മലയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ അജു വര്‍ഗീസിന് മെസേജ് അയച്ചു -'നിനക്ക് നായകനാകാനുള്ള സമയമായി; തിരക്കഥ തയ്യാറായിട്ടുണ്ട്'.രഞ്ജിത് ശങ്കര്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അജു കണ്ണുതിരുമ്മിക്കൊണ്ട് പല ആവര്‍ത്തി ആ വരികള്‍ വായിച്ചു. നിനക്ക് നായകനാകാനുള്ള സമയമായി എന്ന വാചകത്തില്‍ കണ്ണു ടക്കിനിന്നു. സംവിധായകന്റെ മനസ്സിലിരുപ്പ് എന്താണെന്നറിയുക എന്ന ലക്ഷ്യത്തോടെ തിരിച്ചുവിളിച്ചു. നായകനാകാന്‍ മാനസികമായി ഒരുങ്ങിയിട്ടില്ലാത്ത അജു ആദ്യം ചോദിച്ചത് എന്തു ധൈര്യത്തിലാണ് നിങ്ങളെന്നെ നായകനാക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു. അജുവിന്റെ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയ സംവിധായകന്‍ നടന്  നായകനാകാനുള്ള ആത്മവിശ്വാസം നല്‍കി. സംഭാഷണം അവസാനിപ്പിക്കുമ്പോഴേക്കും  കമലയ്‌ക്കൊപ്പം ചേര്‍ന്നുനടക്കാന്‍ അജുവിനും സമ്മതം.

കളിപറഞ്ഞും ചിരിപ്പിച്ചും പ്രേക്ഷകരെ രസിപ്പിച്ച  അജു വര്‍ഗീസിന്റെ വഴിമാറിയുള്ള നടക്കലിന്  കമല കൂട്ടുവരികയാണ്. അജുവിലെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് പുതിയ ചിത്രത്തിലൂടെ സംവിധായകന്‍ രഞ്ജിത് ശങ്കര്‍.

കമലയുടെ കടന്നുവരവിനെക്കുറിച്ച് രഞ്ജിത് ശങ്കര്‍ തന്നെ പറഞ്ഞുതുടങ്ങട്ടെ...

രഞ്ജിത് ശങ്കര്‍: പ്രേതം 2 കഴിഞ്ഞ് അടുത്തതെന്ത് എന്ന് ആലോചിച്ചിരുന്ന സമയം. കമലയുടെ ത്രെഡ്  അപ്പോഴാണ് മനസ്സിലേക്കെത്തുന്നത്. ആദ്യചിത്രം പാസഞ്ചറിനും മുമ്പ് മനസ്സിലുണ്ടായിരുന്ന കഥയാണ്, പഴയ ലാപ്ടോപ്പില്‍നിന്ന് മുമ്പെഴുതിയത്  തിരഞ്ഞെടുത്തു. അന്ന് ആ കഥയ്ക്ക് നല്‍കിയ പേര് കമലയെന്നൊന്നുമല്ല.സിനിമയാക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ തന്നെ പലതരം പ്രശ്‌നങ്ങളായിരുന്നു, കഥ ചിത്രീകരിക്കാന്‍ വലിയ കാടുവേണം.

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രേക്ഷകരിതുവരെ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടില്ലാത്ത  നടനെ ആവശ്യമാണ്. നായകസ്ഥാനത്ത് കണ്ടുപരിചയിച്ച താരങ്ങളെ കൊണ്ടുവന്നാല്‍ കഥ വര്‍ക്ക് ഔട്ട് ആകില്ലെന്ന് ഉറപ്പായിരുന്നു. കമല?യിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കാന്‍ 22 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു ആവശ്യം. സങ്കീര്‍ണമായ ആ കഥാപാത്രം ചെയ്യാനും മലയാളി പ്രേക്ഷകര്‍ക്ക്  സ്ഥിരപരിചയമില്ലാത്ത  മുഖം തന്നെയാണ് തിരഞ്ഞത്.

കേന്ദ്രകഥാപാത്രം ആരുചെയ്യുമെന്ന് ഏറെ ആലോചിച്ചു, അജുവിന്റെ മുഖം യാദൃച്ഛികമായാണ് കഥാപാത്രവുമായി ചേര്‍ത്തുവെച്ചുനോക്കിയത്. അവന്റെ ശരീരഭാഷ കഥാപാത്രത്തെ മുന്നോട്ടുനയിക്കുന്നതായിത്തോന്നി. കഥയും ആദ്യാവസാന കഥാസന്ദര്‍ഭവും അവനിലൂടെ കൃത്യമായി മുന്നോട്ടുപോകുമെന്ന തിരിച്ചറിവിലാണ് അജുവിന് മെസേജ് അയക്കുന്നത്.
നായകനും ലൊക്കേഷനും ശരിയായിട്ടും നായികയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഓഡിഷനിലൂടെ പുതുമുഖങ്ങളെത്തേടി അന്വേഷണം നടത്തിയെങ്കിലും അഭിനയപ്രാധാന്യമുള്ള വേഷം പുതിയ കുട്ടികള്‍ക്ക് നല്‍കുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാകുമെന്നായി.

ആ സമയത്താണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ സിനിമ കണ്ടപ്പോള്‍ അതില്‍ എന്നെ ആകര്‍ഷിച്ചത് സിനിമയിലെ നടിയുടെ അഭിനയമായിരുന്നു. അവരെ നേരില്‍ക്കണ്ട് സംസാരിച്ചപ്പോള്‍ കമലയിലെ കഥാപാത്രത്തെ ഭംഗിയാക്കാന്‍ കഴിയുമെന്ന് വിശ്വാസമായി. ചിത്രീകരണത്തിന് രണ്ടാഴ്ചമുമ്പാണ് ഇതെല്ലാം നടക്കുന്നത്. മലയാളം അറിയാത്ത നടിയായതിനാല്‍ ലിപ് മൂവ്‌മെന്റ് പ്രശ്‌നമാകുമെന്ന് ആദ്യം ഭയന്നിരുന്നു. എന്നാല്‍, ഞങ്ങളെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് റുഹാനി ശര്‍മ എന്ന അഭിനേത്രി കഥാപാത്രവുമായി മുന്നോട്ടുപോയി.

ആദ്യമായി നായകനാകുന്നതിന്റെ ആഹ്ലാദമാണോ അജുവിന് പങ്കുവെക്കാനുള്ളത്...

അജു വര്‍ഗീസ്: നായകനാകാന്‍ താത്പര്യമുള്ള ആളല്ല ഞാന്‍, 
വിനയംകൊണ്ടു പറയുകയല്ല. നായകനാകുന്നതിന്റെ പ്രയാസങ്ങളും ഒരു നടന്‍ എന്നനിലയിലുള്ള എന്റെ പരിമിതികളും എല്ലാം എനിക്ക് വ്യക്തമായി അറിയാം എന്നതുതന്നെയാണ് കാര്യം. 

കമലയില്‍ ഹീറോയിസമുള്ള നായകനൊന്നുമല്ല. കഥ 
കൊണ്ടുപോകുന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നുമാത്രം. ഒപ്പം അഭിനയിച്ച റുഹാനി ശര്‍മയ്ക്കും  പ്രധാന്യമുള്ള വേഷമാണ്.

നായകനായുള്ള ആദ്യസിനിമ പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആഹ്ലാദമല്ല ചങ്കിടിപ്പാണ് പങ്കുവെക്കാനുള്ളത്. ലൗ ആക്ഷന്‍ ഡ്രാമയുടെ റിലീസനുബന്ധ ജോലികള്‍ക്കിടയിലാണ് രഞ്ജിത് ശങ്കറിന്റെ മെസേജ് ലഭിക്കുന്നത്. ഓണച്ചിത്രമായി ലൗ ആക്ഷന്‍ ഡ്രാമ റിലീസ് ചെയ്യാനുള്ള നിര്‍മാതാവിന്റെ നെട്ടോട്ടത്തിലായിരുന്നു ഞാന്‍. മെസേജ് കിട്ടിയപ്പോള്‍ പ്രൊഡക്ഷന്‍ സൈഡില്‍നിന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. എന്നെ നായകനാക്കി ഒരു വാണിജ്യസിനിമ നിര്‍മിച്ചാല്‍ അതിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പറ്റുമോയെന്നതായിരുന്നു ആദ്യസംശയം, സൂപ്പര്‍ താരങ്ങളുടെ ഡേറ്റുപോലും ലഭിക്കാന്‍ പ്രയാസമില്ലാത്ത രഞ്ജിത് ശങ്കര്‍ എന്തുകൊണ്ട് എന്നെ വിളിച്ചു എന്നതായിരുന്നു അടുത്ത സംശയം.

എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ലെന്നുവരെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ ആശങ്കകളെല്ലാം ചെവികൂര്‍പ്പിച്ചുതന്നെ കേട്ടിരുന്നെങ്കിലും നിര്‍മാതാവുകൂടിയായ സംവിധായകന്‍ തീരുമാനത്തില്‍നിന്ന് ഒരല്പംപോലും പിറകിലേക്ക് പോയില്ല. ഞാനല്ലാതെ മറ്റൊരാളെവെച്ച് കഥ ആലോചിക്കുന്നില്ലെന്ന് കേട്ടപ്പോള്‍ എനിക്കും ആത്മവിശ്വാസമായി.

കമലയിലെ നിഗൂഢതകളെക്കുറിച്ച്...

രഞ്ജിത് ശങ്കര്‍: എന്റെ ആദ്യസിനിമ 'പാസഞ്ചര്‍' രണ്ടു ദിവസത്തില്‍നടന്ന കഥയായിരുന്നെങ്കില്‍, കമല 36 മണിക്കൂറിനിടയില്‍ നടക്കുന്ന കഥയാണ് പറയുന്നത്.

പ്രണയവും കാമവും ആകാംക്ഷയുമെല്ലാം നിറച്ചുകൊണ്ടുതന്നെയാണ് സിനിമ നീങ്ങുന്നത്. സംഭവങ്ങള്‍ ഇടകലര്‍ന്ന് കഥപറയുന്നരീതിയാണ് അവതരണത്തിനായി ഉപയോഗിച്ചത്. സിനിമയ്ക്ക് മുന്നോടിയായി പുറത്തുവന്ന ട്രെയ്ലറുകളാണ് നിഗൂഢതകളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് സൂചന നല്‍കിയത്. സിനിമാ പ്രദര്‍ശനത്തിനെത്തുംമുമ്പ് വ്യത്യസ്തസ്വഭാവമുള്ള മൂന്ന് ട്രെയ്ലറുകള്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. കമലയുടെ കഥ സാങ്കല്പികമാണെങ്കിലും അജു വര്‍ഗീസ് അവതരിപ്പിക്കുന്ന സഫര്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവം എനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയുടേതാണ്.

നായകനായ ആദ്യസിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങള്‍..

അജു വര്‍ഗീസ്:  രഞ്ജിത് ശങ്കര്‍ എടുത്ത ബോള്‍ഡായ തീരുമാനമാണ് കമലയെന്ന സിനിമ. എഴുത്തുകാരന്‍കൂടിയായ സംവിധായകനില്‍നിന്ന് കഥയുടെ ഏതാണ്ടൊരു രൂപം കേട്ടുകൊണ്ടാണ് അഭിനയിക്കാന്‍ ചെന്നത്. മാനസികമായി അടുപ്പമുള്ളവര്‍ക്കും വിശ്വാസമുള്ളവര്‍ക്കുമൊപ്പം   സിനിമചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ കഥ പൂര്‍ണമായി കേള്‍ക്കുന്ന പതിവെനിക്കില്ല. ഒറ്റയിരുപ്പിന് ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാംകൂടി കേട്ട് മനസ്സില്‍വെച്ചാല്‍ താങ്ങാന്‍ പറ്റില്ല, ആവശ്യമില്ലാത്ത വലിയ ഉത്തരവാദിത്വം തലയില്‍ കയറ്റുന്നതുപോലെതോന്നും.

ഇന്ന് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന 'ഹെലനി'ലെ വേഷം അഭിനയിക്കാന്‍ ചെന്നപ്പോഴും കഥ പൂര്‍ണമായി കേട്ടിരുന്നില്ല. 
ഒരു സീനില്‍ ഞാന്‍ എവിടെ നില്‍ക്കണം എന്താണ് ചെയ്യേണ്ടത് എന്നാണ് പലപ്പോഴും ചോദിച്ചു മനസ്സിലാക്കാറുള്ളത്. 

അതിരപ്പിള്ളിയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് കമല സിനിമ ചിത്രീകരിച്ചത്. തമിഴിലെ രാജേന്ദ്രന്‍ സാറിനൊപ്പം വീണ്ടും ഒന്നിച്ച് അഭിനയിക്കാനായി എന്നതെല്ലാം ആഹ്ലാദം നല്‍കുന്ന കാര്യമണ്.

എഴുത്ത്, സംവിധാനം, നിര്‍മാണം, വിതരണം... രഞ്ജിത് ശങ്കര്‍, സിനിമയുടെ എല്ലാ മേഖലയിലേക്കും പടര്‍ന്നുകയറുകയാണോ..

രഞ്ജിത് ശങ്കര്‍: പത്തുവര്‍ഷംമുമ്പാണ് സിനിമയില്‍ വന്നത്. ഒരു സിനിമ ചെയ്യണം എന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ, ഒരുപാട് സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. രചന, സംവിധാനം, നിര്‍മാണം, വിതരണം അങ്ങനെ സിനിമയുടെ വ്യത്യസ്തമേഖലയിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞു എന്നതില്‍ ആഹ്ലാദമുണ്ട്, ഇതൊന്നും പ്രതീക്ഷിച്ച കാര്യമായിരുന്നില്ല. 
സിനിമയുടെ നിര്‍മാണത്തിനും വിതരണത്തിനുമെല്ലാം വലിയോരു ടീം ഒപ്പമുണ്ട്. അവരെ വിശ്വസിച്ച് അവര്‍ക്കൊപ്പം ചേര്‍ന്ന് നീങ്ങുന്നു എന്നുമാത്രം.

തമാശവേഷങ്ങളില്‍നിന്ന് ചുവടുമാറാന്‍ തീരുമാനിച്ചോ..., അജു വര്‍ഗീസ് സീരിയസ്സാകുകയാണോ...

അജു വര്‍ഗീസ്: തിയേറ്ററില്‍ കളിക്കുന്ന ഹെലനും പ്രദര്‍ശനത്തിനൊരുങ്ങിയ കമലയുമെല്ലാം മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് അഭിനയിച്ച സിനിമകളല്ല. സീരിയസ് വേഷങ്ങളിലേക്ക് എന്നെ പറിച്ചുനടുന്നത് എഴുത്തുകാരും സംവിധായകരുമാണ്. തമാശവേഷങ്ങളില്‍ തുടരുമ്പോഴും ഗൗരവമാര്‍ന്ന വേഷങ്ങള്‍ നല്‍കാന്‍ ചിലരെല്ലാം തയ്യാറാകുന്നു എന്നതില്‍ സന്തോഷമുണ്ട്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിയുകയെന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ സാധ്യതനല്‍കുന്ന കാര്യമാണ്. 
അടുത്തതായി ചിത്രീകരണം തുടങ്ങാനിരിക്കുന്ന 'സാജന്‍ ബേക്കറി സിന്‍സ് 1962', 'മിന്നല്‍ മുരളി' എന്നിവയിലെല്ലാം ചിരിനല്‍കുന്ന വേഷങ്ങള്‍തന്നെയാണ്. 

മലയാളസിനിമ വലിയൊരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്, മുന്‍വര്‍ഷങ്ങളില്‍നിന്നെല്ലാം ഭിന്നമായി സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ അടുത്തകാലത്തായി ഒന്നിനുപിറകെ ഒന്നായി തിയേറ്ററുകളിലെത്തി സാമ്പത്തികവിജയം നേടുന്നു. ഉയരെയും ഫൈനല്‍സും ഹെലനും പിറകെതന്നെ കമലയും വിജയപട്ടികയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
പ്രേക്ഷകര്‍ക്ക് ഉള്ളുതുറന്ന് ആസ്വദിക്കാന്‍ കഴിയുന്ന, നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചുലഭിക്കുന്ന സിനിമകള്‍ ഉണ്ടാകട്ടെയെന്നാണ് എന്റെ പ്രാര്‍ഥന. 

Content Highlights : kamala malayalam movie ranjith sankar aju varghese interview