ക്രിസ്മസ് കഴിഞ്ഞു. പുതുവർഷാഘോഷം കഴിഞ്ഞു. സിനിമാസമരവും കഴിഞ്ഞു. നോക്കി നോക്കി കാത്തു നിന്നശേഷം  ജോമോൻ എത്തുകയാണ്. സത്യൻ അന്തിക്കാടിന്റെ അമ്പത്തിയഞ്ചാമത്തെ ചിത്രം. പലകുറി മമ്മൂട്ടിയെ നായകനാക്കിയ സത്യന്റെ ഇക്കുറിയെത്തുന്നത് മമ്മൂട്ടിയുടെ മകനുമൊത്ത്. പഴയ തലമുറക്കാരൻ സത്യൻ അന്തിക്കാടും പുതിയ തലമുറക്കാരൻ ദുൽഖറും ചേരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയ്ക്ക്, അര സെഞ്ചുറി തികച്ച ചിത്രങ്ങൾ കൊണ്ട് ഇതുവരെ ആരെയും നിരാശപ്പെടുത്തിയിട്ടില്ല ഈ അന്തിക്കാട്ടുകാരൻ. നഗരവാസിയായ ഒരു കുരുത്തംകെട്ട പയ്യന്റെ കൈ പിടിച്ച് ഗ്രാമീണനായ സത്യൻ അന്തിക്കാടിന് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. ജോമോന്റെ സുവിശേഷങ്ങൾ എന്ന പുതിയ ചിത്രത്തിന്റെ പ്രതീക്ഷകളെക്കുറിച്ച്, സിനിമ വന്ന വഴികളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുകയാണ് അദ്ദേഹം.

വലിയ ഒരു സമരത്തിന് ശേഷം ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളിലേക്ക് . എന്തു തോന്നുന്നു?

സിനിമയുടെ ചരിത്രത്തിലെ ഒരപൂര്‍വ സമരത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. അനാവശ്യമായി ഒരു പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു അത്. ജോമോന്റെ സുവിശേഷങ്ങള്‍ ക്രിസ്മസിന് എത്തേണ്ടതായിരുന്നു. ഒരുവിഭാഗം പ്രേക്ഷകര്‍ ഈ ചിത്രത്തിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഒരു ഗാനമുണ്ട്. നോക്കി നോക്കി നോക്കി നിന്നു... കാത്തു കാത്തു കാത്തു നിന്നു... അതുപോലെ പലരും കുറേ നാളുകളായി ജോമോനെ നോക്കി കാത്തിരിക്കുകയാണ്. 

ആരാണ് ജോമോന്‍....?

ചുരുക്കത്തില്‍ പറഞ്ഞാല്‍ നല്ല കുരുത്തക്കേടും ഉത്തരവാദിത്വമില്ലായ്മയുമുള്ള യുവാവാണ് ജോമോന്‍. പഠിത്തത്തില്‍ ഉഴപ്പൻ. പെമ്പിള്ളേർക്ക് മുമ്പില്‍ ആളാവാന്‍ അല്ലറ ചില്ലറ വിദ്യകളൊക്കെ കൈയിലുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അയാള്‍ തന്റെ കഴിവ് തിരിച്ചറിയുന്നു. ജോമോന്‍ നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം യുവാക്കളെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്റെ ഒരംശം കൂടി ജോമോനിലുണ്ടെന്ന് കരുതിക്കോളൂ. കൂടുതല്‍ കാര്യങ്ങള്‍ കണ്ടറിയാം.

ജോമോനാകാന്‍ ദുല്‍ഖറിനെ തിരഞ്ഞെടുക്കാന്‍ കാരണം?

മമ്മൂട്ടിയുടെ കുടുംബവുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ ദുല്‍ഖറി അറിയാം. ദുല്‍ഖറിന്റെ പല ചിത്രങ്ങളും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. ഉസ്താദ് ഹോട്ടലും ചാര്‍ലിയും ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്. യുവാക്കളില്‍ ഒരു വലിയ വിഭാഗം ദുല്‍ഖറിനെ സ്‌നേഹിക്കുന്നവരാണ്. എങ്കിലും ബോധപൂര്‍വം ദുല്‍ഖറിനെ തിരഞ്ഞെടുത്തതായിരുന്നില്ല.

Sathyan Anthikkad

ചര്‍ച്ചക്കിടയില്‍ ഇക്ബാല്‍ കുറ്റിപ്പുറമാണ് അച്ഛന്‍-മകന്‍ ബന്ധം പശ്ചാത്തലമാക്കി വീണ്ടും ഒരു ചിത്രമെടുക്കുന്നതിന് സാധ്യതയുണ്ടെന്ന് പറയുന്നത്. മകന്റെ കഥാപാത്രം ദുല്‍ഖറിന് ചേരുമെന്ന് തോന്നി. ഇതുവരെ കാണാത്ത ഒരു ദുല്‍ഖറിനെയാകും ജോമോന്റെ സുവിശേഷങ്ങളിലൂടെ നിങ്ങള്‍ പരിചയപ്പെടാന്‍ പോകുന്നത്. എന്റെ എല്ലാ നായകന്മാരെയും പോലെ തന്നെ ജോമോനും നിഷ്‌കളങ്കനാണ്. എന്റെ എല്ലാ സിനിമകളെപ്പോലെ തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിച്ച് കാണാവുന്ന ചിത്രമാണിത്. 

മുകേഷ്-ദുല്‍ഖര്‍ രസതന്ത്രത്തെ കുറിച്ച്?

Mukesh and Dulquer

മുകേഷ് ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണിത്. എട്ടന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നായകന്റെ അച്ഛനായി അഭിനയിച്ചിട്ടില്ല. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ മുകേഷ് ഒരു മടിയും കൂടാതെ ചെയ്യാമെന്നേറ്റു. 'ഇത്രയും കാലം ഏട്ടന്‍ എന്ന് വിളിച്ചവരെ കൊണ്ട് അങ്കിള്‍ എന്ന് വിളിപ്പിക്കുമല്ലേ... എന്ന് മുകേഷ് എന്നോട് തമാശയായി ചോദിച്ചിരുന്നു. മുകേഷിന്റെയും ദുല്‍ഖറിന്റെയും അച്ഛന്‍- മകന്‍ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരനുഭവമായിരിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. 

അച്ഛന്‍- മകന്‍ ബന്ധങ്ങള്‍ താങ്കളുടെ സിനിമകളില്‍ ഇതിലും മുന്‍പ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മനസ്സിനക്കരെ, രസതന്ത്രം എന്നിങ്ങനെ പോകുന്നു. ഇതില്‍ നിന്നും എത്രത്തോളം വ്യത്യസ്തമായിക്കും ജോമോന്‍?

എന്റെ എല്ലാ സിനിമകളിലും അച്ഛന്‍-മകന്‍ ബന്ധം സൗഹൃദാന്തരീക്ഷത്തിലാണ് പറയാറുള്ളത്. ഈ വിഷയം കാലഹരണപ്പെടുന്നില്ല. കാലം എത്ര പോയാലും ബന്ധങ്ങളുടെ ഊഷ്മളത നശിക്കുന്നില്ല. അതിപ്പോള്‍ അച്ഛന്‍- മകള്‍, അമ്മ- മകള്‍, അമ്മ-മകന്‍ അങ്ങിനെ ഏതു തരത്തിലും ആകാം. മുകേഷിന്റെ കഥാപാത്രത്തിന് ഒരു മകന്‍ മാത്രമല്ല ഒരുപാട് മക്കളുണ്ട്. അതില്‍ ഒന്നും കൊള്ളാത്തവനായി എല്ലാവരും വിലയിരുത്തിയിട്ടുള്ള ജോമോനുമായി അയാള്‍ക്കുണ്ടാകുന്ന ഒരു ആത്മബന്ധമുണ്ട്. ഈ ചിത്രത്തിന്റെ ആത്മാവും അതു തന്നെ. 

താങ്കളുടെ സിനിമയില്‍ സ്ഥിരസാനിധ്യമായിരുന്ന ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കരമന ജനാര്‍ദ്ദനന്‍ എന്നിങ്ങനെയുള്ള പ്രതിഭകള്‍ ഇന്നില്ല. പുതിയ കാലത്ത് ഈ അസാന്നിധ്യങ്ങള്‍ എത്രത്തോളം വെല്ലുവിളിയുയര്‍ത്തുന്നു?

Ponmuttayidunna tharavu
പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ഒരു രംഗം

അവരുടെ അസാന്നിധ്യം വെല്ലുവിളി തന്നെ. എന്നാല്‍ മരണം അനിവാര്യമാണല്ലോ. നാം അത് അംഗീകരിച്ചേ പറ്റൂ. ഇടത്തരം കുടുംബങ്ങളുടെ ജീവിതമാണ് എന്റെ സിനിമകള്‍ പറഞ്ഞിട്ടുള്ളത്. അവര്‍ക്കു പകരമല്ലെങ്കിലും പുതിയ തലമുറയെ കണ്ടെത്തി കൊണ്ടുവരിക എന്നത് ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്റെ ചുമതലയാണ്. നിലവിലുള്ളവരുടെ പ്രതിഭ കണ്ടെത്തി അവരെ കഥാപാത്രമാക്കുക എന്നതാണ് എന്റെ രീതി. 

ചാന്‍സ് ചോദിച്ചു വരുന്നവരേക്കാള്‍ നാം അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന പലരിലുമായിരിക്കും ഒരു നല്ല കഥാപാത്രം ഒളിഞ്ഞുകിടക്കുന്നത്. ഉദാഹരണത്തിന് ജോമോന്റെ സുവിശേഷങ്ങളില്‍ പള്ളിയിലെ ഒരു രംഗമുണ്ട്. ആ പള്ളിയില്‍ വച്ച് ഞാന്‍ ഒരു കപ്യാരെ കണ്ടു. അയാളില്‍ ഏതോ ഒരു കഥാപാത്രം ഒളിച്ചിരുപ്പുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ജോമോന്‍ കുര്‍ബാനയ്ക്കിടയില്‍ അനവസരത്തില്‍ ആമേന്‍ എന്ന് പറയുന്ന രംഗത്തില്‍ അടുത്തിരിക്കുന്ന ഒരാള്‍ രൂക്ഷമായി നോക്കുന്നത് ട്രെയിലറില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അത് അവിടുത്തെ കപ്യാരാണ്. 

താങ്കളുടെ തലമുറയില്‍പ്പെട്ട പല സംവിധായകരും ഇന്ന് സിനിമയില്‍ സജീവമല്ല. എന്നാല്‍ താങ്കള്‍ വര്‍ഷംതോറും സിനിമയെടുക്കുന്നു, വിജയിക്കുന്നു. പുതിയ തലമുറയ്‌ക്കൊപ്പം സഞ്ചരിക്കുന്നു...? 

അടിസ്ഥാനപരമായി സംവിധായകന്‍ ആണെങ്കിലും ഒരു സിനിമ പൂര്‍ത്തിയാക്കിക്കഴിഞ്ഞാൽ ഞാന്‍ കൂടുതല്‍ സമയം ഒരു പ്രേക്ഷകനാകും. ഒരു കാഴ്ചക്കാരനായി നില്‍ക്കും. പുതിയ തലമുറയ്ക്കൊപ്പം സഞ്ചരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഉദാഹരണത്തിന്, മമ്മൂട്ടി എന്റെ സുഹൃത്താണ്. ദുല്‍ഖറിനെ എന്റെ സുഹൃത്തിന്റെ മകനെന്ന് പറയാം. പക്ഷെ ഇവിടെ ദുല്‍ഖറും എന്റെ സുഹൃത്താണ്. ഇന്നത്തെ തലമുറയ്ക്ക് വേണ്ടതെന്താണെന്ന് ഒരു പരിധിവരെ നീരീക്ഷിച്ച് മനസ്സിലാക്കുന്നുണ്ട്. പുതിയ തലമുറയെടുക്കുന്ന ചിത്രങ്ങള്‍ ആവേശത്തോടെ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകനാണ് ഞാന്‍. ആക്ഷന്‍ ഹീറോ ബിജുവും മഹേഷിന്റെ പ്രതികാരവുമെല്ലാം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. എബ്രിഡ് ഷൈനെയും ദിലീഷ് പോത്തനെയുമെല്ലാം അഭിനന്ദിച്ചിരുന്നു. പരസ്പരം ആരോഗ്യകരമായ മത്സരം ഉണ്ടാകുന്നത് നല്ലതാണ്.