'ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കും വഴങ്ങുന്ന ഒരു ഏരിയയാണ് ഇത് എന്നെനിക്ക് തെളിയിക്കേണ്ട ആവശ്യകതയുണ്ടായിരുന്നു; എനിക്ക് സ്വയമേ അതിനെയൊന്ന് പുറത്തു കൊണ്ടുവരേണ്ടതുണ്ടായിരുന്നു'. 

ഈ വാക്കുകളില്‍ തെളിയുന്ന ആത്മവിശ്വാസത്തിന്റെ കനല്‍ത്തിളക്കങ്ങളില്‍ കബനിയെന്ന കലാകാരിയെ, അതിലുമുപരി ശക്തമായ ഒരു സ്ത്രീമനസ്സിനെ നമുക്ക് കാണാം. കലാകാരിയെന്ന നിലയിലും സാമൂഹികപ്രവര്‍ത്തകയായും ചിരപരിചിതയാണ് കബനി. 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനി'ലെ വേലക്കാരിയെ അവതരിപ്പിച്ച് ലൈംലൈറ്റില്‍ നില്‍ക്കുകയാണ് കബനിയിപ്പോള്‍. 

കബനി അവതരിപ്പിച്ച ഒരു കഥാപാത്രം സംസാരിച്ചത് ജൈവികവും സ്വാഭാവികവുമായ ഒരു പ്രത്യേകതയുടെ പേരില്‍ സ്ത്രീസമൂഹം നേരിടേണ്ടി വരുന്ന മാറ്റിനിര്‍ത്തപ്പെടലിന്റെ നേര്‍ക്കാഴ്ചയാണ്. 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമ ചര്‍ച്ചാവിഷമാകുമ്പോള്‍ കബനി അവതരിപ്പിച്ച ഉഷയെന്ന കഥാപാത്രത്തിലൂടെ ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീവിഭാഗം മാത്രമല്ല സമൂഹത്തിന്റെ ഭാഗമായി പോലും അംഗീകരിക്കപ്പെടാത്ത ദളിത് സമൂഹവും കടന്നുവരുന്നു. കബനിയ്ക്ക് സമൂഹത്തോട് സംവദിക്കാനുണ്ടായിരുന്ന വിഷയങ്ങളും ഇതുതന്നെയായതിനാലാവണം ഉഷയുമായി ഇത്രമാത്രം താദാത്മ്യത്തിലെത്താന്‍ കബനിയിലെ കലാകാരിയ്ക്കായത്.

നാടകം, സിനിമ, ജീവിതം...വെവ്വേറെയായി കാണുന്നില്ല

നാടകം ലോകത്തിന്റെ മൊത്തം കലയാണ്. മനുഷ്യനോട് നേരിട്ട് ഇടപെടാനും അവന്റെ ഇമോഷന്‍സ് കൃത്യമായി മനസിലാക്കാനും നാടകത്തോളം വരുന്ന മറ്റൊരു കലയില്ല. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. മനോജ് കാനയുടെ അപാരനീതി എന്ന തെരുവ് നാടകമായിരുന്നു ആദ്യത്തേത്.

കോഴിക്കോട് ബാലുശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റ് ഓഫ് തിയ്യറ്ററിലായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനം. അവിടെ സംഘടിപ്പിച്ച നാടകക്യാമ്പുകളിലൂടെയാണ് നാടകത്തിനപ്പുറത്തേക്ക് അഭിനയം എന്ന കലയെ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഹോസ്റ്റ് ഓഫ് തിയ്യറ്ററിന്റെ ബാനറില്‍ അരങ്ങേറിയ ദ ലൈഫ് ഫെസ്റ്റിവല്‍ ആന്‍ഡ് ഡെത്ത്, ഇന്‍ ഔട്ട് ദ റൂം തുടങ്ങിയ നാടകങ്ങളിലൂടെ നിരവധി ദേശീയ-അന്തര്‍ദേശീയ നാടക ഫെസ്റ്റിവലുകളില്‍ പങ്കെടുക്കാനും നിരവധി നാടകപ്രവര്‍ത്തകരുമായി ഇടപെടാനുമുള്ള അവസരം ലഭിച്ചു.

തെരുവ്നാടകങ്ങള്‍ക്ക് അതിന്റേതായ രാഷ്ട്രീയം പറയാനുണ്ട്. തെരുവുകളിലേക്കിറങ്ങി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറയാനും ധൈര്യത്തോടെ പ്രതിഷേധസ്വരമുയര്‍ത്താനും തെരുവ് നാടകങ്ങള്‍ക്കാവും. കൃത്യമായ സാമൂഹികവിമര്‍ശനത്തിനുള്ള ആയുധമാണ് തെരുവ് നാടകങ്ങള്‍. അത്തരം നാടകങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് നാടകമേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും ജീവിതത്തില്‍ വ്യത്യസ്താനുഭവങ്ങളും നല്‍കി.

നാടകപരിശീലനവും പഠനവും

നാടകത്തെ കുറിച്ച് കൂടുതല്‍ പഠിക്കണം എന്ന ആഗ്രഹമാണ് ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം കബനിയെ വീണ്ടും പഠനത്തിലേക്കെത്തിച്ചത്. കാലടി സര്‍വകലാശാലയില്‍ നാടകകല ഐച്ഛികവിഷയമായി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ് കബനിയിപ്പോള്‍. നാടകം പഠിക്കുന്നത് കഠിനമാണ് എന്ന് നാടകപ്രവര്‍ത്തകന്‍ കൂടിയായ ഭര്‍ത്താവ് കെ വി വിജേഷുള്‍പ്പെടെയുള്ളവരുടെ നിരുത്സാഹപ്പെടുത്തല്‍ കണക്കിലെടുക്കാത്തത് നാടകകലയോടുള്ള മമത കാരണം തന്നെ.  

വിവാഹശേഷം ഭര്‍ത്താവും നാടകപ്രവര്‍ത്തകനുമായ കെ.വി. വിജീഷുമൊത്ത് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്സ്' എന്ന ഗ്രൂപ്പിലൂടെ  വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നാടക പരിശീലനവുമായി എത്താന്‍ കഴിഞ്ഞു. കേരളത്തിലെ നിരവധി കാമ്പസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തെരുവ് നാടകങ്ങളുള്‍പ്പെടെയുള്ളവയില്‍ പരിശീലനം നല്‍കാന്‍ സാധിച്ചുവെന്നത് ഏറെ ആനന്ദവും അഭിമാനവും നല്‍കുന്നതാണെന്ന് കബനി പറയുന്നു.

Kabani Haridas, Vijesh, Saira
കബനി ഭര്‍ത്താവ്  വിജേഷിനും മകള്‍ സൈറയ്ക്കുമൊപ്പം|ഫോട്ടോ: ശംഭു വി.എസ്./ മാതൃഭൂമി 

സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് നാടകമോ അഭിനയമോ പഠിക്കാനുള്ള അവസരം ലഭിക്കാതിരുന്നതിനാല്‍ നാടകം പഠിപ്പിക്കാന്‍ ഒരു തിയ്യറ്റര്‍ സ്‌കൂള്‍ ആരംഭിക്കണമെന്നുള്ള ആഗ്രഹം കൂടിയുള്ളതിനാലാണ് നാടകവിഷയത്തിലെ ഉപരിപഠനത്തിന് ഒരുങ്ങിയതെന്നും കബനി സൂചിപ്പിക്കുന്നു. കൂടാതെ, ഒരു സ്ത്രീയെന്ന നിലയില്‍ ഈ മേഖല വഴങ്ങുമെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നതും നാടക പഠനത്തിന് പ്രോത്സാഹനം നല്‍കി.

നാടകക്കാരികള്‍... നാടകരംഗത്ത് സ്ത്രീകള്‍

നാടകരംഗത്തേക്ക് വരുന്ന സ്ത്രീകളെ രണ്ടാംകിടയായി കാണാനുള്ള പ്രവണതയാണ് പൊതുവെ സമൂഹത്തിനുള്ളത്. വളരെ ദാരിദ്ര്യത്തിൽ കഴിയുകയും ഉപജീവനത്തിനായി കണ്ടെത്തുന്ന മാര്‍ഗമെന്ന നിലയില്‍ നാടകത്തിലിറങ്ങുന്ന സ്ത്രീകളെ വരച്ചുവെച്ച കാഴ്ചയാണ് മലയാളികളുടെ മനസിലുള്ളത്.

പെണ്‍കുട്ടിയായതിനാല്‍ മാത്രം തന്നെ നാടകങ്ങളില്‍ അഭിനയിക്കാന്‍ വിടുന്നതിനെ ബന്ധുക്കളുള്‍പ്പെടെ പലരും തന്റെ അച്ഛനമ്മമാരോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി കബനി ഓര്‍മിക്കുന്നു. അച്ഛന്‍ പി.ടി. ഹരിദാസും അമ്മ പി.ടി. മോളിയും വളരെ പോസിറ്റീവായാണ് അത്തരം പ്രതികരണങ്ങളെ നേരിട്ടതെന്നും മകളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ അമ്മ എപ്പോഴും നാടകയിടങ്ങളിലേക്ക് ഒപ്പം ചെന്നിരുന്നതായും കബനി കൂട്ടിചേര്‍ക്കുന്നു.

എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് ഇന്നത്തെ നാടകമേഖല. കാമ്പസ് നാടകങ്ങള്‍ അതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ക്രിയേറ്റീവായി ചിന്തിക്കുന്ന ധാരാളം പെണ്‍കുട്ടികള്‍ നാടകരംഗത്തേക്ക് കടന്നുവരുന്നു, വളരെ നല്ല മാറ്റം തന്നെയാണത്-കബനി പറയുന്നു.

ഭാഗമായ നാടകങ്ങള്‍ മുന്നോട്ടു വെച്ചത് സ്ത്രീകളുടെ വിഷയങ്ങള്‍

'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' മുതല്‍ സ്ത്രീകളുടെ വിഷയം കൈകാര്യം ചെയ്യുന്ന ധാരാളം നാടകങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. എന്നാല്‍ അക്കാലത്തെ അപേക്ഷിച്ച് തങ്ങള്‍ തളച്ചിടപ്പെടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് സംസാരിക്കാനും അവയില്‍ നിന്ന് പുറത്തേക്ക് വരാനും സ്ത്രീകള്‍ കൂടുതല്‍ ആര്‍ജവം കാണിക്കുന്നു. ആ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നാടകങ്ങള്‍ക്കും സിനിമകള്‍ക്കും കൂടുതല്‍ സ്വീകാര്യത വന്നിട്ടുണ്ട്. 

അരങ്ങിലവതരിപ്പിച്ച 'കൂത്തച്ചി' എന്ന നാടകം പേര് കൊണ്ട് തന്നെ ചര്‍ച്ചാവിഷയമായിരുന്നു. വിജേഷായിരുന്നു സംവിധായകന്‍. ഇടവേളകളില്ലാത്ത, അവധി കിട്ടാത്ത, ശമ്പളമില്ലാത്ത ഒരു ഫാക്ടറിയാണ് സ്ത്രീയെന്ന് വിളിച്ചുപറഞ്ഞ എ. ശാന്തകുമാറിന്റെ ഫാക്ടറി, മികച്ച രണ്ടാമത്തെ നടിയായി സംസ്ഥാനപുരസ്‌കാരം ലഭിച്ച ഗിരീഷ് കളത്തിലിന്റെ എംബ്രിയോ തുടങ്ങി താൻ ഭാഗമായ നാടകങ്ങള്‍ ചര്‍ച്ച ചെയ്തത് സ്ത്രീകളുടെ വിഷമതകളാണ്. സ്ത്രീകേന്ദ്രീകൃതമായ നിരവധി നാടകങ്ങളില്‍ ഭാഗമായതിനാല്‍ അവരുടെ മനസികാവസ്ഥയുമായി കൂടുതല്‍ അടുക്കാനിടയായതായി കബനി പറയുന്നു. 

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും' വേലക്കാരി ഉഷ പ്രതിനിധാനം ചെയ്യുന്ന സമൂഹവിഭാഗവും

പലപ്പോഴും വിളിച്ചു പറയണമെന്ന് ഞാനും ആഗ്രഹിച്ച വിഷയങ്ങള്‍ തന്നെയാണ് സിനിമ മുന്നോട്ടു വെച്ചത്. അതു കൊണ്ടു തന്നെ കഥാപാത്രത്തോട് പ്രത്യേക മമതയുണ്ട്. അടുക്കളകളില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീജന്മവും ആര്‍ത്തവവും ശബരിമല വിഷയവുമെല്ലാം അവയില്‍ പെടുന്നു. സംവിധായകന്റെ കൃത്യമായ പദ്ധതി പ്രകാരമാണ് ഒരു ദളിത് സ്ത്രീയായ വേലക്കാരിയെ കൊണ്ടു തന്നെ ചില സുപ്രധാന കാര്യങ്ങള്‍ പറയിപ്പിച്ചത്. അത് സംവിധായകന്‍ ജിയോ ബേബിയുടെ വിജയമാണെന്ന് കബനി പറയുന്നു. 

പാട്ടുകള്‍ കവനിയുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. നാടകങ്ങളിലും ചിപ്പിയെന്ന സിനിമയിലും കബനി പാടിയിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന പെണ്‍കൂട്ട് എന്ന സംഘടനയിലെ പ്രവര്‍ത്തകയുമാണ് കബനി. ഭര്‍ത്താവ് വിജേഷ് നാടക-സിനിമാ പ്രവര്‍ത്തകനാണ്. മകള്‍ സൈറയും അരങ്ങിലെത്തിക്കഴിഞ്ഞു. പാട്ടും പാടി ജീവിത വ്യഥകള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്ന ഉഷയെ പോലെ, സിനിമയിലെ സംഭാഷണശകലം കടമെടുത്താല്‍ കബനി പൊളിയാണ്. 

Content Highlights: Kabani Haridas The Great Indian Kitchen Movie Actor Interview