വീട്ടുകാർ എഞ്ചിനീയറാക്കാൻ ആഗ്രഹിച്ച ചെറുപ്പക്കാരൻ വഴി മാറി നടന്നു, സിനിമയിലെത്തി. സ്വതന്ത്രമായി ക്യാമറ ചെയ്ത ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം. സിനിമാ വഴിയെ അന്ന് വിമർശിച്ച കുടുംബം തന്നെ ആദ്യം അഭിനന്ദിച്ചു. സുന്ദരമായ ഒരു യാത്രയാണ് തമിഴ്‌നാട്ടുകാരൻ ചന്ദ്രു സെൽവരാജിന്റേത്. മഞ്ജുവാര്യർ പ്രധാന കഥാപാത്രമായ 'കയറ്റം' എന്ന സിനിമ ചന്ദ്രുവിന് അവാർഡ് നേടിക്കൊടുത്തു. ഹിമാലയത്തിൽ, പൂർണമായും ഒരു മൊബൈൽ ഫോണിൽ ചിത്രീകരിച്ച ചിത്രം ജീവിതത്തിലെ വഴിത്തിരിവാകുന്നതിനെക്കുറിച്ച് ചന്ദ്രു സെൽവരാജ് സംസാരിക്കുന്നു.

ആദ്യ സിനിമയിൽ തന്നെ പുരസ്‌കാരം ലഭിച്ചത് വലിയ പ്രചോദനമായല്ലെ?

നല്ല സന്തോഷമുണ്ട്. പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സന്തോഷം കൂട്ടുന്ന കാര്യം. മുഴുവനായും ഫോണിൽ ചിത്രീകരിച്ച ഒരു സിനിമ ഇങ്ങനെ അംഗീകരിക്കപ്പെടുമെന്ന് കരുതിയില്ല. വലിയ സന്തോഷം. അവാർഡിന്റെ കാര്യം ഞാൻ അറിഞ്ഞേ ഇല്ലായിരുന്നു. അവസാന വർഷം ഒരുപാട് നല്ല സിനിമകൾ വന്നല്ലൊ. ശനിയാഴ്ച ബിനേഷാണ് ആദ്യം വിളിച്ചത്. അഭിനന്ദനങ്ങൾ അറിയിച്ചു. അപ്പോഴും എനിക്ക് വിശ്വാസമായില്ല. പിന്നെ മഞ്ജു മാം വിളിച്ചു. ഇവരെല്ലാം എന്നെ വിളിച്ച് പറ്റിക്കുകയാണ് എന്നാ ആദ്യം കരുതിയത്. യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു.

എന്തുകൊണ്ടായിരുന്നു സിനിമ മുഴുവൻ ഐഫോണിൽ ഷൂട്ട് ചെയ്യാം എന്ന തീരുമാനം?

ഷൂട്ട് മുഴുവൻ ഹിമാലയത്തിലായിരുന്നു. അവിടെ വലിയ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ആ സാഹചര്യങ്ങൾ പരിഗണിച്ച് സനലേട്ടൻ (സനൽകുമാർ ശശിധരൻ) ആണ് ഐ ഫോണിൽ ഷൂട്ട് ചെയ്യാം എന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. ഒന്നു പരീക്ഷിച്ച് നോക്കാം എന്ന് സനലേട്ടൻ പറഞ്ഞു. സിനിമയ്ക്ക് ആവശ്യമായ കാഴ്ച അനുഭവം നഷ്ടപ്പെടാതെ ഫോണിൽ ഷൂട്ട് ചെയ്യൽ വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. അതിന് ശ്രമിച്ചു. അത് കഴിഞ്ഞെന്ന് കരുതുന്നു. മൊബൈലിൽ ഷൂട്ട് ചെയ്ത സിനിമയ്ക്ക് ഇങ്ങനെയൊരു പരിഗണന കിട്ടിയത് ചെറിയ ചെറിയ സിനിമകൾ ചെയ്യുന്നവർക്ക് വലിയ പ്രചോദനമാകും. സർഗാത്മകതയുണ്ട് എങ്കിൽ അത് അംഗീകരിക്കപ്പെടും എന്ന ബോധ്യം ആളുകളിൽ ഉണ്ടായി.

ഫോണിൽ ചെയ്യുമ്പോൾ ക്ലാരിറ്റി പ്രശ്‌നം വരില്ലെ?

ക്ലാരിറ്റി പ്രശ്‌നം ഉണ്ടാകും. ഫോണിന്റെ സെൻസർ വളരെ മെച്ചമായാലും, റെസല്യൂഷൻ 4K ആയാലും നമുക്ക് അത് സാധാരണ വീഡിയോ പോലെ തോന്നും. സിനിമയ്ക്ക് വേണ്ടി ആ വീഡിയോ ഉപയോഗിക്കുമ്പോൾ കളറിൽ ചെറിയ മാറ്റം വരുത്തുകയാണ് ചെയ്തത്.

സെറ്റിൽ വലിയ കൂട്ടായ്മയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഞങ്ങൾ 25 പേരും പിന്നെ വഴികാട്ടികളും മറ്റുമായി 10 പേരുമാണ് സംഘത്തിൽ ആകെയുണ്ടായിരുന്നത്. ഇന്ന ആൾക്ക് ഇന്ന ജോലി എന്നൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും പരസ്പരം സഹായിച്ചു. എനിക്കൊരു സഹായി ഉണ്ടായിരുന്നു, മണിയണ്ണൻ. അദ്ദേഹമാണ് ലൈറ്റിന്റെ കാര്യം ക്രമീകരിച്ചത്.

കയറ്റത്തിൽ ക്യാമറാമാനായി എത്തുന്നതിന് മുമ്പ് എവിടെയായിരുന്നു?

ഡി.ഒ.പി തിരു സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. 2015 മുതൽ അദ്ദേഹത്തിനൊപ്പമുണ്ട്. അന്ന് മുതൽ പിന്നീട് പേട്ട വരെ 24 സിനിമകൾ അദ്ദേഹത്തിനൊപ്പം ചെയ്തു. അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹത്തിൽ നിന്ന് തന്നെ.

കയറ്റത്തിലേക്ക് എങ്ങനെയാണ് എത്തുന്നത്?

കാർത്തിക് സുബ്ബരാജ് സാറിന്റെ അസോസിയേറ്റ് ശ്രീനിവാസൻ സാറാണ് സനിലേട്ടന് എന്നെ പരിചയപ്പെടുത്തിയത്. അതിന് മുമ്പ് സ്വതന്ത്രമായി ഒരു സിനിമയും ഞാൻ ചെയ്തിരുന്നില്ല. സനലേട്ടനുമായി ആദ്യം ഒരു ചർച്ചയുണ്ടായിരുന്നു. ഓക്കെ, മുന്നോട്ട് പോകാം എന്ന് അദ്ദേഹം പറഞ്ഞു. അത് കഴിഞ്ഞ് ടെസ്റ്റ് ഷൂട്ട് ചെയ്തു. പിന്നെ കാര്യങ്ങളെല്ലാം വേഗത്തിൽ നീങ്ങി.

CHANDRU
'കയറ്റ'ത്തിന്റെ ചിത്രീകരണവേളയിൽ

ആദ്യ സിനിമ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ?

ഒരു ആശങ്കയുണ്ടായിരുന്നു, വെല്ലുവിളിയായും തോന്നി. ലൊക്കേഷനും കഥയുമെല്ലാം അറിഞ്ഞപ്പോൾ ഇതൊന്ന് ചെയ്ത് നോക്കാം എന്ന ചിന്ത വന്നു.  പിന്നീട് ശ്രമങ്ങളാരംഭിച്ചു. ബെസ്റ്റ് തന്നെ കൊടുക്കണം എന്ന് മനസ്സിലുണ്ടായിരുന്നു. ട്രൈലർ റിലീസ് ആയപ്പോൾ കുറേ സുഹൃത്തുക്കളെല്ലാം വിളിച്ച് സംസാരിച്ചിരുന്നു. ഫോണിൽ ഷൂട്ട് ചെയ്തതാണ് എന്ന് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.

മഞ്ജു വാര്യരെപ്പോലെ ഒരു വലിയ താരം, പൂർണമായും മൊബൈലിൽ ചിത്രീകരിക്കുന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം എന്തായിരുന്നു?

മഞ്ജു മാം എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക ഉണ്ടായിരുന്നു. ഒപ്പം മഞ്ജുച്ചച്ചിയോടൊപ്പം സിനിമ ചെയ്യാൻ പറ്റുന്നതിന്റെ സന്തോഷവും. വളരെ സിംപിളായിരുന്നു മാം. ഒരു ഡിമാന്റും മുന്നോട്ടു വെച്ചില്ല. മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മാമും ആ ദിവസങ്ങളിൽ കഴിഞ്ഞത്. ഷൂട്ടിങ്ങ് വലിയൊരു അനുഭവമായിരുന്നു. വലിയ താരമായ മഞ്ജുമാം ഇത്ര സിംപിളായിരുന്നത് മറ്റൊരു സന്തോഷം.

ഹിമാലയത്തിലെ ഷൂട്ടിന് എത്ര ദിവസമെടുത്തു?

25 ദിവസം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. ആദ്യ നാലു ദിവസം മണാലിയിൽ. അവിടെ ചെറിയൊരു ടൗൺ. ബേസ് ക്യാമ്പ് മണാലിയിൽ ആയിരുന്നു. സിനിമയുടെ ആദ്യ ഭാഗം അവിടെ നിന്നാണ് ഷൂട്ട് ചെയ്തത്.

പിന്നീട് മുകളിലേക്ക് കയറിത്തുടങ്ങി. മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലങ്ങളിലായിരുന്നു 15 ദിവസം കഴിഞ്ഞത്. നമ്മുടെ ഈയൊരു ജീവിത ശൈലിയിൽ നിന്ന്, പൂർണമായും മൊബൈൽ ഇല്ലാത്ത ദിവസങ്ങളിലെ അനുഭവവും പുതിയതായി. കാലാവസ്ഥയോട് ഇണങ്ങുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി എന്നതാണ് സത്യം. നമ്മള് ഇടയ്ക്കിടെ ട്രക്കിങ്ങിന് പോകുന്നവരല്ലല്ലൊ. അതുമായി ഇടപഴകി വരാൻ കുറച്ച് സമയമെടുത്തു. ഷൂട്ട് തുടങ്ങി ഓരോ ദിവസം പിന്നിടുമ്പോഴും ഞങ്ങൾ മെച്ചപ്പെട്ടു കൊണ്ടേയിരുന്നു. മലമുകളിലെ ഒരു തടാകത്തിനടുത്താണ് ക്ലൈമാക്‌സ് സീൻ പ്ലാൻ ചെയ്തത്.

പെട്ടെന്ന് ഒരു ദിവസം രാത്രി അപ്രതീക്ഷിതമായി മഞ്ഞ് വീഴ്ചയുണ്ടായി. പൊതുവേ ആഗസ്റ്റിൽ മഞ്ഞും മഴയും അധികം ഉണ്ടാകാത്തതാണ്. എന്നാൽ ഞങ്ങൾ പോയപ്പോൾ സാഹചര്യം മാറി. അർധരാത്രി രണ്ട് മണിയാണ് സമയം. ഉടൻ കുറച്ച് ഷൂട്ട് ചെയ്യാമെന്നു പറഞ്ഞു സനലേട്ടൻ. ഞങ്ങളുടെ ടെന്റെല്ലാം നശിച്ചു. താഴേക്ക് പോകണം എന്ന സ്ഥിതിയുണ്ടായി. മഞ്ഞിനെ നേരിടാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. മുൻകരുതലൊന്നും ഉണ്ടായില്ല. ഭീതിതമായ സാഹചര്യമായിരുന്നു. ഏഴ് മണിക്കൂറോളം എടുത്തു താഴെയെത്തി രക്ഷപ്പെടാൻ. അവിടെ ക്യാമ്പിൽ രണ്ട് ദിവസം കുടുങ്ങി. വിനോദ സഞ്ചാരികളെ കുറച്ച് കുറച്ചായി നാടുകളിലേക്ക് കൊണ്ടുപോയിത്തുടങ്ങി. പിന്നെയും അവിടെ നിന്ന് ഷൂട്ട് പൂർത്തിയാക്കിയാണ് ഞങ്ങള് മടങ്ങിയത്.

സനൽ കുമാർ ശശിധരനുമൊത്തുള്ള വർക്ക് എങ്ങനെയുണ്ടായി?

എല്ലാവർക്കും ക്യാമറയിൽ ബെസ്റ്റ് കൊടുക്കണം എന്നുണ്ടാകും. ബെസ്റ്റ് എന്നാൽ സ്‌റ്റോറി എന്ത് ആവശ്യപ്പെടുന്നു എന്നതിനെയും സംവിധായകന്റെ മനസ്സിലുള്ള ചിത്രത്തേയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. എന്ത് വേണം എന്ന് സനലേട്ടൻ എന്നോട് കൃത്യമായി പറഞ്ഞു. ഇതൊരു കൺവൻഷനൽ സിനിമയായി നിൽക്കില്ല എന്ന് എനിക്ക് ആദ്യമേ മനസ്സിലായ കാര്യമാണ്. പൂർണമായും പുതിയതും വ്യത്യസ്തവുമായ ഷൂട്ടിംഗ് നാളുകളായിരുന്നു.

cHANDRU
'കയറ്റ'ത്തിന്റെ ചിത്രീകരണവേളയിൽ

ചെന്നൈയിലല്ലേ വീട്, സിനിമാ ജീവിതത്തിന് കുടുംബത്തിന്റെ പിന്തുണയെല്ലാം കിട്ടുന്നുണ്ടോ?

ജനിച്ചത് ഊട്ടിയിലാണ്. അച്ഛൻ സർക്കാർ സർവ്വീസിലായിരുന്നു. ഓരോ മൂന്ന് വർഷവും ട്രാൻസ്ഫർ ഉണ്ടാകും. അങ്ങനെയാണ് പിന്നീട് ചെന്നൈയിൽ എത്തിയത്. ഞാൻ പഠിച്ചത് എഞ്ചിനിയറിംഗാണ്. വീട്ടുകാരുടെ ആഗ്രഹം ഒരു തൊഴില് വേണം സെറ്റിലാകണം എന്നൊക്കെയായിരുന്നു. സിനിമയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ അവർ ആദ്യം എതിർപ്പുയർത്തുകയാണ് ചെയ്തത്. വേണ്ട ജോലിക്ക് പൊയ്‌ക്കോളൂ എന്ന് ഉപദേശിച്ചു. പക്ഷേ, ഞാൻ ഉറച്ചു തന്നെനിന്നു, അവരോട് സംസാരിച്ചു. പിന്നീട് ഒരു ഘട്ടത്തിൽ വീട്ടുകാർ എന്നെ ഉൾക്കൊണ്ട് പിന്തുണച്ച് തുടങ്ങി. ഈ അവാർഡെല്ലാം അവർക്ക് വലിയ സന്തോഷമായിട്ടുണ്ട്.

കയറ്റത്തിന് ശേഷമുള്ള പ്രൊജക്ടുകൾ ഏതെല്ലാമാണ്?

രണ്ടാമത്തെ സിനിമയും സനലേട്ടന് കൂടെത്തന്നെയാണ് ചെയ്തത്. ടൊവിനോ തോമസ് നായകനായ 'വഴക്ക്' ആണ് സിനിമ. പോസ്റ്റ് പ്രൊഡക്ഷൻ ജോലിയെല്ലാം കഴിഞ്ഞ് 'വഴക്ക്' മേളകളിൽ പ്രദർശനത്തിനായി അയച്ചു തുടങ്ങി. ശേഷം ചെയ്തത് എബ്രിഡ് ഷൈന്റെ 'മഹാവീര്യർ' ആണ്. അതും പ്രദർശനത്തിനൊരുങ്ങുന്നു. ഇപ്പോൾ ഒരു തമിഴ് സിനിമ കൂടി ആരംഭിച്ചിട്ടുണ്ട്.

'കയറ്റ'ത്തിന്റെ കളർ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും അവാർഡ് ലഭിച്ചിട്ടുണ്ട്. അവന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. സിനിമ വലിയ കൂട്ടായ്മയായിരുന്നു. പുസ്‌കാരത്തിന് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. ഈ സിനിമയുടെ അണിയറ പ്രവർത്തകർ, തിരു സാർ, എന്റെ കുടുംബം, എല്ലാവർക്കും നന്ദി.

content highlights : Kayattam movie cinematographer Chandru Selvaraj interview state award winner Manju Warrier