എന്നാണ് ചിത്രം കണ്ട കേരളത്തിലെ പരിചയക്കാര്‍ പറയുന്നത്. ക്ലൈമാക്സിലെ പ്രകടനം എടുത്തുപറഞ്ഞാണ് പലരും അഭിനന്ദിക്കുന്നത്, തോല്‍ക്കുമെന്നുറപ്പിച്ചിട്ടും വീരത്തോടെ അങ്കത്തട്ടില്‍ പൊരുതുന്ന ചേകവരെ തിയേറ്ററില്‍ പ്രേക്ഷകന്‍ ആവേശത്തോടെ സ്വീകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ പ്രധാനവേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ ഇന്ന് ഞാനേറെ സന്തോഷിക്കുന്നു.

ദുരന്തകഥാപാത്രം നടനെന്ന നിലയില്‍ ഇമേജിനെ ബാധിക്കുമെന്ന് തോന്നിയിരുന്നില്ലേ?

ദുരന്തനായകന്‍ എന്ന വിശേഷണം തന്നെയാണ് ഈ സിനിമയിലേക്കാകര്‍ഷിച്ച പ്രധാനഘടകം. ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ പശ്ചാത്തലം ചിത്രത്തിന് കൂട്ടുവരുന്നുണ്ട്. നിരവധി അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന തിരക്കഥ, അതുകേട്ടാല്‍ വേണ്ടെന്നുവക്കാന്‍ കഴിയില്ല. മനസ്സിലുള്ള ചന്തുചേകവര്‍ക്ക് എന്റെ ശരീരവും മുഖമാണ് എന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞപ്പോള്‍ കൂടുതലായൊന്നും ആലോചിക്കേണ്ടിവന്നില്ല.ഒരു നടന്‍ എന്നനിലയില്‍ എനിക്കിവിടെ ഇമേജ് കൂടുകയാണ് ചെയ്യുന്നത്

ചിത്രത്തെ കുറിച്ച് ബോളിവുഡില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എന്തെല്ലാമാണ്?

വീരത്തിന്റെ പ്രമോഷന്‍ പ്രവര്‍ത്തനങ്ങളില്‍ ബോളിവുഡിലെ സഹതാരങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ട്രെയിലറുകളിലെ പ്രകടനം കണ്ട് അവരെല്ലാം ചിത്രത്തിനായി കാത്തുനില്‍ക്കുകയാണ്, മുബൈയില്‍ ചിത്രം റിലീസ് ചെയ്തിട്ടില്ല. ശാരീരിക അഭ്യാസങ്ങള്‍ക്കു പുറമെ നിരവധി മാനസിക വ്യാപാരങ്ങളിലൂടെയും കടന്നുപോകുന്ന കഥാപാത്രമാണ് ചന്തു. അയാളുടെ പ്രണയത്തിന്റേയും-പ്രതികാരത്തിന്റെയും സൂക്ഷമഭാവങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അഭിനയിക്കാനേറെയുണ്ടായിരുന്ന കഥാപാത്രം ശക്തമായിതന്നെ സ്‌ക്രീനിലെത്തി എന്നാണ് ചിത്രം കണ്ട സിനിമാസുഹൃത്തുകള്‍ പറയുന്നത്.

ചന്തു ചേകവരാകാനുള്ള മുന്നൊരുക്കങ്ങള്‍ എന്തെല്ലാമായിരുന്നു?

കഥയും കഥാസന്ദര്‍ഭങ്ങളും കൃത്യമായി പിന്‍തുടരണമെന്നായിരുന്നു സംവിധായകനില്‍ നിന്നു ലഭിച്ച ആദ്യ നിര്‍ദ്ദേശം.
കളരി പഠനമായിരുന്നു  വലിയ വെല്ലുവിളി സിനിമയിലെ  ഏറെ നേരം നീണ്ടുനില്‍ക്കുന്ന അങ്കങ്ങള്‍ക്കായി കനത്ത പരിശീലനം തന്നെ നടത്തി.ചിത്രീകരണത്തിന് അറുമാസം മുന്‍പ് തന്നെ പരിശീലനം തുടങ്ങി. സി.വി.എന്‍ കളരിയിലെ ശിവകുമാര്‍ കുരിക്കളും ആക്ഷന്‍ താരം അലന്‍ പോപ്പില്‍ട്ടനും ചേര്‍ന്നാണ്  ക്ലാസ്സുകള്‍ നല്‍കിയത്. വാളിന്‍തുമ്പുതട്ടി പലവണ മുറിവേറ്റു,ശരീരത്തില്‍ രക്തം പൊടിഞ്ഞു.