വാകത്താനം കാടമുറി ചിറപ്പുറത്തു വീട്ടിൽ പി.എൻ.സണ്ണി ഇപ്പോൾ വീടിന് പുറത്ത് കാലെടുത്ത് വെയ്ക്കുമ്പോൾ തുടങ്ങും പലരുടേയും ശകാരവും. നിങ്ങളെന്ത് ‘അപ്പനാ’ണെന്നാണ് പുതുതലമുറയുടെ ചോദ്യം. ചിലർ പറയും.‘എന്നാലും ഇങ്ങനെയുണ്ടോ മക്കൾ. നിങ്ങൾ ചത്താലും എല്ലാം അവർക്കുള്ളതല്ലേ’...ഇതൊക്കെ കേൾക്കുമ്പോൾ ദിലീഷ് പോത്തന്റെ ‘ജോജി‘ സിനിമയിലെ പനച്ചേൽ കുട്ടപ്പനെന്ന അപ്പൻ കഥാപാത്രത്തെ അവതരിപ്പിച്ച സണ്ണി സന്തോഷം കൊണ്ട്‌ ഇരിക്കാൻ വയ്യാത്ത അവസ്ഥയിലായിപ്പോകും.

‘എരുമേലിയിലെ ഒരു വീട്ടിലായിരുന്നു ഷൂട്ടിങ്. ആദ്യ കാഴ്ചയിലേ തോന്നി വാകത്താനം സ്റ്റൈൽ

ക്രിസ്ത്യാനികളുടെ വീടാണല്ലോയെന്ന്. പറഞ്ഞു വന്നപ്പോൾ കാര്യം ശരിയാണ്. നിറയെ റബ്ബറും മറ്റ്‌ കൃഷികളുമൊക്കെ. വീടിന് പിന്നിൽ ഒരു തോടുണ്ട്. അതിനോട് ചേർന്നാണ് സിനിമയിലെ കുളമായി കാണിക്കുന്ന ഇടം. ആ കുളം പൂർണമായും സിനിമയ്ക്കായി ഉണ്ടാക്കിയെടുത്തതാണ്.’ ഞാലിയാകുഴിയിലെ താൻ പരിശീലനം കൊടുക്കുന്ന‘ സിറ്റിസൺ ഹെൽത്ത് ക്ളബ്ബി’ലിരുന്ന് സണ്ണി അനായാസം സിനിമാ വിശേഷങ്ങളിലേക്ക്.

പനച്ചേൽ അപ്പച്ചൻ തനി കോട്ടയം ഭാഷയിൽ സംസാരം? സിങ്ക് സൗണ്ടായിരുന്നു. തത്സമയം ഡബ് ചെയ്തെങ്കിലും കോട്ടയംകാരനായ എനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല.

സ്നേഹമില്ലാെത്താരു അപ്പൻ? വല്ലാത്തൊരു അപ്പനാണെന്ന് സിനിമ കണ്ട പലരും പ്രതികരിച്ചു. ലോകം മുഴുവനുള്ള മലയാളി സിനിമ ഒരേദിവസം കണ്ടത് കൊണ്ട് പലരും അന്ന് മുതൽ വിളിക്കുന്നുണ്ട്. അമേരിക്കയിൽ നിന്ന് പോലും ചിലർ വിളിച്ചു. അവരിൽ പലരും പറഞ്ഞു.‘ഞങ്ങളുടെ അപ്പന്റെ അതേ ജനുസാണന്ന്’.

കോട്ടയം ഭാഗത്ത് ചില സമ്പന്നരായ കർഷക കുടുംബങ്ങളിലെ ഇങ്ങനെയുള്ള ചില അപ്പന്മാരുണ്ട്. ചിലരെയൊക്കെ എനിക്ക് അടുത്തറിയാം. സിനിമ ചെയ്യമ്പോൾ അവരിൽ ചിലരെ ഓർത്തു. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ഉത്തരവാദിത്വമില്ലാത്ത മക്കൾക്ക് കൊടുക്കില്ല. അവർ മരിച്ചാലേ സ്വത്ത് വിട്ട് കൊടുക്കൂ.

ജീവിതത്തിൽ എങ്ങനെയാ ഈ അപ്പൻ?സിനിമ കണ്ടിട്ട് എന്റെ മക്കൾ പറഞ്ഞു ‘പപ്പാ അഭിനയിക്കേണ്ടി വന്നില്ല അല്ലേ’ യെന്ന്. ഞാനും മക്കളെ നന്നായി വഴക്ക് പറയാറുണ്ട്. എന്നോടിപ്പോൾ മക്കൾ പറയാറുണ്ട് ‘പപ്പാ ഇപ്പോൾ വഴക്ക് പറഞ്ഞതിന് കാരണം ഇതല്ലേയെന്ന്’. ആ ചോദ്യത്തിൽ ഞാനെന്ന അപ്പൻ വിജയിച്ചു... 1982-ൽ കാക്കി നിക്കറും ഷർട്ടും യുണിഫോമായിരുന്ന കാലത്ത് പോലീസുകാരനായി ജോലിക്ക് കയറിയ സണ്ണി പിന്നീട് എസ്.ഐ.യായിട്ടാണ് വിരമിച്ചത്. മിസ്റ്റർ കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിൽ കോൺസ്റ്റബിളായിരുന്ന കാലത്താണ് സണ്ണിയുടെ ആദ്യ സിനിമ. ഭദ്രന്റെ ‘സ്ഫടിക’’ത്തിലെ ‘തൊരപ്പൻ ബാസ്റ്റിനാ’കാൻ‘

‘ജിംനേഷ്യവും കളരിയുമൊക്കെ അന്നേ പരിശീലിപ്പിച്ചിരുന്നു. ആ സമയത്ത് കളരി പരിശീലിക്കാൻ എത്തിയ സ്ഫടികം ജോർജാണ് സംവിധായകൻ ഭദ്രനെ പരിചയപ്പെടുത്തുന്നത്’. സ്ഫടികത്തിൽ അഭിനയിച്ച കഥ പറയുന്നു സണ്ണി. കുതിരപ്പവൻ ക്വട്ടേഷൻ വാങ്ങി ആടുതോമയെ തല്ലിപ്പതം വരുത്താൻ എത്തുന്ന തൊരപ്പൻ ബാസ്റ്റിനെ പ്രേക്ഷകർ ഇപ്പോഴും മറന്നിട്ടില്ല.

സിനിമയിൽ ആ കാലവും ഈ കാലവും എങ്ങനെ?അക്കാലത്ത് ഫിലിമിലാണ് ഷൂട്ട്. അത് കൊണ്ട് ഇന്നത്തെയത്ര അനായാസമായിട്ട് അഭിനിയിക്കാൻ പറ്റില്ല. ടേക്ക് കുടിയാൽ പ്രശ്നമാണ്. സ്ഫടികത്തിൽ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ മാസ്റ്ററായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോൾ മദ്രാസിൽ ചെന്നാൽ സ്ററണ്ട് മാസ്റ്ററാക്കിത്തരാമെന്ന് പറഞ്ഞു. പക്ഷേ പോലീസ് ജോലി ഉപേക്ഷിക്കാൻ ധൈര്യമുണ്ടായില്ല. അതെന്റെ ചോറല്ലേ’ സണ്ണി പറയുന്നു.

എദൻ, അൻവർ, അശ്വാരൂഢൻ, ഹൈവേ, സ്വസ്ഥം ഗൃഹഭരണം, ഇയ്യോബിന്റെ പുസ്തകം, ഡബിൾ ബാരൽ തുടങ്ങി 25 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 64-ാം വയസ്സിലും വ്യായാമവും ജിം വർക്കൗട്ടും മാറ്റമില്ലാതെ തുടരുന്ന സണ്ണിക്ക് പനച്ചേൽ കുട്ടപ്പനോട് ഒരു പൊടിക്ക് ഇഷ്ടം കൂടുതലുണ്ട്. ‘എന്റെ പ്രായത്തിനും പക്വതയ്കും പറ്റിയ കഥാപാത്രം ഞാനാഗ്രഹിച്ചതാണ്.’

ഭാര്യ: റെമ്മി. മക്കൾ: അഞ്ജലി, ആതിര (ഇരുവരും ടെക്നോപാർക്ക് ഉദോഗ്യഗസ്ഥർ), അലക്സി (എം.ബി.എ.വിദ്യാർഥി, സെന്റ് ഗിറ്റ്സ് കോളേജ്, കോട്ടയം).