ലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ്  ചിത്രയെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. എന്നും ഇഷ്ടഗാനങ്ങളിലൂടെ  നമ്മുടെയെല്ലാം മനസ്സുകളിൽ  അതിഥിയായി എത്തുന്ന ചിത്ര ചേച്ചി "ലോകം മുഴുവൻ സുഖം പകരാനായി സ്നേഹ ദീപമേ മിഴി തുറക്കൂ"എന്ന  ഗാനവുമായി   കോവിഡ് 19 ന്റെ ഭീതിയിൽ ഏവർക്കും ആശ്വാസമേകി കേരളീയരുടെ ഹൃദയങ്ങളിലേക്ക് കടന്നു വരുന്നു . ചിത്രയ്‌ക്കൊപ്പം മറ്റു ചില ഗായകർ കൂടി ഇതിൽ അണിനിരക്കുന്നുണ്ട്.

അതു മാത്രമല്ല  മലയാളത്തിലെ കേൾവികേട്ട ഗാനങ്ങളിൽ ഒന്നായ  "കരുണാമയനെ കാവൽ വിളക്കേ " എന്ന ഗാനവുമായി കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കൊപ്പം  കഴിഞ്ഞ ദിവസങ്ങളിൽ സമയം ചെലവിടുകയായിരുന്നു കേരളത്തിന്റെ ഈ വാനമ്പാടി. ഏക മകൾ നന്ദനയുടെ വേർപാടിന്റെ വലിയൊരു സ്മരണയിലാണ് ഈ വിഷു ഏങ്കിലും നാം കടന്നു പോയികൊണ്ടിരിക്കുന്ന ഈ മഹാമാരിയിൽ നിന്നും എത്രയും വേഗം കര കയറട്ടെ എന്നു സർവേശ്വരന്റെ മുന്നിൽ കൈകൂപ്പുകയാണ് ചിത്രയെന്ന ഈ അമ്മ 

സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച 'ലോകം മുഴുവൻ സുഖം പകരാനായി'   എന്ന ഗാനത്തെ കുറിച്ച് 

ഈ ലോക്ക്ഡൗൺ വേളയിൽ വീട്ടിൽ വെറുതെ ഇരിക്കുന്ന  സമയങ്ങളിൽ എല്ലാ ഗായകരും തന്നെ ഞങ്ങളുടെ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ  ആക്റ്റീവ് ആവാറുണ്ട്.പല പസ്സിൽസും കുസൃതി ചോദ്യങ്ങളും സംഗീതവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളുമായി ആ ഗ്രൂപ്പ് മുൻപോട്ട് പോകുന്നു.ഒരു തവണ  ഞാൻ വെറുതെ ഗ്രൂപ്പിൽ ഇട്ടതായിരുന്നു ശ്രുതിയും താളവും മാത്രമായി  'ലോകം മുഴുവൻ സുഖം പകരാനായി' എന്ന ഗാനം നമ്മുക്കെല്ലാവർക്കും പാടിയാലോ എന്ന്. ഈ സമയത്തു വളരെ അധികം ഉചിതമായ ഒരു പാട്ടായിരുന്നല്ലോ അത്. എല്ലാവരും അത് പാടി അയക്കാൻ തുടങ്ങിയപ്പോൾ എന്റെ സഹോദരതുല്യനും സ്റ്റുഡിയോയിലെ എഞ്ചിനീറുമായ വിനു പറഞ്ഞു അത് ട്രാക്ക് വെച്ച് പാടിയാൽ കൂടുതൽ മനോഹരമാക്കാം എന്ന്. യഥാർത്ഥത്തിൽ വിനുവിന്റെ ഐഡിയയാണിത്.

ഇതിനു വേണ്ടി വളരെ അധികം കഷ്ടപ്പെട്ടതും വിനു തന്നെയാണ്. എഡിറ്റിംഗും മറ്റുമായി. സുജാതയാണ് പാട്ടിന്റെ ആദ്യഭാഗം ആരംഭിക്കുന്നത്, സച്ചിൻ വാരിയർ ആണ് അവസാനിപ്പിക്കുന്നത്. ബാക്കി എല്ലാവരും വളരെ നന്നായി പാടി. ആരും സ്റ്റുഡിയോയിൽ പോയോ നല്ല മൈക്രോ ഫോൺ ഉപയോഗിച്ചോ പാടിയതല്ല. വീട്ടിൽ ഇരുന്നുകൊണ്ടാണ് ഇത് ചെയ്‌തത്‌. എന്തായാലും  റിലീസ് ചെയ്ത ശേഷം സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതിൽ വളരെയധികം സന്തോഷമുണ്ട്. കുട്ടികളാണെങ്കിലും എന്നെ വിളിച്ചു വളരെ സന്തോഷത്തോടെയാണ് അവരുടെ സന്തോഷങ്ങൾ പങ്കു വെച്ചത് .ലോകത്തിൽ  ശാന്തിയും സമാധാനവും നിലനിൽക്കാനും കോവിഡ് ബാധ ഒഴിയാനുമുള്ള ഒരു പ്രാർഥനയായി ഈ പാട്ടു ഞങൾ സമർപ്പിക്കുന്നു.

ആരോഗ്യപ്രവർത്തകരോടൊപ്പം പങ്കുവെച്ച നിമിഷങ്ങൾ 

വളരെ ചുരുക്കം സമയങ്ങളിലാണ് ജീവിതത്തിൽ അമൂല്യമായി  എന്തെങ്കിലും ചെയ്‌തു എന്ന തോന്നൽ വരുന്നത്. അങ്ങനെ എനിക്ക് തോന്നിയ ഒരു സമയമായിരുന്നു ഇത്. നമ്മളെല്ലാവരും വീടുകളിൽ ഇരുന്നു ന്യൂസുകളിലൂടെ കാര്യങ്ങൾ അറിയുന്നു.ആരോഗ്യപ്രവർത്തകർ ആവട്ടെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു. അവർ അവരുടെ കുടുംബങ്ങളെ പോലും മറന്നാണ് നാടിനു വേണ്ടി കഷ്ടപ്പെടുന്നത്.

എനിക്കറിയാവുന്ന രണ്ടുമൂന്നു നഴ്സുമാർ ഉണ്ട്. അവരും ഇത് പോലെ എനിക്ക് മെസ്സേജുകൾ അയക്കാറുണ്ട് ."ഏതു സമയത്തും കോളുകൾ വരും ആർക്കെങ്കിലും ഹോസ്പിറ്റലിൽ കഴിയാതെ വന്നാൽ ഞങ്ങൾക്കു പോകേണ്ടി വരും. റെഡിയായി നൽകുകയാണ്". ശരിക്കും അവരുടെ ആ മനസ്സ് തന്നയാണ് ഏറ്റവും വലുത്.. അപ്പോൾ തീർച്ചയായും അവർക്കു ഒരു പാട്ടു പാടികൊടുക്കുമ്പോൾ അവർക്കെല്ലാം ആശ്വാസം  കിട്ടുമെങ്കിൽ എനിക്കതു വളരെ സന്തോഷമാണ്. അത്രയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സന്തോഷമാണ് മനസ്സിൽ. ആരോഗ്യ പ്രവർത്തകർ മാത്രമല്ല സർക്കാരും പോലീസുകാരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്യുന്നു.

ലോക്ക്ഡൗൺ സമയത്തെ മറ്റു പരിപാടികൾ 

യഥാർഥത്തിൽ കുറെ  നാളുകൾക്കു ശേഷം കിട്ടിയ ഒരു വിശ്രമമായി ഇതിനെ പറയാം. അത് വരെ നോക്കുകയാണെകിൽ ഓടി നടന്ന ഒരു ജീവിതമായിരുന്നു. വീട്ടിൽ ആയതു കൊണ്ട് ഒരു ബോറടി എന്നൊന്നും പറയാൻ കഴിയില്ല. വീട്ടിൽ ഇരുന്നു ചെയ്യാവുന്ന കുറച്ചു ജോലികൾ ഉണ്ടായിരുന്നു. ഒപ്പം തന്നെ ഞാൻ പോകുന്ന റിയാലിറ്റി ഷോയിലെ കൊച്ചു കുട്ടികൾ സ്കൈപ്പ് വഴി അവർ ഇനി പാടാൻ പോകുന്ന പാട്ടുകൾ പാടി കേൾപ്പിക്കും. അത് കേട്ട് കറക്ഷൻസ് പറഞ്ഞു കൊടുക്കാറുണ്ട്. പിന്നെ എഡു രാഗ എന്ന പോർട്ടലിൽ അമേരിക്കയിലെ കുട്ടികൾക്ക് വേണ്ടി ഒരു ലൈറ്റ് മ്യൂസിക് ക്ലാസ് നടത്തുണ്ട്.

ഇന്നത്തെ തലമുറയോട് പറയാൻ ഉള്ളത് 

നമ്മൾ ഒന്നും പ്രതീക്ഷിക്കരുത് എന്നാണു എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്. ഞാൻ  പ്രതീക്ഷിച്ച രീതിയിലേ  അല്ല എന്റെ ജീവിതം പോയത്. എന്താണോ നിനച്ചിരിക്കുന്നത് അത് വരും. ഞാൻ അറിഞ്ഞു കൊണ്ട് ആർക്കും ഒരു തെറ്റും ചെയ്യരുത് എന്നാഗ്രഹിക്കുന്ന ആളാണ്. എന്നെ കൊണ്ട്  കഴിയുന്ന സഹായങ്ങൾ ചെയ്തു എന്റെ ചുമതലകൾ ഭംഗിയായി നിറവേറ്റുക അങ്ങനെ ഒരു മനസ്സോടെയാണ് ഞാൻ ജീവിച്ചു പോകുന്നത്. ഇനി ഒരു ചെറിയ തെറ്റു പോലും എന്റെ ഭാഗത്തു നിന്ന് അറിഞ്ഞു കൊണ്ട് ഉണ്ടാവരുത് എന്ന ഒരു ആഗ്രഹം എനിക്കുണ്ട്. ഈ കൊറോണ എന്ന അവസ്ഥ പോലും മനുഷ്യർക്കൊരു പാഠമാണ്‌ .

നമ്മുടെ നാട്ടിൽ നടക്കുന്നത് എന്തൊക്കെയാണ്? കൊച്ചു കുട്ടികളെയും പ്രായമായവരെയും ഉപദ്രവിക്കുന്നു. പണ്ടൊക്കെ ഞങളുടെ രക്ഷിതാക്കൾ പറയുന്നതും കേട്ട് ജീവിച്ച ഒരു കാലമുണ്ടായിരുന്നു. എല്ലാവരും പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കും.എല്ലാവരും തുറന്നു സംസാരിക്കും, പരസ്പരം രഹസ്യങ്ങൾ ഒന്നുമില്ല ,അത്താഴം കഴിക്കുന്നതും ഒരുമിച്ചു. എല്ലാവർക്കും സമയമുണ്ട്. എന്നാൽ ഇന്നത്തെ കാലത്തു എല്ലാവരും മൊബൈലും പിടിച്ചു ഒരു റൂമിനകത്തിരിക്കും, അടുത്ത വീട്ടിലുള്ളവരെ അറിയില്ല, ബന്ധങ്ങളുടെ മൂല്യമറിയില്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതൊക്കെ വളരെ കുറച്ചേ കാണുന്നുള്ളൂ. ഇന്ന് ആർക്കും ആരെയും കാത്തിരിക്കാൻ ഉള്ള സമയമില്ല. എല്ലാവരും അവരവരുടെ സുഖങ്ങൾ മാത്രം നോക്കി ജീവിക്കുന്നവരാണ്.

എന്തിനു കല്യാണം കഴിക്കണം, കുട്ടികൾ വേണ്ട എന്നൊക്കെ ചിന്തിക്കുന്ന ഒരു തലമുറയാണ് ഇന്ന് പലരും. അപ്പോൾ ഇങ്ങനെയുള്ള അവസ്ഥകൾ വരുമ്പോഴെങ്കിലും നമ്മൾ തിരിച്ചറിയണം മുഖത്ത് നോക്കാൻ എങ്കിലും ഒരാൾ കൂടെ വേണം എന്ന്. ആ ഒരു ഏകാന്തത ഇന്ന് പലരിലും ഒരു തിരിച്ചറിവുണ്ടാക്കിയിട്ടുണ്ട്. പ്രകൃതി നമുക്ക് എന്തെല്ലാം തന്നു, എത്ര സൗഭാഗ്യങ്ങൾ ആണ് തന്നത്.

എന്നാൽ നമ്മൾ തിരിച്ചു കൊടുത്തതാവട്ടെ അതെല്ലാം നശിപ്പിച്ചു തിരിച്ചു കൊടുത്തു, മലകൾ ആണെങ്കിൽ അതെല്ലാം നികത്തി. പുഴകളിൽ മാലിന്യം വലിച്ചെറിയുന്നു. ഇന്ന് വെള്ളത്തിന് ക്ഷാമം വരുന്നു. വായു മലിനമാകുന്നു.ഇതൊന്നും പ്രകൃതി സ്വയം ഉണ്ടാകുന്ന നാശങ്ങൾ അല്ല. നമ്മൾ തന്നെയാണ് ഇതൊക്കെ ഉണ്ടാകുന്നത്. ഇതിന്റെഎല്ലാം പരിണത ഫലങ്ങൾ അനുഭവിക്കുന്നത് അടുത്ത തലമുറയാണ്. ഇനിയും വൈകിയിട്ടില്ല. എല്ലാം തിരിച്ചറിഞ്ഞു കൊണ്ട് മുൻപോട്ടു പോവുക.

നമ്മൾ ആരും ഒന്നുമല്ല. ഇനിയുള്ള തലമുറയ്ക്ക് വേണ്ടിയെങ്കിലും ഇപ്പോഴേ ഒരു കരുതലോടെ ഇരിക്കുക. ഇത് എല്ലാവർക്കും ശരിക്കും ഒരു പാഠമാണ്. മാധ്യമങ്ങളിൽ ഒക്കെ കണ്ടു പല സ്ഥലങ്ങളിലും മയിലുകൾ റോഡിൽ ഇറങ്ങിനിൽക്കുന്നത് അത് പോലെ ആറുകളിൽ വെള്ളത്തിന്റെ അടിത്തട്ട് കാണാം. അത്ര തെളിഞ്ഞ വെള്ളവുമാണിപ്പോൾ. കാരണം മലിനമാക്കാൻ ആരും പുറത്തിറങ്ങുന്നില്ലല്ലോ. അത് പോലെ തന്നെ വാഹനങ്ങൾ കുറഞ്ഞപ്പോൾ വായു മലിനീകരണം കുറഞ്ഞു. ആരും മലിനമാക്കാൻ ഇല്ലെങ്കിൽ പ്രകൃതി തന്നെ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കും. നമ്മൾ ഇനി ഇറങ്ങിത്തുടങ്ങുമ്പോൾ എല്ലാം പഴയതു പോലെ ആക്കാതെ ശ്രദ്ധിക്കുക. പല നാടുകളിൽ ഇതെല്ലാം ആർട്ടിഫിഷ്യൽ ആയി ഉണ്ടാകുമ്പോൾ ദൈവമായി തന്ന ഈ സൗഭാഗ്യങ്ങൾ നശിപ്പിക്കാതിരിക്കുക.എല്ലാ കാര്യത്തിലും ഒരു അച്ചടക്കം പാലിച്ചു കൊണ്ട് മുൻപോട്ടു പോവുക. ഇനിയുള്ള തലമുറയ്ക്കു ജീവിക്കാൻ ഉള്ള ഒരു അന്തരീക്ഷം നമ്മൾ തന്നെ സജ്ജമാക്കുക.

വിഷുവിനെ കുറിച്ച് 

ഈ വിഷു ഞങ്ങൾ ആഘോഷിക്കുന്നില്ല. ഞങളുടെ മകൾ ഞങ്ങളെ വിട്ടുപോയ ദിവസമാണ്. ഇപ്പോഴുള്ള ഈ ദുരിതങ്ങൾ എല്ലാം മാറി നമ്മുടെ കുഞ്ഞുമക്കൾ ജൂൺ മാസമാവുമ്പോഴേക്കും വിദ്യാലയങ്ങളിൽ പോയി തുടങ്ങട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. എല്ലാവർക്കും നന്മകൾ നേരുന്നു.

"സംഗീതം ഈശ്വരനാണ്, ആ ഈശ്വരനെ മനുഷ്യന്റെ വേദനകളോടും യാതനകളോടും ചേർത്ത് നിർത്തി പൊരുതാൻ ഉള്ള ആത്മവിശ്വാസം തന്റെ ഗാനങ്ങളിലൂടെ പകർന്നു നൽകി ഒരു വിഷു കൈനീട്ടമായി നമ്മുടെ മുന്നിൽ തിളങ്ങിനിൽക്കുകയാണ് നമ്മുടെ ഏവരുടെയും പ്രിയങ്കരിയായ  കെ.എസ് ചിത്ര.

Content Highlights : KS Chithra interview about daughter Nandhana Corona Awarness