പാതിയില്‍ മുറിഞ്ഞ് നിശ്ചലമായ ഒരു സിനിമ പോലെയായിരുന്നു ജോണ്‍ എബ്രഹാമിന്റെ ജീവിതം. സിനിമ എന്ന മഹത്തായ കലാരൂപത്തെ നെഞ്ചോടു ചേര്‍ത്ത ജോണിന്റെ 33-ാം ചരമവാര്‍ഷികമാണ് കടന്നു പോവുന്നത്. നാല്‍പ്പത്തിയൊമ്പതാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ അദ്ദേഹം ബാക്കി വെച്ചത് ഒരു പിടി നല്ല സിനിമകളാണ്. ജോണിന്റെ സുഹൃത്തും, സംവിധായകനുമായ ജോയ് മാത്യു പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ചുള്ള ഓര്‍മകള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു.

ജോണിനെ പറ്റിയൊരു സിനിമ

ജോണ്‍ മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തെ കുറിച്ച് നിരവധി പഠനങ്ങളും ലേഖനങ്ങളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വേറൊരു സംവിധായകനും ഇത്തരത്തിലൊരു സ്വീകാര്യത ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ജോണിന്റെ മാനസികഘടനയും ചിന്താ​ഗതിയുമുള്ള ഒരു സംവിധായകന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. അങ്ങനെയൊരു സിനിമയെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആ സ്വപ്നം എന്നെങ്കിലും നടക്കും. ജോണിനെ പറ്റിയുള്ള ചിത്രത്തെ ബയോപ്പിക്ക് എന്ന് വിളിക്കാന്‍ പറ്റില്ല. അങ്ങനെ വരുകയാണെങ്കില്‍ ജോണിന്റെ ചലനങ്ങള്‍ വരെ പകര്‍ത്തേണ്ടി വരും. അതിലെ കഥാപാത്രം സാക്ഷാൽ ജോൺ എബ്രഹാം  തന്നെയാണോ എന്ന സംശയം പേക്ഷകർക്ക് ഉണ്ടേയേക്കാം. തീര്‍ത്തും സത്യസന്ധമല്ലാത്തൊരു സിനിമ. അങ്ങിനെ പറയുന്നതാണ്  ശരി

വെള്ളിത്തിരയിലെ ജോൺ ആര്?

Joy Mathew actor about Director john abraham Amma ariyan movie Malayalam movies
ജോൺ എബ്രഹാം

അത്തരത്തിലൊരു സിനിമ ചെയ്യുകയാണെങ്കില്‍ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കാനായി മനസിലാരെയും കണ്ടിട്ടില്ല. ഞാനൊരിക്കലും ഒരാളെ മുന്നില്‍ കണ്ട് കൊണ്ട് ഒന്നും എഴുതാറില്ല. നമുക്കുള്ളതൊക്കെ സുന്ദര പുരുഷന്‍മാര്‍ അല്ലേ സൗന്ദര്യമൂര്‍ത്തികള്‍. ഒരു ഇന്റലിജന്റ് മുഖത്തെയാണ് ഈ ചിത്രത്തിന് ആവശ്യം. ആര് അഭിനയിക്കും എന്നതിലുപരി പ്രാധാന്യം പറയുന്ന വിഷയത്തിനല്ലേ?

എന്റെ ജോണ്‍

ജോണ്‍ എനിക്ക് മാതൃകയൊന്നുമല്ല, ഏറ്റവും അടുത്ത സുഹൃത്തെന്നും പറയാന്‍ സാധിക്കില്ല അതൊക്കെ നുണയാണ്. ജോണ്‍ എന്റെ സംവിധായക സുഹൃത്താണെന്ന് പറയാം. അമ്മ അറിയാന്‍ തുടങ്ങിയ സിനിമയുടെ കാലഘട്ടത്തിലൊക്കെ ഒരുമിച്ചായിരുന്നു. ആ സമയത്ത് ഒന്നിച്ചുള്ള ജീവിതത്തില്‍ നമ്മള്‍ വ്യക്തി ബന്ധങ്ങളില്‍ ഇടപെടുമല്ലോ. അത്തരത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

ബയോപ്പിക്കില്‍  വിശ്വസിക്കുന്നില്ല

ബയോപിക്കില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം മരിച്ചു പോയ ഒരാളെ മേക്കപ്പെല്ലാം ചെയ്ത് വേറെയൊരാള്‍ പുനരവതരിപ്പിക്കുന്നതില്‍ ഔചിത്യമില്ല. നേരെ മറിച്ച് ആ വ്യക്തിയുടെ മാനസിക വ്യാപാരങ്ങള്‍, ചിന്തകള്‍, സ്വപ്‌നങ്ങള്‍, നമുക്ക് അറിയില്ല അദ്ദേഹം എന്തെല്ലാമാണ് സ്വപ്‌നം കണ്ടതെന്ന്. അത്തരത്തിലുള്ള സിനിമ ചെയ്യുന്നതിനോടാണ് എനിക്ക് താത്പര്യം.

ഗാന്ധിയെക്കുറിച്ചും ചങ്ങമ്പുഴയെക്കുറിച്ചും അങ്ങനെ നിരവധി ബയോപിക്കുകള്‍ വരുന്നുണ്ട്. അത്തരത്തിലുള്ളതല്ലൊം തൊലിപുറമേയുള്ളത് മാത്രമാണ്. ആഴങ്ങളിലേക്ക് ഇറങ്ങി പോയി ആ വ്യക്തി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെയാണ് പകർത്തേണ്ടത്. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും അത്.

Joy Mathew actor about Director john abraham Amma ariyan movie Malayalam movies
അമ്മ അറിയാനിൽ ജോയ് മാത്യു

എനിക്ക് ജോണുമൊന്നിച്ചുള്ള സംഘര്‍ഷദിനങ്ങളുണ്ട്, ആനന്ദ ദിനങ്ങളുണ്ട്. ഇതൊന്നും ഒരു ലേഖനത്തില്‍ ഒതുക്കുന്നതും ശരിയല്ല. ജോണിനെ ഇന്നേ വരെ കാണാത്തവരും അറിയാത്തവരും ഇപ്പോള്‍ ജോണിനെക്കുറിച്ചെഴുതി പുസ്തകമാക്കി കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ എനിക്ക് തന്നെ പല അനുഭവങ്ങളുണ്ടായിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ജോണിന്റെ സുഹൃത്തുക്കളാണെന്ന വാദവുമായി കുറച്ച് പേര്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന്റെ അടുക്കല്‍ പ്രതിമ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു. ഞാന്‍ പറഞ്ഞു പക്ഷികള്‍ക്ക് കാഷ്ടിക്കാനായി എന്തിനാണ് അത്തരത്തിലൊരു പ്രതിമ? മാത്രല്ല ജോണ്‍ തന്നെ ശവക്കുഴിയല്‍ നിന്ന് എണീറ്റ് വന്ന് ആ പ്രതിമ തല്ലി പൊളിക്കുമെന്ന്.

സിനിമ പ്രദര്‍ശനത്തിന് ഒരു വിപ്ലവ ബദല്‍ രൂപം രൂപികരിച്ചു

ആ സിനിമയുടെ സ്വീകാര്യതയെ പറ്റി അദ്ദേഹം വളരെയധികം ബോധാവാനായിരുന്നു അത് കൊണ്ടാണ് ഒഡേസ എന്നൊരു സംഘടന രൂപികരിച്ചത്. സിനിമയെ ഒരു വ്യവസായമായി കാണുന്ന സമൂഹമാണ് നമ്മുടേത്. എന്ന് വെച്ചാല്‍ സിനിമയില്‍ നിന്ന് വിനോദ നികുതി സര്‍ക്കാര്‍ വാങ്ങിക്കുന്നുണ്ട്. വിനോദമെന്നത് മനുഷ്യന് സൗജന്യമായി ലഭിക്കേണ്ടതാണല്ലോ.. അപ്പോള്‍ വിനോദ നികുതി എന്ന പേരില്‍ സര്‍ക്കാര്‍ വാങ്ങിക്കുമ്പോള്‍ തന്നെ അതൊരു ഉപഭോഗ വസ്തുവായി. അപ്പോള്‍ അവിടെ സാമ്പത്തിക ഘടകം വന്നു അപ്പോള്‍ അത് നിയന്ത്രിക്കാനായി ഒരു കൂട്ടരുണ്ടാവും. അതാണ് വിതരണക്കാരും, തിയേറ്ററുകാരും.

വിതരണക്കാരായവരുടെ ഫോര്‍മുലയാണ് അത് വരെ സിനിമയില്‍ ഉപയോഗിച്ചിരുന്നത്. സിനിമയുടെ ഘടനയെ അവര്‍ സ്വാധിനിച്ചിരുന്നു. അത്തരത്തിലൊരു ഘടനയെ പൊളിക്കുക എന്ന വിപ്ലവകരമായ കാര്യമാണ് ജോണ്‍ ചെയ്തത്. ഡിസ്ട്രിബ്യൂട്ടര്‍ എന്നൊരാളെ മാറ്റി നിര്‍ത്തിയിട്ട് സ്വന്തമായി സ്‌ക്രീനിങ്ങ് തുടങ്ങി. 16 എം.എം പ്രിന്ററെല്ലാം വെച്ച് നിരവധി സ്ഥലങ്ങളില്‍ സിനിമ പ്രദര്‍ശനം നടത്തിയിരുന്നു. അന്ന് ഇത്തരത്തുള്ള സൊസൈറ്റി വളരെ സജീവമായിരുന്നു. സൗജന്യമായി വിനോദം എന്ന രീതി ജോണ്‍ കൊണ്ടുവന്നു. അത്തരത്തിലൊരു നെറ്റ്‌വര്‍ക്ക് തീര്‍ത്തു. ഇന്നും തിയേറ്ററുകളില്ലാതെ ഓടിയ സിനിമയാണ് അമ്മ അറിയാന്‍. യൂട്യൂബിലടക്കം ഇപ്പോഴും അത് ഓടി കൊണ്ടിരിക്കുന്നു. സംഘടനപരമായ പ്രശ്‌നങ്ങള്‍ കാരണം ആ സംഘടന ഇല്ലാതായി. കളക്ടീവ് പിന്നീട് ഉണ്ടായിരുന്നു .എന്നാല്‍ പ്രദര്‍ശനശാലകള്‍ ഇല്ലാതായി. ഇപ്പോള്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ അത് ആവശ്യവുമില്ല.

അഗ്രഹാരത്തില്‍ കഴുത

john Abraham
അ​ഗ്രഹാരത്തിലെ കഴുതയിൽ നിന്നുള്ള ദൃശ്യം

അഗ്രഹാരത്തില്‍ കഴുതയാണ് ജോണിന് ഇഷ്ടപ്പെട്ട സിനിമ. അഗ്രഹാരത്തില്‍ കഴുത ഈ സെന്‍സറിങ്ങ് സീമകളെയൊക്കെ കവച്ചു വെച്ചു കൊണ്ട് നല്ലൊരു സന്ദേശം സമൂഹത്തിന് നല്‍കുന്ന സിനിമയാണ്. ജോണിന്റെ എല്ലാ സിനിമകളിലും അടിസ്ഥാന വര്‍ഗത്തിന്റെ വിമോചനം സ്വപ്‌നം കാണുന്നുണ്ട്. സമൂഹത്തില്‍ ഏറ്റവും താഴെ തട്ടില്‍ കിടക്കുന്ന അല്ലെങ്കില്‍ ഇടത്തരകാരന്റെ സാമൂഹികവും മാനസികവും ഭൗതികവുമായ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം വേണമെന്നുള്ളതാണ് ജോണിന്റെ ആത്യന്തികമായ ആഗ്രഹം.

ആ സിനിമയക്ക് പിന്നില്‍ വലിയൊരു വേദനയുണ്ട്.  ആ സിനിമ എടുത്ത് പൂര്‍ത്തികരിക്കാനായി അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ചിത്രത്തിന് വേണ്ടി കഴുതയുടെ തലയോട് വേണമെന്നും അതിന് വേണ്ടി കുറേ അന്വേഷിച്ചു നടന്നു. ഒരാഴ്ച്ച മുന്‍പ് ചത്ത് പോയൊരു കഴുതയുടെ തലയോട് തപ്പിയെടുത്ത് കൊണ്ട് വന്ന് അദ്ദേഹം തന്നെ വ്യത്തിയാക്കി ഉണക്കിയെടുത്തു. പിന്നെ പണമില്ലാത്തതിന്റെ പേരില്‍ ചിത്രം മുടങ്ങി പോയി. ഒരു കുട്ടികഥ പോലെ മനോഹരമായൊന്നാണ് അഗ്രഹാരത്തില്‍ കഴുത. ആര്‍ക്കും മനസിലാക്കാവുന്ന സിനിമയാണ്. അങ്ങനെയൊരു കലാസൃഷ്ടിയുണ്ടാക്കാനാണ് പ്രയാസം. ബുദ്ധിജീവി സിനിമയുണ്ടാക്കാന്‍ എളുപ്പമാണ് നിങ്ങള്‍ക്ക് മനസിലാകാത്ത കുറേ ഡയലോഗ് കുത്തിതിരുകിയാല്‍ മതിയാവും . തെക്കും വടക്കും നായകന്‍ നടക്കുന്നു അല്ലെങ്കില്‍ നായിക നടക്കുന്നു അങ്ങനെയെല്ലാം മതി. ഇത് വളരെ ഗഹനമായ സബ്ജക്റ്റാണ് പക്ഷേ വളരെ ലളിതമായ രീതിയിലാണ് പറഞ്ഞ് വെച്ചിരിക്കുന്നത്.

തിരക്കഥയെ പറ്റി കൃത്യമായ ബോധമുള്ള വ്യക്തി

Joy Mathew actor about Director john abraham Amma ariyan movie Malayalam movies
ജോയ് മാത്യു

തിരക്കഥയെഴുതില്ല എന്നൊക്കെയുളളത് വെറുതെ പറയുന്നതാണ്. ജോണ്‍ എഴുതിയ മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ച് നോക്കിയ ആളാണ് ഞാന്‍. ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹം തിരക്കഥ നോക്കാറില്ല. കാരണം ആ തിരക്കഥ വളരെ വ്യക്തമായി അദ്ദേഹത്തിന്റെ മനസിലുണ്ടാവും. സ്വാഭാവികമായും ഇംപ്രവൈസേഷനുകളുണ്ടാവും അത് ഏത് കഴിവുള്ള സംവിധായകനും ചെയ്യുന്ന കാര്യമാണ്. എനിക്കൊരു സബജ്ക്റ്റ് മനസ്സില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് പിന്നെ തിരക്കഥ നോക്കേണ്ട കാര്യമില്ല.

നടക്കാതെ പോയ ചിത്രങ്ങള്‍

എല്ലാ കലാകാരന്മാര്‍ക്കും നടക്കാതെ പോയ ഒരുപാട് പ്രോജക്റ്റുകളുണ്ടാവും അത്തരത്തില്‍ ജോണിനും ഒരുപാട് നടക്കാതെ പോയ പ്രോജക്റ്റുകളുണ്ടായിരുന്നു. ജോണ്‍ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു ജോസഫ് ഒരു പുരോഹിതന്‍ എന്ന സിനിമയെടുക്കണം, നന്മയില്‍ ഗോപാലന്‍, നാടുഗദ്ദിക, കയ്യൂര്‍ അതൊക്കെ ജോണിന്റെ നടക്കാതെ പോയ സ്വപ്‌നങ്ങളാണ്.

Content Highlights: Joy Mathew actor Interview Director john abraham on 33th death anniversary, Amma ariyan, agraharathil kazhuthai movie