ലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച, കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകൻ. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കൽപ്പിക അതിർത്തികളെ തന്റെ ശെെലിയിലൂടെ പൊളിച്ചെഴുതിയ സംവിധായകൻ. സിനിമാപ്രേമികളായ യുവതലമുറ ഭരതൻ, പത്മരാജൻ എന്നിവർക്കൊപ്പം തന്നെ പുനർവായിക്കുന്ന സംവിധായകരിലൊരാൾ. കെ.ജി ജോർജ്ജ് എന്ന പകരം വയ്ക്കാനാരുമില്ലാത്ത പ്രതിഭയെക്കുറിച്ച് പറയാനാണെങ്കിൽ അങ്ങനെ നൂറു കാര്യങ്ങളാണുണ്ട്. 

സ്വപ്നാടനം, ഉൾക്കടൽ, കോലങ്ങൾ, ഇരകൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി, മേള എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളെ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. മലയാള സിനിമയുടെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. നായക-നായിക സങ്കൽപ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.

കെ.ജി. ജോര്‍ജ്ജിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെക്കുറിച്ച് നടി ജലജ സംസാരിക്കുന്നു

ഉൾക്കടലിലെ സൂസന്നയും യവനികയിലെ രോഹിണിയും

 

KG george
കെ.ജി ജോർജ്ജ്

ഇന്ത്യ കണ്ട ഏറ്റവും നല്ല ഫിലിം മേക്കേഴ്സിൽ ഒരാളാണ് കെ.ജി. ജോർജ്ജ് എന്നതിൽ യാതൊരു തർക്കവുമില്ല. അദ്ദേഹത്തിന്റെ ഉൾക്കടൽ, യവനിക എന്നീ ചിത്രങ്ങളിലാണ് എനിക്ക് അഭിനയിക്കാൻ കഴിഞ്ഞത്. ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ കരിയറിൽ ഏറ്റവും വലിയ ഭാ​ഗ്യമായി ഞാനതിനെ കാണുന്നു. ഉൾക്കടലിൽ ഞാൻ സഹതാരമാണ്. യവനികയിൽ നായികയും. ഉൾക്കടൽ ക്യാമ്പസ് പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായിരുന്നു. സൂസൻ എന്ന പെൺകുട്ടിയെയാണ് ഞാൻ അവതരിപ്പിച്ചത്. 

ഞാനും ശോഭയും രതീഷേട്ടനും (രതീഷ്) വേണു​നാ​ഗവള്ളി ചേട്ടനും (വേണു നാ​ഗവള്ളി) എല്ലാവരും നന്നായി ആസ്വദിച്ചു ചെയ്ത ഒരു സിനിമയായിരുന്നു. ​ഗുരുവായൂരപ്പൻ കോളേജിലും കാമ്പസിലുമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ക്യാമ്പസിലെ ഒരു അധ്യാപകനെപ്പോലെ കെ.ജി, ജോർജ്ജ് സാർ ഞങ്ങൾക്ക് നിർ‍ദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു. ഞാനും ശോഭയുമെല്ലാം നല്ല സുഹൃത്തുക്കളാകുന്നത് ഉൾക്കടലിന്റെ സെറ്റിൽ വച്ചായിരുന്നു. ഷൂട്ടിങ് തീർന്നപ്പോൾ ഏറെ സങ്കടത്തോടെയാണ് ഞങ്ങൾ എല്ലാവരും പിരിഞ്ഞു പോയത്. 

രോഹിണി ഇന്നും ചർച്ചയാകുമ്പോൾ

യവനികയിലെ രോഹിണി ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ഭാ​ഗ്യമായി കരുതുന്നു. ഈയിടെ ഞാൻ ഫഹദ് ഫാസിലിന്റെ മാലിക് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ സിനിമയിൽ മടങ്ങിയെത്തിയത്. മാലികിൽ നിമിഷ സജയൻ വേഷമിട്ടിട്ടുണ്ട്. എന്നെ ആദ്യമായി കണ്ടപ്പോൾ നിമിഷ സംസാരിച്ചത് രോഹിണിയെക്കുറിച്ചാണ്‌. അതുപോലെ തന്നെ ഞാൻ‍ ഫ്ലാറ്റിലാണ് താമസിക്കുന്നത്. വെെകുന്നേരങ്ങളിൽ അവിടെ താമസിക്കുന്ന സുഹൃത്തുക്കൾപ്പൊപ്പം നടക്കാനും സംസാരിക്കാനുമൊക്കെ പോകും. ആ ചർച്ചകളിലും യവനികയും ഉൾക്കടലുമൊക്കെ എങ്ങനെയോ കടന്നുവരും. എന്നെ സംബന്ധിച്ച് വളരെ സന്തോഷം നൽകുന്ന കാര്യങ്ങളാണവ.

മിതഭാഷിയും ശാന്തനുമായ സംവിധായകൻ

കെ.ജി, ജോർജ്ജ് സർ മിതഭാഷിയും ശാന്തനുമായ ഒരു സംവിധായകനായിരുന്നു. ടേക്ക് പോകുന്നതിന് മുൻപായി ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. അത് കഴിഞ്ഞാൽ നമ്മൾ അഭിനയിക്കുന്നത് ഉറ്റു നോക്കി നിൽക്കും. റീടേക്ക് ആവശ്യമാണെങ്കിൽ അത് എന്തുകൊണ്ട് എന്തിന് എന്നെല്ലാം കാര്യകാരണ സഹിതം പറഞ്ഞുതരും. എല്ലാ അഭിനേതാക്കളെയും ഒരു പോലെ കാണുന്ന വ്യക്തിയാണ് കെ.ജി, ജോർജ്ജ് സാർ. അദ്ദേഹത്തിന്റെ സെറ്റുകളിൽ ആരും തമ്മിൽ അന്തരമില്ല. 

കഥാപാത്രങ്ങൾക്ക് വേണ്ടി അഭിനേതാക്കളെ തിരഞ്ഞ സംവിധായകൻ

കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് കെ.ജി, ജോർജ്ജ് സർ അഭിനേതാക്കളെ തിരഞ്ഞെടുത്തിരുന്നത്. അല്ലാതെ അഭിനേതാക്കൾക്ക് വേണ്ടി അദ്ദേഹം ഒരിക്കലും കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ് അദ്ദേ​ഹത്തിന്റെ ചിത്രങ്ങൾ വേറിട്ട് നിൽക്കുന്നതും ഇന്ന് ആളുകൾ അതെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതും. അദ്ദേഹത്തിന്റെ സിനിമകളിൽ അനാവശ്യമായി തോന്നുന്ന ഒരു കഥാപാത്രത്തെ പോലും നമുക്ക് കാണാൻ സാധിക്കുകയില്ല.

കെ.ജി ജോർജ്ജിന്റെ സ്ത്രീകൾ ദേവതകൾ അല്ലായിരുന്നു....

കെ.ജി. ജോർജ്ജ് സാറിന്റെ സ്ത്രീകഥാപാത്രങ്ങളുടെ സൃഷ്ടി ഏറ്റവും മനോഹരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പൊതുബോധത്തെ പൊളിച്ചടക്കിയ സ്ത്രീകളാണവർ. യവനികയിലെ അമ്മു അത്തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു. തബലിസ്റ്റ് അയ്യപ്പനാൽ പീഡിപ്പിക്കപ്പെട്ട് അയാളുടെ ഭാര്യയായി കഴിയേണ്ടി വരുന്ന അമ്മു, ജോസഫിന്റെ സഹായത്തോടെ ആയാളുടെ ശല്യം എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ കഥാപാത്രങ്ങളെ ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകങ്ങളായി മഹത്വവൽക്കരിക്കുന്ന പൊതുബോധത്തെ തച്ചുടയ്ക്കുന്നവയായിരുന്നു അവ. സ്ത്രീ ദേവതയല്ലെന്നും മ‍ജ്ജയും മാംസവുമുള്ളവളാണെന്നും അദ്ദേഹം കാണിച്ചുതന്നു.

സീമ ചേച്ചി (സീമ), മമ്മൂക്ക (മമ്മൂട്ടി), ഉർവ്വശി, കരമന ജനാർദ്ദനൻ ചേട്ടൻ (കരമന ജനാർദ്ദനൻ നായർ) എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റൊരാൾ എന്ന ചിത്രവും അദ്ദേഹത്തിന്റെ വിപ്ലവകരമായ കാഴ്ചപ്പാടിന്റെ പ്രതിഫലനമായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഇപ്പോഴും പുനർവായന ചെയ്യാന്‍ സാധിക്കുന്നത്. 

(പുന:പ്രസിദ്ധീകരണം)

Content Highlights: KG George 75th birthday, Jalaja talks about Legendary filmmaker, Movies, Yavanika, Irakal, Ulkadal, Mattoral, Panchavadi Palam, Mela