ഒരു കാലത്ത് മലയാള സിനിമയുടെ പൂമുഖത്ത് മികച്ച ചിത്രങ്ങളുടെ അമരത്ത് എന്നുമുണ്ടായിരുന്ന ഒരു പേരായിരുന്നു ജോൺ പോളിന്റേത്. ഞാന് ഞാന് മാത്രം, ചാമരം, യാത്ര, ഉണ്ണികളെ ഒരു കഥ പറയാം, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാളൂട്ടി, സവിധം, അക്ഷരം, യാത്ര, ഇണ തുടങ്ങി മുപ്പതോളം ചിത്രങ്ങള്ക്കു തിരക്കഥയൊരുക്കി. ദേശീയ-സംസ്ഥാന അവാര്ഡുകള് നേടിയ ഒരു ചെറുപുഞ്ചിരിയിലൂടെ നിർമാതാവിന്റെ വേഷവും തനിക്കിണങ്ങുമെന്ന് ജോൺ പോൾ തെളിയിച്ചു.
1980 കളിലും 90കളിലും മലയാള സിനിമയിൽ നിറഞ്ഞു നിന്ന ജോൺ പോൾ, 90 കളുടെ അവസാനത്തിൽ സിനിമയിൽ സജീവമല്ലാതായി. എന്നിരുന്നാലും പുതിയ സിനിമാ പ്രവർത്തകർക്ക് മാർഗദർശിയായും അധ്യാപകനായും പ്രഭാഷകനായും കേരളത്തിലെ സാംസ്കാരിക ഇടങ്ങളിലെ സജീവ സാന്നിധ്യമായും അദ്ദേഹം നിറഞ്ഞു നിൽക്കുകയാണ്.
ഒക്ടോബർ 29ന് സപ്തതിയുടെ നിറലിവാണ് ജോൺ പോൾ. ഈ അവസരത്തിൽ പ്രിയ ഗുരുനാഥന്, സുഹൃത്തിന് ആശംസകൾ നേരുകയാണ് സംവിധായകൻ കമൽ. ഒപ്പം ജോൺ പോളിനൊപ്പം പ്രവർത്തിച്ച ഓർമകളും പങ്കുവയ്ക്കുന്നു.
എന്റെ ഗുരുതുല്യനായ വ്യക്തിയാണ് ജോൺ പോൾ. ഞാൻ ആദ്യമായി കാണുന്ന സമയത്ത് മെലിഞ്ഞു കണ്ണടവച്ച ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ 70 വർഷങ്ങൾ നീണ്ട ജീവിതത്തിൽ 40 വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. സിനിമയിൽ ഞാൻ അസിസ്റ്റന്റായി ജോലി കാലത്താണ് കാണുന്നത്. എന്റെ അമ്മാവൻ (അഡ്വ പടിയൻ) വഴിയാണ് ഞാൻ ജോൺ പോളിനെ പരിചയപ്പെടുന്നത്. അമ്മാവന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ജോൺ പോൾ വഴിയാണ് ഞാൻ അന്ന് സിനിമയിലെ പ്രശസ്തരായ സംവിധായകരെ പരിചയപ്പെടുത്തുന്നതും. പി.എം മേനോനൊപ്പം ജോലി ചെയ്യുന്ന കാലത്താണ് ഞാൻ ജോൺ പോളുമായി അടുക്കുന്നത്. സേതുമാധവൻ സാറിനെ പരിചയപ്പെടുന്നതും ജോൺ പോൾ വഴിയാണ്. ആരോരുമറിയാതെ എന്നൊരു സിനിമ സേതുമാധവൻ സർ ചെയ്തിരുന്നു. ആ ചിത്രത്തിന്റെ കഥ എന്റേതായിരുന്നു. തിരക്കഥ ജോൺ പോളിന്റേതും. സത്യത്തിൽ ആ സിനിമ ഞാൻ സംവിധാനം ചെയ്യാനിരുന്നതായിരുന്നു. പ്രേം സസീർ, കൊടിയേറ്റം ഗോപി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രൊഡ്യൂസർ പിൻമാറിയതിനെ തുടർന്ന് നടന്നില്ല. അങ്ങനെയിരിക്കേയാണ് ജോൺ പോൾ കഥ സേതുമാധവൻ സാറിനോട് പറയുന്നത്. സേതുമാധവൻ സാറിന് കഥ വല്ലാതെ ഇഷ്ടമായി. അദ്ദേഹത്തിന് അത് സിനിമയാക്കണമെന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് മധു, കൊടിയേറ്റം ഗോപി, സുഹാസിനി മണിരത്നം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 1984 ൽ സേതുമാധവൻ സാർ ആരു മറിയാതെ സംവിധാനം ചെയ്യുന്നത്. തുടർന്ന് സേതുമാധവൻ സാറിനൊപ്പം കുറച്ച് സിനിമകൾ ചെയ്യാൻ കഴിഞ്ഞു. അതെല്ലാം സാധ്യമായത് ജോൺ പോളിലൂടെയായിരുന്നു. ജോൺ പോൾ തന്നെയാണ് എന്നെ ഭരതന് പരിചയപ്പെടുത്തി കൊടുക്കുന്നതും.
എൺപതുകളിൽ ജോൺ പോൾ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു. ഒരേ സമയം തന്നെ മൂന്നും നാലും സിനിമകൾ ചെയ്തിരുന്നു. ഞാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നതും ജോൺ പോൾ കാരണമാണ്. മിഴിനീർപൂക്കളാണ് എന്റെ ആദ്യത്തെ സിനിമ. തമിഴ് സിനിമയിലെ വലിയ ബാനറായിരുന്ന ശ്രീസായി പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. ശ്രീ സായി പ്രൊഡക്ഷന്റെ ഉടമസ്ഥൻ ആർ.എസ് ശ്രീനിവാസനെ എനിക്ക് ആദ്യമായി പരിചയപ്പെടുത്തി തന്നതും ജോൺ പോളായിരുന്നു. എന്നാൽ സിനിമാ ചർച്ചകൾ പുരോഗമിക്കേ ആർ.എസ് ശ്രീനിവാസൻ കുമരകത്തെ ഒരു ബോട്ടപകടത്തിൽ മരിച്ചു. അതോടെ ആ പ്രൊജക്ട് നിന്നുപോയി. പിന്നീട് അദ്ദേഹത്തിന്റെ മക്കൾ നിർമാണ കമ്പനി ഏറ്റെടുത്തു. അവർ ജോൺ പോളിനെ സമീപിച്ച് സിനിമ ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു. അപ്പയുടെ അവസാനത്തെ പ്രൊജക്ടല്ലേ, ഞങ്ങൾക്ക് ആ സിനിമ ചെയ്യണം എന്നായിരുന്നു അന്നവർ പറഞ്ഞത്. അങ്ങനെയാണ് നിലച്ചുപോയ എന്റെ ആദ്യ സിനിമ രണ്ടാമത് ഉയർത്തെഴുന്നേൽക്കുന്നത്. മോഹൻലാൽ, നെടുമുടി വേണും എന്നിവരെ സമീപിക്കുന്നതും ഈ സിനിമയിലേക്ക് അവരെ കൊണ്ടുവരുന്നതുമെല്ലാം ജോൺ പോളാണ്.
എന്റെ രണ്ടാമത്തെ പ്രൊജക്ടായ ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും ജോൺ പോൾ തന്നെയായിരുന്നു. മോഹൻലാൽ, കാർത്തിക, തിലകൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെഞ്ചുറി കൊച്ചുമോൻ നിർമിച്ച ആ ചിത്രം വലിയ സാമ്പത്തിക വിജയമായി. പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഉണ്ണികൃഷ്ണന്റെ ക്രിസ്തുമസ് എന്ന ചിത്രത്തിലും ഞങ്ങൾ ഒന്നിച്ചു. ആ ചിത്രം നിർമിച്ചത് ജോൺ പോളും കലൂർ ഡെന്നീസു കിത്തോയും ചേർന്നായിരുന്നു. അവർ മൂവരും അടുത്ത സുഹൃത്തുക്കളാണ്. ജോഷിയെയാണ് ആദ്യം സംവിധായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ ജോഷിയ്ക്ക് അതിനിടെ എന്തോ തിരക്ക് വന്നതിനാൽ സംവിധാനം എന്നെ സമീപിച്ചു. അന്ന് ഞാൻ മറ്റൊരു പ്രൊജ്ക്ടിൻെറ തിരക്കിലായിരുന്നു. എന്നാൽ ജോൺ പോൾ വിളിച്ചാൽ എനിക്ക് പോകാതിരിക്കാൻ സാധിക്കില്ല. അതെന്റെ കടമയാണെന്നാണ് വിശ്വസിക്കുന്നത്. ചെയ്തു കൊണ്ടിരിക്കുന്ന പ്രൊജക്ട് മാറ്റിവച്ചാണ് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് ചെയ്തത്. പിന്നീട് ഞാൻ ശ്രീനിവാസൻ, രഞ്ജിത്ത് തുടങ്ങി എന്റെ തലമുറയിൽപ്പെട്ടവർക്കൊപ്പം സിനിമ ചെയ്യാൻ ആരംഭിച്ചു. ഞങ്ങളെല്ലാം ഏതാണ്ട് സമപ്രായക്കാർ ആയതിനാൽ ഞാനത് നന്നായി ആസ്വദിച്ചു. അപ്പേഴേക്കും ജോൺ പോൾ മുഖ്യധാരാ സിനിമയിൽ അത്ര സജീവമല്ലാതായി. വർഷങ്ങൾക്ക് ശേഷം 2019 ലാണ് ഞാനും ജോൺ പോളും വീണ്ടുമൊന്നിക്കുന്നത്. പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ.
ഞാൻ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതാനിരിക്കുമ്പോൾ ഞാൻ അടുത്ത് ചെന്നിരിക്കും. എന്റെ ചെറിയ ചെറിയ നിർദ്ദേശങ്ങൾ പറയും. സത്യത്തിൽ അദ്ദേഹത്തിന്റെ തിരക്കഥാ അസിസ്റ്റന്റ് കൂടിയായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ എന്നിലെ സംവിധായകനെയും എഴുത്തുകാരനെയും ജോൺ പോൾ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
ഞങ്ങൾ സിനിമാക്കാരിൽ കുറച്ച് പേർ ജോൺ പോളിനെ അങ്കിൾ എന്നാണ് വിളിച്ചിരുന്നത്. നെടുമുടി വേണുവിനെ അമ്മാവനെന്നും. അവർക്ക് അത്രപ്രായമൊന്നുമില്ലെങ്കിലും അങ്ങനെ വിളിക്കുന്നതിൽ ഒരു കൗതുകമുണ്ടായിരുന്നു. ആരാണ് അതിന് തുടക്കം കുറിച്ചതെന്ന് അറിയില്ല. ഒരുപാട് യാത്രകൾ ചെയ്യുന്ന, വലിയ സുഹൃദ് വലയങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മാത്രവുമല്ല നല്ലൊരു മനുഷ്യനും. കുടുംബ ജീവിതത്തിനും സിനിമയ്ക്കും അദ്ദേഹം തുല്യപ്രധാന്യം നൽകിയിരുന്നു. ഭാര്യ അസുഖബാധിതയായി വെല്ലൂരിൽ ചികിത്സയിലായിരുന്ന സമയത്ത് ഏന്ത് തിരക്കുകൾക്കിടയിലും അദ്ദേഹം അവരുടെ അടുത്തേക്ക് ചെല്ലുമായിരുന്നു. ഞാനും പലപ്പോഴും അദ്ദേഹത്തോടൊപ്പം അവിടേക്ക് പോയിട്ടുണ്ട്. ഭാര്യയോടും പിതാവിനോടും അദ്ദേഹത്തിന് വല്ലാത്ത സ്നേഹവും ബഹുമാനവുമായിരുന്നു.

സഹസംവിധായകരായി പ്രവർത്തിക്കുന്നവർക്ക് സ്വതന്ത്ര സംവിധായകരാകാൻ അദ്ദേഹം വലിയ സഹായങ്ങൾ ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ ജോൺ പോൾ മുഖേന ഒട്ടനവധി പ്രൊജക്ടുകൾ മലയാള സിനിമയിൽ സംഭവിച്ചിട്ടുണ്ട്. ഒരുകാലത്ത് ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായ അദ്ദേഹം പിന്നീട് പതുക്കെ സിനിമയിൽ സജീവമല്ലാതെയായി. അതിന്റെ കാരണം എനിക്കറിയില്ല. ജോൺ പോൾ സിനിമയിലേക്ക് കെെപിടിച്ച് കൊണ്ടു വന്ന ആളുകൾ പിന്നീട് അദ്ദേഹത്തെ അന്വേഷിക്കുക പോലും ചെയ്യാതിരുന്നപ്പോഴും അദ്ദേഹം പരിഭവപ്പെട്ടിട്ടില്ല. ''ഞാനാണ് നിന്നെ വളർത്തി വലുതാക്കിയത്, അത് മറക്കേണ്ട,'' എന്നൊരു വാക്ക് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. പറയുകയുമില്ല. ചെയ്തു നൽകിയ ഉപകാരങ്ങൾക്ക് കണക്ക് പുസ്തകം സൂക്ഷിക്കുന്ന സ്വഭാവം ജോൺ പോളിനില്ലായിരുന്നു. സിനിമയിൽ തിരക്കഥ എഴുതാത്ത സമയത്തും അദ്ദേഹം കർമനിരതനായിരുന്നു. സമകാലിക സിനിമയെക്കുറിച്ച് അപാര പാണ്ഡിത്യവുമുണ്ട്. ക്ലാസുകളും പ്രഭാഷണങ്ങളുമായി അദ്ദേഹം ജോലി തുടർന്നു. ഇന്ന് പലതലമുറയിലും പെട്ട ധാരാളം സുഹൃത്തുക്കളും ശിഷ്യഗണങ്ങളും അദ്ദേഹത്തിന് സമ്പാദ്യമായുണ്ട്. ആ കൂട്ടത്തിൽ ഞാനും ഉൾപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. എനിക്കിനി ഒന്നു മാത്രമേ പറയാനുള്ളൂ, ഇനിയും ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും അദ്ദേഹം ജീവിക്കട്ടെ, ധാരാളം മുന്നോട്ടുള്ള ജീവിതത്തിന് എന്റെ എല്ലാ ആശംസകളും.
Content Highlights: John Paul Script writer Birthday, Director Kamal, Malayala Cinema