ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 റിലീസ് ചെയ്ത് മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുമ്പോള്‍ ഏറെ സന്തോഷത്തിലാണ് നടി കൃഷ്ണപ്രഭ. ചിത്രത്തില്‍ കൃഷ്ണപ്രഭ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. സിനിമയുടെ കഥാഗതികളില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് മേരി. ചെറിയ വേഷമായിരുന്നുവെങ്കിലും ഒരുപാട് വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമായതിനാല്‍ അത് ചെയ്തു ഫലിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ കൃഷ്ണപ്രഭ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. 2005 ലായിരുന്നു കൃഷ്ണപ്രഭ സിനിമയിലെത്തിയത്. ഈ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഒട്ടേറെ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതില്‍ ഹാസ്യകഥാപാത്രങ്ങളുമുണ്ടായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന്റെ ഫലമാണ് മേരിയെന്ന് കൃഷ്ണപ്രഭ പറയുന്നു. മാതൃഭൂമി ഡോട്ട്കോമുമായി ദൃശ്യം 2ന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഈ യുവനടി.
മേരി ഒരുപാട് ശ്രദ്ധിക്കപ്പെട്ടുവല്ലോ?
എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മേരി എന്ന കഥാപാത്രം ചെറുതായിരുന്നു. പക്ഷേ ഒരുപാട് ഇമോഷണിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് മേരി. അത്തരത്തിലുള്ള വേഷങ്ങളെല്ലാം വല്ലപ്പോഴും മാത്രമേ നമ്മെ തേടിയെത്തൂ. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമ്മളെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള കഥാപാത്രങ്ങള്‍ വീണു കിട്ടണമെങ്കില്‍ എന്നെപ്പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരിക്കേണ്ടി വരും. അതാണ് ദൃശ്യം 2 വില്‍ സംഭവിച്ചത്. ആദ്യം ഞാന്‍ നന്ദി പറയുന്നത് ജീത്തു ജോസഫ് സാറിനോട്. മേരിയെ വിശ്വസിച്ച് എന്നില്‍ ഏല്‍പ്പിച്ചതിന്. ജീത്തു സാറിന്റെ ഏറ്റവും പോസിറ്റീവായുള്ള ഒരു കാര്യം എന്താണെന്നുവച്ചാല്‍ അദ്ദേഹം സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമയില്‍ അവസരം നല്‍കും. അജിത്ത് കുത്താട്ടുകുളം, സുമേഷ് ചന്ദ്രന് തുടങ്ങിയവരെല്ലാം ഒരുപാട് കാലമായി കലാരംഗത്തുണ്ട്. എന്നാല്‍ അവര്‍ക്ക് നല്ലൊരു ബ്രേക്ക് കിട്ടിയില്ല. ദൃശ്യം 2 വിന്റെ കഥാഗതിയില്‍ നിര്‍ണായകമായ പങ്കാണ് അവരുടെ കഥാപാത്രങ്ങള്‍ക്കുള്ളത്. എല്ലാ സംവിധായകരും അങ്ങനെയൊരു റിസ്ക്ക് എടുക്കാന്‍ ധൈര്യപ്പെടില്ല. അദ്ദേഹം ഞങ്ങളെ വിശ്വസിച്ചു. അതില്‍ പറഞ്ഞറിയിക്കാത്ത നന്ദിയുണ്ട്. ജീത്തു ജോസഫ് സാര്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലിന്റ ചേച്ചിയോടും നന്ദിയുണ്ട്. എന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലേക്ക് നിര്‍ദ്ദേശിക്കുന്നത് ലിന്റ ചേച്ചിയാണ്. ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്. സിനിമയോടുള്ള ഭ്രമം മാത്രമേ കൈമുതലായുള്ളൂ. ഞങ്ങളെപ്പോലുള്ളവരെ ആരെങ്കിലും കൈപിടിച്ചുയര്‍ത്തണം. സ്റ്റേജില്‍ നിന്നുള്ള കലാകാരന്മാരെ നൂറ് ശതമാനവും വിശ്വസിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ് എന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നു. അത് സത്യമാണ്. മെമ്മറീസില്‍ ശ്രീകുമാറേട്ടനും (എസ്.പി ശ്രീകുമാര്‍) ദൃശ്യത്തില്‍ ഷാജോണേട്ടന് (കലാഭവന്‍ ഷാജോണ്‍) ഇവരെല്ലാം അതിന് ഉദാഹരണങ്ങളാണ്.
അപ്രതീക്ഷിതമായിരുന്നോ ദൃശ്യത്തിലേക്ക് വിളി വന്നത്?
ദൃശ്യം പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നുവെങ്കില്‍ എന്നൊക്കെ ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിലേക്ക് വിളി വന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ജീത്തു ജോസഫ് സാര്‍ വിളിച്ചു ചോദിച്ചു, 'കൃഷ്ണപ്രഭ, ദൃശ്യം 2 വില്‍ ഒരു കഥാപാത്രമുണ്ട്. ചെറുതാണ്. അഭിനയിക്കാന്‍ താല്പര്യമുണ്ടോ' എന്ന്. താല്പര്യമുണ്ടെന്ന് പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതൊക്കെ ലോട്ടറിയാണ്. പിന്നീട് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ദു പനയ്ക്കല്‍ വിളിച്ച് എന്നോട് ഡേറ്റ് പറഞ്ഞു. അപ്പോഴാണ് ഞാന്‍ ദൃശ്യം 2 വില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന സത്യം പൂര്‍ണമായും മനസ്സിലാക്കുന്നത്.
മേരി ഒരുപാട് ഇമോഷനിലൂടെ കടന്നു പോകുന്ന ഒരാളാണ്. നിരാശയുടെയും ദുഖത്തിന്റെയും പടുകുഴിയില്‍ നിന്നാണ് അവള് ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്. ഭര്‍ത്താവിന്റെ കഥാപാത്രത്തെ വീട്ടില്‍ നിന്ന് ആട്ടിയിറക്കി, വാതിലിടച്ച് കരയുന്ന ആ രംഗമുണ്ട്. എല്ലാവരും അതെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ ഒരിക്കലും ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ കണ്ട് ആസ്വദിക്കാറില്ല. അഥവാ അങ്ങനെ കാണുമ്പോള്‍ തന്നെ എനിക്ക് അത് നന്നായെന്നു തോന്നാറുമില്ല. പക്ഷേ മേരി എനിക്ക് സംതൃപ്തി നല്കിയ വേഷമായിരുന്നു. ഞാന്‍ ജീത്തു സാറിനോടും ലിന്റ ചേച്ചിയോടും പറഞ്ഞിരുന്നു, എനിക്ക് എന്നെക്കുറിച്ച് ഒരു വിശ്വാസവുമുണ്ടായിരുന്നില്ല. എനിക്ക് നന്നായി അഭിനയിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം ആത്മവിശ്വാസം നല്‍കിയെന്ന്.
തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ സിനിമയില്‍ വരുമ്പോള്‍ നല്ല കഥാപാത്രങ്ങളെ ലഭിക്കാന്‍ ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും? കൃഷ്ണപ്രഭയുടെ യാത്ര എത്രത്തോളം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു?
വെല്ലുവിളി എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ പല സമയത്തും നമ്മള് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അവസാന നിമിഷത്തില്‍ നമ്മുടെ വേഷം എടുത്തുമാറ്റിയ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരില്‍ ഞാന്‍ ആഴ്ചകളോളം കരഞ്ഞിട്ടുണ്ട്. അത്തരം അനുഭവങ്ങളെല്ലാം ഒരു പാഠമായിരുന്നു. ഞാന്‍ മാത്രമല്ല എന്നെപ്പോലെ ഒരുപാട് സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. അവരില്‍ പലരും വര്‍ഷങ്ങളോളം സിനിമയുടെ ഭാഗമായി തന്നെ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ജീവിക്കുന്നുണ്ട്. പലരും സിനിമയില്‍ നിന്ന് പിന്‍വാങ്ങി മറ്റു മേഖലകളിലേക്ക് തിരിയുകയും ചെയ്തിട്ടുണ്ട്. കഠിനാധ്വാനവും ഭാഗ്യവും സമയവുമൊക്കെ ഒരുമിക്കുമ്പോഴാണ് ബ്രേക്ക് കിട്ടുന്നത്. ഇതേ കാര്യം പണ്ട് എന്നോട് പലരും പറഞ്ഞപ്പോള്‍ അത് അങ്ങനെയല്ലെന്ന് പറഞ്ഞ് ഞാന്‍ തര്‍ക്കിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഞാനത് മനസ്സിലാക്കുന്നു. സിനിമാബന്ധങ്ങളില്ലാതെ വരുന്നവര്‍ക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാല്‍ സിനിമാബന്ധങ്ങള്‍ ഉണ്ടായിട്ടും സക്സസ് ആകാത്തവരും നമുക്ക് മുന്നിലുണ്ട്.
പ്രേക്ഷക പ്രതികരണങ്ങള്‍ എങ്ങിനെ കാണുന്നു?
ദൃശ്യം 2 റിലീസ് ചെയ്ത അന്ന് ഞാന്‍ കണ്ടിരുന്നില്ല. പിറ്റേ ദിവസം ഒരു ചാനല്‍ പരിപാടിയുടെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ നേരത്തേ കിടന്നുറങ്ങിയിരുന്നു. രാവിലെ ഉറക്കം ഉണര്‍ന്ന് ഫോണ്‍ നോക്കിയപ്പോള്‍ ഒരുപാട് മെസ്സേജുകള്‍ വന്നു കിടക്കുന്നു. ദൃശ്യം കണ്ടു, നന്നായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു സിനിമ ചെയ്തതിന് ശേഷം വ്യക്തിപരമായി എനിക്ക് ഇത്രയും മെസേജുകള്‍ ലഭിക്കുന്നത് ആദ്യമായാണ്. അതില്‍ അതിയായ സന്തോഷമുണ്ട്. ദൃശ്യം 2 കോവിഡ് പരിതിമിതികള്ക്കിടയിലും കൂട്ടായ പരിശ്രമത്തിന്റെ ഫലമായുണ്ടായ ഒരു സിനിമയാണ്. ഇന്ത്യയൊട്ടാകെ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഞാന്‍ അതില്‍ ഭാഗമായതില്‍ അഭിമാനവും.
നൃത്തലോകത്തായിരുന്നു കൃഷ്ണപ്രഭയുടെ തുടക്കം. ഇപ്പോള്‍ നൃത്തത്തിനായി സമയം ചെലവഴിക്കാന്‍ സാധിക്കുന്നുണ്ടോ?

തീര്‍ച്ചയായും, ഏകദേശം 15 വര്‍ഷത്തോളമായി ഞാന്‍ സിനിമയിലുണ്ട്. നൃത്തം അതിനേക്കാള്‍ മുന്‍പേ എനിക്കൊപ്പം കൂടിയതാണ്. കൊച്ചി പനമ്പള്ളി നഗറില്‍ ജൈനിക എന്ന പേരില്‍ നൃത്ത വിദ്യാലയം തുടങ്ങിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂക്കയായിരുന്നു (മമ്മൂട്ടി) നൃത്തവിദ്യാലയം ഉദ്ഘാടനം ചെയ്തത്. ഒരു ബാച്ചിന് ഞാന്‍ ക്ലാസ് എടുക്കുന്നുമുണ്ട്. അതെല്ലാം നന്നായി പോകുന്നു. അതോടൊപ്പം ധാരാളം യാത്രകള്‍ ചെയ്യാനും സമയം കണ്ടെത്തുന്നുണ്ട്.
Content Highlights: Krishna Prabha Actor Interview Drishyam 2 Movie, Mohanlal, Jeethu Joseph Starrer