ലോകമാകെ കാഴ്ചക്കാരും ആരാധകരുമുള്ള നടനാണ് കബീർ ബേദി. സിനിമയിൽ മാത്രമല്ല, ഷേക്സ്‌പിയർ നാടകങ്ങളിലും ബേദിയുടെ അഭിനയത്തിന്റെ ആഴവും ഭംഗിയും ലോകം കണ്ടനുഭവിച്ചതാണ്. അഭിനയജീവിതം മാത്രമല്ല, ബേദിയുടെ വ്യക്തിജീവിതവും എന്നും ചർച്ചാവിഷയമായിരുന്നു. കബീർ ബേദി സംസാരിക്കുന്നു

സംഭവബഹുലവും നാടകീയവും പ്രക്ഷുബ്ധവുമായ ജീവിതമാണ് കബീർ ബേദിയുടേത്. അമ്പതുവർഷമായി ഇന്ത്യൻ സിനിമയിൽ (അല്ല, ലോകസിനിമയിൽ) സജീവമാണ്, സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലെ ലഹോറിൽ ജനിച്ച ഈ എഴുപത്തിയഞ്ചുകാരൻ. 1971-ൽ ഹിന്ദിസിനിമയിൽ അരങ്ങേറ്റം കുറിച്ച കബീർ പിന്നീട് രണ്ടുദശകത്തോളം ബോളിവുഡിൽ ഏറെ ആരാധികമാരെ സമ്പാദിച്ച സ്വപ്നകാമുകനായിരുന്നു. അതിനിടെ യൂറോപ്പിലും അമേരിക്കയിലും ചെന്ന് സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രൊഫഷണൽ നാടകങ്ങളിലും നിരന്തരം അഭിനയിച്ചുകൊണ്ടിരുന്നു. ‘ശന്തോകൻ’ എന്ന ടി.വി. സീരിയലിലെ ടൈറ്റിൽറോൾ കബീറിനെ ഇറ്റലിയിലെ വിലപിടിച്ച താരമാക്കി മാറ്റി. റോജർ മൂറിന്റെ ‘ഒക്ടോപസി’ എന്ന ജെയിംസ്ബോണ്ട് സിനിമയിൽ ഗോവിന്ദ എന്ന കരുത്തനായ ബോഡിഗാർഡിന്റെ വേഷം ഹോളിവുഡിൽ അദ്ദേഹത്തെ പരിചിതനാക്കി. ലണ്ടനിലെ ഡ്രാമാതിയേറ്ററുകളിൽ ഷേക്സ്പിയറിന്റെ ഒഥല്ലോ ഉൾപ്പെടെയുള്ള നാടകങ്ങളിൽ വർഷങ്ങളോളം വേഷമിട്ടു.

ഒരു കാസനോവ പ്രതിച്ഛായയുമായി ലോകംമുഴുവൻ പറന്നുനടന്ന കബീറിന്റെ വ്യക്തിജീവിതമാവട്ടെ തികച്ചും കലുഷിതമായിരുന്നു. ഒഡീസി നർത്തകിയും മോഡലുമായിരുന്ന പ്രൊതിമ ഗൗരിയെ വിവാഹംചെയ്തു. പിന്നീട് ഹിന്ദിസിനിമയിലെ ഗ്ലാമർനായിക പർവീൺ ബാബിയുമായുള്ള ഉറ്റബന്ധം കബീർ-പ്രൊതിമ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ആ വിവാഹമോചനത്തിനുശേഷം മൂന്നുതവണകൂടി കബീർ വിവാഹിതനായി.

എഴുപതാം പിറന്നാളിന്റെ തലേദിവസമായിരുന്നു നാലാമത്തെ വിവാഹം. ഹിന്ദിസിനിമാതാരവും അഭിനേത്രിയും ടെലിവിഷൻ അവതാരകയുമായ പൂജാ ബേദി, കബീറിന് പ്രൊതിമയിൽ ജനിച്ച മകളാണ്. കബീർ-പ്രൊതിമ ദമ്പതിമാർക്ക് ഒരു മകൻകൂടിയുണ്ടായിരുന്നു-സിദ്ധാർഥ്. അപ്രതീക്ഷിതമായി ആത്മഹത്യയിൽ അവൻ ജീവിതം അവസാനിപ്പിച്ചു. മകന്റെ മരണം കബീറിനെ വല്ലാതെ ഉലച്ചുകളഞ്ഞു. തന്റെ ജീവിതത്തെയും സിനിമാകരിയറിനെയുംകുറിച്ച് തുറന്നെഴുതിയ ആത്മകഥ ‘സ്റ്റോറീസ് ഐ മസ്റ്റ് ടെൽ’ ഈയിടെ പുറത്തിറങ്ങി. ജീവിതത്തെയും സിനിമാകരിയറിനെയും ആത്മകഥയെയുംകുറിച്ച് കബീർ സംസാരിക്കുകയാണ് ഈ അഭിമുഖത്തിൽ...

താങ്കളുടെ നടനജീവിതം അരനൂറ്റാണ്ട് പിന്നിടുകയാണ്. ഇന്ത്യൻ സിനിമയിലെ മൂന്നുനാല് തലമുറകൾക്കൊപ്പം ജോലിചെയ്തു. അതിനിടയിൽ താങ്കളെ ഏറ്റവും സ്വാധീനിച്ച സിനിമാവ്യക്തിത്വങ്ങളെക്കുറിച്ച് പറയാമോ

ദൈവമേ! ബോളിവുഡിൽ ഇതെന്റെ അമ്പതാംവർഷമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഈ കൊറോണക്കാലം കഴിഞ്ഞാൽ ഞാനിത് ആഘോഷിക്കും! സിനിമയിൽ 25 വർഷം തികയ്ക്കുന്നവർക്ക് അതിജീവനത്തിനുള്ള ഓസ്കർ നൽകണമെന്ന് ഞാനെപ്പോഴും പറയാറുണ്ട്. കാരണം, ഇത് എളുപ്പമുള്ള ജോലിയല്ല. ഈ വർഷങ്ങളത്രയും, ലോകമെമ്പാടുമുള്ള സിനിമാ ഇൻഡസ്ട്രികളിലേക്കുള്ള ഒരുപാട് പ്രതിഭകളുടെ വരവിനും പോക്കിനും ഞാൻ സാക്ഷിയായിട്ടുണ്ട്. ഞാൻ തുടങ്ങിയത് സത്യജിത് റേയെയും ഋത്വിക് ഘട്ടക്കിനെയും പോലുള്ള പ്രഗല്‌ഭ സംവിധായകരുടെയും ‘ചെമ്മീൻ’പോലെയുള്ള ഉത്കൃഷ്ട സിനിമകളുടെയും വിസ്മയകാലത്താണ്. ബോളിവുഡിന്റെ സുവർണകാലത്ത് സംഭവിച്ച മദർ ഇന്ത്യ, മുഗൾ ഇ അസം, സാഹിബ് ബിബി ഔർ ഗുലാം തുടങ്ങിയ സിനിമകൾ ഞാൻ തിയേറ്ററുകളിൽപ്പോയി കണ്ടിട്ടുണ്ട്. ‘ദോ ഭിഗ സമീൻ’ എന്ന സിനിമയിൽ അഭിനയിച്ച ബൽരാജ് സാഹ്നി ജീവിതം തുടങ്ങുന്നത്, വിഭജനത്തിനുമുമ്പുള്ള ലഹോറിൽ എന്റെ മാതാപിതാക്കളെ ഒരു സ്വദേശിപത്രം അച്ചടിക്കാൻ സഹായിച്ചുകൊണ്ടാണ്. 

ഞാൻ ബോംബെയിൽ എത്തിയപ്പോൾ എന്നെ സ്വീകരിച്ചത് അദ്ദേഹമാണ്. ബോളിവുഡിലേക്ക് കാലെടുത്തുവെച്ച സമയത്ത് അന്നത്തെ ഇതിഹാസങ്ങളായ ദിലീപ് കുമാർ, രാജ് കപൂർ, ദേവ് ആനന്ദ് എന്നിവരെ നേരിൽ കാണാൻകഴിഞ്ഞത് വലിയ ഭാഗ്യംതന്നെയായിരുന്നു. ബി.ആർ. ചോപ്ര സംവിധാനംചെയ്യുന്ന സിനിമയിൽ ദിലീപ് സാബിന്റെകൂടെ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ആ സിനിമ നടന്നില്ല. ഞാൻ ഒരിക്കലും രാജ് കപൂറിന്റെകൂടെ സിനിമ ചെയ്തിട്ടില്ല. പക്ഷേ, അദ്ദേഹത്തിനൊപ്പം പലതവണ അത്താഴം കഴിക്കാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. ദേവ് ആനന്ദിനൊപ്പം രണ്ടുസിനിമ ചെയ്തു. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ അസാമാന്യമായ ഊർജവും ഉത്സാഹവും എന്നെ വിസ്മയിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് മാസങ്ങൾക്കുമുമ്പ് ഞാനദ്ദേഹത്തെ പോയി കണ്ടു. സിനിമയാണ് ലോകത്തെ ഏറ്റവും പൂർണമായ കലാരൂപം എന്നാണ് ആ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞത്. കാരണം, അതിൽ എല്ലാമുണ്ട്. നാടകീയത, സംഗീതം, നൃത്തം, എഴുത്ത്, കല, ഛായാഗ്രഹണം, എഡിറ്റിങ്, ഡിസൈൻ-അങ്ങനെ എല്ലാം. വിനോദ് ഖന്നയോടൊപ്പമുള്ള എന്റെ ആദ്യഹിറ്റ് സിനിമയായ ‘കച്ചേ ധാഗേ’ സംവിധാനംചെയ്ത രാജ് ഗോസലയുമായും എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. മഹേഷ് ഭട്ടിന്റെ ‘മൻസിലേം ഔർ ഭീ ഹേ’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചതുമുതൽ അദ്ദേഹവും എന്റെ സുഹൃത്താണ്. 

രാകേഷ് റോഷനെ ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എഴുപതുകൾമുതലേ പരിചയമുണ്ട്. 1988-ൽ അദ്ദേഹം സംവിധാനംചെയ്ത ‘ഖൂൻ ഭാരി മാംഗി’ൽ അഭിനയിച്ചതോടെ ഞങ്ങളുടെ ബന്ധം ഏറെ ഇഴയടുപ്പമുള്ളതായി. ദശാബ്ദങ്ങൾക്കിപ്പുറം ഞാൻ അദ്ദേഹത്തിന്റെ മകൻ ഹൃതിക് റോഷനൊപ്പം രണ്ട് വലിയ സിനിമകൾ ചെയ്തു. സൽമാൻ ഖാൻ മികച്ചൊരു സുഹൃത്തും വലിയ മനസ്സിന്റെ ഉടമയുമാണ്. അതുകൊണ്ടാണ് എന്റെ ആത്മകഥ പ്രകാശനംചെയ്യാൻ സൽമാൻ വന്നത്. പ്രിയങ്ക ചോപ്രയെ അവരുടെ ആദ്യസിനിമമുതൽ പരിചയമുണ്ട്. അവരാണ് ലണ്ടനിൽ എന്റെ പുസ്തകം പ്രകാശനംചെയ്തത്. മണിരത്നത്തോടും എ.ആർ. റഹ്‌മാനോടും എനിക്ക് ആരാധനയാണ്. എലിസബത്ത് എന്ന സിനിമ സംവിധാനംചെയ്ത് ഓസ്കർ നോമിനേഷൻ നേടിയ ശേഖർ കപൂർ എന്റെ സുഹൃത്താണ്. ഡൽഹി സെയ്‌ന്റ് സ്റ്റീഫൻസ് കോളേജിൽ പഠിക്കുന്നകാലംമുതലുള്ള ബന്ധം. വിദേശയാത്രകളിൽ ഞങ്ങൾ ഒരുമിച്ച് കുറെ നല്ല നിമിഷങ്ങൾ പങ്കിട്ടിട്ടുണ്ട്. സന്തോഷ്‌ ശിവനും കേരളത്തിൽനിന്നുള്ള നല്ല സുഹൃത്താണ്. അടുത്തിടെ മരിച്ച നിങ്ങളുടെ സച്ചിയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അങ്ങനെ ഉത്തരേന്ത്യയിലെയും തെന്നിന്ത്യയിലെയും സിനിമാ ഇൻഡസ്ട്രികളിൽ ഞാൻ ബഹുമാനിക്കുന്നവർ ഏറെയുണ്ട്. അവരിൽ പലരും അടുത്ത സുഹൃത്തുക്കളുമാണ്.

1983, ഇന്ത്യക്കാരെ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കാർ പ്രാപ്തരാക്കിയ വർഷമാണ്. കപിൽ ദേവിന്റെ ചെകുത്താൻകൂട്ടം എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ച് ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ആ സമയത്ത് താങ്കൾ ഒക്ടോപസി എന്ന ​‌ജെയിംസ് ബോണ്ട് സിനിമയിൽ റോജർ മൂറിനൊപ്പം പ്രധാനപ്പെട്ട റോളിൽ അഭിനയിച്ചുകൊണ്ടിരിക്കയായിരുന്നു. അതും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമായിരുന്നല്ലോ

ശരിയാണ്. ജെയിംസ് ബോണ്ട് സിനിമയിൽ അഭിനയിച്ച ആദ്യ ഇന്ത്യക്കാരനാണെന്നതിൽ എനിക്ക് അഭിമാനമുണ്ട്. ലോകത്ത് ഏറ്റവുമധികം കാലം പ്രദർശിപ്പിച്ച് റെക്കോഡ് സൃഷ്ടിച്ച സിനിമാപരമ്പരയുടെ ഭാഗമാവുക എന്നത് ആഹ്ലാദകരമായ അനുഭവംതന്നെയാണ്. സിനിമയിലെ എല്ലാ വിഭാഗത്തിലെയും ഏറ്റവും മികച്ചവരെയാണ് അവർ തിരഞ്ഞെടുക്കുന്നത്. ഓരോ സീനും ഏറ്റവും മികച്ചതാക്കാൻ ഏതറ്റംവരെയും പോകാൻ അവർ തയ്യാറാണ്.

Kabir Bedi
റോജർ മൂറുമൊത്ത് ജെയിംസ് ബോണ്ട് ചിത്രമായ ഒക്ടോപസിയിൽ

ഞാനോർക്കുന്നു. റോജർ മൂർ, വില്ലന്റെ വിമാനത്തിലേക്ക് ചാടുന്ന ക്ലൈമാക്സ് സീൻ ഉദയ്‌പുരിലാണ് ചിത്രീകരിച്ചത്. എന്നാൽ, ഞാനും മൂറും തമ്മിൽ വിമാനത്തിനുമുകളിൽനിന്നുള്ള സംഘട്ടനം ഇംഗ്ലണ്ടിലാണ് ചിത്രീകരിച്ചത്. വിമാനത്തിന്റെ കീഴെയുള്ള ലാൻഡ്‌സ്കേപ്പാവട്ടെ, യൂറോപ്പിലും ഷൂട്ട്ചെയ്തു. ഞാൻ വിമാനത്തിൽനിന്ന് താഴെ വീഴുന്ന അവസാനഭാഗം അമേരിക്കയിലെ ഒരു സ്കൈഡൈവറെവെച്ചാണ് എടുത്തത്. എന്റെ രാജ്യത്തിലെ ഏറ്റവും മനോഹരമായ ലേക്ക്പാലസ് ചിത്രീകരിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ത്രസിപ്പിക്കുന്ന അനുഭവംതന്നെയായിരുന്നു. ജയിംസ് ബോണ്ട് ചിത്രത്തിൽ ഭാഗമാവുകവഴി ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ കഴിഞ്ഞു. ഇപ്പോഴും ആ സ്നേഹം ലോകത്തെവിടെപ്പോയാലും അനുഭവിക്കാൻ കഴിയുന്നു.

മകൻ സിദ്ധാർഥിന്റെ അകാലവിയോഗം താങ്കളെ എത്രത്തോളം ബാധിച്ചു, ഏതുരീതിയിലുള്ള ആഘാതമാണ് അത് നിങ്ങളിൽ ഉണ്ടാക്കിയത്

എന്റെ മകന്റെ ആത്മഹത്യ ആഴത്തിലുള്ള മുറിവായിരുന്നു. എന്റെ ആത്മകഥയിലെ ഒരു അധ്യായം പൂർണമായും ആ ദുരന്തത്തിലേക്ക് വഴിതെളിച്ച സാഹചര്യത്തെയും അതിന്റെ അനന്തരഫലങ്ങളെയുംകുറിച്ചാണ്. ഞാൻ അനുഭവിച്ച ഏറ്റവും വലിയ ദുഃഖംതന്നെയായിരുന്നു അത്. ടെക്‌നോളജിയിലും ആശയവിനിമയത്തിലും മിടുക്കനായ ഒരു ഇരുപത്തിയഞ്ചുകാരനായിരുന്നു അവൻ. അവനെ നഷ്ടപ്പെട്ടത് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറത്തുള്ള ദുഃഖമാണ്. ആകസ്മികമായ ആ വേർപാടിന്റെ വേദന കാലം മായ്ച്ചു. എന്നാൽ, മനഃസ്താപം ഒരിക്കലും മാറില്ല. ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. എന്റെ മകനെപ്പോലെ സാങ്കേതികവിദ്യയിൽ മിടുക്കരായ, ഈ ലോകത്തെ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക്് എന്റെ പുസ്തകം സമർപ്പിക്കാനുള്ള കാരണവും അതുതന്നെ.

സിനിമാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന റോളുകൾ ഏതൊക്കെയാണ്

‘കച്ചെ ധാഗേ’യിലെ കൊള്ളക്കാരൻ ‘രൂപ’യിലൂടെയാണ് ഞാൻ ബോളിവുഡിൽ താരമാവുന്നത്. ആ സിനിമയിൽ രൂപയുടെ അച്ഛനായി അഭിനയിച്ചതും ഞാൻതന്നെയാണ്. എന്നാൽ, ഇന്ന് മിക്കവരും എന്നെ ഓർക്കുന്നത് ‘ഖൂൻ ഭാരി മാംഗി’ൽ രേഖയുടെ പ്രതിയോഗിയായിരുന്ന ആ കഥാപാത്രത്തിന്റെ പേരിലാണ്. അശുതോഷ് ഗോവാർക്കറിന്റെ ‘മോഹെൻജൊദാരോ’യിലെ മഹം ചക്രവർത്തിയും അക്ബർ ഖാൻ സംവിധാനംചെയ്ത ‘താജ് മഹൽ: ആൻ എറ്റേണൽ ലൗ സ്റ്റോറി’ എന്ന സിനിമയിലെ ഷാജഹാൻ ചക്രവർത്തിയും എനിക്ക് പ്രിയപ്പെട്ട വേഷങ്ങളാണ്. രസകരമായ മറ്റൊരു കാര്യം ലോകത്തിലെ ഏറ്റവും മികച്ച കലാമേളയായ ടോറന്റോ ലൂമിനാറ്റോ ഫെസ്റ്റിവലിൽ ഒരു നാടകത്തിൽ ഞാൻ ഷാജഹാൻ ചക്രവർത്തിയായി അഭിനയിച്ചിട്ടുണ്ട് എന്നതാണ്. അന്ന് കാനഡയിൽ ഞങ്ങളുടെ പര്യടനം ആറാഴ്ച നീണ്ടുനിന്നു. ആ ദിവസങ്ങളിൽ നൂതനമായ ലേസർ പ്രൊജക്ഷൻ ഉപയോഗിച്ച് പശ്ചാത്തലങ്ങൾ മാറ്റവേ, ഇടവേളയില്ലാതെ ഒന്നരമണിക്കൂർ ഞാൻ സ്റ്റേജിൽ അഭിനയിച്ചിട്ടുണ്ട്.

ഒന്നരവർഷത്തോളം, ‘ദ ബോൾഡ് ആൻഡ് ദ ബ്യൂട്ടിഫുൾ’ എന്ന നാടകത്തിൽ ഒമർ എന്ന മൊറോക്കൻ രാജകുമാരനായി വേഷമിട്ട് ലോകമെമ്പാടും സഞ്ചരിച്ച് ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിക്കാൻ എനിക്ക് കഴിഞ്ഞു. മലയാളത്തിൽ ‘അനാർക്കലി’ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ പ്രതിയോഗിയായ എന്റെ കഥാപാത്രം, മികച്ച വില്ലനുള്ള സൈമ അവാർഡ് നേടി. ജിജോ സംവിധാനംചെയ്ത ‘ബൈബിൾ കീ കഹാനിയാം’ എന്ന സീരീസിലെ കുലപതി അബ്രഹാമിലെ ശന്തോകൻ എന്ന കൊള്ളക്കാരന്റെ വേഷവും എനിക്ക് മറക്കാനാവില്ല.

ബോളിവുഡ് നടി പർവീൺ ബാബിയുമായി അടുത്ത ബന്ധമായിരുന്നു. ആ ബന്ധത്തെ ഇപ്പോൾ എങ്ങനെ കാണുന്നു

എന്റെ പുസ്തകത്തിൽ ഒരു അധ്യായംതന്നെ പർവീണിനെക്കുറിച്ചാണ്. യൂറോപ്പിൽ ഞാൻ താരപരിവേഷത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ഞങ്ങൾക്കിടയിൽ കൂടുതൽ അടുപ്പമുണ്ടായിരുന്നത്. അവൾ ബുദ്ധിമതിയും സ്നേഹസമ്പന്നയുമായിരുന്നു. അതുപക്ഷേ, മറ്റുള്ളവർ മനസ്സിലാക്കിയില്ല. പർവീൺ അഭിമുഖീകരിച്ച എല്ലാ പ്രശ്നങ്ങളുടെയും കാരണം അതായിരുന്നു. ഞാൻ അവളുമായി ഗാഢപ്രണയത്തിലായിരുന്നു.

Kabir Bedi
കബീർ ബേദിയും പർവീൺ ബാബിയും റോമിൽ

അതേസമയം, പ്രക്ഷുബ്ധമായ ബന്ധമായിരുന്നു ഞങ്ങളുടേത്. ലോകസിനിമയിൽ ഒരുകൈനോക്കാമെന്ന് ഉറപ്പിച്ച് എന്റെകൂടെ വിദേശത്തേക്ക് വരാൻ അവൾ തയ്യാറായി. അതിനായി ബോളിവുഡ് ഉപേക്ഷിക്കുകപോലും ചെയ്തു. ശന്തോകൻ എന്ന പരമ്പരയുടെ തുടർച്ചയിൽ എനിക്കെതിരേ നിൽക്കുന്ന കേന്ദ്രകഥാപാത്രം ഞാനവർക്ക് തരപ്പെടുത്തിക്കൊടുക്കുകവരെ ചെയ്തു. അവർ ആ പ്രോജക്ട്‌ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത് എന്തിനാണെന്ന് എന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഞങ്ങൾ എന്നത്തേക്കുമായി പ്രണയിക്കാൻ ആഗ്രഹിച്ചു. പക്ഷേ, കൊടുങ്കാറ്റുകൾക്ക് ഞങ്ങളുടെ ചിറകുകളെക്കാൾ ശക്തിയുണ്ടായിരുന്നു.

ഹോളിവുഡ് സിനിമകളിലും ഇറ്റാലിയൻ ടെലിവിഷൻ സീരീസിലുമെല്ലാം മികച്ച നടനെന്ന ഖ്യാതിനേടാൻ താങ്കൾക്ക് കഴിഞ്ഞു. എന്നാൽ, കബീറിന്റെ പ്രതിഭ വേണ്ടത്ര ഉപയോഗിക്കാൻ ഇന്ത്യൻ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നുണ്ടോ

പലർക്കും ആ അഭിപ്രായമുണ്ട്. പക്ഷേ, പല കാര്യങ്ങൾക്കും ഞാൻ ബോളിവുഡിനോട് കടപ്പെട്ടിരിക്കുന്നു. എന്നെ ഒരു പ്രൊഫഷണൽ നടനാക്കിമാറ്റിയതിനും പ്രശസ്തനാക്കിയതിനും ബോളിവുഡിലെ സുഹൃത്തുക്കളോട്് നന്ദിപറയാതെ തരമില്ല. ശന്തോകൻ എന്ന കഥാപാത്രത്തിലേക്കും വിദേശസിനിമകളിലെ എന്റെ നേട്ടങ്ങളിലേക്കും നയിച്ചത് ബോളിവുഡാണ്. മൂന്നുപതിറ്റാണ്ടോളം ഞാൻ ഇന്ത്യയ്ക്കുപുറത്തായിരുന്നു എന്നും ഓർക്കണം. അതിനിടയിലും ‘ഖൂൻ ഭാരി മാംഗ്’പോലുള്ള വലിയ സിനിമകൾക്കായി ഞാൻ തിരിച്ചുവന്നു. ഇനി ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെ സിനിമകളുടെ ജൈത്രയാത്രയ്ക്കിടയിൽ എന്തെല്ലാം സംഭവിക്കുമെന്ന്‌ ആർക്കറിയാം.

സമകാലിക ഇന്ത്യൻസിനിമകളെ, വ്യത്യസ്ത ഭാഷകളിലുള്ള ഇന്ത്യൻ സിനിമകളെക്കുറിച്ച് എന്തുതോന്നുന്നു

മലയാളസിനിമകൾ എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഇരുപത്തഞ്ചുശതമാനം ദേശീയ പുരസ്കാരങ്ങളും മലയാളസിനിമകളാണ് നേടിയിട്ടുള്ളത്. ഒരു അന്താരാഷ്ട്ര ഇന്ത്യൻ എന്ന നിലയിൽ, ഇന്ത്യൻ സിനിമകൾ വിദേശത്ത് ഓളങ്ങൾ സൃഷ്ടിക്കുമ്പോൾ ഞാൻ പുളകംകൊള്ളാറുണ്ട്. 2011-ൽ ‘ആദാമിന്റെ മകൻ അബു’വും 2020-ൽ ‘ജല്ലിക്കെട്ടും’ ഓസ്കറിൽ മികച്ച വിദേശചിത്രവിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ള എൻട്രികളായി വന്നപ്പോൾ ഏറെ ആഹ്ലാദംതോന്നിയിരുന്നു. 1982 മുതൽ ഞാൻ ഓസ്കർ അക്കാദമിയിലെ വോട്ടിങ് അംഗമാണ്. അടുത്തിടെ ‘വൈറ്റ് ടൈഗർ’ നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും വലിയ വിജയമായി. നമ്മുടെ പഴയ സംവിധായകർക്കുപോലും പുതിയ മാധ്യമങ്ങളിലൂടെ പുനർജനിയുണ്ടാവുന്നു. സുധീർ മിശ്രയുടെ ‘സീരിയസ്‌മെൻ’ കണ്ട് ഞാൻ അമ്പരന്നുപോയി. രൺവീർ സിങ്ങിനെപ്പോലുള്ളവർ, അഭിനേതാക്കളുടെ പുതിയ തലമുറയുടെ വരവിനെ വിളംബരംചെയ്യുന്നു. ജയരാജിന്റെ ‘ഒറ്റാൽ’ വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ്.

‘ദി സ്റ്റോറീസ് ഐ മസ്റ്റ് ടെൽ’ എന്ന താങ്കളുടെ ആത്മകഥയ്ക്ക് വളരെ നല്ല പ്രതികരണമാണ് വായനക്കാരിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആത്മകഥ എഴുതിയതിനുപിന്നിലെ പ്രചോദനമെന്താണ്

ഞാൻ ഇപ്പോൾ എന്റെ കഥ പറഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും പറ്റില്ല എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. ആകാംക്ഷാജനകമായ ഉയർച്ചതാഴ്ചകളുള്ള ഗംഭീരമായ ഒരു കഥ എനിക്ക് പറയാനുണ്ടെന്ന ബോധ്യവുമുണ്ടായിരുന്നു. ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ ക്രോസ്സോവർ സിനിമാതാരമായിരുന്നു ഞാൻ. എന്റെ ജീവിതം ഒരർഥത്തിൽ വ്യത്യസ്തവും അസമ്പ്രദായികവും അതിർവരമ്പുകൾ ഭേദിച്ചതുമായിരുന്നു. എന്റെ ബന്ധങ്ങളും അസാധാരണമായിരുന്നു. അതിഗംഭീരമായ ജൈത്രയാത്രകളും അതിദാരുണമായ ക്ലേശങ്ങളും അഴിച്ചുപണികളുമെല്ലാമുണ്ട്. വളരെ രസകരമായി ഇതൊക്കെ എങ്ങനെ പറയാം എന്ന് വർഷങ്ങളോളം ചിന്തിച്ചു. എന്റെ പുസ്തകത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങൾ എന്നെ പ്രകമ്പനംകൊള്ളിക്കുന്നുണ്ട്. അതൊക്കെ ആദ്യപുസ്തകമെഴുതിയ ഒരു എഴുത്തുകാരന്റെ കാതുകൾക്ക് ഉൻമേഷദായകമായ സംഗീതമാണ്.

content highlights : Kabir Bedi interview celebrates 50 years in cinema Protima Gauri Parveen Babi