മഴയുള്ള ദിവസങ്ങളില്‍ കടലാസുതോണിയുണ്ടാക്കി കളിക്കുന്ന ഒരുകുഞ്ഞിന്റെ സ്വപ്നങ്ങളുടെ കഥയാണ് രബീന്ദ്രനാഥ ടാഗോറിന്റെ 'കടലാസുതോണി' എന്ന കവിത. കമല്‍ഹാസന്‍ ഈ കവിത വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, കമലിന്റെ ജീവിതം അറിയുന്നവര്‍ക്ക് ആ കവിതയില്‍ അദ്ദേഹത്തിന്റെ ബാല്യം കണ്ടെത്താനാകും. തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ അഗ്രഹാരത്തില്‍ ജനിച്ച കൊച്ചു കമലും ടാഗോറിന്റെ കവിതയിലെ കുഞ്ഞിനെപ്പോലെയായിരുന്നു.

മഴ പെയ്യുമ്പോഴെല്ലാം  പാഠപുസ്തകത്തിന്റെ പേജുകള്‍ പോലും കീറിയെടുത്ത് തോണിയുണ്ടാക്കി മഴവെള്ളത്തില്‍ ഒഴുക്കുക അവന്റെ പതിവായിരുന്നു. അപ്പോള്‍ ആ കുഞ്ഞുമനസ്സ് ഒരുപാട് സന്തോഷിക്കും. ഒരു പക്ഷേ അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ കൊച്ചു കമല്‍ കണ്ടുതുടങ്ങിയത് മഴ പെയ്യുന്ന അത്തരം പകലിരവുകളിലായിരിക്കാം. തന്റെ കടലാസുവഞ്ചി പതിയെ പതിയെ ഒഴുകിപോകുന്നതും നിലാവുള്ള രാത്രികളില്‍ ഒരു മഹാനദിയിലേക്ക് പ്രവേശിക്കുന്നതും പിന്നീട് അനന്തമായ സാഗരത്തില്‍ ലയിക്കുന്നതുമൊക്കെ അവന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നു. ടാഗോറിന്റെ കവിതയും കമലിന്റെ സ്വപ്നവും പൂരിതമാവുന്നത് കമല്‍ഹാസന്‍ എന്ന അത്ഭുതപ്രതിഭയുടെ ജീവിതത്തിലൂടെയാണ്.
 
അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയായ ആ ജീവിത്തതിന് പറയാനുള്ളതും സ്വപ്നങ്ങളുടെ കഥയല്ലാതെ മറ്റൊന്നുമല്ല. ആറാം വയസ്സില്‍ തുടങ്ങിയ അഭിനയജീവിതം അറുപതാം വയസ്സിലും ഒരു യുവാവിന്റെ ചുറുചുറുക്കോടെ കമല്‍ഹാസന്‍ തുടരുന്നു. മറ്റൊരു ഇന്ത്യന്‍ നടനും ഇതുവരെ ആവിഷ്‌ക്കരിക്കാത്ത വേഷപകര്‍ച്ചകളിലൂടെ തലമുറകള്‍ക്ക് വിസ്മയം പകരുമ്പോഴും തന്റെ ഓരോ സിനിമയും ഓരോ പരീക്ഷണങ്ങളാക്കി മാറ്റാന്‍ കമലിനറിയാം. ആ മാന്ത്രികത കമലിനുമാത്രം സ്വന്തം.

അറുപത്തിമൂന്ന് വര്‍ഷത്തെ ജീവിതം സംഭവബഹുലമായിരുന്നല്ലോ. നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും കടന്നുപോയ കാലത്തെ താങ്കള്‍ എങ്ങനെ കാണുന്നു?
അച്ഛനും അമ്മയും നല്‍കിയ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് എന്നെ കമല്‍ഹാസനാക്കിയത്.  കടന്നുവന്ന വഴികളിലെ എന്റെ ഗുരുക്കന്മാരെ മറന്നുകൊണ്ടല്ല ഞാനിത് പറയുന്നത്. കുട്ടിക്കാലത്തെ എന്റെ ചിന്തകളും സ്വപ്നങ്ങളും വ്യത്യസ്തമായിരുന്നു. ആ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാവാന്‍ അച്ഛനോ അമ്മയോ സഹോദരങ്ങളോ ശ്രമിച്ചിട്ടില്ല. അവരോടാണ് ഈ ജീവിതത്തിന് ഞാന്‍ ആദ്യം നന്ദി പറയുന്നത്. പിന്നെ നടനെന്ന നിലയില്‍ എന്നെ കണ്ടെത്തി വളര്‍ത്തി വലുതാക്കിയ ഒരുപാട് മഹാപ്രതിഭകള്‍, അവര്‍ക്കൊപ്പം ജീവിച്ച അനുഭവങ്ങള്‍ ഒന്നും ഞാന്‍ മറന്നിട്ടില്ല.

പക്ഷേ, എന്റെ സ്വപ്നങ്ങള്‍ക്കൊത്തുയരാന്‍ ഇപ്പോഴും എനിക്കു കഴിഞ്ഞിട്ടില്ല. അതിലെനിക്ക് ഒട്ടും നിരാശയില്ല. സിനിമയില്‍ ഇന്നും ഞാന്‍ ഒരു പ്രൈമറി വിദ്യാര്‍ത്ഥിയുടെ മനസ്സോടെയാണ് സഞ്ചരിക്കുന്നത്. ഇതുവരെ പഠിച്ചത് ഒന്നുമല്ല. പഠിക്കാന്‍ ഇനിയുമെത്രയോ ഉണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും എന്റെ സ്വപ്നങ്ങള്‍ക്ക് ഞാന്‍ എന്നെ തന്നെ പരീക്ഷണ വസ്തുവാക്കുകയായിരുന്നു. നിങ്ങള്‍ പറഞ്ഞപോലെ അത് പലപ്പോഴും ഒരുപാട് സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു.

വിപ്ലവം സ്വന്തം ജീവിതത്തില്‍ നിന്നുതന്നെ തുടങ്ങണമെന്നാണ് കമല്‍ഹാസന്റെ ജീവിതം പറഞ്ഞുതരുന്ന പാഠം. ആസുരമായ ഈ കാലത്ത് ഇങ്ങനെയൊക്കെ ബോള്‍ഡാവാന്‍ ഒരാള്‍ക്ക് കഴിയുമോ?
കഴിയണം, കഴിയാതെ പറ്റില്ല. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന എനിക്കുമുന്നില്‍ ഈ നിലയിലേക്കുയരാന്‍ കടമ്പകള്‍ ഏറെയുണ്ടായിരുന്നു. പത്താമത്തെ വയസ്സില്‍ പൂണൂലിടാന്‍ തിരുപ്പതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാനെന്റെ ജ്യേഷ്ഠന്‍ ചന്ദ്രഹാസനോട് പറഞ്ഞു 'എനിക്ക് പൂണൂലിടേണ്ട.' മൂത്ത ജ്യേഷ്ഠന്‍ ചാരുഹാസനോട് ചോദിക്കട്ടെ എന്ന് ചന്ദ്രഹാസന്‍ പറഞ്ഞു. 'അവന് പൂണൂലിടണ്ടെങ്കില്‍ വേണ്ട.'

അതായിരുന്നു ചാരുഹാസന്റെ മറുപടി. അച്ഛന്‍ പറഞ്ഞത് 'അങ്ങനെതന്നെയായിക്കോട്ടെ' എന്നാണ്. ചുരുക്കി പറഞ്ഞാല്‍  അച്ഛനും അമ്മയും ജ്യേഷ്ഠന്മാരും ജീവിച്ച പോലെ ജീവിക്കണമെന്ന് അവരാരും എന്നോട് പറഞ്ഞിട്ടില്ല. എന്റെ  ജീവിതം മുഴുവന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഞാന്‍ ജീവിച്ചതും ജീവിച്ചുകൊണ്ടിരിക്കുന്നതും. 

അച്ഛനും അമ്മയുമായുള്ള ബന്ധം എങ്ങനെയായിരുന്നു?
അച്ഛന്‍ ഏറ്റവും അടുത്ത സുഹൃത്തിനെപ്പോലെയായിരുന്നു. അറുപത്തിനാലുകാരനായ അച്ഛന്‍ പതിനാലുകാരനായ എന്റെ സംശയങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി തന്നിരുന്നു. സിനിമ, രാഷ്ട്രീയം, സംഗീതം, സെക്‌സ്. എന്തിനെക്കുറിച്ചും അച്ഛനോട് ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വളരെ സീരിയസ്സായ ഒരു കോണ്‍വെര്‍സേഷനായിരുന്നു ഞങ്ങള്‍ തമ്മില്‍ എപ്പോഴും ഉണ്ടായിരുന്നത്. സ്വാതന്ത്ര്യസമരസേനാനിയായ അച്ഛന്‍ ജയിലിലൊക്കെ കിടന്നിട്ടുണ്ട്. തൊഴില്‍ കൊണ്ട് വക്കീലായിരുന്നു.

പക്ഷേ, അസാമാന്യ നര്‍മ്മബോധമുള്ള ആളായിരുന്നു അദ്ദേഹം. അച്ഛന്റെ  അമ്പതാമത്തെ വയസ്സിലാണ് ഞാന്‍ ജനിക്കുന്നത്. അതില്‍ തന്നെ അച്ഛന് ചെറിയൊരു നാണമുണ്ടായിരുന്നു. ഒരു പറ്റുപറ്റിപോയല്ലോ എന്ന നാണം. അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ എന്റെ മൂത്ത ജ്യേഷ്ഠന്റെ ഭാര്യയും ഗര്‍ഭിണിയാണ്. ഒരു വീട്ടില്‍ അമ്മായിയമ്മയും മരുമകളും പ്രസവത്തിനുള്ള ഒരുക്കങ്ങളുമായി കഴിയുക. എനിക്കു മുലപ്പാല്‍ തരാന്‍ രണ്ടമ്മമാരായിരുന്നു രസകരമായ കാര്യമല്ലേ അത്. അച്ഛനെപോലെ അമ്മയും വളരെ ഹ്യൂമറുള്ള ആളായിരുന്നു. എന്നാല്‍ വളരെ ബോള്‍ഡും. ഞങ്ങളുടെ വീട്ടിലെ ഹീറോ ശരിക്കും അമ്മയായിരുന്നു. അമ്മ പറയുന്നതാണ് അവസാനവാക്ക്. അമ്മയുടെ ചില നോട്ടങ്ങളും ചേഷ്ഠകളുമൊക്കെ 'നായകനി'ലും 'അവൈഷണ്‍മുഖി'യിലുമൊക്കെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. 

മക്കള്‍ക്കെല്ലാം വ്യത്യസ്തമായ പേരുകളാണല്ലോ അച്ഛന്‍ നല്‍കിയത്. ഇതിനെക്കുറിച്ച് എപ്പോഴെങ്കിലും അദ്ദേഹത്തോട് ചോദിച്ചിരുന്നോ?
മൂത്തയാള്‍ ചാരുഹാസനാണ്. പിന്നെ വസന്തഹാസന്‍. ഒന്നരവയസ്സില്‍ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും വീണാണ് വസന്തഹാസന്‍ മരിച്ചത്. മൂന്നാമന്‍ ചന്ദ്രഹാസനാണ്. പിന്നെ, മൃണാളിനി. മൃണാളിനി സാരാഭിയിയുടെ ഫാനായിരുന്നു അമ്മ. അതുകൊണ്ടാണ് മകള്‍ക്ക് മൃണാളിനി എന്ന് പേരിട്ടത്. ഏറ്റവുമൊടുവില്‍ ഞാന്‍. എനിക്ക് കമല്‍ഹാസന്‍ എന്ന് പേരിട്ടതിനെ കുറിച്ച് പല കഥകളുമുണ്ടായിട്ടുണ്ട്.

അച്ഛന്റെ കൂടെ ജയിലില്‍ കിടന്ന മുസ്ലീം സുഹൃത്തിന്റെ പേരാണെന്നും മറ്റുമൊക്കെയുള്ള കഥകള്‍. ഏതോ ഒരാളുടെ തിരക്കഥയുടെ സൂപ്പര്‍ ഇംബോസിങ്ങാണ് ആ കഥകള്‍. കുട്ടിയായിരിക്കുമ്പോള്‍ പലരും എന്നോട് ചോദിക്കും 'മുസ്ലീമാണോ?' കൃത്യമായി ഉത്തരം പറയാന്‍ എനിക്ക് കഴിയാറില്ല. ഒരിക്കല്‍ അച്ഛനോട് ചോദിച്ചു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു. 'മുസ്ലീമാണോ എന്ന് ചോദിക്കുന്നവരോട് ആണെന്ന് പറയണം. അത് തിരുത്താന്‍ പോകണ്ട. വേണമെങ്കില്‍ സ്‌പെല്ലിംഗ് ഒന്ന് മാറ്റാം. K ക്കു പകരം Q ആക്കാം. Quamalhazan.' എന്തിനാണത് എന്ന് ഞാന്‍ ചോദിച്ചു: 'അല്ല സ്‌കൂളില്‍ രജിസ്ട്രറില്‍ ഏതായാലുമില്ല. ഡയറക്ടറിയില്‍ Q അക്ഷരത്തിലെങ്കിലും ഒന്നാമതായി കിടന്നോട്ടെ.' എന്നായിരുന്നു അച്ഛന്റെ മറുപടി. 

സ്‌കൂള്‍ വിദ്യാഭ്യാസത്തേക്കാള്‍ താല്‍പര്യം കലാപരമായ കാര്യങ്ങളിലായിരുന്നല്ലോ?
അറുപതുവര്‍ഷത്തെ ജീവിതം കൊണ്ട് ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരു എന്നാണ്. ഒരു അക്കാദമിക് സ്ഥാപനത്തില്‍ നിന്നും തരാന്‍ കഴിയാത്തത്ര അനുഭവങ്ങള്‍ ജീവിതം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അതില്‍ സന്തോഷവും സങ്കടവുമുണ്ട്. ഭരതനാട്യവും കഥക്കും ശാസ്ത്രീയമായി അഭ്യസിച്ചു. പിന്നെ ടി കെ ഷണ്‍മുഖത്തിന്റെ നാടകക്കമ്പനിയില്‍ കുറച്ചുകാലം. അത് വലിയൊരനുഭവമായിരുന്നു. പതിനാറാമത്തെ വയസ്സിലാണ് കൊറിയോഗ്രാഫര്‍ തങ്കപ്പന്‍ മാസ്റ്ററുടെ കീഴില്‍ അസിസ്റ്റന്റാകുന്നത്.

നൂറുകണക്കിന് സിനിമകള്‍ക്കുവേണ്ടി കൊറിയോഗ്രാഫി ചെയ്തു. നസീര്‍സാറിനും മധുസാറിനും എം ജി സോമനുമുള്‍പ്പെടെ മലയാളത്തിലെ മിക്ക താരങ്ങള്‍ക്കും നൃത്തരംഗങ്ങളില്‍ പരിശീലനം നല്‍കി. ഇതിലേറെ അനുഭവങ്ങള്‍ ഇനി വേണോ. വീട്ടില്‍ ഞാനൊഴികെ അച്ഛനും ജ്യേഷ്ഠന്മാരുമൊക്കെ അവരവരുടെ മേഖലകളില്‍ ഹൈലി എജ്യുക്കേഷന്‍ ഉള്ളവരായിരുന്നു. അവര്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍ എനിക്ക് എന്റെ മേഖലയില്‍ കഴിവുതെളിയിക്കേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ കഠിനമായിരുന്നു. ഇന്നും ആ പരിശ്രമത്തിന് മാറ്റമൊന്നുമില്ല. 

മാസ്റ്റേഴ്‌സിനൊപ്പം ബാലതാരമായുള്ള അനുഭവങ്ങള്‍ എങ്ങിനെയായിരുന്നു?
'കളത്തൂര്‍ കണ്ണമ്മ'-യില്‍ ജെമിനി മാമ(ജെമിനി ഗണേശന്‍)ക്കൊപ്പമായിരുന്നു. പിന്നെ എം ജി ആര്‍ സാറിനും ശിവാജി സാറിനുമൊപ്പം. 'കണ്ണുംകരളി'ല്‍ സത്യന്‍ മാഷായിരുന്നു നായകന്‍. അഭിനയകലയിലെ മഹാപര്‍വ്വതങ്ങള്‍ക്കൊപ്പമായിരുന്നു തുടക്കം.

സെറ്റിലെ കൊച്ചുകുട്ടിയായതുകൊണ്ട് എല്ലാവര്‍ക്കും പ്രത്യേക വാത്സല്യവുമുണ്ടായിരുന്നു. ആ സ്‌നേഹം മരണംവരെ അവരില്‍ നിന്നും ലഭിച്ചു. സത്യന്‍ മാഷിനൊപ്പം ഒരു ചിത്രത്തിലേ ഒന്നിക്കാന്‍ കഴിഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കണമെന്ന് ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. അത് വേണ്ടെന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. സിനിമയേക്കാള്‍ വലിയ ജീവിതമായിരുന്നു ആ മഹാനടന്റേത്.

മലയാളഭാഷയെയും അഭിനേതാക്കളെയുംകുറിച്ച് ഒരുപാട് വേദികളില്‍ വികാരഭരിതനായിട്ടുണ്ടല്ലോ?
എം ജി ആര്‍ സാര്‍ മലയാളിയാണെന്ന് പറഞ്ഞ് പ്രൂഫ് കാണിച്ചുകൊടുത്താലും അത് അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറാകില്ല. സാറിന് തമിഴകം കൊടുത്ത സ്‌നേഹം പോലെയാണ് എനിക്ക് കേരളം നല്‍കിയത്. തമിഴകം എന്റെ പെറ്റമ്മയും മലയാളം എന്റെ പോറ്റമ്മയുമാണ്. സേതുമാധവന്‍ സാര്‍ 'കന്യാകുമാരി' എന്നൊരു ചിത്രമെടുത്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ കമല്‍ഹാസന്‍ എന്നൊരു നടനുണ്ടാകുമായിരുന്നില്ല.

കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററായോ ഞാനുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്. കാരണം സിനിമ എന്റെ രക്തത്തില്‍ അത്രമാത്രം അലിഞ്ഞുചേര്‍ന്നിരുന്നു. നല്ല സൗഹൃദങ്ങള്‍ സിനിമകള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഇതെല്ലാം മലയാളം എനിക്കുനല്‍കിയില്ലേ. ആ നന്ദി ഞാന്‍ കാണിച്ചില്ലെങ്കില്‍ പിന്നെ എന്റെ വ്യക്തിത്വത്തിന് എവിടെയാണ് വില. നിങ്ങള്‍ക്കറിയാമോ ലോകമലയാളി സമ്മേളനത്തിന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ ഒരു തവണ എന്നെ വിളിച്ചു. അത് മലയാളിയല്ലാത്ത എനിക്ക് മലയാളം നല്‍കിയ ആദരവാണ്. ആ കടപ്പാടും സ്‌നേഹവും ഞാനെന്റെ മരണംവരെ സൂക്ഷിക്കും.

കമല്‍ഹാസന്‍ തീര്‍ത്തും ഒരു ഭൗതികവാദിയാണോ?

അറുപതുവര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും ഞാന്‍ ദൈവീകമായ ഒരു ചിന്തയിലേക്ക് കടന്നു ചെന്നിട്ടില്ല. നല്ല മനുഷ്യരിലാണ് ഞാന്‍ ദൈവത്തെ കാണുന്നത്. അല്ലാതെ മതത്തിന്റെയും ജാതിയുടെയും പേരുപറഞ്ഞ് അമ്പലത്തിനും പള്ളിക്കുംവേണ്ടി മുറവിളികൂട്ടുന്നവരോടൊപ്പം നില്‍ക്കാന്‍ എനിക്കാവില്ല. എനിക്കുമുന്‍പില്‍ മതമോ ജാതിയോ ഇല്ല. അഗ്രഹാരത്തിലെ ഞങ്ങളുടെ വീട് അച്ഛന്‍ ഒരു മുസ്ലീം സുഹൃത്തിനാണ് വിറ്റത്. അന്നത്തെ കാലത്ത് അങ്ങനെയൊന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്റെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല. അത് എന്നിലെ മനുഷ്യന്റെ നിലപാടുകളും വിശ്വാസങ്ങളുമാണ്. ജാതിയും മതവും രാഷ്ട്രീയവുമൊക്കെ മനുഷ്യനന്മക്കുവേണ്ടിയുള്ള ടൂള്‍സ് മാത്രമാകണം. ആ ആശയത്തിലാണ് ഞാനെന്റെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. വ്യക്തിയെന്ന നിലയില്‍ മാത്രമല്ല കലാകാരന്‍ എന്ന നിലയിലും പ്രതികരിക്കേണ്ടതിനോട് എന്നും പ്രതികരിച്ചിട്ടേയുള്ളൂ കമല്‍ഹാസന്‍. 

മനോഹരമായ ഒരാത്മീയതയില്‍ കമല്‍ഹാസന്‍ വിശ്വസിക്കുന്നുണ്ടോ?
മനസ്സിന്റെ ഏകാഗ്രമായ ഒരവസ്ഥയായാണ് ഞാന്‍ ആത്മീയതയെ കാണുന്നത്. അതിനപ്പുറം ആത്മീയതയുടെ പേര് പറഞ്ഞ് ആള്‍ ദൈവങ്ങളെ കൊണ്ടാടുന്നവരായി മാറേണ്ടവരല്ല നമ്മള്‍. അന്തിയുറങ്ങാന്‍ കൂരയില്ലാതെ എത്രയോ പാവങ്ങള്‍ വെയിലും മഴയുമേറ്റ് തെരുവില്‍ കഴിയുന്ന നാടാണ് നമ്മുടേത്. അത് തിരിച്ചറിയാതെ പോകുന്നതാണ് നമ്മള്‍ക്ക് പറ്റുന്ന വലിയ തെറ്റുകളിലൊന്ന്. ഈ മണ്ണില്‍ പിറക്കുന്ന ഓരോരുത്തര്‍ക്കും ധാര്‍മ്മികമായ ചില കടമകള്‍കൂടിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ആ കടമ നിറവേറ്റുകയാണ് ആത്യന്തികമായി ഓരോ മനുഷ്യനും ചെയ്യേണ്ടത്. 

ഏത് വിഷയത്തെപ്പറ്റി ചോദിച്ചാലും ആധികാരികമായി മറുപടി പറയാനുള്ള കഴിവ് താങ്ങള്‍ക്കുണ്ട്. കമലഹാസനിലെ നടനെ വായന എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?
സിനിമയോട് താല്‍പര്യം തുടങ്ങിയ കാലം മുതല്‍ സിനിമയുമായി ബന്ധപ്പെട്ട എന്തും ഞാന്‍ വായിക്കും. അതിനപ്പുറം വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ഏത് വിഷയത്തെക്കുറിച്ചും പറഞ്ഞുതരാന്‍ കഴിവുള്ളവരായിരുന്നു എന്റെ ജ്യേഷ്ഠന്മാര്‍. ചരിത്രവും പുരാണവും സാഹിത്യവും രാഷ്ട്രീയവും ഒന്നും എനിക്കന്യമല്ല. ഞാന്‍ ഒരു ചലച്ചിത്രനടനായതുകൊണ്ട് മാത്രം പറയുകയല്ല, വായന എന്നിലെ വ്യക്തിയേയും ഒരുപാടൊരുപാട് സ്വാധീനിച്ചിട്ടുണ്ട്.

സിനിമയില്‍ അത്ഭുതപ്രതിഭാസമായി നിലകൊള്ളുമ്പോഴും കമല്‍ഹാസന്റെ വ്യക്തിജീവിതം വലിയ ട്രാജഡിയായിരുന്നോ?
അത് അറിഞ്ഞതുകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവും നിങ്ങള്‍ക്കില്ലല്ലോ. എങ്കിലും പറയാം. എന്റെ ജീവിതം കൊണ്ട് ഞാനിന്നുവരെ ആരേയും വേദനിപ്പിച്ചിട്ടില്ല. സ്‌നേഹം പ്രതീക്ഷിച്ചിരുന്ന പലരില്‍ നിന്നും എനിക്കതു കിട്ടിയിട്ടില്ല. അതിന്റെ വേദനകള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എന്നിലുണ്ടാകുമെന്നത് തീര്‍ച്ചയാണ്. പക്ഷേ, അത് ജീവിതം മുഴുവന്‍ ഒരു ഭാരമായി ചുമക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഇതുവരെ മറ്റുള്ളവര്‍ക്ക് ദോഷമാകാതെ എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ ജീവിച്ചത്. ആ ജീവിതം എന്റെ മരണംവരെ തുടരുകയും ചെയ്യും.

മരണശേഷം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കുമെന്ന്  മുന്‍പ് ഒരു പ്രഖ്യാപനം നടത്തിയിരുന്നല്ലോ. ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ?
എന്റെ നിലപാടുകളൊന്നും ഇതുവരെ ഞാന്‍ മാറ്റി പറഞ്ഞിട്ടില്ല. മറിച്ചൊരഭിപ്രായം ഇനി ഉണ്ടാകുകയുമില്ല. അറുപതുവര്‍ഷം ഞാന്‍ ജീവിച്ചില്ലേ, അതുവലിയ കാര്യമായിതന്നെയാണ് ഞാന്‍ കാണുന്നത്. ഈ നിമിഷം ഞാന്‍ മരണപ്പെടുകയാണെങ്കില്‍ എനിക്ക് വിഷമമൊന്നുമില്ല. കാരണം, ഞാനെന്താഗ്രഹിച്ചോ അതിന്റെ കുറച്ചുപടവുകളെങ്കിലും എനിക്ക് കയറാന്‍ കഴിഞ്ഞിട്ടുണ്ട്. നൂറ്റിയൊന്ന് പടികളാണ് കയറാനുള്ളതെങ്കില്‍ അതുമുഴുവന്‍ കയറിയാല്‍ പിന്നീടെങ്ങോട്ട് കയറും.

തിരിച്ച് ശാന്തമായി താഴോട്ട് ഇറങ്ങുകയേ വഴിയുള്ളൂ. ഞാന്‍ പടവുകള്‍ കയറികൊണ്ടിരിക്കുന്നതേയുള്ളൂ. ഇടക്ക് വീഴ്ച്ച പറ്റിയാല്‍ അതില്‍ ഞാന്‍ ദുഃഖിക്കില്ല. എന്നായാലും ഏതൊരു മനുഷ്യനേയും പോലെ ഞാനും താഴേക്കിറങ്ങേണ്ടവനാണ്. ബാക്കിയാവുന്നത് എന്റെ ശരീരം മാത്രമാണ്. അത് പത്തുപേര്‍ക്ക് ഉപകാരപ്രദമാവുമെങ്കില്‍ അതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. ഞാനിതുവരെ ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ തന്നെയാണ് മരണശേഷവും എനിക്ക് എന്റെ പ്രിയപ്പെട്ടവര്‍ നല്‍കേണ്ടത്.

അറുപത്തിമൂന്നാം പിറന്നാളിലേക്ക് കടക്കുമ്പോള്‍ എന്താണ് കമല്‍ഹാസന്‍ ചിന്തിക്കുന്നത്?
ജീവിതം നീട്ടികിട്ടുകയാണെങ്കില്‍ എന്റെ അവസാനശ്വാസം വരെ ഞാന്‍ സിനിമക്കൊപ്പമുണ്ടാകും. അറുപതുവര്‍ഷത്തെ ജീവിതംകൊണ്ട് ആഗ്രഹിച്ചതില്‍ പകുതിപോലും എനിക്ക് ചെയ്യാനായിട്ടില്ല. ഒരുപാട് സ്വപ്നങ്ങള്‍ ഇനിയും ബാക്കിയുണ്ട്. നിങ്ങള്‍ ഇത്രയുംകാലം എന്നോട് കാണിച്ച സ്‌നേഹം തുടര്‍ന്നും ഉണ്ടാകണമെന്നുമാത്രമേ എനിക്കപേക്ഷിക്കാനുള്ളൂ.

മഴയുള്ള ദിവസങ്ങളില്‍ കടലാസുവഞ്ചിയുണ്ടാക്കി സ്വപ്നങ്ങള്‍ കണ്ട അഗ്രഹാരത്തിലെ കുട്ടി തന്റെ അഭിനയ നൗക കടലുകടന്ന് പുതിയ ചക്രവാളങ്ങള്‍ തേടുന്നത് നിറഞ്ഞ മനസ്സോടെ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയെ അമ്പരപ്പിച്ച് എത്രയോ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത കമല്‍ഹാസനെന്ന ആ പ്രതിഭ അക്ഷാംശങ്ങള്‍ തേടുന്ന നാവികനെപ്പോലെ അഭിനയത്തിന്റെ പുതിയ ദിക്കുകള്‍ തേടി കൊണ്ടേയിരിക്കുകയാണ്. ഒരിക്കലും പഠനമവസാനിക്കാത്ത ഒരു വിദ്യാര്‍ത്ഥിയെപ്പോലെ.....!  


മുന്‍പ് പ്രസിദ്ധീകരിച്ചത്. Content Highlights : Kamal Hassan, Personal LIfe , Spiritual Life, Cinema