Kalapanaര്‍വശിയുടെ ഛായയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ ഒരിക്കല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട് കല്പന. 'കതിര്‍മണ്ഡപം' എന്ന സിനിമയില്‍നിന്ന്. ഒരേ പോലുള്ള രണ്ടുപേര്‍ സിനിമയില്‍ വേണ്ട എന്നായിരുന്നു സംവിധായകന്റെ തീരുമാനം. കുട്ടിയായ കല്പനയെ അതു വേദനിപ്പിച്ചു. പക്ഷേ, അവള്‍ കരഞ്ഞില്ല. പകരം അമ്മയെ നോക്കി ഒരു തമാശ പൊട്ടിച്ചു, ''എല്ലാത്തിനേം ഒരേപോലെ പ്രസവിച്ചാല്‍ ഇങ്ങനേം സംഭവിക്കും.''
സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും തമാശയാണ് കല്പനയുടെ വായില്‍ നിറയുക. ഈ സ്വഭാവം സിനിമയിലും ഗുണം ചെയ്തു. നിഷ്‌കളങ്കമായ തമാശകളിലൂടെ അവര്‍ പ്രേക്ഷകരുടെ മനസ്സു കീഴടക്കി. 150-ലേറെ സിനിമകളില്‍ അഭിനയിച്ചു.

അടുത്തകാലത്തായി വളരെ അപൂര്‍വമായേ അവരെ സിനിമയില്‍ കാണുന്നുള്ളൂ. വരുന്നതാകട്ടെ സീരിയസ് വേഷങ്ങളിലും. മലയാളത്തിന്റെ 'ചിരിക്കുടുക്ക'യ്ക്ക് എന്താണ് സംഭവിച്ചത്?
സിനിമകള്‍ കുറഞ്ഞു. ജഗതിയുടെയും ഇന്നസെന്റിന്റെയും കൂടെയാണ് ഞാന്‍ കൂടുതലും അഭിനയിച്ചത്. അവര്‍ മാറി നിന്നപ്പോള്‍ നഷ്ടം സംഭവിച്ചത് എനിക്കാണ്. മാത്രമല്ല, സിനിമയിലെ കോമഡിയുടെ കോലവും മാറി. എനിക്കു പറ്റിയ കോമഡി പുതിയ തലമുറ സിനിമകളില്‍ ഇല്ല എന്ന് തോന്നുന്നു. 

സീരിയസ് റോളുകളിലേക്കുള്ള മാറ്റം എളുപ്പമായിരുന്നോ?
മുമ്പും ചില സീരിയസ് വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം വേഷങ്ങള്‍ എന്നെ തേടി വരുന്നത് ഇപ്പോഴാണ്. 'കേരള കഫേ'യാണ് എന്റെ ഇമേജ് മാറ്റിയത്. അതുകഴിഞ്ഞ് ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ്, തനിച്ചല്ല ഞാന്‍.... എല്ലാം സീരിയസ് വേഷങ്ങള്‍. 'തനിച്ചല്ല ഞാനി'ലെ അഭിനയത്തിന് സഹനടിക്കുള്ള ദേശീയ അവാര്‍ഡും കിട്ടി.

അവാര്‍ഡ് ആഘോഷിച്ചില്ലേ?
എനിക്ക് ഇതേവരെ ഒരു ചാനല്‍ അവാര്‍ഡ്‌പോലും കിട്ടിയിട്ടില്ല. 'സ്പിരിറ്റി'ല്‍ അവാര്‍ഡ് ഉറപ്പാണെന്ന് ചിലരൊക്കെ വിളിച്ച് പറഞ്ഞപ്പോള്‍ ആദ്യമായി ഞാനൊരവാര്‍ഡ് സ്വപ്‌നം കണ്ടു. പതിനാല് വര്‍ഷത്തിനുശേഷം ഞാന്‍ തിയേറ്ററില്‍ പോയി കണ്ട സിനിമയും സ്പിരിറ്റാണ്. പക്ഷേ, എനിക്ക് അവാര്‍ഡ് കിട്ടിയില്ല. അതുകൊണ്ടുതന്നെ ക്ലാസ് ഫസ്റ്റ് ആകാന്‍ സാധിക്കാത്ത കുട്ടി റാങ്ക് നേടിയ അനുഭവമായിരുന്നു 'തനിച്ചല്ല ഞാനി'ന് കിട്ടിയ ദേശീയ അവാര്‍ഡ്. അവാര്‍ഡ് കിട്ടിയ വാര്‍ത്തയറിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന മുഖം മോളുടേതാണ്. പിന്നെ അമ്മയുടെ. അവരാണ് ഈ നേട്ടത്തില്‍ എന്നേക്കാള്‍ സന്തോഷിച്ചതും.

ഈ സന്തോഷത്തിനിടയിലും  കുടുംബ പ്രശ്‌നങ്ങള്‍ കരിയറിനെ ബാധിച്ചു എന്നു കരുതുന്നവരുണ്ട്?
ഒരിക്കലുമില്ല. ജീവിതവും ജോലിയും എനിക്ക് രണ്ടാണ്. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. പക്ഷേ, എന്നേക്കാള്‍ വേദനിക്കുന്നവരെ കാണുമ്പോള്‍ എനിക്ക് ഇത്രയല്ലേ വന്നുള്ളൂ എന്ന് സമാധാനിക്കും.
ഞങ്ങള്‍ മൂന്നു സഹോദരിമാരുടെ ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായി. പക്ഷേ, ദൈവം ഇന്നേവരെ ജോലി മുട്ടിച്ചില്ല, പേരോ പ്രശസ്തിയോ നഷ്ടപ്പെടുത്തിയിട്ടില്ല. ദാമ്പത്യം ദീര്‍ഘകാലം നില്‍ക്കണമെന്ന് ആഗ്രഹിക്കാനേ പറ്റൂ. അതിന് നമുക്ക് ചെയ്യാന്‍ കഴിയുന്നത് അഡ്ജസ്റ്റ് ചെയ്യുക എന്നതാണ്. എന്നിട്ടും കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ അത് കര്‍മഫലം എന്നേ ഞാന്‍ കരുതിയിട്ടുള്ളൂ.

സംവിധായകന്‍ അനിലുമായുള്ള ദാമ്പത്യം കല്പന അവസാനിപ്പിച്ചത് ഏവരെയും ഞെട്ടിച്ചു...
15 വര്‍ഷം സന്തോഷകരമായിരുന്നു എന്റെ കുടുംബ ജീവിതം. ഇരുവരുടെയും തിരക്കു കാരണം പരസ്പരം കാണാന്‍ കഴിയാത്ത വിഷമമേ ഉണ്ടായിരുന്നുള്ളൂ. പിന്നൊരു നാള്‍ തോന്നി ചില ധാരണാ പിശകുകള്‍, അത് പരിഹരിക്കാന്‍ കഴിയാത്തവിധം വളര്‍ന്നുവെന്ന്. എങ്കിലും പ്രശ്‌നങ്ങളൊന്നും ഞാന്‍ അമ്മയോടു പോലും പറഞ്ഞിരുന്നില്ല. കലച്ചേച്ചിയും ഉര്‍വശിയും വിവാഹമോചനം നേടിയതിന്റെ വേദന തന്നെ അമ്മ അനുഭവിച്ചു തീര്‍ന്നിട്ടില്ല. അപ്പോള്‍ അമ്മയെ കൂടുതല്‍ വേദനിപ്പിക്കുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി. ഒരു ദിവസം അമ്മ പറഞ്ഞു. ''മോള്‍ സിനിമയില്‍ മാത്രം അഭിനയിച്ചാല്‍ മതി. ജീവിതത്തില്‍ അത് വേണ്ട'' എന്ന്. അമ്മ എന്റെ മനസ്സ് വായിച്ചു കഴിഞ്ഞിരുന്നു. പിന്നെയെനിക്ക് ചോദിക്കാനുണ്ടായിരുന്നത് എന്റെ മോളോടു മാത്രമാണ്. ഞാനവളോട് കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചു. ''ഇനി മോളു പറ, അമ്മ എന്തു തീരുമാനമാണ് എടുക്കേണ്ടത്?'' ഞാന്‍ ചോദിച്ചു. അവളെന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അവള്‍ക്കറിയാമായിരുന്നു എന്റെ മനസ്സ്.

വിവാഹമോചനം എങ്ങിനെയാണ് ബാധിച്ചത്?
ഞാന്‍ ഉത്തമ വിശ്വാസത്തോടെ എടുത്ത തീരുമാനമാണ്. അതിനെച്ചൊല്ലി പിന്നെ ദുഃഖിക്കേണ്ട കാര്യമില്ല. പക്ഷേ, അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് സങ്കടം തോന്നും. മക്കളെക്കുറിച്ചോര്‍ത്ത് വേദനിക്കാന്‍ വിധിക്കപ്പെട്ട പാവം ഒരമ്മ. ഞാന്‍ അമ്മയെ കുന്തി എന്നാണിപ്പോള്‍ വിളിക്കുക. ദുഃഖം അറിയാന്‍ വേണ്ടി ഭൂമിയിലേക്ക് വന്നവരാണവര്‍. ഞങ്ങള്‍ മൂന്നു പെണ്‍മക്കളും പേരും പ്രശസ്തിയുമൊക്കെ നേടി, അമ്മ ആഗ്രഹിച്ചതുപോലെ കലാകാരികളുമായി. എന്നിട്ടെന്താ കാര്യം? ഒരാള്‍ക്കുപോലും നല്ലൊരു കുടുംബജീവിതം ഉണ്ടായില്ല. ഞങ്ങളുടെ അനിയന്‍ പ്രിന്‍സ് 16-ാം വയസ്സില്‍ ഞങ്ങളെ വിട്ടുപോയി. 
ഒരായുസ്സില്‍ എന്തെല്ലാം അമ്മ അനുഭവിച്ചു. ഒരു സാധാരണ സ്ത്രീയല്ല അമ്മ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍. അച്ഛന്‍ മരിക്കുമ്പോള്‍ ഞങ്ങളെല്ലാം പറക്കമുറ്റാത്ത കുട്ടികളാണ്. അമ്മയ്ക്കപ്പോള്‍ 36 വയസ്സ്. അഞ്ച് മക്കളെയും തള്ളക്കോഴി മക്കളെ നോക്കുന്നപോലെയാണ് അമ്മ നോക്കിവളര്‍ത്തിയത്. ആ അമ്മയ്ക്ക് തിരിച്ച് സന്തോഷം കൊടുക്കാന്‍ സാധിക്കുന്നില്ലല്ലോ എന്നത് മാത്രമാണ് ദുഃഖം.

കല്പനയുടെ ചിരിക്കു പിറകിലെ സങ്കടങ്ങള്‍ പലര്‍ക്കും അറിയില്ല
മനസ്സു നിറയെ വേദനയുള്ളവരാണ് കൂടുതല്‍ തമാശകള്‍ പറയുക എന്ന് അമ്മ പറയാറുണ്ട്. അത് ശരിയാണെന്ന് ഞാന്‍ മനസ്സിലാക്കിയതും അമ്മയെ കണ്ടാണ്. ഇത്ര ദുരനുഭവങ്ങള്‍ക്കിടയിലും അമ്മ തമാശകള്‍ പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കാറുണ്ട്. 
കഴിഞ്ഞദിവസം എന്റെ അനുജന്‍ കമല്‍ ചെന്നൈയിലെ ബാങ്കില്‍ പോയപ്പോള്‍ ചില മലയാളികള്‍ അവനോട് ചോദിച്ചത്രെ, 'നടി കല്പനയുടെ ഫോട്ടോകോപ്പി പോലെയുണ്ടല്ലോ' എന്ന്. ഇക്കാര്യം ഞാന്‍ അമ്മയോട് പറഞ്ഞു, ''എനിക്കും കമലിനും ഒരേ ഛായയാണല്ലോ?''. ഉടനെ വന്നു അമ്മയുടെ മറുപടി. ''അങ്ങനെ വരാന്‍ വഴിയില്ലല്ലോ.'' വീട്ടിലെ സഹായിസ്ത്രീക്ക് ഇതുകേട്ട് ഭയങ്കര ആകാംക്ഷ, ''അതെന്താ അങ്ങനെ ഉറപ്പിച്ചു പറയാന്‍.''
''കമലിന്റെ അച്ഛന്‍ വേറെ... കല്പനയുടെ അച്ഛന്‍ വേറെ... പിന്നെയെങ്ങനെ ഒരേ ഛായ വരും?'' അമ്മയുടെ മറുപടി കേട്ട് സ്ത്രീയുടെ സ്വരം താഴ്ന്നു. ''അത് പിന്നെയാര്?'' ഒരു രഹസ്യം വെളിപ്പെടാന്‍ പോകുന്നു എന്ന മട്ടില്‍ അവര്‍ ആവേശത്തിലായി. ''അത് ഞാന്‍ പിന്നെപ്പറയാം.'' എന്ന് പറഞ്ഞ് അമ്മ സംസാരം അവിടെ ക്ലോസ് ചെയ്തു. സഹായി സ്ത്രീ ഇപ്പോള്‍ ആകെ ധര്‍മസങ്കടത്തിലാണ്. ആരായിരിക്കും കല്പനയുടെ അച്ഛന്‍? അമ്മ പറഞ്ഞതെല്ലാം സത്യമാണെന്നാണ് ആ പാവം കരുതിയിരിക്കുന്നത്.
കല്പനയുടെ അമ്മ വിജയലക്ഷ്മി മുറിയിലേക്ക് വരുന്നു. ''വേദനയില്‍ നിന്നു വരുന്ന കോമഡികളാണ് മക്കളേ'' അവര്‍ ചിരിച്ചു. പിന്നെയൊരു കഥ പറഞ്ഞു. ''മക്കളില്‍ ഒരാള്‍ക്കൊരു ഉടുപ്പുവാങ്ങിയാല്‍ എല്ലാവര്‍ക്കും അതേമട്ടിലുളളതു തന്നെ വേണം. അല്ലെങ്കില്‍ വഴക്കാകും. ഒരു ഈച്ചയെ തല്ലിക്കൊല്ലണമെങ്കില്‍ പോലും 'ഇനി ഞാന്‍...' എന്ന് പറഞ്ഞ് ബാക്കിയുള്ളവരും വടിയുമായി വരും. ഒരാള്‍ക്കൊരു അപകടം പറ്റിയാല്‍ അന്നുതന്നെ മറ്റുള്ളവര്‍ക്കും എന്തെങ്കിലുമൊക്കെ പറ്റും... എന്റെ മക്കള്‍ എല്ലാവരും എന്തു കാര്യത്തിലാണെങ്കിലും ഒറ്റക്കെട്ടാ...'' അവര്‍ നിഷ്‌കളങ്കമായി പൊട്ടിച്ചിരിച്ചു.

അമ്മയുടെ ഹ്യൂമര്‍സെന്‍സാണോ കല്പനയ്ക്ക് കിട്ടിയത്?
അമ്മയുടെ സൗന്ദര്യം ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ല. ഹ്യൂമര്‍സെന്‍സില്‍ ഇച്ചിരി എനിക്കും പൊടിമോള്‍ക്കും കിട്ടി. അമ്മ എന്തു പറയുമ്പോഴും ആളുകളെ അനുകരിച്ചേ കാണിക്കൂ. ഞാനിപ്പോഴും ഓര്‍ക്കുന്നു, നാടകം കഴിഞ്ഞ് വീട്ടില്‍ വരുന്ന അച്ഛന് ഊണ് എടുത്തുവെച്ച് കാത്തിരിക്കുന്ന അമ്മയെ. അച്ഛന്‍ വരാന്‍ വൈകിയാല്‍ ഉറങ്ങിപ്പോകുമോ എന്ന ഭയമാണ് അമ്മയ്ക്ക്. ഉറക്കം വരാതിരിക്കാന്‍ ഞങ്ങള്‍ അഞ്ചു മക്കളെയും ചുറ്റുമിരുത്തി മിമിക്രിയും മോണോ ആക്ടുമൊക്കെ കാണിക്കും. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഞാനവതരിപ്പിച്ച് സമ്മാനം നേടിയ മോണോആക്ടിന്റെയും മിമിക്രിയുടെയുമൊക്കെ പിറകില്‍ അമ്മയുടെ അധ്വാനമുണ്ടായിരുന്നു.

അച്ഛന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്നു തോന്നുന്നുണ്ടാകും, അല്ലേ?
സൂര്യനെപ്പോലത്തെ അച്ഛനും മഞ്ഞുകട്ട പോലത്തെ അമ്മയും. ''നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ കൈ ഉയര്‍ത്തി കൊടുക്കണം അടി'' എന്ന് പഠിപ്പിച്ചയാളാണ് അച്ഛന്‍. അമ്മ പക്ഷേ, സംയമനത്തിന്റെ പക്ഷത്തായിരുന്നു. ആരെന്തു പറഞ്ഞാലും ക്ഷമിക്കുക എന്നതാണ് അമ്മയുടെ നിലപാട്.
എനിക്ക് 14 വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അപ്പോള്‍ ഇളയ അനുജന് 5 വയസ്സാണ്. ഒരു കോട്ടപോലെ കാവല്‍നിന്ന് സ്‌നേഹിച്ച അച്ഛന്റെ വേര്‍പാട് ഞങ്ങളെ തളര്‍ത്തിക്കളഞ്ഞു. അച്ഛന്റെ സംരക്ഷണത്തില്‍ ഞങ്ങള്‍ എത്ര സുരക്ഷിതരായിരുന്നു എന്നോര്‍മപ്പെടുത്തുന്ന ഒരനുഭവം പറയാം. കലച്ചേച്ചിയുടെ ഫോട്ടോ ഒരു തമിഴ് പത്രത്തില്‍ അടിച്ചുവന്നത് കണ്ടിട്ട് എന്‍.ടി. രാമറാവുവിന്റെ പി.എ. ശേഖര്‍ ഒരു ദിവസം വീട്ടില്‍ വന്നു. എന്‍.ടി. രാമറാവുവും മകന്‍ ബാലകൃഷ്ണയും അഭിനയിക്കുന്ന സിനിമയില്‍ കലച്ചേച്ചിയെ നായികയാക്കാന്‍ ആഗ്രഹിക്കുന്നു. ആന്ധ്രയിലെ മുടിചൂടാമന്നനാണ് എന്‍.ടി.ആര്‍. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നത് വലിയ നേട്ടമായാണ് എല്ലാവരും കാണുന്നത്. ശേഖറങ്കിള്‍ വീട്ടില്‍ വന്ന് അച്ഛനോട് കാര്യം പറഞ്ഞെങ്കിലും അച്ഛന് വലിയ ആവേശമൊന്നുമില്ല.
കലച്ചേച്ചിയെ കൊണ്ടുപോയി എന്‍.ടി.ആറിനെ കാണിക്കണമെന്ന് ശേഖറങ്കിള്‍ പറഞ്ഞെങ്കിലും അച്ഛന്‍ സമ്മതിച്ചില്ല. ''ആദ്യം ഞാന്‍ പോയി എന്‍.ടി.ആറിനെ കാണാം. അതു കഴിഞ്ഞാകാം കുട്ടിയെ കൊണ്ടുപോകുന്നതൊക്കെ'', അച്ഛന്‍ പറഞ്ഞു. അച്ഛനും ശേഖറങ്കിളും കൂടി എന്‍.ടി.ആറിനടുത്തെത്തി. രാജാവിനെപോലെയാണ് എന്‍.ടി.ആര്‍. ഒരുപാട് പരിചാരകര്‍ ചുറ്റും. അച്ഛന്‍ എന്‍.ടി.ആറിനെ കണ്ട് സംസാരിച്ച് മടങ്ങിവന്നു. ''കലമോള്‍ അഭിനയിക്കുമോ?'' അമ്മ ചോദിച്ചു. അച്ഛന്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ''എനിക്കും ചിലകാര്യങ്ങള്‍ അദ്ദേഹത്തോട് പറയാനുണ്ടായിരുന്നു. ഞാനത് ബോധിപ്പിച്ചു.  ഇനിയെല്ലാം അദ്ദേഹം തീരുമാനിക്കും'', അച്ഛന്‍ പറഞ്ഞു. 
പിറ്റേന്നുതന്നെ ശേഖറങ്കിള്‍ വീട്ടിലെത്തി. അച്ഛന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എന്‍.ടി.ആറിനെ വേദനിപ്പിച്ചെന്നു പറഞ്ഞു. ഞങ്ങള്‍ കാര്യം തിരക്കി. അച്ഛനെ കണ്ടപ്പോള്‍ എന്‍.ടി.ആര്‍. പറഞ്ഞത്രേ ''നിങ്ങളുടെ കുട്ടിയെ ഞങ്ങള്‍ക്കിഷ്ടമായി. പക്ഷേ, ഒരു കണ്ടീഷന്‍. അടുത്ത മൂന്നു വര്‍ഷം അവള്‍ ഞങ്ങളുടെ സിനിമകളില്‍ മാത്രമേ അഭിനയിക്കാവൂ'' എന്ന്. ഇതു കേട്ട് അച്ഛന് ദേഷ്യം വന്നു. ''ഞാനെന്റെ മകളെ വില്‍ക്കാന്‍ വെച്ചിരിക്കുകയല്ല'' എന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി. ഈ സമയം ശേഖറങ്കിളും മറ്റുള്ളവരുമൊക്കെ പേടിച്ച് വിറയ്ക്കുകയായിരുന്നുവത്രെ. കോപംമൂത്ത് എന്‍.ടി.ആര്‍. എന്തൊക്കെയാണ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ല. 
പക്ഷേ, എന്‍.ടി.ആര്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം ചിരിച്ചു. ''അവന്‍ താന്‍ മനുഷ്യന്‍. സിനിമയില്‍ ഒരുപാട് അച്ഛന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഇത്രയും അന്തസ്സുള്ള അച്ഛനെ ഞാനാദ്യമാണ് കാണുന്നത്. എന്റെ പടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ മതി.'' 
അങ്ങനെ കലച്ചേച്ചി ആ സിനിമയില്‍ നായികയായി. എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ആദ്യമെത്തിയത് എന്‍.ടി.ആറും ബാലകൃഷ്ണയുമാണ്. അന്ന് ഞങ്ങളെ ചേര്‍ത്തുനിര്‍ത്തി എന്‍.ടി.ആര്‍. പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. ''ധീരനായ ഒരച്ഛന്റെ മക്കളാണ് നിങ്ങള്‍. നിങ്ങള്‍ക്കൊരിക്കലും ആര്‍ക്കുമുന്നിലും തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥ വരില്ല'' എന്ന്. ഇന്നുവരെ ചാന്‍സ് തേടി ആരേയും സമീപിക്കേണ്ട അവസ്ഥ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുമില്ല. 

ഒരേ വീട്ടില്‍ നിന്ന് മൂന്നുപേര്‍ സിനിമയില്‍. മത്സരം കടുക്കുമല്ലോ?
മൂവരും സിനിമയിലുെണ്ടന്ന് കരുതി ഞങ്ങള്‍ക്കിടയില്‍ മത്സരമോ വാശിയോ ഉണ്ടായിട്ടില്ല. വ്യക്തി ജീവിതത്തിലും അധികകാലം പിണങ്ങിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ആ സ്‌നേഹം എവിടേയും പോകില്ല.

കല്പനയെപ്പോലെ വായാടിയാണോ മോളും?
ചോയ്‌സ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലാണ് ശ്രീമയി. അവള്‍ എന്നെപ്പോലെയല്ല. അധികം മിണ്ടുന്ന ടൈപ്പല്ല. പ്രായത്തേക്കാള്‍ പക്വതയാണവള്‍ക്കെന്ന് പലപ്പോഴും തോന്നാറുണ്ട്. ഞാനൊരു കൂട്ടുകാരിയെപ്പോലെയാണവള്‍ക്ക്. എന്നെ മീനു എന്നേ വിളിക്കൂ. 
ഇടയ്‌ക്കൊരു ദിവസം ഞാന്‍ ചോദിച്ചു. മോള്‍ക്ക് സ്‌കൂളില്‍ ബോയ്ഫ്രണ്ട് ഉേണ്ടാ എന്ന്. അവള്‍ക്കത് കേട്ടപ്പോള്‍ കലിവന്നു. ''ഛെ... എന്തായിത് മീനു... ഇങ്ങനെ വൃത്തികേട് പറയല്ലേ'' എന്ന് പറഞ്ഞ് അവള്‍ തുടങ്ങി. പാവം മനസ്സാണവളുടേത്. പക്ഷേ, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്നേക്കാള്‍ മിടുക്കുണ്ടവള്‍ക്ക്. കുറച്ചു ദിവസം മുമ്പ് എനിക്കൊരു സിനിമയിലേക്ക് ഓഫര്‍ വന്നു. ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷം. പക്ഷേ, എനിക്കൊരു പേടി. മോളിതറിഞ്ഞ് എന്റെയടുത്ത് വന്നു. ''എന്താ മീനുവിത്... താത്പര്യമുെണ്ടങ്കില്‍ ഏറ്റെടുക്ക്. അല്ലെങ്കില്‍ പോകാന്‍ പറ.'' ഞാന്‍ മറുപടി ഉടനെ സിനിമക്കാരെ അറിയിച്ചു. ''എനിക്ക് താത്പര്യമില്ല.''