നന്തരം അവിവാഹിതരായ ആ രണ്ടു ചെറുപ്പക്കാരും വാചകം നിര്‍ത്തി പാചകത്തിലേക്ക് തിരിഞ്ഞു. സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണി. അടുക്കളയില്‍ ഇവര്‍ പണ്ട് 'തിരുവോണ'ത്തിന് സദ്യയുണ്ടാക്കാന്‍ കയറിയത് ഓര്‍മ വന്നു. പാചകത്തിന്റെ എബിസിഡി അറിയാതെ ചട്ടിയില്‍ വെള്ളമൊഴിച്ച് കടുക് വറുത്തതും ഒടുവില്‍ അത് പൊട്ടിത്തെറിക്കുമ്പോള്‍ ചട്ടുകമെടുത്ത് തടുത്തതുമൊക്കെ കണ്ട് മലയാളി ചിരിച്ചതിന് കൈയും കണക്കുമില്ല. ആ ഓണപ്പാചകത്തിന്റെ ഓര്‍മകളുമായാണ്'കരിക്ക്' വീട്ടിലെ അടുക്കളയിലേക്കുള്ള ഇത്തവണത്തെ എന്‍ട്രി. ഇല്ല സംഗതി കുഴപ്പമില്ല. സാമ്പാറും അവിയലും ഓലനുമൊക്കെയായി ചോറ് മേശപ്പുറത്ത് എത്തിയിട്ടുണ്ട്. 

'കോവിഡായതുകൊണ്ട് അധികം പുറത്ത് പോവാറില്ല. വീട്ടില്‍ തന്നെയാണ് കുക്കിങ് പരിപാടി. എല്ലാം നമ്മള് തന്നെ ചെയ്യുമ്പോള്‍ കുറച്ച് ലേറ്റാവുമല്ലോ.' സംഘത്തിലെ പ്രധാനി അനു(ജോര്‍ജ്) രംഗത്തുവന്നു. കരിക്കില്‍ പാചകത്തില്‍ പറ്റിയ അബദ്ധമൊന്നും യഥാര്‍ത്ഥത്തില്‍ സംഭവിക്കാത്തതിന്റെ ആശ്വാസം ആശാന്റെ മുഖത്തുണ്ട്. അരികിലുണ്ട് ഏവരുടെയും പ്രിയപ്പെട്ട ശബരീഷ് (ലോലന്‍). കരിക്ക് വെബ് സീരിസിലൂടെ കോടിക്കണക്കിനാളുകളുടെ ഇഷ്ടതാരങ്ങളായി മാറിയ രണ്ടുപേര്‍. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള വെബ്‌സീരിസിലെ മുഖ്യകഥാപാത്രങ്ങള്‍. ജോര്‍ജും ലോലനും ആ വേഷം അഴിച്ചുവെച്ച് അനുവും ശബരീഷുമായി ഗൃഹലക്ഷ്മിക്ക് മുന്നിലെത്തി. ഇത് അച്ചടിമാധ്യമത്തിലെ ആദ്യത്തെ അഭിമുഖമാണെന്ന ഓര്‍മപ്പെടുത്തലുമായി.

എല്ലായിടത്തും വര്‍ക്ക് ഫ്രം ഹോം കാലം വന്നു. കരിക്കിലുമുണ്ടോ വര്‍ക്ക് ഫ്രം ഹോം ?

ശബരീഷ്-ഞങ്ങള്‍ കൊറോണയ്ക്ക് മുന്നേ തന്നെ വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. 

അനു-ഷൂട്ടിങ്ങെല്ലാം ഈ ചുറ്റുപാടുകളില്‍ തന്നെയായിരുന്നു. കൂടുതലും നമ്മുടെ പരിധിയില്‍ തന്നെ. ഇപ്പോള്‍ ഷൂട്ടൊക്കെ നിര്‍ത്തി. പുതിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്ലാന്‍ ചെയ്യുകയുമൊക്കെയാണ്.

കരിക്കിലെ ലോലനും ശംഭുവും ഷിബുവും ജോര്‍ജും. നിങ്ങളീ ബിടെക്കുകാര്‍ എല്ലാരും കൂടെ എങ്ങനെ ഒത്തുവന്നു ?

അനു-ഞങ്ങള്‍ പഠിച്ച കാലത്ത് ബി.ടെക്കിന്റെ കുത്തൊഴുക്കായിരുന്നു. പിന്നെ ബി.ടെക് ഒരിക്കലുമൊരു തെറ്റായ ഓപ്ഷനാണെന്ന് തോന്നുന്നില്ല. ഏത് മേഖലയിലേക്കും തിരിയാന്‍ പറ്റുന്നൊരു ബെസ്റ്റ് ഓപ്ഷനായിട്ടാണ് ബി.ടെക്കിനെ കാണേണ്ടത്. ഇപ്പോള്‍ ഏത് മേഖലയെടുത്താലും അതിലൊരു ബി.ടെക്കുകാരന്‍ ഉണ്ടാവും. പിന്നെ ബി.ടെക്കുകാരന്‍ എവിടെ പോയാലും ജീവിക്കാന്‍ പഠിക്കും. അതാണൊരു ഗുണം.

ശബരീഷ്-ഞങ്ങള്‍ക്കിടയില്‍ ബി.ടെക്കുകാര്‍ കൂടുതലുള്ളതുകൊണ്ട് തമ്മില്‍ കൂടുതല്‍ കണക്ടാവാന്‍ പറ്റി. അതൊരു ഭാഗ്യമായി.

അനു-ഞാനും ബിനോയിയുമൊക്കെ ഒരുമിച്ച് വര്‍ക്ക് ചെയ്യുകയായിരുന്നു. അങ്ങനെയാണ് കരിക്കിലേക്ക് വരുന്നത്. ബി.ടെക് പഠിച്ചതുകൊണ്ടാണല്ലോ ഞങ്ങളൊരുമിച്ച് കണക്ടായത്. ബിനോയിയുടെ കൂടെ ബിടെക്ക് പഠിച്ചതാണ്  ശബരീഷ്. 

karikku team
ഫോട്ടോ- സിദ്ദീക്കുല്‍ അക്ബര്‍

കരിക്കിലെപ്പോലെ നിങ്ങളുടെ ജീവിതത്തിലും 'തേരാപാര' നടന്ന കാലം ഉണ്ടായിട്ടുണ്ടോ ?

അനു-ബി.ടെക്ക് കഴിഞ്ഞ് ഒരു കൊല്ലം ഞാന്‍ കുറെ ജോലിക്ക് അപേക്ഷിച്ച് നടന്നിരുന്നു. പിന്നെ സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യമൊക്കെയുള്ളത് കൊണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ഇടയ്ക്ക് ഓഡിഷനൊക്കെ പോവുമായിരുന്നു. എങ്ങനെയെങ്കിലും ആ ഒരു മേഖലയില്‍ എത്തിപ്പെടാന്‍ നോക്കിയിട്ടുണ്ട്. മിക്ക ശ്രമങ്ങളും പരാജയമായിരുന്നു. ഒടുവില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. അന്ന് എന്റെ കൂട്ടത്തില്‍ വര്‍ക്ക് ചെയ്തതാണ് ബിനോയ്. ഞങ്ങളന്ന് ജോലിയുടെ ഇടവേളയില്‍ ഷോര്‍ട്ട് ഫിലിമിനെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുമായിരുന്നു. അവന് ക്യാമറയും എഡിറ്റിങ്ങുമൊക്കെ താത്പര്യമുള്ള കൂട്ടത്തിലാണെന്ന് എനിക്ക് മനസ്സിലായി. അങ്ങനെയാണ് ഞങ്ങള്‍ നിഖിലേട്ടനെ(നിഖില്‍ പ്രസാദ്) പരിചയപ്പെടുന്നത്. അദ്ദേഹം ഇങ്ങനെയൊരു ഡിജിറ്റല്‍ പ്ലാറ്റ് ഫോം തുടങ്ങാന്‍ പോവുകയാണെന്ന് ബിനോയ് വഴി ഞാന്‍ അറിഞ്ഞു. അങ്ങനെ ഇതിലേക്ക് വന്നതാണ്.

ശബരീഷ്- നേരത്തെ തന്നെ കലാ മേഖലയിലേക്ക് തിരിയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതിലേക്ക് തിരിഞ്ഞാല്‍ രക്ഷപ്പെടില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. വീട്ടിലെ ബാക്കിയുള്ളവരെ പോലെ ഞാനും ഗള്‍ഫില്‍ പോവാനുള്ള പ്ലാനിലായിരുന്നു. അപ്പോഴാണ് ബിനോയ് വഴി കരിക്കില്‍ വരുന്നത്. പിന്നെ ഇതിലങ്ങ് കൂടി.

അനു-ശബരീഷ് നന്നായിട്ട് സംഗീതം ചെയ്യുന്നയാളായിരുന്നു.നേരത്തെ അവന്റെ വീഡിയോകളൊക്കെ ഞങ്ങള്‍ കണ്ടിരുന്നു 

അനുവിന്റെ ഈ കലായാത്രയില്‍ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ ദൂരവും സമയവും നോക്കാതെ നടന്നൊരു അമ്മയുണ്ട് എന്ന് ഒരാള്‍ ഫേസ് ബുക്കില്‍ എഴുതിയിരുന്നു...

അനു-ഞാനൊരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നത്. നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചതും. ആ സമയത്തേ കലോത്സവങ്ങളോടൊക്കെ താത്പര്യമായിരുന്നു. അച്ഛനും അമ്മയും നന്നായി പിന്തുണ തന്നു. എന്നെ മ്യൂസിക്കും നാടകവുമൊക്കെ പഠിപ്പിക്കാന്‍ അമ്മ മുന്നിട്ടിറങ്ങി. എല്ലാ കാര്യത്തിനും അമ്മ തന്നെയാണ് കൂടെ വന്നതും. ഇതൊക്കെ കണ്ടപ്പോള്‍ നാട്ടിലുള്ള ചിലരൊക്കെ എന്തോ വലിയ അത്ഭുതത്തോടെയാണ് ഞങ്ങളെ നോക്കിയിരുന്നത്. ഇവനെക്കൊണ്ട് ഇതൊക്കെ നടക്കുമോ എന്നാണ് അവരുടെ നോട്ടത്തിന്റെ അര്‍ത്ഥം. പക്ഷേ അമ്മയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇവന്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ ഗുണം ഉണ്ടാവുമെന്ന്. അമ്മ നല്ല പിന്തുണ തന്നു. കരിക്കിലേക്ക് വന്നപ്പോള്‍ ഞാന്‍ ജോലി രാജിവെച്ചതാണ്. ഇത്  അറിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു. 'നിന്റെ ഇഷ്ടം അതാണെന്ന് നിനക്ക് ബോധ്യമുണ്ടല്ലോ. അപ്പോള്‍ പിന്നെ അതിനകത്ത് കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല'എന്ന്. വീട്ടില്‍ എന്റെ വരുമാനം അത്രയും ആവശ്യമുള്ള സമയത്താണ് ഞാനാ ജോലി വിടുന്നത്. അങ്ങനെയൊരു അവസ്ഥയില്‍ മറ്റൊരു രക്ഷിതാവും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല. 

എന്നിട്ട് അനു പോവുന്നതാവട്ടെ കരിക്കിലെ പണിയില്ലാത്ത ഉഴപ്പന്‍ ജോര്‍ജിന്റെ വേഷത്തിലേക്കും

അനു-നമ്മുടെ ജീവിതങ്ങള്‍ അല്ലേ പ്രേക്ഷകരെ കാണിക്കാന്‍ പറ്റൂ. നമ്മുടെ ചുറ്റിലുമുള്ള ആളുകളും ആ ജീവിതവുമൊക്കെയാണ് കരിക്കില്‍ ഞങ്ങള്‍ കൂടുതലായും കാണിച്ചത്. അതിലൊരു ഫ്രഷ്‌നെസും ലൈഫും ഉള്ളതായി ആളുകള്‍ക്ക് തോന്നി. അതാണ് ഈ വിജയത്തിന്റെ കാരണം.

ശബരീഷിന്റെ കലാ യാത്രകള്‍ എങ്ങനെയായിരുന്നു ?

ശബരീഷ്-കൊച്ചിലേ എന്നെയും ചേച്ചിയെയും അമ്മ പാട്ടു പഠിപ്പിക്കുന്നുണ്ടായിരുന്നു. അഞ്ചാം ക്ലാസ് വരെ ഞാനും പാട്ട് പഠിച്ചു. അന്നും പിന്നീടും അഭിനയത്തിന്റെ പിന്നാലെ അധികം പോയിട്ടില്ല. ആകെപ്പാടെ പ്ലസ് വണില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുടെ കൂടെ ഒരു മൈം ചെയ്തിട്ടുണ്ട്. അത് സ്‌റ്റേജില്‍ ഞാന്‍ തന്നെ കുളമാക്കി. പിന്നെ ഞാന്‍ അഭിനയത്തില്‍ കൈ വെച്ചിട്ടേയില്ല.

വീഡിയോയില്‍ ലോലന്‍ ആവാന്‍ പറ്റുമോ എന്ന് ശബരീഷിന് എപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ടോ?

ശബരീഷ്-സംശയമൊന്നും തോന്നിയിട്ടില്ല. ഇതിലേക്ക് വന്നപ്പോള്‍ എന്തും ചെയ്യാമെന്നാണ് തോന്നിയത്.

അനു-ശബരീഷ് ഒരു കഥാപാത്രം ചെയ്യാം എന്ന് വിചാരിച്ച് വന്നതാണ്. പക്ഷേ ചെയ്തപ്പോള്‍ രസമായിട്ട് തോന്നി. അപ്പോള്‍ തന്നെ നിഖിലേട്ടന്‍  'തേരാപാര'യും 'ഫിഫ'യുമൊക്കെ പ്ലാന്‍ ചെയ്യുകയായിരുന്നു. 

ആരാണ് ലോലന്റെ ലോലമാതൃക ?

ശബരീഷ്-ഞാന്‍ കുറെപ്പേരില്‍ ലോലത്തരം കണ്ടിട്ടുണ്ട്. അതെല്ലാംകൂടെ കളക്ട് ചെയ്ത് ഒരാളായി മാറ്റിയതാണ്. ആദ്യം കരിക്ക് കാണുമ്പോള്‍ എല്ലാവരും ലോലാ ലോലാ എന്നുതന്നെയാണ് എന്നെ വിളിച്ചിരുന്നത്. അമ്മ ഒഴികെ ആ പേരു വിളിക്കുന്ന സ്ഥിതിയായിട്ടുണ്ട്.

അനു-ഞങ്ങളുടെ ശരിക്കുള്ള പേര് ഇപ്പോഴും പലര്‍ക്കുമറിയില്ല. കഥാപാത്രത്തിന്റെ പേരില്‍ തന്നെയാണ് ഞങ്ങള്‍ അറിയപ്പെടുന്നത്. അവര്‍ക്കിത് തൊട്ടടുത്തുള്ള ഒരാളെ പോലെയോ കൂട്ടുകാരനെപ്പോലെയോ ഒക്കെ തോന്നുന്നുണ്ടാവും. 

നിങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ രഹസ്യം ?

അനു-ഞങ്ങള്‍ ഒരു നാട്ടുകാരാണ്. പിന്നെ കരിക്ക് ടീമില്‍ എല്ലാവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. ആ ഒരു കെമിസ്ട്രി തന്നെയാണ് കരിക്ക് ഉണ്ടാക്കുന്നതില്‍ വലുതായി ഗുണം ചെയ്യുന്നത്. ഞങ്ങളുടെ എല്ലാവരുടെയും ചിന്താരീതികളും ഞങ്ങള്‍ക്കിടയില്‍ വരുന്ന കണ്ടന്റും കൗണ്ടര്‍ പറയുമ്പോഴുള്ള പ്രതികരണവുമൊക്കെ സമാനമാണ്. പരസ്പരം കളിയാക്കുന്നതില്‍ പോലും ഞങ്ങള്‍ നന്നായി എന്‍ജോയ് ചെയ്യുന്ന ആള്‍ക്കാരാണ്. ആ ഒരു ടീം വര്‍ക്കും കെമിസ്ട്രിയും എല്ലാവരുടെ ഉള്ളിലും ഉള്ളതുകൊണ്ടാവണം ഈ കൂട്ടുകെട്ട് വിജയിക്കുന്നത്. 

karikku team
ഫോട്ടോ- സിദ്ദീക്കുല്‍ അക്ബര്‍

'പഠിക്കുമ്പോള്‍ അനു വലിയ മോട്ടിവേറ്ററായിരുന്നു.' സത്യമാണോ?

അനു-അയ്യോ, ഇല്ല. ഞാന്‍ എല്ലാവരോടും നന്നായി സംസാരിക്കുമായിരുന്നു. മിമിക്രിയും മോണോ ആക്ടുമൊക്കെ ഇഷ്ടമായതുകൊണ്ട് പല സുഹൃത്തുക്കളെയും അനുകരിക്കും. എല്ലാവരോടും സംസാരിക്കുന്നത് കൊണ്ടാവും നമുക്ക് ഒരുപാട് കഥാപാത്രങ്ങളൊക്കെ കണക്ടാവുന്നത്. അല്ലാതെ ഒരു മോട്ടിവേറ്ററൊന്നുമായിരുന്നില്ല.

പ്രണയത്തില്‍ ശബരീഷ് എപ്പോഴെങ്കിലും ലോലന്‍ ആയിട്ടുണ്ടോ ?

ശബരീഷ്-അതിന് ഇതുവരെ ഞാന്‍ പ്രണയിച്ചിട്ടില്ലല്ലോ. ജന്‍മനാ ഇങ്ങനെയാണ്.(വീഡിയോയില്‍ കാണുന്ന ആ പതിവ് ചിരി കണ്ടു.നിഷ്‌കളങ്കമായ അതേ ചിരി)

അത് നുണ. കരിക്കില്‍ അച്ചുവിനോട് കൊഞ്ചുന്ന ലോലനെ കണ്ടാല്‍ അങ്ങനെ പറയില്ല... 

ശബരീഷ്-സത്യമാണെന്ന്. ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല. ബാക്കിയുളളവര്‍ പ്രണയിക്കുന്നത് കണ്ടിട്ടാണ് ഞാന്‍ ലോലനെ അവതരിപ്പിക്കുന്നത്. ലോലന്‍ അച്ചുവിനോട് കൊഞ്ചുന്നത് പോലെ പെണ്‍കുട്ടികളോട് സംസാരിക്കുന്ന കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. അവര് കാണിച്ചതിന്റെ പത്ത് ശതമാനമേ ഞാനിവിടെ കാണിച്ചിട്ടുള്ളൂ. ബാക്കിയെനിക്ക് കാണിക്കാന്‍ പറ്റത്തില്ല. അത്രയ്ക്കുമുണ്ട്.

ഈ കള്ളച്ചിരി കണ്ടിട്ട് അത് വിശ്വസിക്കാന്‍ പറ്റുന്നില്ല. അതുപോട്ടെ, ഈ ചിരി ഒറിജിനലാണോ ? 

ശബരീഷ്-സൗണ്ടുള്ള ചിരിയും ഉണ്ട്, ഇല്ലാത്തതുമുണ്ട്.രണ്ടും ഒറിജിനലാണ്. ഇതെനിക്ക് അമ്മയില്‍ നിന്ന് കിട്ടിയതാണ്. ഇത് കാണുന്നത് ഇപ്പോ അമ്മയ്ക്കും എനിക്കും ഇഷ്ടമല്ല. എന്നാലും ഇടയ്ക്കിടയ്ക്ക് ഇതങ്ങ് വന്നുപോവും.

എന്നാല്‍ രണ്ടുപേര്‍ക്കുമിടയില്‍ ഏറ്റവുമധികം പ്രേമലേഖനം കിട്ടിയത് ആര്‍ക്കാണെന്ന് പറയൂ...

എനിക്കാണോ നിനക്കാണോ-രണ്ടുപേരും പരസ്പരം ഉറ്റുനോക്കി. പി ന്നെ അവര്‍ക്കിടയില്‍ ഒത്തു തീര്‍പ്പായി.

അനു-പ്രേമലേഖനമൊന്നുമില്ല. ചിലര്‍ ഫോട്ടോയൊക്കെ വെച്ച് കഥകളൊക്കെ പറഞ്ഞ് കത്തെഴുതാറുണ്ട്.

ശബരീഷ്-എനിക്ക് കത്ത് എഴുതുന്നത് അധികവും കൊച്ചുകുട്ടികളാണ്. ചേട്ടാ എന്നൊക്കെ വിളിച്ചോണ്ട്.

അനുവിന് വിവാഹ കാര്യത്തില്‍ ശബരീഷ് നല്‍കിയ ഏറ്റവും വലിയ ഉപദേശം...

ശബരീഷ്-അതിന് ഞാനവന് ഇതുവരെ ഒരു ഉപദേശവും കൊടുത്തിട്ടില്ലല്ലോ. ആകെ ഉപദേശിച്ചത് ഡ്രൈവിങ്ങിലാണ്. വണ്ടി ഓടിക്കാന്‍ പഠിക്കാന്‍.

അനു-ഞങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ പറയും. അത് കേള്‍ക്കണമെങ്കില്‍ കേള്‍ക്കാം. ഇല്ലെങ്കില്‍ വിടാം. അല്ലാതെ ഉപദേശമൊന്നുമില്ല.

കരിക്ക് എങ്ങനെയാണ് നിങ്ങളുടെ ജീവിതത്തെ മാറ്റിയത് ?

അനു-കരിക്ക് തുടങ്ങിയിട്ട് മൂന്നു കൊല്ലമായിട്ടേയുള്ളൂ. തുടക്കത്തില്‍ ഒരുപാട് പേര്‍ക്ക് നമുക്ക് ഉത്തരം കൊടുക്കണമായിരുന്നു. ഇതെന്താണെന്ന് പലരെയും മനസ്സിലാക്കി കൊടുക്കേണ്ടി വന്നു. തുടക്കത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ് ഞങ്ങള്‍. ഇങ്ങനെ പണിയില്ലാതെ നടക്കണോ, യുടൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നൊക്കെ ചോദിച്ചവരുണ്ട്. ബന്ധുക്കളുടെ അടുത്ത് നിന്നുപോലും വലിയ വിമര്‍ശനമായിരുന്നു. അങ്ങനെ ചോദിച്ചവരുടെയൊക്കെ ചിന്താഗതി ഞങ്ങള്‍ക്ക് മാറ്റാന്‍ പറ്റി. ഇപ്പോ അവരൊക്കെ പരിപാടി നന്നാവുന്നുണ്ട്, അടുത്ത വീഡിയോ എന്നാണ് ഇടുന്നത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ശരിക്കും നമ്മുടെ ചിന്താഗതി മാറ്റാതെ നിന്നതുകൊണ്ട് അവരെ നമ്മുടെ രീതിക്ക് കൊണ്ടുവരാന്‍ പറ്റി. ഇപ്പോള്‍ ഒരുപാടാളുകള്‍ മെസേജ് അയക്കുന്നു. കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു. അവരുടെ കൂടെയുള്ള ആളുകളെപ്പോലെ കരുതുന്നു. ഇതൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്കും വലിയ സന്തോഷമുണ്ട്.

ആവര്‍ത്തന വിരസതയില്ല. വെറുപ്പീരോ ഓവര്‍ ആക്ടിങ്ങോ ഇല്ല. വംശീയ പരിഹാസങ്ങളോ അശ്ലീല ഹാസ്യമോ കാണില്ല. കരിക്കിനെക്കുറിച്ച് വന്നൊരു കമന്റാണിത്. ഈ പഹയന്‍മാര്‍ എങ്ങനെയാണിത് സാധിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്...

അനു-ഞങ്ങളുടെ എല്ലാവരുടെയും ചിന്താഗതി അങ്ങനെയായതുകൊണ്ടാണത്. എന്നാലും ഇടയ്ക്ക് അറിയാതെ എന്തെങ്കിലും വന്നുപോയാല്‍ നിഖിലേട്ടന്‍ അത് തിരുത്താറുണ്ട്. കളിയാക്കലോ ബോഡിഷെയ്മിങ്ങ് പോലുള്ള കാര്യങ്ങളോ ഞങ്ങളുടെ വീഡിയോയില്‍  ഉള്‍പ്പെടുത്താറില്ല. ഞങ്ങളുടെ തമാശകളും അങ്ങനെയല്ല. കരിക്കിന്റെ വീഡിയോ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കൊരു പ്രത്യേക അജണ്ട തന്നെയുണ്ട്. അശ്ലീല തമാശകളോ ജാതീയതയോ വരരുതെന്ന് നിര്‍ബന്ധമുണ്ട്. കാരണം ഇത് കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകള്‍ വരെ കാണുന്നതാണ്. എല്ലാവരും എന്‍ജോയ് ചെയ്യാനും അവരുടെ മറ്റ് അസ്വസ്ഥതകളൊക്കെ കളഞ്ഞ് മനസ്സ് തണുപ്പിക്കാനുമൊക്കെയാണ് കരിക്ക് കാണുന്നത്. അവരെ നന്നായി എന്‍ജോയ് ചെയ്യിക്കാനുള്ളൊരു കണ്ടന്റായിരിക്കണം കരിക്ക് എന്നത് നിഖിലേട്ടനും നല്ല ബോധ്യമുണ്ട്. അതുകൊണ്ട് സ്‌ക്രിപ്റ്റില്‍ പോലും ഞങ്ങള്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. 

ഇതേപോലുള്ള നിലപാട് എടുക്കുന്നത് അഭിനന്ദിക്കപ്പെടേണ്ട തീരുമാനമാണ് ?

അനു- നമ്മളൊരു സുഹൃത്തിനോട് അവന്റെ വണ്ണത്തെക്കുറിച്ച് തമാശ പറഞ്ഞാല്‍ ചിലപ്പോള്‍ അവനത് സ്വീകരിക്കാം. പക്ഷേ പബ്ലിക് പ്ലാറ്റ് ഫോമില്‍ അങ്ങനെയൊയൊരു തമാശ ഇടുമ്പോള്‍ അതുപോലുള്ള ഒരുപാടാളുകളെ അത് കണക്ട് ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും ഇത് തമാശയായി തോന്നണമെന്നില്ല. അതുകൊണ്ട് സിനിമയില്‍ ഏത് രീതിയില്‍ അവതരിപ്പിച്ചാലും ഞങ്ങളിങ്ങനെയേ ചെയ്യുള്ളൂ എന്ന് മാത്രം. എന്നുവെച്ച് മാതൃകയായിട്ട് മാറി നില്‍ക്കാനോ ഒരു വിപ്ലവം സൃഷ്ടിക്കാനോ ഒന്നുമല്ല കരിക്ക് ചെയ്യുന്നത്. ആള്‍ക്കാരെ സന്തോഷിപ്പിക്കുക, എല്ലാ പ്രായത്തിലുള്ളവരെയും എന്‍ജോയ് ചെയ്യിപ്പിക്കുക. അതുമാത്രമാണ്  ലക്ഷ്യം.

കരിക്ക് ഒരിക്കലും തേങ്ങയാവാന്‍ സമ്മതിക്കില്ലെന്ന വാശിയിലാണോ  ?

അനു-ഞങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. അതിന്റെ ടെന്‍ഷനുമുണ്ട്. ഒരു വീഡിയോ ആളുകളെ രസിപ്പിച്ചാല്‍ അടുത്തത് അതിലും രസിപ്പിക്കുന്നതാവുമെന്നാണ് ആളുകള്‍ പ്രതീക്ഷിക്കുക. അതൊരു ഉത്തരവാദിത്വവും സമ്മര്‍ദവുമൊക്കെയാണ്. അതുകൊണ്ട് ഞങ്ങള്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു.

മുന്നില്‍ കാണുന്ന സ്വപ്‌നം...

അനു-കരിക്കില്‍ ഇനിയും നല്ല വീഡിയോകള്‍ ചെയ്യണം. നല്ല ആര്‍ട്ടിസ്റ്റുമാരായി മാറണം.  

ശബരീഷ്-കരിക്ക് വിജയിക്കുന്നതിനൊപ്പം ഞങ്ങളുടെ എല്ലാവരുടെയും സ്വപ്‌നങ്ങളും നടക്കുമെന്നാണ് പ്രതീക്ഷ.

അവര്‍ സ്വപ്‌നങ്ങള്‍ നെയ്യാനായി വീണ്ടും കഥാപാത്രങ്ങളുടെ കുപ്പായം എടുത്തിട്ടു. ഈ ചെറുപ്പക്കാരുടെ കിനാവുകളിലേക്കാണ് ഇന്ന് മലയാളിയുടെ നോട്ടം. അത് കണ്ടിട്ടുവേണം നമുക്ക് എല്ലാം മറന്ന് ചിരിക്കാന്‍.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Karikku fame Anu k aniyan and Sabareesh opens up about their dreams and life