അഭിനയ ജീവിതത്തിലെ നാഴികക്കല്ലായ ദേശീയ അവാര്‍ഡ് കങ്കണയെ തേടിയെത്തിയിരിക്കുകയാണല്ലോ. മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അഭിനേത്രി എന്ന നിലയില്‍ ഈ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?
എന്റെ വിജയമാണ് എനിക്കെതിരെ ഉയര്‍ന്നുവന്ന എല്ലാ വിവാദങ്ങള്‍ക്കുമുള്ള എന്റെ മറുപടി. മധുരമായ പ്രതികാരം എന്നു തന്നെ പറയാം. നമ്മള് സ്ത്രീകള്‍ പ്രതികരണശേഷിയുള്ളവരായിരിക്കണം. വിജയത്തിലും വേദനയിലും ഒരുപോലെ പ്രതികരിക്കാന്‍ കഴിയുന്നവരായിരിക്കണം. ശക്തമായ അഭിപ്രായം തുറന്നു പറയാന്‍ കഴിയുന്നവരായിരിക്കണം സ്ത്രീകള്‍.
വളരെ വ്യത്യസ്തതയുള്ള അനുഭവ പരമ്പരകളിലൂടെയാണ് കങ്കണയുടെ ഇതുവരെയുള്ള ജീവിതയാത്ര. സ്വപ്രയത്നം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ കയ്പ്പേറിയ നിരവധി അനുഭവങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടിയും വന്നു. ഒരു സ്ത്രീ എന്ന നിലയില്‍ കങ്കണ യഥാര്‍ത്ഥത്തില്‍ ശക്തയായ ഒരു പോരാളിയാണോ അതോ വേറിട്ട അഭിനേത്രിയാണോ?
എല്ലാ സ്ത്രീകളുടെ മനസ്സിലും ശക്തയായ ഒരു പോരാളിയുണ്ട്. സാഹചര്യം വരുമ്പോള്‍ മാത്രം പോരാട്ടവീര്യം പുറത്തെടുക്കുന്നവളാണ് ഞാന്‍. മനപ്പൂര്‍വം ആരുമായും യുദ്ധം ചെയ്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്തുകൊണ്ടോ എന്റെ സ്വഭാവത്തില്‍ ഒരു പോരാളിയുടെ ഇമേജിനാണ് ആളുകള്‍ മുന്‍തൂക്കം തരുന്നത്. എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ അതിനെക്കുറിച്ചോര്‍ത്ത് ദു:ഖിച്ചിരിക്കുന്ന സ്വഭാവം എനിക്കില്ല. നമുക്കിടയില്‍ രണ്ടു തരത്തിലുള്ള ആളുകളുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നവരും സ്വയം സന്തോഷിക്കാനുള്ള കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് ചെയ്യുന്നവരും. ഞാന്‍ രണ്ടാമത്തെ തരത്തില്‍പ്പെട്ട ആളാണ്. എന്റെ ആശയങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ച് ജീവിക്കുവാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ എന്നെക്കുറിച്ചു പറയുന്ന ആരോപണങ്ങളൊന്നും തന്നെ എന്നെ ബാധിക്കാറില്ല.
കങ്കണക്കെതിരെ കാമുകന് ഉന്നയിച്ച ആരോപണങ്ങളില്‍ അവിശ്വസനീയമായ പലതുമുണ്ടായിരുന്നല്ലോ? ഈ ആരോപണങ്ങളെ എങ്ങനെ കാണുന്നു?
ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഒരിക്കലും എന്നെ തളര്‍ത്തിയിട്ടില്ല. സ്ത്രീകള്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന ഏതു പ്രശ്നങ്ങള്‍ക്കെതിരെയും പ്രതികരിച്ചുകൊണ്ടേയിരിക്കുന്നു. ആര്‍ത്തവത്തെക്കുറിച്ച് തുറന്നുപറയാന്‍ കഴിയാത്ത സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നതെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ആയുധമാണ് പുരുഷന്മാര് ഇന്നും സ്ത്രീകളെ നിഷ്പ്രഭരാക്കാന്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ഏര്‍പ്പെടുന്ന മേഖലകളില്‍ വിജയം കൈവരിക്കുകയും ചെയ്യുന്ന സ്ത്രീകളെ ചിത്തരോഗികളായി ചിത്രീകരിക്കുന്നവരാണ് പുരുഷന്മാര്. ലൈംഗിക വികാരങ്ങള്‍ അടിച്ചമര്‍ത്താതെ വ്യക്തമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ വേശ്യയായി മുദ്രകുത്തുന്നവരാണ് അവര്‍. എന്നെ വേശ്യയെന്നും മനോരോഗിയെന്നും ആക്ഷേപിച്ചപ്പോള്‍ അപമാനകരമായി ഒന്നുംതന്നെ എനിക്ക് തോന്നിയില്ല.
കങ്കണ കാമുകനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന ആരോപണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? സ്വയരക്ഷയ്ക്ക് വേണ്ടിയാണ് നിങ്ങളെ തല്ലിയ ആളെ നിങ്ങള്‍ തല്ലിയതെന്ന് പറഞ്ഞാല്‍ ശരിയല്ലേ?
അതെ. എനിക്കെതിരെ വന്ന ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നു ഞാന്‍. ഈ ഒരു സംഭവം മാറ്റിനിര്‍ത്തിയാല്‍ ഞാന്‍ ഇന്നുവരെ ഒരു മനുഷ്യനെയും തല്ലിയിട്ടില്ല. ബുദ്ധിപരമായി നേടുന്ന വിജയം കൊണ്ട് മറ്റുള്ളവരെ പരാജയപ്പെടുത്താന്‍ കഴിയുമ്പോള്‍ നമ്മള് എന്തിന് അവര്‍ക്ക് നേരെ കൈയോങ്ങണം?
എപ്പോഴെങ്കിലും ജീവിതത്തില്‍ നേടാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ചോ എത്തിപ്പിടിക്കാന്‍ കഴിയാത്ത ലക്ഷ്യങ്ങളെക്കുറിച്ചോ ഓര്‍ത്ത് പശ്ചാത്തപിച്ചിട്ടുണ്ടോ?
എന്റെ ജീവിതയാത്ര വളരെ വ്യത്യസ്തമാണ്. അത് ബാന്ദ്രയില്‍ നിന്നും ജൂഹുവിലേക്കുള്ളതായിരുന്നില്ല. മറിച്ച് മണാലിയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്കായിരുന്നു. ഈ യാത്രയില്‍ എനിക്ക് നഷ്ടങ്ങളില്ല. നേട്ടങ്ങള്‍ മാത്രമേയുള്ളു. ഇന്ന് എത്തി നില്ക്കുന്ന ഈ അവസ്ഥയില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്.