വിശ്വസിക്കാൻ പ്രയാസമാവും. പക്ഷേ, അതാണ് സത്യം. ഇരുപത്തിമൂന്ന് വര്‍ഷമായി ജോജു ജോര്‍ജ് എന്ന നടന്‍ മലയാള സിനിമാ മേഖലയിലുണ്ട്. ഈ കാലയളവിനുള്ളില്‍ ഈ നടനെ അടയാളപ്പെടുത്തിയ സിനിമകള്‍ വന്ന് തുടങ്ങിയത് ഏതാണ്ട് ഒരു അഞ്ച് വര്‍ഷം മുന്‍പ് മുതൽ മാത്രമാണ്. ഇക്കാലം കൊണ്ട് തന്നെ വേറിട്ട വേഷങ്ങള്‍ കൊണ്ട് മലയാളികളെ കൈയിലെടുക്കാൻ ജോജുവിന് കഴിഞ്ഞു.

ഹാസ്യനടനായി, വില്ലനായി, സ്വഭാവ നടനായി, ഇപ്പോഴിതാ കാത്തിരിപ്പിനൊടുവി നായകനുമായി. പിന്നെ തരക്കേടില്ലാത്ത ഗായകനുമായി. എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫ് എന്ന ചിത്രത്തിലാണ് ജോജുവിന്റെ നായകവേഷത്തിലെ അരങ്ങേറ്റം.

കരിയറിലെ ഏറ്റവും മികച്ചത് എന്ന് അവകാശപ്പെടാവുന്ന ജോസഫ് എന്ന ടൈറ്റില്‍ കഥാപാത്രത്തെക്കുറിച്ച്, ജോസഫ് ഉയര്‍ത്തിയ വെല്ലുവിളികളെക്കുറിച്ച്, ചിത്രം നല്‍കുന്ന പ്രതീക്ഷകളെക്കുറിച്ച്, ചിത്രത്തിന് വേണ്ടി ഗായകനായതിനെക്കുറിച്ച് ജോജു മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുന്നു. 

ജോസഫ് പോലൊന്ന് ഇനി എനിക്ക് കിട്ടുമോ എന്നറിയില്ല

ഇതൊരു ഫാമിലി ക്രൈം ത്രില്ലര്‍ സിനിമയാണ്. വളരെ പുതുമയുള്ള ഒന്ന്.  ഒരു റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് എന്റേത്. ജോസഫ് എന്ന ടൈറ്റില്‍ കഥാപാത്രം. ഈ വ്യക്തി ഒരു കേസ് അന്വേഷിച്ച് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ കാതല്‍. പക്ഷേ, അങ്ങനെ ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്താവുന്ന ഒന്നല്ല താനും. വളരെ വൈകാരികമായ, സംഗീതാത്മകമായ ത്രില്ലിങ്ങായ ഒരു ചിത്രം.

ജോസഫിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഒരു യഥാര്‍ഥ പോലീസുകാരനാണ്. വളരെ ബ്രില്ല്യന്റായ തിരക്കഥയാണ്. യഥാര്‍ഥമായ ഒരു കുറ്റാന്വേഷണത്തെക്കുറിച്ചുള്ള കഥയാണ് ഇത്. ഒരു റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനാണ് ഇവിടെ കേസ് അന്വേഷിക്കുന്നത്. എന്നാല്‍, വളരെ ഇമോഷണലായ ഒരു അന്വേഷണമാണ് അത്. നിരവധി കഥാപാത്രങ്ങളുള്ള സിനിമയാണ്. എന്നെ  സംബന്ധിച്ചിടത്തോളം ഇതിലും നല്ലൊരു കഥാപാത്രം എനിക്ക് കിട്ടുമോ എന്ന് തന്നെ സംശയമാണ്. 

എല്ലാമുണ്ട് ഈ ചിത്രത്തിൽ. അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടുനടക്കുന്ന ഏതൊരാളെയും തൃപ്തിപ്പെടുത്തുന്ന റോളാണ് ജോസഫിലേത്. അത് ആവശ്യപ്പെടുന്ന പോലെ ഞാന്‍ അഭിനയിച്ചോ എന്ന് എനിക്കറിയില്ല. പക്ഷേ, ഞാന്‍ എന്റെ മാക്‌സിമം ഈ കഥാപാത്രത്തിന് വേണ്ടി നല്‍കിയിട്ടുണ്ട്.  ആദ്യമായി ഒരു കഥാപാത്രം ചെയ്യുന്നതിന് വേണ്ടി ഞാനെന്റെ ഗുരുസ്ഥാനത്ത് കാണുന്നവരുടെ അടുത്ത് പോയി സംസാരിക്കുകയും എങ്ങനെ ചെയ്യണമെന്ന് ചര്‍ച്ച ചെയ്യുകയും നിരീക്ഷണം നടത്തുകയുമൊക്കെ ചെയ്തിരുന്നു. കഥാപാത്രത്തിന്റെ പ്രായം വച്ച് എന്റെ അച്ഛനെ തന്നെയാണ് ഞാന്‍ കൂടുതല്‍ നോക്കിയത്.

ജോസഫ് ഉയര്‍ത്തുന്ന വെല്ലുവിളി

എന്നെപോലെ വലിയ കഥാപാത്രങ്ങള്‍ അധികം ചെയ്യാത്ത, ചെറിയ, ലൈറ്റായ  കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ജോസഫ് വലിയ വെല്ലുവിളി തന്നെയാണ്. വലിയ നടന്‍മാര്‍ ചെയ്യേണ്ട റോളാണ് പപ്പേട്ടന്‍ (സംവിധായകന്‍ പത്മകുമാര്‍) എനിക്ക് തന്നത്. അതില്‍ പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട്. ഇനി എനിക്ക് ഇതുപോലത്തെ വേഷം കിട്ടുമോ എന്ന് പറയാനാവില്ല. അത്രയധികം ഡെപ്തുള്ള കഥാപാത്രമാണ് ജോസഫ്.

ഞാനെന്ന ഗായകന്‍, അത് സംഭവിച്ചുപോയതാണ്

ആ പാട്ട് അത് സംഭവിച്ച് പോയതാണ്. ഞങ്ങള്‍  ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മുടെ സെറ്റിലെ ഒരു സുഹൃത്ത് മൂളിപ്പാട്ട് പോലെ പാടിക്കേട്ടതാണ് 'പാടവരമ്പത്തിലൂടെ' എന്ന് തുടങ്ങുന്ന പാട്ട്. എനിക്കത് രസകരമായി തോന്നി.  അവനെക്കൊണ്ട് പാടിച്ച് ഞാന്‍ എന്റെ ഫോണില്‍ റെക്കോഡ് ചെയ്ത് ഭാര്യയ്ക്ക് അയച്ചു കൊടുത്തു. എന്റെ മോള്‍ നന്നായി പാടും. ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അവള്‍ ആ പാട്ട് എന്നെ പാടിക്കേള്‍പ്പിച്ചു. രണ്ടു വര്‍ഷം മുന്‍പ് നടന്ന കാര്യമാണ്. പിന്നെ ഇടക്കിടയ്ക്ക് അവള്‍ ഈ പാട്ട് വീട്ടില്‍ പാടാറുണ്ട്. അങ്ങനെ ജോസഫിന്റെ ചര്‍ച്ച വന്ന സമയത്ത് ഇങ്ങനെ ഒരു സീനില്‍ ഒരു പാട്ട് വേണമെന്ന ആവശ്യം പറഞ്ഞപ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ച് പറഞ്ഞു. അത് എല്ലാവര്‍ക്കും ഇഷ്ടമായി. മോള്‍ പാടുന്നത് കേട്ട് ഞാനും പടിച്ചിരുന്നു. 

ജോസഫിന്റെ സംഗീതവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത് ഭാഗ്യരാജ് എന്ന പാലക്കാട്ടുകാരനാണ്. ആൾ മുന്‍പ്  ഈ പാട്ട് പാടി യൂട്യൂബില്‍ ഇട്ടിരുന്നു. അന്ന് ആയിരം പേര്‍ പോലും കണ്ടിരുന്നില്ല അത്. ഞാന്‍ അതുകണ്ട് ഭാഗ്യരാജിനെ വിളിച്ചപ്പോള്‍ എന്തിനാണ് ആളെ കളിയാക്കുന്നത്. ജീവിച്ച് പൊയ്‌ക്കോട്ടെ എന്നാണ് ഭാഗ്യരാജ് പറഞ്ഞത്. ജോജു ആണെന്ന് പറഞ്ഞിട്ട് പോലും വിശ്വസിച്ചില്ല. കളിയാക്കാന്‍ ആരോ വിളിച്ചതാണെന്നാണ് കരുതിയത്. പിന്നെ ഈ നമ്പര്‍ എന്റേതാണെന്ന് മനസിലായപ്പോള്‍ വിളിച്ച് സോറിയൊക്കെ പറഞ്ഞു. അപ്പോള്‍ തന്നെ ബസ് പിടിച്ച് എന്നെ കാണാന്‍ വന്നു. ഈ പാട്ട് ഇഷ്ടമായെന്നും ഇത് സിനിമയിലെടുക്കാമെന്നും ഞാന്‍ തന്നെ പാടാമെന്നും പറഞ്ഞപ്പോള്‍ ആള്‍ക്ക് വലിയ സന്തോഷമായി. അങ്ങനെയാണ് ഞാന്‍ ഗായകനാകുന്നത്. അത് സംഭവിച്ചു പോയതാണ്.

ഒരിക്കലും എന്നെ ഒരു ഗായകനായി കാണാന്‍ പറ്റില്ല. രണ്ട് വര്‍ഷമായി ഞാന്‍ കേള്‍ക്കുന്ന പാട്ടായത് കൊണ്ടാണ് എനിക്കിത്രയെങ്കിലും പാടാനായത്. അതിന്റെ ഒറിജിനല്‍ ഇതിലും രസകരമാണ്. മോള്‍ പക്ഷെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. അവള്‍ക്ക് ഇഷ്ടമാണ് ഞാന്‍ പാടുന്നത്. 

ഇതൊക്കെ ഒരു പ്ലാനും ഇല്ലാതെ നടന്നതാണ്

എനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. ഈ മൂന്നു പേരെയും ഞാന്‍ തിരഞ്ഞെടുത്താണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ? അതുപോലെയാണ്  എന്റെ സിനിമയും. എന്റെ കാര്യങ്ങളൊക്കെ ഒരു പ്ലാനും ഇല്ലാതെ നടന്നുപോയതാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത, എട്ട് മണി കഴിഞ്ഞാല്‍ ബസ് ഓടാത്ത ഒരു നാട്ടില്‍ നിന്ന് ഞാന്‍ ഇവിടെ വരെ എത്തി. എനിക്ക് സിനിമയുമായി ഒട്ടും ബന്ധമില്ല. എനിക്കിത് സാധിച്ചെങ്കില്‍ ആര്‍ക്കും ആകാം. എനിക്ക് അഭിനയിക്കാനും അറിയില്ല. ഞാന്‍ അഭിനയിക്കുകയും ചെയ്തു. എനിക്കിപ്പോള്‍ 40 വയസായി. 23 വര്‍ഷം കഴിഞ്ഞു സിനിമയില്‍ വന്നിട്ട്. അതില്‍ 18 വര്‍ഷത്തോളം കഷ്ടപ്പാടിന്റെ സമയമായിരുന്നു. എന്നിട്ടും ഞാന്‍ സിനിമ വിട്ടുപോയില്ലെന്ന് മാത്രമേ ഉള്ളൂ.

ഞാനിപ്പോള്‍ അഭിനയിക്കുന്നത് പപ്പേട്ടന്റെ പടത്തിലാണ്. പപ്പേട്ടന്റെ പടത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ചിട്ടുളള ആളാണ് ഞാന്‍. ആ പപ്പേട്ടന്‍ എന്നെ വിളിച്ച് നായകനാക്കി എന്ന് പറയുമ്പോള്‍ എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്. പപ്പേട്ടന്റെ തിരിച്ചുവരവെന്ന് പറയാവുന്ന ചിത്രമാണ് ജോസഫ്. സിനിമാ മേഖലയെ ഞെട്ടിക്കുന്ന ഒരു ചിത്രം.

ജോസഫ് നല്‍കുന്ന പ്രതീക്ഷ 

ഇത് ഒരു പക്കാ എന്റർടെയ്​നറാണ്. ഫാമിലി ത്രില്ലര്‍ ആണ്, എന്നാല്‍ ഡാര്‍ക്ക് പടം അല്ല താനും. ഇമോഷണലി കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്. ഒരു ജോണറില്‍ മാത്രം പെടുത്താന്‍ കഴിയില്ല ജോസഫിനെ. ദിലീഷ് പോത്തന്‍, നെടുമുടി വേണു തുടങ്ങി പത്തെഴുപത് പേരുള്ള ഒരു സിനിമയാണ് ഇത്. 

ഇതിന്റെ ടെക്‌നിക്കല്‍ സൈഡും വളരെ അധികം സ്‌ട്രോങ്ങാണ്. നല്ല ക്വാളിറ്റിയുള്ള പടമാണ്. ഇതില്‍ പ്രവര്‍ത്തിച്ച  എല്ലാവര്‍ക്കും നൂറ് ശതമാനവും സന്തോഷം നല്‍കിയ ഒരു ചിത്രമാണ് ജോസഫ്. ഒരു കാര്യം നൂറ് ശതമാനം ഉറപ്പാണ് ഒരുപാട് പേരെ ഈ സിനിമ തൃപ്തിപ്പെടുത്തും. പപ്പേട്ടന്റെ ഒരു ബെസ്റ്റ് ഫിലിം ആയിരിക്കും. ഇതില്‍ വര്‍ക്ക് ചെയ്ത എല്ലാവരെയും സംബന്ധിച്ച് ദി ബെസ്റ്റ് എന്ന പറയാവുന്ന ഒന്നായിരിക്കും ജോസഫ്.

Content Highlights : joju george new movie joseph M Padmakumar Dileesh Pothan Joju George interview