''പെയ്യനെ പെയ്യുമാ മഴൈ
     മഴയ്ക്കുമെനില്‍ ശൊല്‍ ഉന്‍തായിടം..''  
                                           - മഴൈ, കമല്‍ഹാസന്‍
 
കമല്‍ഹാസന് 'മഴ' എത്രമാത്രം ഇഷ്ടമാണെന്നറിയില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്, തന്റെ പതിനാറാമത്തെ വയസ്സില്‍ മഴയെക്കുറിച്ച് കമല്‍ഹാസന്‍ ഒരു കവിതയെഴുതിയിട്ടുണ്ട്. 'മഴൈ' എന്നാണ് ആ കവിതയുടെ പേര്. ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകള്‍ ആകാശത്തുനോക്കി മഴ പെയ്യട്ടെ എന്നു പറഞ്ഞാല്‍ പെയ്യും എന്നൊരു വിശ്വാസമുണ്ടത്രെ തമിഴ്‌നാട്ടില്‍. അതിനെ ധിക്കരിച്ചായിരുന്നു കമലിന്റെ കവിത. ചാരിത്ര്യമുള്ളവര്‍ ആകാശത്തുനോക്കി മഴ പെയ്യട്ടെ എന്നു പറഞ്ഞാല്‍ മഴ പെയ്യുമെങ്കില്‍ എന്റെ നാട് നനയട്ടെ എന്നായിരുന്നു കവിതയുടെ സാരം. ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ കവിത വായിച്ചശേഷമല്ല കമല്‍ഹാസനെ ഞാന്‍ ആദ്യം കാണുന്നത്. പക്ഷെ, അദ്ദേഹവുമായുള്ള സംഭാഷണവേളകളിലെല്ലാം മഴ ഒരു സംഗീതമായി പെയ്തിറങ്ങുന്നു എന്നത് വളരെ യാദൃച്ഛികമായി തോന്നിയിട്ടുണ്ട്. അന്നേരം കമലിന്റെ വാക്കുകള്‍ക്ക് തിമിര്‍ക്കുന്ന മഴയേക്കാളും ശക്തിയുണ്ടാകും. ചിലപ്പോള്‍ ചന്നംപിന്നം ചാറുന്ന മഴപോലെയാകും. എങ്ങനെയായാലും മഴയുടെ സംഗീതം പോലെ ആ സ്‌നേഹമൊഴികള്‍ എത്രനേരം വേണമെങ്കിലും കേട്ടിരിക്കാം. 
 
നായകന്‍മാര്‍ ഏറെയുള്ളപ്പോഴും മലയാളത്തിന്റെ പ്രിയപ്പെട്ട നായകനായിരുന്നു കമല്‍ഹാസന്‍. അന്നും ഇന്നും. 'കന്യാകുമാരി'യിലൂടെ തന്നെ നായകനായി അംഗീകരിച്ച മലയാളമണ്ണിനെ നന്ദിയോടെ ഓര്‍ക്കുന്നു കമല്‍ഹാസന്‍. നാല്പതോളം മലയാള സിനിമകളില്‍ വേഷമിട്ട അനുഭവങ്ങളൊന്നും കമല്‍ മറന്നിട്ടില്ല. സത്യന്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ള നടന്മാര്‍ക്കൊപ്പവും കെ. എസ്. സേതുമാധവന്‍ മുതല്‍ ജിത്തു ജോസഫ് വരെയുള്ള സംവിധായകര്‍ക്കൊപ്പവും  എം.ടി. മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെയുള്ള എഴുത്തുകാര്‍ക്കൊപ്പവുമുള്ള മലയാണ്മയുമായി ബന്ധപ്പെട്ട തന്റെ ജീവിതം ഹൃദയത്തോട് ചേര്‍ത്തുവച്ചിരിക്കുകയാണ് ഈ മഹാനടന്‍. ആടിയും പാടിയും സങ്കടപ്പെടുത്തിയും അഭ്രവിസ്മയങ്ങള്‍ തീര്‍ത്ത കമല്‍ഹാസനെ മലയാളത്തിന്റെ തിരശ്ശീലയില്‍ കണ്ടിട്ട് വര്‍ഷങ്ങളായെങ്കിലും മലയാളിക്ക് ഇന്നും കമല്‍ഹാസന്‍ നായകന്‍ തന്നെയാണ്. തലമുറകള്‍ക്കോ തരംഗങ്ങള്‍ക്കോ മാറ്റിമറിക്കാനാവാത്ത ഒറ്റനക്ഷത്രം. തലമുറകളുടെ താരം. 
''നല്ല ഒരു കഥയും കഥാപാത്രവും വരികയാണെങ്കില്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് മലയാളത്തില്‍ ഒരു പടം ചെയ്യാന്‍ ഇപ്പോഴും ആഗ്രഹമുണ്ട്'' എന്ന് അടിവരയിട്ടു പറയുന്നു കമല്‍ഹാസന്‍.
 
ചെന്നൈ ആള്‍പേട്ടിലെ ഓഫിസീല്‍ വെച്ചാണ് കമല്‍ഹാസനെ ഏറെയും കണ്ടത്. അറുപത്തിമൂന്നാം പിറന്നാളിലെത്തിനില്ക്കുന്ന അദ്ദേഹത്തിന്റെ മനസ്സിനും ശരീരത്തിനും ഇപ്പോഴും നന്നേ ചെറുപ്പമാണ്.  അറുപത്തിമൂന്നിന്റെ നിറവില്‍ നില്ക്കുമ്പോഴും കമലിന്റെ മുഖം ഒരു യുവാവിന്റെ ചുറുചുറുക്കോടെ പുഞ്ചിരിച്ചു.  
 
കമല്‍ഹാസന്‍ മലയാളത്തില്‍ സജീവമായിരുന്ന ആ കാലത്തെ ഓര്‍ത്തെടുക്കാമോ?
''അതെല്ലാം ഞാന്‍ മറന്നെങ്കിലല്ലേ ഓര്‍ത്തെടുക്കേണ്ടതുള്ളൂ. എം.ടി. സാറിന്റെ തിരക്കഥയില്‍ സേതുമാധവന്‍ സാറിന്റെ സംവിധാനത്തില്‍ 'കന്യാകുമാരി'യില്‍ നായകനാകാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ് അതിലുപരി ഗുരുത്വമാണ്. പിന്നീട് മലയാളത്തിലെ പ്രഗത്ഭരായുള്ള നടീനടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. പ്രതിഭാധനരായ എഴുത്തുകാരുടെയും സംവിധായകരുടെയും കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒന്നും ഞാന്‍ മറന്നിട്ടില്ല. മലയാളത്തില്‍ എനിക്കൊപ്പം അഭിനയിച്ച പലരും ഇന്നില്ല. ആ ശൂന്യത ഇപ്പോഴും എന്നിലുണ്ട്.''
 
മലയാളത്തിലെ തുടക്കം 'കണ്ണും കരളിലു'മായിരുന്നല്ലോ. ബാലതാരമായുള്ള ആ അനുഭവം എങ്ങിനെയായിരുന്നു?
''സേതുമാധവന്‍സാറിന്റെ സംവിധാനത്തില്‍ സത്യന്‍മാഷായിരുന്നു ആ സിനിമയിലെ നായകന്‍. അവര്‍ രണ്ടുപേരും നല്കിയ വാത്സല്യം മറക്കാനാവില്ല. സേതു സാര്‍ പറഞ്ഞുതന്നതുപോലെ അഭിനയിച്ചു എന്നതിനപ്പുറം ഒരു കുട്ടിയായ എനിക്ക് എന്തുചെയ്യാനാവും. പിന്നീടുള്ളതെല്ലാം പഠനമായിരുന്നു. അറിഞ്ഞും അനുഭവിച്ചും ഉള്ള വളര്‍ച്ച. ഇന്നോര്‍ക്കുമ്പോള്‍, സത്യന്‍ എന്ന മഹാനടനൊപ്പമാണല്ലോ എനിക്ക് മലയാളത്തില്‍ തുടക്കം കുറിക്കാനായത് എന്നതില്‍ തികഞ്ഞ അഭിമാനം മാത്രമേയുള്ളൂ.''
 
പ്രേംനസീറിനൊപ്പം ഒരു ചിത്രത്തിലേ അഭിനയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ ?
''അതെ. ശ്രീകുമാരന്‍ തമ്പി സാറിന്റെ 'തിരുവോണ'മായിരുന്നു ആ സിനിമ. നസീര്‍സാറിന്റെ പല ചിത്രങ്ങളിലും കൊറിയോഗ്രാഫറുടെ അസിസ്റ്റന്റായി ഞാന്‍ വര്‍ക്കു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് നൃത്തത്തിന്റെ ചുവടുകള്‍ പറഞ്ഞുകൊടുത്തു എന്നു വേണമെങ്കില്‍ പറയാം. അതിനപ്പുറം പ്രേംനസീര്‍ എന്ന വ്യക്തിയെ ഞാന്‍ അറിഞ്ഞിട്ടുണ്ട്. നടനേക്കാള്‍ വലിയ മനുഷ്യനായിരുന്നു നസീര്‍സാര്‍. ഒരുദിവസം നാലും അഞ്ചും ചിത്രങ്ങളില്‍ അഭിനയിക്കുക, സമ്പാദിച്ചതിന്റെ വലിയൊരു ഭാഗവും മറ്റാരുമറിയാതെ കഷ്ടപ്പെടുന്നവര്‍ക്കായി മാറ്റിവെക്കുക, എത്രപേര്‍ക്ക് ഇങ്ങനെ ചെയ്യാനാവും? സിനിമയുടെ തിരക്കുകളില്‍നിന്നൊഴിഞ്ഞ കാലത്ത് ഞാന്‍ സാറിനോട് ചോദിച്ചു: മടുക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: 'കമല്‍ നമ്മള്‍ ഇരുപത്തിയഞ്ച് നിലയുള്ള ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ എത്തിയാല്‍ പിന്നീട് എങ്ങോട്ട് കയറും? ശാന്തനായി താഴേക്കിറങ്ങുകയേ വഴിയുള്ളൂ. ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.' നസീര്‍സാറിന്റെ ഈ വാക്കുകള്‍ വലിയൊരു പാഠമാണ്. ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും അഹങ്കരിക്കാതിരിക്കുക. എന്നെങ്കിലുമൊരിക്കല്‍ താഴേക്കിറങ്ങേണ്ടിവരും.''
 
മധുസാറുമായി എങ്ങനെയുള്ള ബന്ധമായിരുന്നു ?
''പരിചയപ്പെട്ട നാളില്‍ തന്ന ആ സ്‌നേഹം ഇപ്പോഴും കുറഞ്ഞിട്ടില്ല. അധികം കൂടിക്കാഴ്ചകളോ ഫോണ്‍വിളികളോ ഒന്നും ഞങ്ങള്‍ക്കിടയിലില്ല. എങ്കിലും കാണുമ്പോള്‍ 'കമല്‍...' എന്ന സ്‌നേഹത്തോടെയുള്ള അദ്ദേഹത്തിന്റെ വിളിയില്‍ എല്ലാമുണ്ട്. ഇന്ത്യന്‍ സിനിമയുടെ നൂറാം പിറന്നാളാഘോഷത്തിലാണ് ഞങ്ങള്‍ അവസാനമായി കണ്ടത്. അന്നു മധുസാറിനെ ആദരിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഞാനും ചേര്‍ന്നാണ് അദ്ദേഹത്തിന് ഹാരമണിയിച്ചത്. നസീര്‍സാറിനെപ്പോലെ മധുസാറിനുവേണ്ടിയും ഞാന്‍ കോറിയോഗ്രാഫി അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് മധുസാറില്‍ നിന്നുണ്ടായ സംഭാവനകള്‍ വളരെ വലുതാണ്. പക്ഷേ, അതിനെ വേണ്ട രീതിയില്‍ അംഗീകരിക്കാന്‍ നമ്മുടെ അധികാരകേന്ദ്രങ്ങള്‍ മറന്നുപോയി എന്നതല്ലേ സത്യം.''
 
മലയാളത്തിലെ ആത്മമിത്രമായിരുന്നല്ലോ എം.ജി. സോമന്‍? 
''മധുസാറിന്റെ 'മാന്യശ്രീ വിശ്വാമിത്രന്‍' എന്ന സിനിമയ്ക്കു വേണ്ടിയാണെന്നു തോന്നുന്നു സോമനെ ഞാന്‍ ഡാന്‍സ് പഠിപ്പിച്ചത്. അന്നു തുടങ്ങിയ സൗഹൃദം മരണംവരെ ഞങ്ങള്‍ കാത്തുസൂക്ഷിച്ചു. വളരെ സൗമ്യനായിരുന്നു സോമന്‍. പ്രായത്തില്‍ എന്നേക്കാള്‍ മൂത്തതാണെങ്കിലും ഒരു എടാ പോടാ ബന്ധമായിരുന്നു ഞങ്ങളുടേത്. വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ള ബന്ധമാണ് സോമനുമായുണ്ടായിരുന്നത്. ആ വേര്‍പാടും വല്ലാത്തൊരു വേദനയാണ്.''
 
ജയന്റെ മരണം വേദനയുണ്ടാക്കിയില്ലേ? 
''ആ വേര്‍പാട് ആരിലാണ് വേദന സൃഷ്ടിക്കാത്തത്? ജയന്‍ വില്ലനും ഞാന്‍ നായകനുമായി പല ചിത്രങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു. അന്നേ വലിയ സാഹസിക മനോഭാവമാണ് ജയന്‍ കാണിച്ചത്. ഡ്യൂപ്പിനെവെച്ച് ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. കൊച്ചിയില്‍ ഏതോ ഒരു സിനിമയുടെ ഷൂട്ടിംഗ് കാലത്ത് ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. വെളുപ്പിനു നാലുമണിയാകുമ്പോഴേക്കും ജയന്‍ ഉണരും. നല്ല ഉറക്കത്തിലായിരിക്കുന്ന എന്നെ നിര്‍ബന്ധപൂര്‍വ്വം എഴുന്നേല്പിച്ച് എക്‌സര്‍സൈസ് ചെയ്യിപ്പിക്കും. വ്യായാമം ചെയ്ത് ദൃഢപ്പെടുത്തിയ ശരീരമായിരുന്നെങ്കിലും ജയന്റെ മനസ്സു നിറയെ നന്മയും സ്‌നേഹവുമായിരുന്നു. കഴിവുകള്‍ പ്രയോജനപ്പെടുത്തുംമുന്‍പേ ജയന്‍ മരണത്തിനു കീഴടങ്ങി. പ്രേക്ഷകരുടെ മനസ്സില്‍ ജയനിന്നും യുവത്വത്തിന്റെ പ്രതീകമാണ്.''
 
റീത്താ ഭാദുരി മുതല്‍ ഗൗതമി വരെ ഒരുപാട് നായികമാര്‍ - എങ്ങനെ കാണുന്നു ആ സൗഹൃദങ്ങളെ?
''സൗഹൃദങ്ങള്‍ അതിന്റേതായ തീവ്രതയോടെ ഞാനിന്നും സൂക്ഷിക്കുന്നുണ്ട്. അത് എല്ലാവരോടും ഒരേയളവിലായിരിക്കില്ല എന്നു മാത്രം. കന്യാകുമാരിയില്‍ റീത്തയായിരുന്നു നായിക. പിന്നീട് ഷീല, സീമ, വിധുബാല, ശ്രീവിദ്യ, ശ്രീദേവി, ലക്ഷ്മി, ഉഷാകുമാരി, ജയഭാരതി, സറീനാ വഹാബ്, ലത.....മലയാളത്തില്‍ ഒരുപാട് നായികമാര്‍ക്കൊപ്പം അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. അതുപോലെ ഗാനങ്ങളും. 
 
സിനിമയക്കുവേണ്ടി കുറേ ഗാനങ്ങള്‍ പാടിയിട്ടുണ്ടല്ലോ? മദനോത്സവത്തിലെ 'മാടപ്രാവേ വാ' ആ പാട്ട്  ഒന്നു പാടാമോ?
''അത് ദാസേട്ടന്‍ പാടിയാലേ ശരിയാകൂ. എന്റെ ശബ്ദം ശരിയാകില്ല. മദനോത്സവത്തിലെ ഗാനങ്ങള്‍ ശരിക്കും നൊസ്റ്റാള്‍ജിയയാണ്. 'മാടപ്രാവേ' എന്ന പാട്ട് അക്കാലത്ത് കാമ്പസുകളെയും കവലകളെയും ഇളക്കിമറിച്ചിരുന്നു.  കുറേ വര്‍ഷങ്ങള്‍ക്കു ശേഷം സറീന വഹാബ് ഈയ്യിടെ മലയാള പടങ്ങളില്‍ അഭിനയിച്ചുവെന്നു കേട്ടു.''
 
മലയാളത്തിലെ എഴുത്തുകാരില്‍ ഏറെ അടുപ്പം ആരോടാണ്?
''അടുപ്പത്തേക്കാള്‍ അവരെയെല്ലാം എനിക്കിഷ്ടമാണ്. എം.ടി.സാറിനെ ഞാന്‍ ഗുരുതുല്യനായാണ് കാണുന്നത്. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത നിര്‍മ്മാല്യം ഞാന്‍ രണ്ടുതവണ കണ്ടിട്ടുണ്ട്. ബാംഗ്ലൂരിലെ തിയേറ്ററില്‍ എന്നെ കൊണ്ടുപോയി ആ സിനിമ കാണിച്ചത് സുരാസുവാണ്. മലയാളത്തില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ചിത്രവും നിര്‍മ്മാല്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരുടെ ചിത്രങ്ങളുടെ ഗണത്തിലാണ് ഞാന്‍ എം.ടി.സാറിന്റെ നിര്‍മ്മാല്യവും കാണുന്നത്. തകഴിസാറിന്റേയും ടി. പത്മനാഭന്‍ സാറിന്റേയും എഴുത്ത് എനിക്ക് വലിയ ഇഷ്ടമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് സാറിന്റെ കവിതകളും ഇഷ്ടമാണ്. അവരെയെല്ലാം ഞാന്‍ ബഹുമാനിക്കുന്നു.''
kamalhassan
Kamalhassan,Bhanuprakash
 
ഇനിയെപ്പോഴാണ് കമല്‍ഹാസനെ ഒരു മലയാള പടത്തില്‍ കാണാനാവുക?
''എനിക്കു പോറ്റമ്മയാണ് മലയാളം. ഞാന്‍ മലയാളത്തെ മറന്നിട്ടില്ല. മലയാളം എന്നെയും. നിങ്ങളെന്നെ നായകനായി അംഗീകരിച്ചിട്ട് നാല്പതിലേറെ വര്‍ഷമായി. ഞാന്‍ പറഞ്ഞില്ലേ, നല്ല ഒരു കഥയും കഥാപാത്രവും ഒത്തുവരികയാണെങ്കില്‍ ഞാന്‍ വീണ്ടുമെത്തും. മലയാളത്തിലെ അഭിനേതാക്കള്‍ക്കൊപ്പം നടിക്കുന്നത് വലിയൊരനുഭവമാണ്. ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് ഇത്രയേറെ സമ്പന്നമായ മറ്റൊരു ഭാഷയില്ല. സത്യന്‍ മാഷേക്കാളും നസീര്‍സാറിനേക്കാളും ഞാന്‍ ഇഷ്ടപ്പെടുന്നത് കൊട്ടാരക്കര ശ്രീധരന്‍ നായര്‍ സാറിന്റെ അഭിനയമാണ്. ഭരത്‌ഗോപിയുടെയും നെടുമുടിവേണുവിന്റെയും കുതിരവട്ടം പപ്പുവിന്റെയുമൊക്കെ അഭിനയം എന്തുമാത്രം നാച്വറലാണ്. അവര്‍ക്കൊന്നും പകരക്കാരില്ല എന്നതാണ് സത്യം.''
 
അപ്പോള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമോ? 
''ഇന്ത്യന്‍ സിനിമയിലെ അത്ഭുതം തന്നെയാണ് രണ്ടുപേരും. വൈവിധ്യമാര്‍ന്ന ഏത്രയോ വേഷങ്ങളിലൂടെ മമ്മൂട്ടി സാര്‍ കടന്നുപോയി. ശരിക്കും, സിനിമ മാത്രം സ്വപ്നംകണ്ടാണ് മമ്മൂട്ടിസാറിന്റെ യാത്ര. അതിന്റെ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. മോഹന്‍ലാല്‍സാറിന് അഭിനയിക്കാന്‍ അറിയുമോ? ബിഹേവ് ചെയ്യാനേ അദ്ദേഹത്തിന് അറിയൂ. വാനപ്രസ്ഥവും കിരീടവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇത്രമാത്രം സ്വാഭാവികത മറ്റൊരുനടനിലും ഞാന്‍ കണ്ടിട്ടില്ല.
 
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് 'പാപനാശ'ത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളായിരുന്നല്ലോ. ഇപ്പോള്‍ സിനിമയില്‍ നായകനാകുന്നു. എങ്ങനെ കാണുന്നു?
പാവം ചെക്കന്‍. ക്ലാപ്പടിക്കുന്നതില്‍ നിന്നാണ് പ്രണവ് സിനിമാപഠനം തുടങ്ങിയത്. അങ്ങനെ തന്നെ വേണം. പ്രണവ് സെറ്റില്‍ കഠിനാദ്ധ്വാനം ചെയ്യുന്നതു കണ്ടപ്പോഴൊക്കെ ഞാനെന്റെ കുട്ടിക്കാലം ഓര്‍ത്തിരുന്നു. ഇങ്ങനെയൊക്കെയായിരുന്നല്ലോ ഒരുകാലത്ത് ഞാനും. വലിയ ഒരു നടന്റെ മകനാണെന്ന ഭാവംപോലും ആ കുട്ടിയുടെ മുഖത്തില്ല. വര്‍ക്കില്‍ അങ്ങേയറ്റം സിന്‍സിയര്‍ ആണ്. വിനയം, നന്മ തുടങ്ങി ലാലിന്റെ സ്വഭാവഗുണങ്ങള്‍ പലതും അവനിലുണ്ട്. തീര്‍ച്ചയായും പ്രണവിന് സിനിമയില്‍ നല്ലൊരു ഭാവിയുണ്ട്. 
 
കമലിനോട് യാത്ര പറയുമ്പോള്‍ മഴയുണ്ടായിരുന്നില്ല. പക്ഷേ, കമലിന്റെ വാക്കുകള്‍ മഴയായി മനസ്സില്‍ പെയ്യുകയായിരുന്നു. യാദൃച്ഛികമെന്നോണം ചെന്നൈ നഗരം വിട്ടപ്പോള്‍ വീണ്ടും മഴയുടെ ആരവങ്ങളായി. വൈകാതെ മഴ പെയ്തു തുടങ്ങി. കാറിന്റെ വേഗതയില്‍ മഴയുടെ ദൃശ്യങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു.
 
Content Highlights : Kamal Hassan, Mohanlal, Mammootty, Malayalam Cinema, Kamal Hassan about Madhu Sathyan Nazeer MG Soman Kottrakkara Sreedharan Nair MT Vasudevan nair