Subbalakshmi
സുബ്ബലക്ഷ്മി | ഫോട്ടോ: എസ്.ശ്രീകേഷ് \ മാതൃഭൂമി

 

'കുട്ടീടെ പേരെന്താ?'
'എ.കെ.കാര്‍ത്യായനി...'

'ചുണ്ണാമ്പുണ്ടോ കൈയില്‍?'
'സോറി ഞാന്‍ മുറുക്കാറില്ല, നിര്‍ത്തീതാ..'
'എന്നാ ഞാനും നിര്‍ത്തി...'

പ്രണയത്തിനെന്തു പ്രായമെന്ന് ചിരിയോടെ ചിന്തിപ്പിച്ച കല്യാണരാമനിലെ ഈ പ്രണയസീനിലഭിനയിച്ച സുന്ദരി 'നായിക' സുബ്ബലക്ഷ്മി അമ്മാള്‍ ഇന്ന് ബോളിവുഡ് യുവതാരങ്ങളുടെ പ്രിയപ്പെട്ട മദ്രാസി നാനിയാണ്. ഞാനിപ്പോഴും വര്‍ണപ്പട്ടമാണെന്ന് പറഞ്ഞ് കുടുകുടെ ചിരിക്കുന്ന ഈ എണ്‍പത്തിനാലുകാരിയുടെ എനര്‍ജി ബോളിവുഡിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ആരാധകരുടെ മനസ്സില്‍ അതിമനോഹരമായ ഒരു ചിരിയുടെ ഓര്‍മകള്‍ ബാക്കിവെച്ച് യാത്രപറഞ്ഞ സുശാന്ത് സിങ് രാജ്പുതിന്റെ അവസാനചിത്രമായ ദില്‍ ബേചാരയില്‍ സുശാന്തിന്റെ നാനിയായി അഭിനയിച്ചത് സുബ്ബലക്ഷ്മിയാണ്. മോളിവുഡില്‍ നിന്ന് ബോളിവുഡിലേക്കുളള തന്റെ സിനിമായാത്രയെ കുറിച്ച് സുബ്ബലക്ഷ്മി അമ്മാള്‍ സംസാരിക്കുന്നു.

രജനി ഫാനായ മദ്രാസി നാനി

രണ്‍ബീര്‍ കപൂറിനൊപ്പം ചെയ്ത പരസ്യചിത്രം കണ്ടിട്ടാണ് ദില്‍ ബേച്ചാരാ ടീം എന്നെ വിളിക്കുന്നത്. എനിക്കവര്‍ ആദ്യം സിനിമയിലെ കുറച്ച് ഡയലോഗുകള്‍ അയച്ചുതന്നിരുന്നു. സ്‌ക്രിപ്റ്റെല്ലാം ഹിന്ദിയിലായിരുന്നു. അത് അഭിനയിച്ച് വീഡിയോ അയച്ചുകൊടുക്കാന്‍ പറഞ്ഞു, ഡാന്‍സ് ചെയ്യുന്ന വീഡിയോയും. അതെല്ലാം അയച്ചുകൊടുത്തപ്പോള്‍ അവര്‍ക്ക് ഭയങ്കര ഇഷ്ടമായി.

ചിത്രത്തില്‍ ഞാന്‍ രജനീകാന്തിന്റെ വലിയ ഫാനാണ്. എപ്പോഴും രജനിയെ കുറിച്ച് സുശാന്തിനോട് സംസാരിക്കുന്ന ഒരു മുത്തശ്ശി ക്യാരക്ടര്‍. ഡയലോഗുകളും അങ്ങനെയായിരുന്നു. ഹിന്ദിയിലായിരുന്നു ആദ്യം ഡയലോഗുകള്‍ തന്നത്. പക്ഷേ സുശാന്തിന്റെ അമ്മ ഒരു ഹിന്ദു മദ്രാസിയാണ് അവരുടെ അമ്മയാണ് ഞാന്‍. സുശാന്തിനെ കാണാന്‍ മദ്രാസില്‍ നിന്നെത്തുന്ന മുത്തശ്ശി ഹിന്ദിയല്ല തമിഴാണ് പറയേണ്ടത് എന്ന് പിന്നീട് തീരുമാനിച്ചു. നാനി തന്നെ സംഭാഷണങ്ങളെല്ലാം തമിഴാക്കണം എന്ന് പറഞ്ഞു. അവരെന്നെ നാനിയെന്നാണ് വിളിക്കുന്നത്. സ്‌ക്രിപ്റ്റ് ഞാന്‍ തന്നെ മുഴുവനും തമിഴിലാക്കി. പക്ഷേ കുറേ സീനുകള്‍ കട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ സുശാന്തിനൊപ്പം നൃത്തം ചെയ്യുന്നതെല്ലാം ഉണ്ടായിരുന്നു. അതൊന്നും സിനിമയില്‍ കണ്ടില്ല.

സുശാന്ത് മരിക്കുന്ന സീന്‍ സിനിമയില്‍ വേണ്ടെന്ന് പറഞ്ഞു

എന്റെ പേരക്കുട്ടിയുടെ അടുത്ത് ഞാന്‍ വീട്ടില്‍ എങ്ങനെ പെരുമാറുമോ അതുപോലെയായിരുന്നു സുശാന്തിനോടും.. ഞങ്ങള്‍ തമ്മിലുള്ള സീനുകളും അതുപോലെയായിരുന്നു. നല്ല പയ്യനാണ് അവനെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല. 'ചൈല്‍ഡിഷ്' ആണവന്‍. ഒരു ജാഡയുമില്ല, എന്നോടെന്നല്ല എല്ലാവരോടും വളരെ സൗഹാര്‍ദത്തോടെ ഇടപെടുന്ന പയ്യന്‍. എല്ലാവരുടേയും തോളില്‍ തട്ടി സന്തോഷിപ്പിക്കുന്ന ചെറുപ്പക്കാരന്‍. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്തുചെയ്യണം, എന്ത് പറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. സിനിമയിലും അവസാനം സുശാന്ത് മരിക്കുകയാണ്.

ആശുപത്രിയില്‍ വെച്ചുളള സീനുകളെല്ലാം വളരെ ഇമോഷണലായിരുന്നു. സുശാന്തിന്റെ കഥാപാത്രത്തിന്റെ അവസാനരംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. അതെടുത്തപ്പോഴേ ഞാന്‍ ഡയറക്ടറോട് ചോദിച്ചു, 'ഇത് വല്ലാത്തൊരു സീനാണ്. ഇത് വേണോ സര്‍? സര്‍ജറി കഴിഞ്ഞാലും അസുഖം വന്നാലും അതെല്ലാം മാറുന്ന ആള്‍ക്കാരില്ലേ. അങ്ങനെയും കഥ വരുമല്ലോ, എല്ലാവരും മരിക്കണം എന്നില്ലല്ലോയെന്ന്.' അപ്പോള്‍ ഡയറക്ടര്‍ സാര്‍ എന്നോട് പറഞ്ഞു നമ്മുടെ സിനിമയുടെ കഥ പക്ഷേ ഇങ്ങനെയാണല്ലോയെന്ന്. ആശുപത്രിക്കിടക്കയില്‍ വെച്ച് നായികയുടെ അടുത്തും അമ്മയുടെ അടുത്തും എന്റെ അടുത്തും കയ്യെല്ലാം പിടിച്ച് സുശാന്ത് സംസാരിക്കുന്ന സീനുകള്‍ അവന്‍ നന്നായി അഭിനയിച്ചതുകൊണ്ടുകൂടിയായിരിക്കും ഭയങ്കര വിഷമം നിറഞ്ഞതായിരുന്നു. സിനിമയില്‍ അത്രയൊന്നും കാണിച്ചിട്ടില്ല. അവസാന സീന്‍ കഴിഞ്ഞതും സെറ്റില്‍ എല്ലാവരും കൈയടിച്ചത് ഞാനോര്‍ക്കുന്നുണ്ട്. ബോംബെയിലായിരുന്നു ആശുപത്രി സീനുകളെല്ലാം ചിത്രീകരിച്ചത്.

Subbalakshmi

രണ്‍ബീര്‍ ഋഷി കപൂറിന്റെ മകനാണെന്ന് അറിഞ്ഞത് ഫ്ലൈറ്റില്‍ വെച്ച്

രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവന്‍ ആരെന്നോ, അവന്റെ വലിപ്പത്തെ കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു. എന്നെ അഭിനയിക്കാന്‍ വിളിച്ചു, ഞാന്‍ പോയി. മുംബൈയിലായിരുന്നു ഷൂട്ട്. എയര്‍പോര്‍ട്ടിലെത്തുമ്പോഴാണ് കൂടെയുളളവര്‍ പറയുന്നത് ഋഷി കപൂറിന്റെ മകനാണ്. വല്യ ബോളിവുഡ് താരമാണ് ഏതൊക്കെയോ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാണ് എന്നൊക്കെ. ഞാന്‍ ചോദിച്ചു ഫ്ലൈറ്റിൽ കയറുമ്പോഴാണോ ഇതൊക്കെ പറയുന്നത്. എന്നെ പേടിപ്പിക്കേണ്ട, വിട്ടേക്ക് എന്ന്. എന്തായാലും പോയി നോക്കാം എന്നുതന്നെ കരുതി.

സിനിമയെടുക്കുന്നതുപോലെയായിരുന്നു ആ പരസ്യചിത്രീകരണം. രണ്‍ബീര്‍ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. മനുഷ്യനല്ലേ എല്ലാവരും ഒരുപോലെയായിരിക്കുമെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. ചിലര് ഭയങ്കര ജാഡയായിരിക്കും. ചിലര് ഭയങ്കര സ്നേഹമായിരിക്കും. നിറയെ ആള്‍ക്കാരുടെ വലയത്തിലാണ് രണ്‍ബീര്‍ സെറ്റിലേക്കെത്തുന്നത് തന്നെ. കൂടെ അഭിനയിക്കുന്ന നാനിയാണ് എന്നുപറഞ്ഞ് എന്നെ പരിചയപ്പെടുത്തുന്നത് ഡയറക്ടറാണ്. എനിക്ക് ഷേക്ക്ഹാന്‍ഡ് തന്ന് എന്റെ കാല്‍തൊട്ടു നമസ്‌കരിച്ചു. വളരെ സിംപിളായ ഒരാളാണ് രണ്‍ബീര്‍. പരസ്യ ചിത്രീകരണം കഴിഞ്ഞപ്പോള്‍ പല സംസ്ഥാനങ്ങളിലെ വേഷമണിഞ്ഞുകൊണ്ടുളള എന്റേയും രണ്‍ബീറിന്റേയും ഫോട്ടോഷൂട്ടും ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ എന്നോട് യാത്ര പറഞ്ഞിട്ടാണ് രണ്‍ബീര്‍ പോയത്. എന്റെ എണ്‍പതാം പിറന്നാളിന് ഞാനും രണ്‍ബീറും ചേര്‍ന്നിരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് എനിക്ക് അവന്‍ അയച്ചുതന്നിരുന്നു.

Subbalakshmi

സിനിമയിലെത്താന്‍ വൈകിയിട്ടില്ല

ഒരിക്കലും സിനിമയിലെത്താന്‍ ഞാന്‍ വൈകിയെന്ന് തോന്നിയിട്ടില്ല. സിദ്ദിഖും രഞ്ജിത്തും കൂടെയാണ് എന്നെ നന്ദനത്തിലേക്ക് ക്ഷണിക്കുന്നത്, 2002-ല്‍. അന്നെനിക്ക് സിനിമയെ കുറിച്ച് ഒന്നുമറിയില്ല. കുട്ടിക്കാലത്ത് നായികമാരെ കാണുമ്പോള്‍ എനിക്ക് അവരെപ്പോലെ അഭിനയിക്കണം. മേക്കപ്പ് ചെയ്യണം, മിനുക്കുപാവാടകളെല്ലാം ഇടണം എന്നൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കും തോന്നില്ലേ, എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ സിനിമയിലേക്ക് വരുമെന്ന് കരുതിയതല്ല.

ആദ്യകാലത്ത് എന്നെ വിളിച്ചാല്‍ പോലും ഞാന്‍ ചിലപ്പോള്‍ പോകില്ലായിരുന്നു. കുട്ടികള്‍, കുടുംബം അതൊന്നും വിട്ടിട്ട് പോകാന്‍ എനിക്കാവില്ല. ഞാന്‍ ബാലഭവനില്‍ സംഗീതാധ്യാപികയായിരുന്നു, ആകാശവാണി ആര്‍ട്ടിസ്റ്റാണ്, കച്ചേരിയൊക്കെ പാടുന്ന ആളാണ്. ഒരുപാട് മ്യൂസിക് കംപോസ് ചെയ്തിട്ടുണ്ട്. അങ്ങനെ കലാപരമായ കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. 1996ല്‍ ബാലഭവനിലെ ജോലിയില്‍ നിന്ന് ഞാന്‍ വിരമിച്ചതിന് ശേഷമാണ് ഇനിയെന്തുചെയ്യുമെന്ന് ആലോചിക്കുന്നത്. ആദ്യം കിട്ടിയത് ഒരു ഹോര്‍ലിക്സിന്റെ പരസ്യമായിരുന്നു. അത് ഹിറ്റായി, പിന്നെ ഹെന്‍കോ വിളിച്ചു, റെക്സോണ വിളിച്ചു അങ്ങനെ പരസ്യങ്ങളും സീരീയലുകളും വന്നു. രണ്ടാമത്തെ സീരിയല്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നന്ദനം വരുന്നത്. രണ്ടാമത്തെ പടം ഗ്രാമഫോണ്‍. ഫ്രോക്കെല്ലാം ധരിച്ച് ഇംഗ്ലീഷ് ഡയലോഗുകള്‍ പറയുന്ന ജൂത കഥാപാത്രമായിരുന്നു. മൂന്നാമത്തെ പടമായിരുന്നു കല്യാണരാമന്‍. കല്യാണരാമന്‍ വന്നതോടെ പേരായി. ഇപ്പോള്‍ തൊണ്ണൂറിനടുത്ത് സിനിമകള്‍ ചെയ്തു. തമിഴ്, കന്നഡ, ഹിന്ദി, തെലുഗു, മലയാളം, ഇംഗ്ലീഷ്  അങ്ങനെ പലഭാഷകളിലായി. എണ്‍പതിലധികം പരസ്യങ്ങളും ചെയ്തു. എണ്‍പതിലധികം സീരിയലുകളിലും ചെയ്തു.

മേക്കപ്പില്ലെന്ന് പറഞ്ഞപ്പോള്‍ സങ്കടപ്പെട്ട തുടക്കക്കാരി

നന്ദനത്തിലെത്തുമ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് ഒന്നുമറിയില്ല. കൊച്ചുനാളില്‍ സിനിമയൊക്കെ കണ്ട് നായികമാരെപ്പോലെയാകണം എന്നൊക്കെ കൊതിച്ചിട്ടുള്ളത് കൊണ്ട് കണ്ണൊക്കെ എഴുതി മേക്കപ്പ് എല്ലാം ചെയ്ത് എന്നെ ഇപ്പോള്‍ സുന്ദരിയാക്കും, നല്ല ഡ്രസ് തരും എന്നൊക്കെ കരുതിയാണ് സെറ്റില്‍ ചെയ്യുന്നത്. പക്ഷേ സെറ്റില്‍ എത്തിയിട്ടും ആരും എന്നെ വിളിക്കുന്നുമില്ല ഒന്നും ചെയ്യുന്നുമില്ല. അപ്പോള്‍ സങ്കടപ്പെട്ട് ഞാന്‍ മേക്കപ്പ്മാനോട് ചോദിച്ചു എന്നെ മേക്കപ്പ് ഒന്നും ചെയ്യുന്നില്ലേയെന്ന്. അപ്പോള്‍ അയാള്‍ നിന്ന് ചിരിക്കുന്നു.  എന്താ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്നോട് ചോദിച്ചു അല്ലാ എന്താ നിങ്ങളുടെ ക്യാരക്ടര്‍ എന്നറിയാമോയെന്ന്. ഞാന്‍ ഇല്ലെന്ന് തലയാട്ടി. അപ്പോള്‍ അയാള്‍ പറഞ്ഞു വാല്യക്കാരിയായിട്ടാണെന്ന് മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം കൊണ്ടുവച്ചിട്ടുണ്ട് സമയമാകുമ്പോള്‍ തരുമെന്ന് പറഞ്ഞു. എനിക്ക് അടി കിട്ടിയപോലെയാണ് തോന്നിയത്.

ദോശ തിന്നുകൊണ്ടിരിക്കുന്ന വേശാമണി അമ്മാളിനെ തിരഞ്ഞെടുത്തത് ഡയലോഗ് പറയാനുളള മടിക്കാണ്. ഡയറക്ടര്‍ വിളിച്ച് പറഞ്ഞു മൂന്നുകഥാപാത്രങ്ങള്‍ ഉണ്ട്. ഒരാള്‍ എപ്പോഴും ശാപ്പാടടിക്കും മറ്റൊരാള്‍ വായാടിയാണ് മൂന്നാമത്തെയാള്‍ ഉറക്കംതൂങ്ങി നിങ്ങള്‍ക്ക് ഇതില്‍ ഏതാണ് വേണ്ടതെന്ന് ചോദിച്ചു. ശാപ്പാടടിക്കുന്ന കഥാപാത്രത്തെ മതിയെന്ന് ഞാന്‍ പറഞ്ഞു. എനിക്കന്ന് മലയാളം അത്ര വഴങ്ങില്ല. മലയാളത്തില്‍ ഡയലോഗ് പറയേണ്ട ബുദ്ധിമുട്ടോര്‍ത്താണ് ആ കഥാപാത്രം മതിയെന്ന് പറഞ്ഞത്. എപ്പോഴും ഭക്ഷണം കഴിച്ചാല്‍ മതി അധികം ഡയലോഗ് പറയണ്ടല്ലോ എന്ന് കരുതി. ദൈവാധീനത്തിന് ആ കഥാപാത്രം ക്ലിക്കായി. ഇപ്പോഴും ആള്‍ക്കാര്‍ കാണുമ്പോള്‍ ചോദിക്കും നിങ്ങള്‍ വീട്ടില്‍ ഇങ്ങനെത്തന്നെയാണോ എപ്പോഴും ദോശ കഴിച്ചോണ്ടിരിക്കുമോയെന്ന്.

ദിലീപിന്റെ തമാശകള്‍

grihalakshmi
ഗൃഹലക്ഷ്മി

കല്യാണരാമന്‍ എന്റെ മൂന്നാമത്തെ പടമായിരുന്നു. ചിത്രത്തില്‍ വളരെ സീരിയസായ ഒരു ഷോട്ട് എടുത്തുകൊണ്ടിരിക്കുകയാണ് ഡയറക്ടര്‍ ഷാഫി. ഞാന്‍ തുടക്കക്കാരിയാണെന്ന് അറിയാവുന്ന  ദീലീപ് എന്റെ അടുത്ത് വന്ന് വളരെ ഗൗരവത്തില്‍ പറഞ്ഞു ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ സുബ്ബു പൊട്ടിക്കരയണം എന്ന്. ഞാന്‍ പറഞ്ഞത് അപ്പാടെ അനുസരിച്ചു. ഡയറക്ടര്‍ ആക്ഷന്‍ എന്നുപറഞ്ഞതും ഞാന്‍ ഉറക്കെയങ്ങ് കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി. എന്തിനാ മുത്തശ്ശി കരയുന്നത് എന്തുപറ്റിയെന്ന് ചോദിച്ച് എല്ലാവരും ഓടി വന്നു. എന്നോട് കരയാന്‍ പറഞ്ഞതുകൊണ്ട് കരഞ്ഞതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ ഡയറക്ടര്‍ ചോദിച്ചു ആരാ പറഞ്ഞതെന്ന് ഞാന്‍ പറഞ്ഞു ദിലീപെന്ന്. എന്താ ദിലീപേ ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ദിലീപ് പറയുകയാണ് സുബ്ബുവിന്റെ മൂന്നാമത്തെ പടമാണ്. എല്ലാം നന്നായി ചെയ്ത് കൈയടി വാങ്ങുകയാണ് അപ്പോള്‍ ഇത്തരി കരയട്ടേ എന്ന് വിചാരിച്ചുവെന്ന്. ദിലീപ് ഇപ്പോ കാണുമ്പോഴും ഇത് പറയും.

അമ്മണി തമിഴരുടെ പ്രിയപ്പെട്ടവളാക്കി

മലയാളത്തില്‍ കല്യാണരാമന്‍ ശ്രദ്ധിക്കപ്പെട്ടതുപോലെ തമിഴില്‍ എനിക്ക് വഴിത്തിരിവായത് അമ്മണി എന്ന ചിത്രമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്മണിയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ലക്ഷ്മി രാമകൃഷ്ണനാണ് അത് സംവിധാനം ചെയ്തത്. പഴയവസ്തുക്കള്‍ പെറുക്കി ജീവിതമാര്‍ഗം കണ്ടെത്തുന്ന ഒരു കഥാപാത്രം. എനിക്ക് തമിഴ്നാട്ടില്‍ വലിയ പേരുകിട്ടിയ ചിത്രമാണത്. പതിനഞ്ചുദിവസം റെയില്‍വേ ട്രാക്കിലാണ് അത് ഷൂട്ട് ചെയ്തത്. കാലില്‍ ചെരിപ്പില്ലാതെ, ഇരുട്ടിലെല്ലാമാണ് അത് ചിത്രീകരിച്ചത്. നല്ല പോലെ കഷ്ടപ്പെട്ടുചെയ്ത ചിത്രമാണ് അത്. കഷ്ടപ്പെട്ടതിനുളള പേര് ആ പടം എനിക്ക് തന്നു.  

ഒരു റിഹേഴ്സല്‍ ഒരു ടേക്ക്...ഇഷ്ടം കോമഡി

റീടേക്ക് എനിക്ക് വേണ്ടി വരാറില്ല. ഒരുപാട് എക്സ്പീരിയന്‍സ് ഉള്ള ആളെപ്പോലെയാണ് ഞാന്‍ അഭിനയിക്കുന്നത് എന്നൊക്കെ എല്ലാവരും പറയും. പക്ഷേ ഞാന്‍ വളരെ പേടിച്ചാണ് അഭിനയിക്കുന്നത്. വളരെ ശ്രദ്ധിച്ച് തെറ്റുവരുത്താതെ ചെയ്യാന്‍ ശ്രമിക്കും. ഒരു റിഹേഴ്സല്‍ ഒരു ടേക്ക്..

എനിക്ക് കോമഡി ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. ആള്‍ക്കാരെ ചിരിപ്പിക്കുക എന്നതിലുപരി, സ്വയം സന്തോഷിക്കുക എന്നുളളതാണ് അതിനുപിന്നില്‍. ചെറുപ്രായം മുതല്‍ ഒത്തിരി സങ്കടം അനുഭവിച്ച ആളാണ് ഞാന്‍. എപ്പോഴും ഇങ്ങനെ ചിരിച്ചും കോമഡികള്‍ ചെയ്തുനടന്നാല്‍ മറ്റുളളതൊന്നും നാം ഓര്‍ക്കില്ല. ഏതുസമയവും സങ്കടങ്ങള്‍ തന്നെ ആലോചിച്ചിരുന്നാല്‍ മാനസികമായി തളര്‍ന്നുപോകും. അതുകൊണ്ട് സന്തോഷിക്കാന്‍ സ്വയം കണ്ടെത്തിയ ഒരുവഴിയാണ് ഈ കോമഡി. എല്ലാവര്‍ക്കും ഞാന്‍ കോമഡി ചെയ്യുന്നതാണ് ഇഷ്ടം ബോളിവുഡില്‍ പോലും എന്നെ കോമഡി ചെയ്യാനാണ് വിളിക്കുന്നത്.

ചെയ്ത എല്ലാ കഥാപാത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. ഇഷ്ടപ്പെടാതെ ഒരു കഥാപാത്രവും ഞാന്‍ സിനിമയില്‍ ചെയ്തിട്ടില്ല. അതാത് കഥയ്ക്ക് യോജിച്ച കഥാപാത്രമാണ് എല്ലാ സിനിമയിലും എനിക്ക് കിട്ടിയത്. ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആളോ, നാടകവേദിയിലെ പരിചയമോ ഇല്ല, അതുകൊണ്ട് എന്റെ കഴിവിന് അനുസരിച്ച കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

എന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും സന്തോഷത്തിനും ഈ പ്രായത്തിലും ഇങ്ങനെയെല്ലാം ചെയ്യാന്‍ കഴിയുന്നതിനും കാരണം എന്റെ കുടുംബമാണ്. എനിക്ക് മൂന്നുമക്കളാണ്. മൂത്തമകള്‍ ഡോ. ചിത്ര ചന്ദ്രശേഖര്‍ രണ്ടാമത്തെ മകള്‍ നിങ്ങള്‍ക്കെല്ലാം അറിയാവുന്ന താരാകല്യാണ്‍ രാജാറാം. താരയ്ക്ക് താഴെ മകന്‍ വിഷ്ണുമൂര്‍ത്തി. പ്രായമായില്ലേ പോകണ്ട എന്ന് ഒരാളും പറഞ്ഞിട്ടില്ല, അമ്മയ്ക്ക് പറ്റുമെങ്കില്‍ പോയിട്ടുവരൂ, ഇല്ലെങ്കില്‍ പോകണ്ട. രണ്ടിനും ആരും എന്നെ നിര്‍ബന്ധിക്കാറില്ല. മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും എന്നെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് എനിക്കിതെല്ലാം സാധിക്കുന്നത്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.

Content Highlights: Actress Subbalakshmi Interview, Nandanam Kalyanaraman Fame