ണിരത്നത്തിന്റെ കാട്ര് വെളിയിടെയിലൂടെ ഒരു വലിയ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ ലളിതച്ചേച്ചി വീണ്ടും തമിഴ് സിനിമയില്‍ എത്തിയിരിക്കുകയാണ്. നാലര പതിറ്റാണ്ടിന്റെ അനുഭവപാരമ്പര്യവും രണ്ട് ദേശീയ അവാര്‍ഡുകളുടെ തിളക്കവുമുണ്ടെങ്കിലും മണിരത്നത്തിന്റെ മുന്നിലെത്തിയാല്‍ താനിപ്പോഴും ഒരു പുതക്കക്കാരിയാണെന്ന് പറയാന്‍ ഒരു മടിയുമില്ല കെ.പി.എ.സി.ക്ക്. കാട്ര് വെളിയിടെയുടെ അഭിനയ അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കിടുകയാണ് കെ.പി.എ.സി. ലളിത.

വീണ്ടും തമിഴ് സിനിമയില്‍

2005 ലാണ് അവസാനമായി ഞാന്‍ തമിഴില്‍ അഭിനയിച്ചത്. ആര്യയുടെ അമ്മയുടെ കഥാപാത്രമായി ഉള്ളം കേട്ടുമേ എന്ന ചിത്രത്തിലായിരുന്നു അത്. അലൈപ്പായുതേ ആയിരുന്നു അവസാനമായി അഭിനയിച്ച മണിരത്നം ചിത്രം. കാട്ര് വെളിയിടെയില്‍ അഭിനയിക്കാന്‍ മണിരത്നം സര്‍ വിളിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.

തമിഴില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നോ?

പണ്ടും ഇപ്പോഴും തമിഴില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ എന്നെ തേടി വന്നിട്ടുണ്ട്. എന്നാല്‍ ഇവിടുത്തേതുപോലെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന പരിപാടി അവിടെയില്ല. പെട്ടന്ന് വിളിച്ച് ഷൂട്ടിങ് ദിവസം അറിയിക്കും. മിക്കവാറും നായകന്റെ ഡേറ്റിന് അനുസരിച്ചാകും അത്. മലയാളത്തില്‍ ഞാന്‍ ഏറ്റെടുത്ത മറ്റു ചിത്രങ്ങളുമായി കൂടിക്കുഴയേണ്ട എന്ന് കരുതിയാണ് പലപ്പോഴും തമിഴ് വേണ്ടെന്ന് വച്ചത്. വിജയിന്റെ ഒരു സിനിമയില്‍ ഈയിടെ അവസരം ലഭിച്ചിരുന്നു. എനിക്ക് സമയമില്ലാത്തതിനാല്‍ വേണ്ടെന്ന് വച്ചു. സുന്ദര്‍ സി ഒരുക്കുന്ന ഒരു തമിഴ് സീരിയലിലേക്കും ക്ഷണിച്ചിരുന്നു. അതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

മണിരത്നത്തോടൊപ്പമുള്ള അനുഭവങ്ങള്‍?

മലയാളത്തിലെ പഴയ ചില സംവിധായകരോടൊപ്പം ജോലി ചെയ്യുന്ന അതേ അനുഭവമാണ് എനിക്ക് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുമ്പോഴും. അദ്ദേഹം വിചാരിക്കുന്ന പോലെ തന്നെ നമ്മൾ അഭിനയിക്കണം. ആ കാര്യത്തില്‍ നിര്‍ബന്ധമാണ്. പഴയ ചട്ടക്കൂടില്‍ നിന്നുകൊണ്ട് പുതിയ സിനിമക്കൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴെല്ലാം ഞാന്‍ ഒരു പുതുമുഖമാണെന്ന് തോന്നും.

ചിത്രീകരണ സമയത്ത് വിശപ്പും ദാഹവും ഒന്നും അദ്ദേഹത്തിന് വിഷയമല്ല. എന്നാല്‍ മറ്റുള്ളവര്‍ കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും. 'അമ്മ ഞാന്‍ മറന്നുപോയാലും വിശപ്പ് തോന്നുമ്പോള്‍ നിങ്ങള്‍ പറയാന്‍ മടിക്കരുതേ' എന്ന് എന്നോട് പറയാറുണ്ട്.

ഞാന്‍ സെറ്റിലേക്ക് ചെല്ലുമ്പോള്‍ എവിടെ ആയാലും എഴുന്നേറ്റ് വന്ന് കുശലം ചോദിക്കും അദ്ദേഹം. കാട്ര് വെളിയിടെയുടെ ചിത്രീകരണത്തിന്റെ സമയത്ത് മുഴുവന്‍ എന്നെ അച്ചാമ്മ എന്നാണ് വിളിച്ചിരുന്നത്. എന്റെ കഥാപാത്രത്തിന്റെ പേരും അച്ചാമ്മ എന്നായിരുന്നു. മൂന്ന് ദിവസത്തെ സീന്‍ മാത്രമേ ഉള്ളൂവെന്നാണ് എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ ഞാന്‍ അവിടെ എത്തിയപ്പോള്‍ കുറച്ച് രംഗങ്ങള്‍ കൂടൂതല്‍ എഴുതിച്ചേര്‍ത്തു.

കാര്‍ത്തി, അതിഥി റാവു....

കാര്‍ത്തിയുമായി സംഭാഷണരംഗങ്ങളില്ല. എന്നാലും കോമ്പിനേഷന്‍ സീന്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് സിനിമ കണ്ടാല്‍ മനസ്സിലാകും. നല്ല പയ്യനാണ് കാര്‍ത്തി. ഇടവേളകളില്‍ വന്ന് സംസാരിക്കുകയും കുശലം ചോദിക്കുകയുമൊക്കെ ചെയ്യും. അതിഥിക്കൊപ്പമായിരുന്നു കൂടുതല്‍ രംഗങ്ങളും. ആ പെണ്‍കുട്ടി നന്നായി സംസാരിക്കുന്ന പ്രകൃതമാണ്. എല്ലാവരോടും നല്ല ബഹുമാനത്തോടെ പെരുമാറും. എന്നെ അച്ചാമ്മ എന്ന് തന്നെയാണ് അതിഥിയും വിളിക്കുന്നത്. ഡല്‍ഹി ഗണേഷുമായി നേരത്തേ പരിചയമുണ്ട്. ചിത്രത്തിന്റെ ക്യാമറാമാനായ രവി വര്‍മനെ എനിക്ക് നന്നായി അറിയാം. ജയരാജ് സംവിധാനം ചെയ്ത ശാന്തത്തിന്റെ ക്യാമറയും രവിയായിരുന്നു. 

വരാനിരിക്കുന്ന ചിത്രങ്ങള്‍

ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ക്ലിന്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ജിസ്മോന്‍ സംവിധാനം ചെയ്യുന്ന സണ്‍ഡേ ഹോളിഡേയ്സ് എന്ന ചിത്രമാണ് അടുത്തത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. ഏലിയാമ്മ ചേട്ടത്തിയുടെ ആദ്യത്തെ ക്രിസ്തുമസ് എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. സബ് കളക്ടര്‍ ദിവ്യയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നത്.